അതിരപ്പിള്ളിക്ക് ബദലുകള്‍ ആരായണം

വമ്പന്‍ ജലവൈദ്യുതി പദ്ധതികള്‍ക്കും അണക്കെട്ടുകള്‍ക്കും എതിരായി ലോകത്താകെ വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നടന്ന പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ പലതും ഇത്തരം പദ്ധതികള്‍ക്ക് എതിരായിട്ടായിരുന്നു. സൈലന്‍റ്വാലി കാടുകള്‍ സംരക്ഷിക്കപ്പെട്ടതും പൂയംകുട്ടി പദ്ധതി  ഉപേക്ഷിക്കപ്പെട്ടതും കേരളത്തില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ വിജയമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പെരുങ്ങോത്ത് തുടങ്ങാന്‍ ആലോചിച്ച ആണവ വൈദ്യുതിനിലയത്തിനെതിരായി നടന്ന വമ്പിച്ച സമരവും നമ്മുടെ ഓര്‍മകളിലുണ്ട്. ഏറ്റവും ഒടുവില്‍ പാത്രക്കടവ് ജലവൈദ്യുതി പദ്ധതിക്കെതിരായ എതിര്‍പ്പും വിജയമായിരുന്നു.

പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള ഒരു വികസനവും പാടില്ളെന്ന നിലപാടിലേക്ക് പതുക്കെയാണെങ്കിലും ലോകം എത്തിനില്‍ക്കുമ്പോഴാണ് കേരളത്തില്‍ 163 മെഗാവാട്ട് വൈദ്യുതിക്കായി 140 ഹെക്ടറോളം വനഭൂമിയെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്നതിനുള്ള അതിരപ്പിള്ളി പദ്ധതിയുമായി അധികാരികള്‍ രംഗത്തുവരുന്നത്. ആയിരം കോടി മുടക്കിയാല്‍ കിട്ടുന്ന വൈദ്യുതിയുടെ അളവ് ഇവിടത്തെ പരിസ്ഥിതി നാശത്തെ അപേക്ഷിച്ച് എത്രയോ തുച്ഛമാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പദ്ധതിക്കായി ചിലര്‍ വേഷംകെട്ടി ഇറങ്ങിയിരിക്കുന്നത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പുവേളയില്‍ എല്‍.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുമാത്രമേ നടപ്പാക്കൂ എന്ന് വാഗ്ദാനം നല്‍കിയതാണ്. ആ വാഗ്ദാനത്തിന് തികച്ചും എതിരാണ് ഇപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന നീക്കം.

ചാലക്കുടി പുഴയെ നശിപ്പിച്ച് അതിന്‍െറ തീരത്തെ ആദിവാസി ജനവിഭാഗത്തിന്‍െറ (വംശനാശം നേരിടുന്ന പ്രാക്തന ഗോത്രമായ കാടരുടെ ആവാസമേഖലയാണ് പദ്ധതിപ്രദേശം) ജീവിതം തകര്‍ത്ത് പക്ഷി-ജന്തു ജീവജാലങ്ങളുടെയും മത്സ്യങ്ങളുടെയും ആവാസവ്യവസ്ഥയില്ലാതാക്കി ജൈവവൈവിധ്യമേഖല പാടേ തുടച്ചുമാറ്റി എന്തിനിങ്ങനെയൊരു പദ്ധതി? ജൈവവൈവിധ്യങ്ങളുടെ കലവറയെ ഇല്ലാതാക്കി ജന്തുജീവജാലങ്ങളെ കൊന്നുതള്ളിയാല്‍ അതിലൂടെയൊക്കെ നേടുന്ന ആശ്വാസം എത്രകാലത്തേക്കാണ്?

അതിരപ്പിള്ളി പദ്ധതിക്ക് ബദലുണ്ടോ എന്ന് ചോദിക്കുന്നവരോട് തിരിച്ചൊരു ചോദ്യം, ഈ പദ്ധതിക്കായി നശിപ്പിക്കപ്പെടുന്ന പ്രകൃതിക്കു പകരം എന്തു ബദലാണുള്ളത്? പദ്ധതിപ്രദേശത്തിന് ചുറ്റുമുള്ള അഞ്ചു ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളം, ജലസേചന സൗകര്യം അതിലുപരി അവരുടെ ജീവിതത്തിനുതന്നെ ദോഷകരമായി ബാധിക്കുന്ന ഈ പദ്ധതിക്കുവേണ്ടി നിലയുറപ്പിച്ചവരുടെ താല്‍പര്യം പൊതുതാല്‍പര്യമല്ളെന്ന് ഉറപ്പാണ്. 144 കിലോമീറ്റര്‍ നീളമുള്ള ചാലക്കുടി പുഴയെ കൊല്ലാനുള്ള പദ്ധതിയാണ്. അതിനെ എതിര്‍ത്ത് തോല്‍പിച്ചേതീരൂ.

അതിരപ്പിള്ളി പദ്ധതിക്കെതിരെ രംഗത്തുവരുന്നവരെല്ലാം വികസനവിരോധികളാണെന്നാണ് ആരോപണം. എതിര്‍പ്പ് ഉയര്‍ത്തുന്നവരെ തീവ്രപരിസ്ഥിതിവാദികള്‍ എന്ന് ചാപ്പകുത്താനും ‘വികസനവാദികള്‍’ മത്സരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച ഡോ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ഈ പദ്ധതി നിര്‍ദേശം തള്ളിക്കളഞ്ഞ കാര്യം ഇതിനുവേണ്ടി വക്കാലത്തെടുത്തവര്‍ മറച്ചുവെക്കുന്നു. ഈ രംഗത്തെ വിദഗ്ധരും ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും ഒരേസ്വരത്തില്‍ എതിര്‍പ്പുയര്‍ത്തിയ പദ്ധതിയാണിതെന്ന് ഇവര്‍ക്ക് അറിയാത്തതല്ല.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ബദല്‍മാര്‍ഗം എന്താണെന്നാണ് ചോദ്യം? കേരളം ഇരുട്ടിലായാല്‍ എന്തുചെയ്യുമെന്നാണ് ആശങ്ക. ബദലിനെക്കുറിച്ചുള്ള അന്വേഷണം പ്രസക്തമാണ്. ബദല്‍മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് കൂട്ടായി ആലോചിച്ച് കണ്ടെത്തേണ്ട കാര്യമാണ്. സര്‍ക്കാറും പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവുമെല്ലാം ഇതില്‍ നിലപാടെടുക്കുകയും ബദല്‍മാര്‍ഗങ്ങള്‍ നടപ്പാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുകയും വേണം. കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കാണ് അഭിപ്രായവ്യത്യാസം? പക്ഷേ, അതിനുള്ള വഴി ഏത് എന്ന കാര്യത്തിലാണ് തര്‍ക്കം. അതിലാണ് സമവായം ഉണ്ടാക്കേണ്ടത്. അല്ലാതെ അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി എങ്ങനെ നടപ്പാക്കാം എന്ന കാര്യത്തിലല്ല സമവായം വേണ്ടത്.

സൗരോര്‍ജം ഇക്കാലത്തെ ഏറ്റവും വലിയ ബദലാണ്. ലോകമാകെ സൗരോര്‍ജത്തെ കൂടുതല്‍ കൂടുതല്‍ ആശ്രയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. നമ്മുടെ രാജ്യത്തും ഈ രംഗത്ത് ആരംഭിച്ച പല പദ്ധതികളും പ്രതീക്ഷ പകരുന്നതാണ്.  ഒരുപാട് സാധ്യതകളുള്ള എനര്‍ജിയാണിത്. സോളാര്‍ എനര്‍ജി എല്ലായിടത്തും ലഭ്യമാണ്. സൗജന്യമായി ലഭിക്കുന്നതാണ്. മലിനീകരണം ഇല്ലാത്തതാണ്. അതുകൊണ്ടുതന്നെ ഇത് പെട്ടെന്ന് വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായമാണ് ഇന്ന്. കേന്ദ്ര സര്‍ക്കാറിന്‍െറ കണക്കനുസരിച്ച് 2016 ഡിസംബര്‍ 31 വരെ 9,012. 66 മെഗാവാട്ട് സൗരോര്‍ജമാണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യത്തെ പവര്‍ പ്രോജക്ട് 2010ല്‍ തമിഴ്നാട്ടിലെ ശിവഗിരി ജില്ലയിലാണ് ആരംഭിച്ചത്.

അഞ്ച് മെഗാവാട്ടിന്‍െറ പദ്ധതിയായിരുന്നു അത്. അവിടെനിന്നാണ് 9,000 മെഗാവാട്ടിലേക്ക് എത്തിനില്‍ക്കുന്നത്. വലിയ വളര്‍ച്ചയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. 2016 ജനുവരിയില്‍ ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി ഗുര്‍ഗോണില്‍ തറക്കല്ലിട്ട ഇന്‍റര്‍നാഷനല്‍ സോളാര്‍ അലയന്‍സ് (ഐ.എസ്.എ) വലിയ സാധ്യതയാണ് തുറന്നിരിക്കുന്നത്. ഉത്തരായന രേഖക്കും ദക്ഷിണായന രേഖക്കും ഇടക്കുള്ള രാജ്യങ്ങളിലെ സൗരോര്‍ജത്തിന്‍െറ  വികസനമാണ് ഈ സഖ്യത്തിന്‍െറ ലക്ഷ്യം. വിവിധ മേഖലകളായി തിരിച്ച് ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയാണ്. കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക, പോണ്ടിച്ചേരി എന്നിവ ഉള്‍പ്പെട്ട സൗത്ത് റീജനിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സോളാര്‍ എനര്‍ജി ഉല്‍പാദിപ്പിക്കുന്നത് -4,001.85 മെഗാവാട്ട്. അതില്‍തന്നെ തമിഴ്നാടാണ് ഏറെ മുന്നില്‍. തമിഴ്നാട്ടില്‍ 1,590.97 മെഗാവാട്ട് വൈദ്യുതിയാണ് സോളാറില്‍നിന്ന് ഉല്‍പാദിപ്പിക്കുന്നത്. തൊട്ടടുത്ത് തെലങ്കാനയാണ് -1,076.41 മെഗാവാട്ട്. സതേണ്‍ റീജനില്‍ ഏറ്റവും കുറവ് ഉല്‍പാദനം കേരളത്തിലാണ്. 2017 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് കേവലം 15.86 മെഗാവാട്ട്. ഇന്ത്യയില്‍ ആകെ ഉല്‍പാദിപ്പിക്കുന്ന 9,000ത്തോളം മെഗാവാട്ടിന്‍െറ സൗരോര്‍ജത്തിലും സതേണ്‍ റീജനിലെ 4,000ത്തോളം മെഗാവാട്ട് സോളാര്‍ എനര്‍ജിയിലും എത്ര ചെറുതാണ് കേരളത്തിന്‍െറ ഉല്‍പാദനം എന്ന് കാണാന്‍ കഴിയും.

2022 ആകുമ്പോഴേക്കും 100 ജിഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പാദനമാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 40 ജിഗാവാട്ട് വീടുകളിലെ റൂഫ്ടോപ് വഴിയാണ്. വലിയ സാധ്യതയാണ് ഈ രംഗത്തുള്ളതെന്ന് സാരം. റൂഫ്ടോപ് വഴി ഉല്‍പാദിപ്പിക്കുന്ന സൗരോര്‍ജത്തില്‍ മിച്ചമുള്ളത് വൈദ്യുതിവകുപ്പിന്‍െറ സെന്‍ട്രല്‍ ഗ്രിഡിലേക്ക് തിരിച്ചുവിടാനുള്ള വഴിയുമുണ്ട്. പതുക്കെയാണെങ്കിലും കേരളവും ഈ രംഗത്ത് വിവിധ പദ്ധതികള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് നൂറ് കേന്ദ്രങ്ങളില്‍ വ്യവസായികാടിസ്ഥാനത്തില്‍ സോളാര്‍ പ്ളാന്‍റ് സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിലെ ആദ്യപദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കംകുറിച്ചിട്ടുണ്ട്. ഇതിനുപുറമെ വീടുകളിലും ഓഫിസുകളിലും റൂഫ്ടോപ് വഴി വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വ്യാപകമായ പദ്ധതികള്‍ ആരംഭിക്കണം.

വൈദ്യുതി വിതരണ മാനേജ്മെന്‍റ് സിസ്റ്റം പരിഷ്കരിക്കാനും പ്രസരണ നഷ്ടം കുറക്കാനുമുള്ള അടിയന്തര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. കേരളത്തിലെ പ്രസരണ വിതരണ നഷ്ടം 16 ശതമാനമാണെന്നാണ് കണക്ക്. പുതിയ സബ്സ്റ്റേഷനുകള്‍ സ്ഥാപിച്ചും പുതിയ പ്രസരണ വിതരണ ലൈനുകള്‍ നിര്‍മിച്ചും ഈ രംഗത്തെ നഷ്ടം കുറക്കാന്‍ കഴിയും. ഒരു യൂനിറ്റ് വൈദ്യുതി ഉപഭോക്താവിനത്തെിക്കാന്‍ രണ്ട് യൂനിറ്റുവരെ വൈദ്യുതി ഉല്‍പാദിപ്പിക്കേണ്ടിവരുന്നു എന്നത് എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ ഓഫ് കേരളയുടെ കണക്കാണ്. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടതുപോലെ സംസ്ഥാനത്ത് ആകെയുള്ള ബള്‍ബുകള്‍ എല്‍.ഇ.ഡി ആക്കിയാല്‍ വലിയ രീതിയില്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയും. ഇതൊക്കെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ബദല്‍ സാധ്യതകളാണ്.

അതോടൊപ്പം ഊര്‍ജസാക്ഷരത നമ്മള്‍ പഠിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും വേണം. ചെറുതും വലുതുമായ നിരവധി ബദലുകളിലൂടെയാവണം നമ്മുടെ സംസ്ഥാനത്തിന്‍െറ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം തേടാന്‍. അങ്ങനെയായാല്‍ പ്രശ്നപരിഹാരത്തിനുള്ള ഒറ്റമൂലി അതിരപ്പിള്ളിയാണെന്ന വായ്ത്താരി അവസാനിപ്പിക്കാന്‍ കഴിയും.

പരിസ്ഥിതിയെ തകര്‍ത്തുകൊണ്ട് ഒരു വികസന പദ്ധതിയും നടപ്പാക്കില്ളെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാറിന് ആ വാക്ക് പാലിക്കാന്‍ കഴിഞ്ഞാല്‍ അതിരപ്പിള്ളിയെ നമുക്ക് സംരക്ഷിക്കാന്‍ കഴിയും. അതിനുവേണ്ടിയുള്ള ജാഗ്രതയാണ് ആവശ്യം.

(എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Tags:    
News Summary - aathirappalli wants alternatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.