മ​ഹാ​തീ​ർ മു​ഹ​മ്മ​ദ് നാമനിർദേശപത്രിക സമർപ്പിച്ച ശേഷം അനുയായികൾക്കൊപ്പം

മലേഷ്യ മാറുമോ? നാളെയറിയാം

മലേഷ്യയിലെ 21 ദശലക്ഷം വോട്ടർമാർ നാളെ പോളിങ് ബൂത്തിലേക്ക്. 1957ൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യം 2018 വരെ ഭരിച്ചുപോന്നത് ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ യുനൈറ്റഡ് മലയ് നാഷനൽ ഓർഗനൈസേഷൻ (അംനോ) നേതൃത്വം നൽകുന്ന ബരിസാൻ നാഷനൽ സഖ്യമായിരുന്നു.

ആധുനിക മലേഷ്യയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡോ. മഹാതിർ മുഹമ്മദാണ് ദീർഘകാലം പ്രധാനമന്ത്രിപദം വഹിച്ചത്. 97 വയസ്സായ മഹാതീർ ഇക്കുറിയും മോഹവും തന്ത്രങ്ങളുമായി രംഗത്തുണ്ടെങ്കിലും മാധ്യമങ്ങളും അഭിപ്രായ വോട്ടെടുപ്പുകളും സാധ്യത കൽപിക്കുന്നത് ഒരുകാലത്ത് അദ്ദേഹത്തിന്റെ ഉപപ്രധാനമന്ത്രിയും വിശ്വസ്തനുമായിരുന്ന നിലവിലെ പ്രതിപക്ഷനേതാവ് ഡോ. അൻവർ ഇബ്രാഹിമിനാണ്.

സർക്കാർ അനുകൂല ഏജൻസികളുടെ കണക്കുപ്രകാരം മുൻ പ്രധാനമന്ത്രിയും അംനോ ഉപാധ്യക്ഷനുമായ മുഹ്‍യിദ്ദീൻ യാസീനാണ് വിജയസാധ്യത. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ഇസ്മായിൽ സാബ്രി യാക്കൂബിന്റെ സഖ്യവും സജീവമാണ്.

ഡോ. ​അ​ൻ​വ​ർ ഇ​ബ്രാ​ഹീം   മു​ഹ്‍യി​ദ്ദീ​ൻ യാ​സീ​ൻ   ഇ​സ്മാ​യി​ൽ സാ​ബ്രി യാ​ക്കൂ​ബ്

33 മില്യൺ ജനസംഖ്യയുള്ള മലേഷ്യയിൽ 63 ശതമാനം പേർ മലായ് വംശജരായ മുസ്‍ലിംകളാണ്. 21 ശതമാനം ചൈനീസ് കുടിയേറ്റക്കാരും ഏഴു ശതമാനത്തോളം ഇന്ത്യയിൽനിന്നുള്ള ഹിന്ദു കുടിയേറ്റക്കാരും ബാക്കി മറ്റു മതവിശ്വാസികളുമാണ്.

ഇന്ത്യൻ രാഷ്ട്രീയ നാടകങ്ങളെ 'വെല്ലുന്ന വെട്ടിനിരത്തലു'കളും ചേരിമാറ്റങ്ങളും അരങ്ങേറുന്ന മലേഷ്യയിലെ തെരഞ്ഞെടുപ്പ് ഏറെ താൽപര്യത്തോടെയാണ് അന്താരാഷ്ട്ര വിദഗ്ധരും രാഷ്ട്രീയ വിദ്യാർഥികളും ഉറ്റുനോക്കുന്നത്.

വിശ്വസ്തരുടെ വേർപിരിയൽ

തുങ്കു അബ്ദുറഹ്മാനാണ് രാഷ്ട്രപിതാവെങ്കിലും മലേഷ്യയുടെ നേതാക്കളായി സമകാലിക ലോകമറിയുന്നത് മഹാതീർ മുഹമ്മദ് എന്ന ഡോ. എമ്മിനെയും ഡോ. അൻവർ ഇബ്രാഹീമിനെയുമാണ്. അടിസ്ഥാന മേഖലകളിലും സാമ്പത്തികരംഗത്തുമെല്ലാം രാജ്യം വളർച്ച പ്രാപിച്ചത് മഹാതീറിന്റെ കാലത്താണെങ്കിൽ, വിദ്യാഭ്യാസ മുന്നേറ്റത്തിനും ലോക സമ്പദ്‍വ്യവസ്ഥക്കു മുന്നിൽ മലേഷ്യൻ മാതൃക തീർത്ത ഇസ്‍ലാമിക ബാങ്കുകളുടെ പുരോഗതിക്കുമെല്ലാം കാരണമായത് അൻവർ ഇബ്രാഹീമിന്റെ പരിശ്രമങ്ങളാണ്.

മഹാതീറിനു കീഴിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന അൻവർ 1989 മുതൽ രണ്ടു വർഷം യുനെസ്കോ സെക്രട്ടറി ജനറൽ പദവിയിലുമിരുന്നു. ഉപപ്രധാനമന്ത്രിയായിരിക്കെ 1998ൽ മഹാതീറുമായി തെറ്റിപ്പിരിഞ്ഞ അൻവർ ഇബ്രാഹീം ഇന്നും ദുരൂഹമായി തുടരുന്ന കാരണങ്ങളാൽ ജയിലിലടക്കപ്പെടുകയും ആറു വർഷത്തോളം ജയിൽവാസമനുഭവിക്കുകയും ചെയ്തു.

സ്വവർഗ ലൈംഗികപീഡനം മുതൽ അഴിമതിയാരോപണങ്ങൾ വരെ ചാർത്തപ്പെട്ടെങ്കിലും തെളിവില്ലെന്ന് കണ്ടെത്തി മലേഷ്യൻ ഫെഡറൽ കോടതി 2004ൽ അദ്ദേഹത്തെ വെറുതെവിട്ടു. 2002ൽ തീർത്തും അപ്രതീക്ഷിതമായി പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞ് മഹാതീർ വിരമിക്കൽ പ്രഖ്യാപനം നടത്തി.

ജയിൽമോചിതനായി വന്ന അൻവറാകട്ടെ ഇസ്‍ലാമിക കക്ഷികളെയും ന്യൂനപക്ഷ പാർട്ടികളെയും കോർത്തിണക്കി ശക്തമായ പ്രതിപക്ഷ ബദലിനും രൂപംനൽകി. മഹാതീറിന്റെ പിൻഗാമിയായി പാർട്ടി കണ്ടെത്തിയത് അബ്ദുല്ല ബദാവി എന്ന ഇസ്‍ലാമിക പണ്ഡിതനെയാണ്.

2009ലെ പൊതുതെരഞ്ഞെടുപ്പിൽ അൻവർ ഇബ്രാഹീമിന്റെ പ്രതിപക്ഷ സഖ്യത്തെ അബ്ദുല്ല ബദാവിയും സംഘവും പരാജയപ്പെടുത്തിയെങ്കിലും അധികകാലം പ്രധാനമന്ത്രിയായി വാഴാൻ കാരണവർ അനുവദിച്ചില്ല. ദുർബല പ്രധാനമന്ത്രിയെന്നാരോപിച്ച് അബ്ദുല്ല ബദാവിയുടെ രാജി ചോദിച്ചുവാങ്ങിയ മഹാതീർ തന്റെ നോമിനിയായ നജീബ് റസാഖിന് കസേര നൽകി.

2018 വരെയുള്ള നജീബ് റസാഖിന്റെ ഭരണകാലത്താണ് മലേഷ്യ കണ്ട ഏറ്റവും വലിയ അഴിമതിയാരോപണമുയരുന്നത്. നജീബ് റസാഖ് രാജിവെച്ച് വിചാരണ നേരിടണമെന്നാവശ്യപ്പെട്ട് വാർത്തസമ്മേളനം നടത്തിയ മഹാതീർ പാർട്ടിയിൽനിന്ന് രാജിവെക്കുകയും അൻവറുമായി ചേർന്ന് പുതിയ രാഷ്ട്രീയസഖ്യം രൂപവത്കരിക്കുകയും ചെയ്ത് സകലരെയും അമ്പരപ്പിച്ചു. വിചാരണയിൽ കുറ്റവാളിയെന്ന് കണ്ടെത്തപ്പെട്ട നജീബ് റസാഖ് ജയിൽവാസമനുഭവിക്കുകയാണിപ്പോഴും.

വിളിച്ചുവരുത്തിയ തെരഞ്ഞെടുപ്പ്

2018ലെ പൊതുതെരഞ്ഞെടുപ്പിൽ അൻവറിന്റെ സഹകരണത്തോടെ വിജയം നേടിയ മഹാതീർ വീണ്ടും പ്രധാനമന്ത്രിയായി. രണ്ടര വർഷം കഴിഞ്ഞ് അൻവർ ഇബ്രാഹീമിന് കസേര നൽകാമെന്ന് ഉറപ്പുപറഞ്ഞ് ഭരണമാരംഭിച്ച അദ്ദേഹം 2020 ഫെബ്രുവരിയിൽ അൻവറുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് പ്രഖ്യാപിച്ച് മലേഷ്യൻ രാജാവിന് രാജി നൽകി.

അതോടെ അൻവറിന്റെ സാധ്യതയും നഷ്ടമായി. കോവിഡ് പ്രതിസന്ധിയുടെയും രാഷ്ട്രീയ അസ്ഥിരതയുടെയും ഇടയിൽ ബരിസാൻ നാഷനൽ നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന മുഹ്‍യിദ്ദീൻ യാസീനെ അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ പ്രധാനമന്ത്രിയാകാൻ മലേഷ്യൻ രാജാവ് ക്ഷണിച്ചെങ്കിലും പാർട്ടിയിലെ ഛിദ്രതമൂലം അദ്ദേഹത്തിനും സ്ഥാനമൊഴിയേണ്ടിവന്നു. തുടർന്ന് രാജാവ് മുൻ പ്രതിരോധമന്ത്രി ഇസ്മാ യിൽ സാബ്രി യാക്കൂബിനെ പ്രധാനമന്ത്രിയാകാൻ ക്ഷണിച്ചു.

പദവി ഏറ്റെടുത്ത അദ്ദേഹം 2023 സെപ്റ്റംബറിൽ നടക്കേണ്ടിയിരുന്ന പൊതുതെരഞ്ഞെടുപ്പ് ഒരു വർഷം നേരത്തേയാക്കി പ്രഖ്യാപിച്ച് രാജാവിന് കത്ത് നൽകി. തെരഞ്ഞെടുപ്പ് കമീഷൻ ഈ തീരുമാനം അംഗീകരിച്ചതോടെയാണ് മലേഷ്യൻ ജനത നവംബർ 19ന് പോളിങ് ബൂത്തിലേക്കു നീങ്ങുന്നത്.

ഫലമറിയാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടതില്ല, എക്സിറ്റ് പോളുകാരുടെ പ്രവചനങ്ങൾക്കും പ്രസക്തിയില്ല. ശനിയാഴ്ച വോട്ടിങ് അവസാനിച്ചാലുടൻതന്നെ വോട്ടെണ്ണൽ ആരംഭിക്കുമിവിടെ.

Tags:    
News Summary - 21 million voters in Malaysia head to the polling booth on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.