ഉന്മാദത്തില്‍ ഉലയുന്നവര്‍

ഒരുവശത്ത് ആക്രോശവും പരാക്രമവുമായി ജനങ്ങളെ വിറപ്പിക്കുന്നയാള്‍. മറുവശത്ത് ശാന്തനും സൗമ്യനുമായി അധികം സംസാരിക്കാതെ ഒതുങ്ങിക്കൂടി നില്‍ക്കുന്നയാള്‍ -ഇവര്‍ രണ്ടുപേരും ഒരേ തൂവല്‍പ്പക്ഷികള്‍; ഒരേ രോഗത്തിന്‍െറ പിടിയില്‍ ഞെരിയുന്നവര്‍. സ്കീസോഫ്രീനിയ (ഉന്മാദരോഗം) എന്ന മനോദൗര്‍ബല്യത്തിന്‍െറ രണ്ടു മുഖങ്ങളാണിത്. മനോരോഗങ്ങളില്‍ ഏറ്റവും സങ്കീര്‍ണവും ഒട്ടേറെ ഉപവിഭാഗങ്ങളുള്ളതുമാണ് സ്കീസോഫ്രീനിയ. അതുകൊണ്ടുതന്നെ, ഏറ്റവും ഗൗരവമേറിയ മനോരോഗമായും ഇതു പരിഗണിക്കപ്പെടുന്നു.

രോഗം തിരിച്ചറിയപ്പെടാതെ
രോഗം തിരിച്ചറിയപ്പെടുന്നില്ല എന്നതാണ് മിക്ക മനോരോഗങ്ങളുടെയും ആദ്യ വെല്ലുവിളി. സ്കീസോഫ്രീനിയയും ഇതില്‍നിന്നും ഭിന്നമല്ല. സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സ്കീസോഫ്രീനിയ രോഗിക്ക് കഴിയാതെ വരുന്നു. എന്നാല്‍, അതു രോഗം കാരണമാണെന്ന് അയാളോ ബന്ധുക്കളോ സമൂഹമോ തിരിച്ചറിയുന്നുമില്ല. കുറെക്കാലം ഇങ്ങനെ മുന്നോട്ടുപോകുമ്പോള്‍ എന്തോ ചില തകരാറുകളുണ്ട് എന്ന് ബോധ്യപ്പെടുന്നു. അപ്പോഴും ഗ്രഹദോഷമോ ദൈവശാപമോ അമാനുഷിക ശക്തികളോ മറ്റാരുടെയെങ്കിലും കുതന്ത്രമോ ആണെന്ന് ധരിച്ചുവശാകും. ഒടുവില്‍, രോഗം ഏറ്റവും സങ്കീര്‍ണമായി നിയന്ത്രണാതീതമാകുമ്പോഴാണ് ഡോക്ടറുടെ അടുത്തേക്ക് എത്തുക.

രോഗം ഒരു കുറ്റമല്ല
ഏതൊരു ശാരീരിക രോഗം പോലെതന്നെയാണ് മനോരോഗവും. വയറുവേദനക്ക് ഒരു കാരണമുണ്ട് എന്ന് പറയുന്നപോലത്തെന്നെ മനോരോഗത്തിനും ഒരു കാരണമുണ്ടാകും. ആ കാരണം കണ്ടത്തെി പരിഹരിച്ചാല്‍ മനോദൗര്‍ബല്യങ്ങളും നിയന്ത്രിക്കാന്‍ കഴിയും.
സ്കീസോഫ്രീനിയ രോഗത്തെ തിരിച്ചറിഞ്ഞതും ആ പേര് നല്‍കിയതും ബ്ളൂലര്‍ എന്ന മന$ശാസ്ത്ര ഗവേഷകനാണ്. സമൂഹത്തില്‍ തികച്ചും സാധാരണമായി മാറിയ ഈ രോഗം നൂറുപേരില്‍ ഒരാളെയെങ്കിലും ബാധിക്കുന്നുവെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ മൂന്നു ലക്ഷത്തോളം പേര്‍ക്ക് ഇത്തരം ലക്ഷണങ്ങളുണ്ട്. 20-30 പ്രായക്കാരായ യുവതീ യുവാക്കളെ ഇത് കൂടുതലായി  ബാധിക്കുന്നു. ഗവേഷണങ്ങള്‍ മുന്നോട്ടുപോവുകയും വിവിധ ചികിത്സാ രീതികള്‍ രൂപപ്പെടുകയും ചെയ്തതോടെ സ്കീസോഫ്രീനിയ രോഗികളില്‍ 30-40 ശതമാനം പേരെങ്കിലും പൂര്‍ണരോഗമുക്തി നേടുന്നുണ്ട്. ഇതേപോലെ 30-40 ശതമാനം പേര്‍ തുടര്‍ച്ചയായ പരിചരണത്തിലൂടെയും ചികിത്സയിലൂടെയും മാനസികാരോഗ്യം നിലനിര്‍ത്തുന്നവരാണ്.

സംശയം മുതല്‍ അശരീരി വരെ
മസ്തിഷ്കത്തിലെ ജീവരാസ വ്യവസ്ഥയുടെ അസന്തുലിതത്വമാണ് ജീവശാസ്ത്രപരമായി ഈ രോഗത്തിന്‍െറ പ്രധാന കാരണം. നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ള ഡോപ്പമിന്‍െറ അളവ് കൂടുന്നതാണ് ഇതില്‍ പ്രധാനം. കുടുംബപാരമ്പര്യം, ജീവിത സാഹചര്യവും സംഘര്‍ഷവും, സാമൂഹികാവസ്ഥ, മറ്റു മന$ശാസ്ത്ര ഘടകങ്ങള്‍ തുടങ്ങിയവയും കാരണമാകാം. പെട്ടെന്നൊരു ദിവസം ബാധിക്കുന്ന രോഗമല്ല സ്കീസോഫ്രീനിയ. ഇത് ക്രമേണ പിടിമുറുക്കുകയാണ്. അസുഖത്തിന് ഒരു സ്വഭാവം മാത്രമല്ല, ഒരായിരം മുഖങ്ങളുണ്ട്.

ബഹുമുഖ ചികിത്സ
രോഗത്തിന് പലമുഖം എന്ന് പറഞ്ഞപോലത്തെന്നെ സ്കീസോഫ്രീനിയയുടെ ചികിത്സയും ബഹുമുഖമാണ്. ഒൗഷധ ചികിത്സ, മന$ശാസ്ത്ര ചികിത്സ, ബോധവത്കരണം, പുനരധിവാസം തുടങ്ങിയവ പ്രധാനം.
രോഗമാണെന്ന കാര്യം സമ്മതിക്കാതെ വിധിയെ പഴിക്കുകയും മറ്റു കാരണങ്ങള്‍ തേടിപ്പിടിക്കുകയുമാണ് പലരും ആദ്യം ചെയ്യുക. ഇങ്ങനെ ചികിത്സ വൈകുന്നത് രോഗമുക്തിക്കുള്ള സാധ്യത കുറക്കുന്നു. രോഗിയെ ചികിത്സിച്ചാല്‍ മാത്രം പോരാ. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്‍െറയും സമീപനവും മാറണം.
നാം ആഗ്രഹിക്കുന്നതുപോലെ രോഗിക്ക് പെരുമാറാന്‍ കഴിയാത്തത് അയാളുടെ രോഗം കൊണ്ടാണെന്ന് തിരിച്ചറിയുക, പെരുമാറ്റത്തിലെ അസ്വാഭാവികതകള്‍ക്ക് അയാളെ കുറ്റപ്പെടുത്തുന്നതിനുപകരം അയാളിലെ നല്ല കാര്യങ്ങളെ അഭിനന്ദിച്ച് പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ വളരെ പ്രധാനമാണ്. സൈക്കോ തെറപ്പി, ഫാമിലി തെറപ്പി തുടങ്ങിയവയും രോഗചികിത്സയിലെ സുപ്രധാന ഘടകങ്ങളാണ്.

മനോദൗര്‍ബല്യമുള്ളവരെ കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നതിന് പകരം അത് അവര്‍ക്ക് ബാധിച്ച ഒരു രോഗമാണെന്ന് മനസ്സിലാക്കുകയും അതില്‍നിന്ന് അവരെ സ്വതന്ത്രരാക്കാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. ഇതിന് മുന്‍കൈയെടുക്കുന്ന ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപകമാണ്.ഇന്ത്യയില്‍ സ്കീസോഫ്രീനിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ (സ്കാര്‍ഫ്- ചെന്നൈ), റിച്മണ്ട് ഫെലോഷിപ് (ബംഗളൂരു) തുടങ്ങിയവ ഉദാഹരണങ്ങള്‍. രോഗിക്ക് ശരിയായ ചികിത്സ നല്‍കുക, അവരെ അകറ്റിനിര്‍ത്താതെ കൈപിടിച്ച് കൂടെ നിര്‍ത്തുക എന്ന സമീപനം നമുക്കിടയിലും വളര്‍ന്നുവരണം. അതാണ് മേയ് 24ലെ സ്കീസോഫ്രീനിയ ദിനാചരണത്തിന്‍െറ ലക്ഷ്യവും.
മനോദൗര്‍ബല്യമുള്ളവര്‍ അസ്പര്‍ശ്യരായി മാറ്റിനിര്‍ത്തപ്പെടേണ്ടവരോ ബഹിഷ്കരിക്കപ്പെടേണ്ടവരോ വെറുക്കപ്പെടേണ്ടവരോ അല്ല. അവരെ ചികിത്സിച്ചും പ്രോത്സാഹനം നല്‍കിയും കൂടെ നിര്‍ത്തിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. അതാണ്, ബന്ധുക്കളുടെയും സമൂഹത്തിന്‍െറയും ദൗത്യവും ബാധ്യതയും.
(രാമനാട്ടുകര കൈതക്കുണ്ട മന$ശാന്തി ഹോസ്പിറ്റലില്‍ കണ്‍സല്‍ട്ടന്‍റ് ന്യൂറോ സൈക്യാട്രിസ്റ്റാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT