കേരളത്തിന് ആഘാതമാകുന്ന ബാങ്ക് ലയനം

കേരളത്തില്‍ ആസ്ഥാനമുള്ള ഏക പൊതുമേഖലാ വാണിജ്യബാങ്കും സംസ്ഥാനത്ത് ഏറ്റവുമധികം ശാഖകളുള്ളതും മുന്‍ഗണനാ വായ്പകള്‍ നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ, മലയാളികളുടെ സ്വന്തം എസ്.ബി.ടിയെ വിഴുങ്ങാന്‍ എസ്.ബി.ഐയെ അനുവദിച്ചുകൂടാ. കേരളത്തിന്‍െറ വികസന താല്‍പര്യങ്ങള്‍ക്ക് തടസ്സവും ഇടപാടുകാര്‍ക്ക് കനത്തനഷ്ടവും ജനങ്ങള്‍ക്ക് സേവന നിഷേധവും സൃഷ്ടിക്കുന്നതായിരിക്കും ലയനനീക്കം.

കൂടുതല്‍ ചെറിയ ബാങ്കുകള്‍ രൂപവത്കരിക്കേണ്ടതുണ്ടെന്ന വാദത്തോടെ കൂടുതല്‍ സ്വകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന പ്രക്രിയ പുരോഗമിക്കുമ്പോള്‍തന്നെയാണ് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാന്‍ ഭരണകര്‍ത്താക്കള്‍ വെമ്പല്‍കൊള്ളുന്നത്.  ആഗോളതലത്തില്‍ മത്സരിക്കാന്‍ വന്‍കിട ബാങ്കുകളാക്കുന്നതിനാണ് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കുന്നതെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേധാവികളും കേന്ദ്ര സര്‍ക്കാറും പറയുന്നത്. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വിദേശവിപണികളില്‍ ബിസിനസ് സാമ്രാജ്യം വ്യാപിപ്പിക്കാന്‍ ഫണ്ട് വേണം. ഭീമമായ തുക ഇത്തരം കോര്‍പറേറ്റുകള്‍ക്ക് വായ്പകളായി നല്‍കാന്‍ ബാങ്കിനെ പ്രാപ്തമാക്കുകയാണ് ലയനംകൊണ്ടുദ്ദേശിക്കുന്നത്.

‘വിജയമല്യ’ മോഡല്‍ വായ്പകള്‍ തനിച്ചുനല്‍കാന്‍ വഴിയൊരുക്കുകയാണ് ലക്ഷ്യം. ലയിച്ചുണ്ടാകുന്ന മെഗാ ബാങ്ക് അമേരിക്കയിലെ വമ്പന്‍ ബാങ്കായ ‘ലേമാന്‍ ബ്രദേഴ്സി’നെപ്പോലെ തകര്‍ന്നാലുള്ള സ്ഥിതി കൂടി മുന്‍കൂട്ടി കാണേണ്ടതാണ്. വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടി കേരളത്തിലെ ജനങ്ങളുടെ ബാങ്കായ എസ്.ബി.ടിയെ ലയിപ്പിച്ചില്ലാതാക്കാനുള്ള ഉദ്യമം ജനവിരുദ്ധമാണ്. വികസന മാനദണ്ഡങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതും തനതായ രീതിയില്‍ വളര്‍ന്ന് വികസിച്ചതുമായ എസ്.ബി.ടിയെ ലയിപ്പിക്കേണ്ട ഒരു സമ്മര്‍ദ സാഹചര്യവും ഇപ്പോഴില്ല. ഏഴ് പതിറ്റാണ്ടായി കേരളത്തിലെ സാധാരണ ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ബാങ്കാണ് എസ്.ബി.ടി. മാത്രമല്ല, കേരള സര്‍ക്കാറിന്‍െറ മുഖ്യബാങ്കും എസ്.ബി.ടിയാണ്. എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതോടെ എസ്.ബി.ടിയുടെ സ്വതന്ത്രമായ അസ്തിത്വം ഇല്ലതാകും. കേരള സംസ്ഥാനത്തെ ബാങ്കിങ് ബിസിനസിന്‍െറ നാലില്‍ ഒരുഭാഗം എസ്.ബി.ടിയാണ് കൈക്കാര്യം ചെയ്യുന്നത്.

പ്രാദേശിക വികസന പ്രക്രിയയില്‍ മുന്‍പന്തിയില്‍ നിലകൊള്ളുന്ന എസ്.ബി.ടി കൃഷിക്കാര്‍, ചെറുകിട വ്യവസായികള്‍, വ്യാപാരികള്‍, സ്വയംതൊഴില്‍ സംരംഭകര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്ക് ഏറ്റവുമധികം വായ്പാ സഹായങ്ങള്‍ നല്‍കിവരുന്നു. ഭവന-വിദ്യാഭ്യാസ-സ്വര്‍ണപ്പണയ വായ്പകള്‍ നല്‍കുന്നതിലും സര്‍ക്കാര്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കുന്നതിലും സംസ്ഥാനത്ത് ഏറ്റവും മുന്നിലുള്ളത് എസ്.ബി.ടിയാണ്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഏറ്റവുമധികം വായ്പാ സഹായം നല്‍കിയതും എസ്.ബി.ടിതന്നെ.

ഇങ്ങനെ ഉല്‍പാദന മേഖലകളില്‍ വ്യാപകമായ വായ്പാ വിന്യാസം നടത്തി കേരളത്തിലെ ഗ്രാമ, അര്‍ധ നഗര പ്രദേശങ്ങളിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ എസ്.ബി.ടി  വഹിച്ച പങ്കിനെ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. കേരളത്തില്‍ എസ്.ബി.ടിക്ക് 852 ശാഖകളുള്ളപ്പോള്‍ എസ്.ബി.ഐക്കുള്ളത് 450 ശാഖകളാണ്. 16 സംസ്ഥാനങ്ങളിലുംമൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1177 ശാഖകളും 1707 എ.ടി.എമ്മുകളും 14,892 ജീവനക്കാരും  1,60,473 കോടി രൂപ നിക്ഷേപവും  67004 കോടി രൂപ വായ്പയും എസ്.ബി.ടിക്കുണ്ട്. 36,123 കോടി രൂപ ഇന്‍വെസ്റ്റ്മെന്‍റും 338 കോടി രൂപ അറ്റാദായവുമുണ്ട്. എസ്.ബി.ടിയുടെ വായ്പ നിക്ഷേപ അനുപാതം 64 ശതമാനമാണ്. അങ്ങനെ വിവിധ ബിസിനസ് മാനദണ്ഡങ്ങളിലും എസ്.ബി.ഐയെക്കാളും മറ്റ് നിരവധി പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ചും വളരെ മ ുന്നിലാണ് എസ്.ബി.ടിയുടെ സ്ഥാനം.

രാജ്യാന്തര കോര്‍പറേറ്റ് ബിസിനസ് നടത്തുന്ന വന്‍കിട ബാങ്കായി മാറുമ്പോള്‍ ദേശീയ രാജ്യാന്തര കോര്‍പറേറ്റ് താല്‍പര്യം മാത്രം പരിഗണിച്ചുള്ള നയങ്ങളാവും അനുബന്ധ ബാങ്കുകളെ വിഴുങ്ങിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആവിഷ്കരിക്കുക. പിന്നീടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപ-വായ്പ തന്ത്രങ്ങളിലും നയങ്ങളിലും കേരളത്തിന്‍െറ താല്‍പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഒരു സ്ഥാനവുമുണ്ടാവില്ല.

വിശ്വാസ്യതാ നഷ്ടം

ലയനംകൊണ്ടുള്ള ഏറ്റവും വലിയ വെല്ലുവിളി ഉപഭോക്താക്കള്‍ എസ്.ബി.ടിയില്‍ അര്‍പ്പിച്ച വിശ്വാസ്യത നഷ്ടപ്പെടുമെന്നതുതന്നെ. സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയെ 2008ലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ദോറിനെ 2010ലും എസ്.ബി.ഐയില്‍ ലയിപ്പിക്കുകയുണ്ടായി. ഈ ബാങ്കുകളിലെ ഇടപാടുകാരില്‍ 50 ശതമാനത്തിലേറെ എസ്.ബി.ഐയിലേക്ക് ചേരാതെ മറ്റു ബാങ്കുകളിലേക്ക് പോവുകയാണുണ്ടായത്. ആഗോളവിപണിയില്‍ പ്രവേശിക്കുമ്പോള്‍ മത്സരക്ഷമതയുടെ പേരില്‍ ബാങ്ക് ശാഖകളുടെയും തൊഴിലാളികളുടെയും പുന$ക്രമീകരണം നടത്തും. അതായത്, ശാഖകള്‍ അടച്ചുപൂട്ടിയും തൊഴിലാളികളെ പുറംതള്ളിയും ഇടപാടുകള്‍ ചുരുക്കുകയും ചെയ്യും എന്നത് നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്. കൂടാതെ ലാഭകരമല്ലാത്ത ബിസിനസ് ഒഴിവാക്കി ലാഭക്ഷമത വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ ശ്രമിക്കുമ്പോള്‍ ചെറുകിട ഇടപാടുകാരെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. ചെറുകിട ബാങ്ക് ഇടപാടുകാരെ രാജ്യാന്തര ബാങ്കുകള്‍ ഏതുവിധേനയും പുറംതള്ളുകയാണ് പതിവ്.

സാധാരണക്കാര്‍ക്കുള്ള ചെറുകിട വായ്പകള്‍ ലഭ്യമല്ലാതാവും. ഇക്കാരണങ്ങളാല്‍ ലയനനീക്ക ജനവിരുദ്ധവും കേരളത്തിന്‍െറ താല്‍പര്യത്തിന് നിരക്കാത്തതുമാണെന്ന് ആര്‍ക്കും ബോധ്യമാവും. നമുക്കിന്നാവശ്യം കൂടുതല്‍ ബാങ്കുകളും സേവനത്തിന്‍െറ വ്യാപനവുമാണ്. കൂടുതല്‍ ജനങ്ങളിലേക്ക് ബാങ്കിങ് സേവനം എത്തിക്കാന്‍ കൂടുതല്‍ ശാഖകള്‍ ആവശ്യമുള്ളപ്പോഴാണ് എസ്.ബി.ടിയെ ദേശീയ ബാങ്കിലേക്ക് ലയിപ്പിക്കാനുള്ള നീക്കം. വികസിത രാജ്യങ്ങളില്‍ ഒരു ലക്ഷം പേര്‍ക്ക് 30 ബാങ്ക് ശാഖകളും 90 എ.ടി.എമ്മുകളും ഉള്ള സ്ഥാനത്ത് ഇന്ത്യയിലുള്ളത് ഏഴ് ശാഖകളും നാല് എ.ടി.എമ്മുകളും മാത്രം.

സ്വതന്ത്ര അസ്ഥിത്വമുള്ള ബാങ്കുകള്‍ക്ക് വളര്‍ന്ന് വലുതാകാന്‍ സ്വാതന്ത്ര്യമുള്ളപ്പോള്‍ എസ്.ബി.ഐയുടെ അസോസിയേറ്റ് ബാങ്കുകള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ആ പരിമിതികള്‍ക്കിടയിലും അസോസിയേറ്റ് ബാങ്കുകള്‍ പ്രധാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളില്‍ നിക്ഷേപ വളര്‍ച്ച, വായ്പാ വിന്യാസം, ജീവനക്കാരുടെ പ്രതിശീര്‍ഷ ബിസിനസ്, പ്രതിശീര്‍ഷലാഭം, ശാഖകളിലെ ശരാശരി നിഷ്ക്രിയ ആസ്തി തുടങ്ങിയവയില്‍ അസോസിയേറ്റ് ബാങ്കുകള്‍ക്കെല്ലാം എസ്.ബി.ഐയെക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയാണുള്ളത്.

എസ്.ബി.ഐയില്‍നിന്ന് സ്വതന്ത്രമായി വളരാനുള്ള സാഹചര്യം നിലനിര്‍ത്തുകയാണ് അസോസിയേറ്റ് ബാങ്കുകളുടെ കാര്യത്തില്‍ വേണ്ടത്.  അവ പ്രാദേശിക വികസനത്തില്‍ വഹിച്ചുപോരുന്ന നിര്‍ണായക പങ്കിന് അംഗീകാരം നല്‍കണം. അതോടൊപ്പം ഇടപാടുകാരുടെയും ജീവനക്കാരുടെയും നാടിന്‍െറയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ബദല്‍ ആശയവും നടപടിയും അനിവാര്യമാണ്.  അതത് സംസ്ഥാനത്തിന്‍െറ വികസനത്തിന് സഹായകരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ ഇല്ലാതാക്കുന്നത് ഫെഡറലിസം എന്ന സങ്കല്‍പത്തിന് തന്നെ നിരക്കാത്തതും സംസ്ഥാന പുരോഗതിക്ക് വിഘാതവുമാണ്. കേരളത്തിന്‍െറ വികസനത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന എസ്.ബി.ടി തുടര്‍ന്നും ശക്തമായി നിലനില്‍ക്കുന്നതിന് കേരളത്തിന്‍െറ ശബ്ദം ഒറ്റക്കെട്ടായി ഉയരണം.

(എസ്.ബി.ടി എംപ്ളോയീസ് യൂനിയന്‍ പ്രസിഡന്‍റാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.