അടച്ചുപൂട്ടലിലേക്ക് തുറന്നിട്ട വഴികള്‍

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നതിന്‍െറ കാരണം അന്വേഷിച്ചുപോയാല്‍ അത് എത്തിനില്‍ക്കുക 1990കളില്‍ നടപ്പാക്കിയ ഡി.പി.ഇ.പി (ഡിസ്ട്രിക്ട് പ്രൈമറി എജുക്കേഷന്‍ പ്രോഗ്രാം) പദ്ധതിയിലായിരിക്കും. ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കിയ പദ്ധതിയെ പൊതുസമൂഹം സംശയ ദൃഷ്ടിയോടെയാണ് കണ്ടത്. ലോകബാങ്ക് ഫണ്ടിങ് മുതല്‍ അധ്യാപക -വിദ്യാര്‍ഥി ബന്ധം അഴിച്ചുപണിയുന്ന സങ്കല്‍പത്തില്‍ വരെ ഈ സംശയം നിഴലിച്ചു. പഠനം ലളിതവത്കരിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയില്‍ അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലെ അകലം കുറക്കാനായിരുന്നു ശ്രമം. ‘ഭീകരനായി’ നിന്ന അധ്യാപകനെ ക്ളാസ്മുറിയില്‍ ആനയാക്കി അവരുടെ പുറത്ത് കുട്ടികള്‍ കയറി കളി തുടങ്ങിയത് പക്ഷേ, സമൂഹം അംഗീകരിച്ചില്ല. വീട്ടിലും സ്കൂളിലും ‘കളിയില്‍’ മുഴുകുന്ന മക്കളെ കുറിച്ച് ഉയര്‍ന്നത് ആശങ്ക തന്നെയായിരുന്നു.

വീട്ടില്‍ വന്ന് വായിക്കാനും ഹോം വര്‍ക് ചെയ്യാനുമില്ലാത്ത കുട്ടിയെ മലയാളിയുടെ പൊതുബോധം അംഗീകരിച്ചില്ല. മാധ്യമങ്ങളും ഈ ആശങ്കയില്‍ പങ്കുചേര്‍ന്നു. അക്കാലത്ത് ഇറങ്ങിയ മലയാള സിനിമയില്‍ ഡി.പി.ഇ.പിക്ക് ഇറങ്ങിയ പൂര്‍ണരൂപം ‘ദരിദ്ര പിള്ളേര് എങ്ങനെയെങ്കിലും പഠിച്ചോളും’ എന്നായിരുന്നു. ഡി.പി.ഇ.പി പൊതുവിദ്യാഭ്യാസ മേഖലയില്‍ ലക്ഷ്യമിട്ടത് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയലും പഠന നേട്ടങ്ങള്‍ വര്‍ധിപ്പിക്കലും ഒപ്പം സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവുമായിരുന്നു. പദ്ധതി പക്ഷേ, വിപരീത ഫലങ്ങളാണുണ്ടാക്കിയത്.  ഇവിടംമുതലാണ് മക്കളെ ‘മികച്ച’ വിദ്യാലയങ്ങളില്‍ പഠിപ്പിക്കണമെന്ന ചിന്ത മലയാളിയില്‍ രൂഢമൂലമാകുന്നത്. പൊതു വിദ്യാലയങ്ങളെ അനുകൂലിക്കുന്ന ആക്ടിവിസ്റ്റുകളും രാഷ്ട്രീയ നേതാക്കളും എന്തിന്, പൊതു വിദ്യാലയ അധ്യാപകരും  സംഘടനാ നേതാക്കളില്‍ ഒരു പങ്കും പോലുമോ അതില്‍ നിന്ന് വിമുക്തരായിരുന്നില്ല. കുട്ടികള്‍ പതിയെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലേക്കും അംഗീകാരം പോലുമില്ലാത്ത സ്കൂളുകളിലേക്കും ഒഴുകിതുടങ്ങി. ഇത് തിരിച്ചറിയാന്‍ വിദ്യാഭ്യാസ വിദഗ്ധരും ഭരണകൂടവും വൈകി.  ഇതിനുശേഷം പൊതുവിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളൊന്നും പൊതുസമൂഹം കാര്യമായി കണ്ടില്ല.

അതുമാത്രമല്ല, സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച പൊതുവിദ്യാഭ്യാസ മേഖലയുടെ ശക്തി ക്ഷയത്തിന് കാരണമായിട്ടുണ്ട്. മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്സുകളിലെ പ്രവേശത്തിന് മികച്ച സ്കൂളുകളില്‍ മക്കളെ ചേര്‍ക്കണമെന്ന വിശ്വാസം ശക്തമായി. മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ സ്വകാര്യ സ്കൂളുകളിലൂടെയേ പ്രാപ്തരാവൂ എന്ന ധാരണയിലൂടെയാണ് ഇത് വളര്‍ന്നത്. പഠനം ഗൗരവമേറിയ പ്രക്രിയയാണെന്നും കളിയും ചിരിയുമായി നടക്കുന്ന പൊതുവിദ്യാലയങ്ങളില്‍നിന്ന് മക്കള്‍ക്ക് അത് ലഭിക്കില്ളെന്നുമുള്ള സങ്കല്‍പം മധ്യവര്‍ഗത്തെ പിടികൂടി. പഠന രീതികളില്‍ ലോകാടിസ്ഥാനത്തിലുണ്ടായ മാറ്റങ്ങളില്‍ നല്ളൊരു ശതമാനത്തിനും വിശ്വാസമുണ്ടായിരുന്നില്ല. പരമ്പരാഗത കാഴ്ചപ്പാടില്‍നിന്ന് മോചിതരാകാന്‍ രക്ഷിതാക്കള്‍ക്കായില്ല. അവരുടെ സങ്കല്‍പങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരുന്നു സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാലയങ്ങളില്‍നിന്ന് ലഭിച്ചതും. ഏത് സമയവും വായനയും ഗൃഹപാഠവുമായി കഴിയുന്ന മക്കളെ കാണാനാണ് നല്ളൊരു ശതമാനം രക്ഷിതാക്കളും ആഗ്രഹിച്ചത്.   

പൊതുവിദ്യാലയങ്ങള്‍ വിട്ട് കുട്ടികള്‍ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് ഒഴുകിത്തുടങ്ങിയതോടെ ഒരു പതിറ്റാണ്ടിനിടെ നൂറുകണക്കിന് സ്വകാര്യ വിദ്യാലയങ്ങളാണ് ഉയര്‍ന്നത്. ജനനനിരക്കിലുണ്ടായ കുറവ് പോലും ബാധിക്കാതെ, സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ഥി പ്രവേശം വര്‍ധിച്ചു. 2015 -16ല്‍ സംസ്ഥാന സിലബസിലുള്ള അണ്‍എയ്ഡഡ് സ്കൂളുകളിലെ പത്താം ക്ളാസില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 32215 ആണ്. പത്ത് വര്‍ഷം മുമ്പ് ഒന്നാം ക്ളാസില്‍ പ്രവേശം നേടിയ കുട്ടികളുടെ എണ്ണമാണിത്. ഇക്കഴിഞ്ഞ വര്‍ഷം അണ്‍എയഡഡ് സ്കൂളുകളില്‍ പ്രവേശം നേടിയത് 52061 പേരും. ജനനനിരക്കില്‍ കുറവുണ്ടായിട്ടും അണ്‍എയ്ഡഡ് സ്കൂളുകളില്‍ പത്ത് വര്‍ഷത്തിനിടെ ഒന്നാം ക്ളാസില്‍ പ്രവേശം നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധന 20,000ത്തോളമാണ്. അതേസമയം, കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 4.25 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍നിന്നാണ്. എന്നാല്‍, സംസ്ഥാനത്ത് ഒന്നാം ക്ളാസില്‍ പ്രവേശം നേടിയ കുട്ടികളുടെ എണ്ണം അണ്‍എയ്ഡഡ് സ്കൂളുകളിലേതുകൂടി ചേരുമ്പോള്‍ കേവലം മൂന്നു ലക്ഷമാണ്. ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷ സംസ്ഥാനത്ത് എഴുതിയത് മുക്കാല്‍ ലക്ഷം വിദ്യാര്‍ഥികളാണ്. ഇതിലും കൂടുതലാണ് സി.ബി.എസ്.ഇയില്‍ ഒന്നാം ക്ളാസില്‍ പ്രവേശം നേടിയവരുടെ എണ്ണം. ചുരുക്കത്തില്‍, പൊതുവിദ്യാലയങ്ങളില്‍ എത്തേണ്ട വിദ്യാര്‍ഥികളില്‍ നല്ളൊരു ശതമാനത്തെയും സ്വകാര്യ അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ പങ്കിട്ടെടുക്കുന്നു. മലയാളിയുടെ ജീവിതസാഹചര്യത്തിലുണ്ടായ മാറ്റങ്ങളും പൊതുവിദ്യാലയങ്ങളില്‍നിന്നും കുട്ടികളെ അകറ്റി. വിദേശത്ത് ജോലിചെയ്യുന്ന രക്ഷിതാക്കള്‍ അവിടെ കാണുന്ന വിദ്യാഭ്യാസം തങ്ങളുടെ മക്കള്‍ക്കും കിട്ടണമെന്ന് ആഗ്രഹിച്ചു. അവരുടെ പ്രതീക്ഷയോളം വളരാന്‍ നമ്മുടെ പൊതുവിദ്യാലയങ്ങള്‍ക്കായില്ല.

1997ജൂലൈ 15ന്  ഇ.കെ. നായനാര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച അധിക അധ്യാപകരെ സംരക്ഷിക്കാനുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ളതായി വിലയിരുത്തപ്പെട്ടു. അധ്യാപകര്‍ക്ക് സംരക്ഷണം നല്‍കിയെങ്കിലും അക്കാലത്ത് പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരുന്നില്ല. എയ്ഡഡ് മേഖലയില്‍ അധ്യാപകരുടെ പ്രൊട്ടക്ഷന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടിയായെന്ന് വിലയിരുത്തുന്നവരാണ് ഭൂരിഭാഗം വിദ്യാഭ്യാസ വിദഗ്ധരും. പ്രൊട്ടക്ഷന്‍ ലഭിച്ച അധ്യാപകര്‍ക്ക് ജോലിയില്‍ സുരക്ഷിതത്വം കൈവന്നതോടെ  സ്കൂളിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ആര്‍ജവം ചോര്‍ന്നുപോയി.  

ലാഭേച്ഛയില്ലായ്മയില്‍ നിന്ന് കച്ചവടക്കണ്ണിലേക്ക്

ലാഭേച്ഛയില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാമെന്ന ഉറപ്പിലാണ് സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതിയും അംഗീകാരവും നല്‍കുന്നത്. സ്വകാര്യ എയ്ഡഡ് മേഖലയിലെ ഈ  സമീപനം ഒരുകാലത്ത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാറ്റുകൂട്ടുന്നതായിരുന്നു. എയ്ഡഡ് മേഖലയിലെ അമിതമായ കോഴക്കണക്കുകള്‍ പൊതുവിദ്യാഭ്യാസത്തെ അസ്ഥിരപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചു. കഴിവും കാര്യക്ഷമതയുള്ള അധ്യാപകന്‍െറ സ്ഥാനത്ത് പണം കടന്നുവന്നതോടെ പഠന മികവ് പിറകിലേക്ക് പോവുകയും സാമ്പത്തികനേട്ടം മേല്‍ക്കൈ നേടുകയും ചെയ്തു. അധ്യയന വര്‍ഷാരംഭത്തില്‍ എങ്ങനെ പുതിയ ഡിവിഷന്‍ തുടങ്ങാമെന്നും അതുവഴി നേട്ടമുണ്ടാക്കാമെന്നുമുള്ള കണക്കിലേക്കായി  മാനേജ്മെന്‍റുകളില്‍ ബഹുഭൂരിഭാഗവും. ഇല്ലാത്ത കുട്ടികളെ വരെ ഉണ്ടെന്ന വ്യാജ കണക്ക് നല്‍കി അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി കോടികള്‍ സമ്പാദിക്കുന്നതിലേക്കായി അവരുടെ  ശ്രദ്ധയത്രയും. രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരം ജില്ലയില്‍ ശ്രീനാരായണ പ്രസ്ഥാനത്തിന്‍െറ പിന്മുറക്കാര്‍ എന്നവകാശപ്പെടുന്നവര്‍ നടത്തുന്ന എയ്ഡഡ് സ്കൂളില്‍ നടത്തിയ പരിശോധനയില്‍ 24 അധ്യാപകരെയാണ് മതിയായ കുട്ടികളില്ലാതെ നിയമിച്ച് ശമ്പളം പറ്റുന്നതായി കണ്ടത്തെിയത്. ഇത് ഒറ്റപ്പെട്ടതോ ഇവിടെ മാത്രം ഒതുങ്ങുന്നതോ അല്ലതാനും.

ഈ മന$സ്ഥിതിയാണ് ലാഭമില്ലാത്ത, കുട്ടികള്‍ കുറഞ്ഞ സ്കൂളുകള്‍ അടച്ചുപൂട്ടുക എന്ന സിദ്ധാന്തത്തിലേക്ക് ഇവരെ നയിച്ചത്. കറവ വറ്റിയ പശുവായി എയ്ഡഡ് സ്കൂളുകള്‍ മാറിയെന്നതാണ് യാഥാര്‍ഥ്യം.  അധ്യാപക വിദ്യാര്‍ഥി അനുപാതം 1:45ല്‍ നിന്നും 1:30ലേക്ക് താഴ്ത്തിയിട്ടും കുട്ടികളില്ലാതെ സ്കൂളുകളില്‍ 4000ത്തോളം അധ്യാപകര്‍ അധികമെന്ന കണക്കാണ് പുറത്തുവരുന്നത്. എയ്ഡഡ് സ്കൂളുകളില്‍ ഒരു പുതിയ അധ്യാപക നിയമനം എന്നത് ഇനി അപൂര്‍വമായി മാത്രം സംഭവിക്കാന്‍ പോകുന്ന കാര്യമാണെന്ന തിരിച്ചറിവില്‍നിന്നാണ് മലാപ്പറമ്പുകള്‍ രൂപപ്പെടുന്നത്. സ്കൂളുകളുടെ സ്ഥാനത്ത് ഷോപ്പിങ് മാളുകളും റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളും അവിടെ നിന്നാണ് രൂപംകൊള്ളുന്നത്.  വിലകൂടിയ വസ്തുവായി ഭൂമി മാറിയതും അതിന്മേലുള്ള കച്ചവടക്കണ്ണും സ്കൂളുകള്‍ അടച്ചുപൂട്ടുന്നതിനുള്ള മറ്റൊരു കാരണമായി.

(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.