പരിസ്ഥിതി പ്രശ്നങ്ങളിലെ ഇടപെടല്‍ വിവേകപൂര്‍വം

ആധുനിക കാലഘട്ടത്തില്‍ ഗൗരവ ചര്‍ച്ച ആവശ്യപ്പെടുന്ന വിഷയമാണ് പരിസ്ഥിതി.  വികസനവുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും പരിസ്ഥിതി ചര്‍ച്ചയാവുന്നത്.  നാടിന്‍െറ വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. മനുഷ്യസമൂഹത്തിന്‍െറ ജീവിത രീതികളില്‍ വലിയ മാറ്റമുണ്ടായത് വ്യാവസായിക വിപ്ളവത്തിന് ശേഷമായിരുന്നു.  അതോടെ വ്യാപാര വ്യവസായിക തലങ്ങളില്‍ വന്ന മാറ്റങ്ങള്‍ പരിസ്ഥിതിയെ ബാധിച്ചു എന്നതില്‍ സംശയമില്ല.  ‘പരിസ്ഥിതി എന്നാല്‍ ഞാന്‍ ഒഴികെ എന്തും’ എന്നാണ്  ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പറഞ്ഞത്.  പ്രകൃതിയുടെ ഭംഗി അതിന്‍െറ വൈരുധ്യാത്മകതയാണെന്ന് പറഞ്ഞത്  കാള്‍ മാര്‍ക്സാണ്.  പ്രകൃതിയെ അറിയാന്‍ ശാസ്ത്രം ഫലപ്രദമാകണമെന്ന് നിരവധി ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.  

പരിസ്ഥിതിദിനത്തെ ഓര്‍ക്കുമ്പോള്‍ അതിന്‍െറ പശ്ചാത്തലംകൂടി പരിശോധിക്കേണ്ടതുണ്ട്. 1972 ജൂണ്‍ അഞ്ചിന് ലോക രാഷ്ട്രത്തലവന്മാര്‍ സ്റ്റോക്  ഹോമില്‍ ഒത്തുചേര്‍ന്നു.  പരിസ്ഥിതി സംരക്ഷണത്തിന്‍െറ ഗൗരവ ചര്‍ച്ചക്കൊപ്പം ഒരു നിയമാവലികൂടി അവര്‍ ഉണ്ടാക്കി.  ഇതിന്‍െറ വാര്‍ഷിക ദിനാചരണമാണ് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിയെ ബാധിക്കുന്ന ഓരോ വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ ദിനം ആചരിക്കുന്നത്. ‘700 കോടി സ്വപ്നങ്ങള്‍, ഒരേയെരു ഭൂമി, ഉപയോഗം കരുതലോടെ’ എന്ന വിഷയത്തിലായിരുന്നു 2015ലെ പരിസ്ഥിതി ദിനാചരണം.  വന്യജീവികളുടെ നിയമവിരുദ്ധമായ വ്യാപാരവ്യവസ്ഥക്ക് എതിരായ പോരാട്ടം (ഫൈറ്റ് എഗന്‍സ്റ്റ് ദ ലീഗല്‍ ട്രേഡ് ഇന്‍ വൈല്‍ഡ് ലൈഫ്) എന്നതാണ് 2016 ലെ മുദ്രാവാക്യം.

കൃഷി അടിസ്ഥാനമാക്കിയായിരുന്നു കേരളത്തിന്‍െറ വികസനം പണ്ട് വിഭാവനം ചെയ്തത്. ആളോഹരി കൃഷി ഭൂമി 0.08 ഹെക്ടറാണ്.  ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ ശരാശരി 110 പേര്‍ വസിക്കുന്നു എന്ന് പൊതുവില്‍ കണക്കാക്കാം. അങ്ങനെ വരുമ്പോള്‍ ഒരു യൂനിറ്റ് പ്രദേശം ഉള്‍ക്കൊള്ളുന്നത് വിഭാവനം ചെയ്തതിനെക്കാള്‍ 3.6 ഇരട്ടി ആളുകളെയാണ്. 3.6 മടങ്ങ് അധിക ഉല്‍പാദനം ആവശ്യമാണെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്.  നമുക്ക് നമ്മുടേതായ വികസന മാതൃകകളുണ്ട്.  അതിനെ കാലാനുസൃതമായി പരിഷ്കരിച്ച് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് നാം ശ്രമിക്കേണ്ടത്.  അധികാരവികേന്ദ്രീകരണത്തിന്‍െറ അടിസ്ഥാനത്തിലുള്ള പരിസ്ഥിതി സൗഹൃദ വികസന പ്രക്രിയകളാണ് ആവശ്യം.

പരിസ്ഥിതി ഒരു വൈകാരിക വിഷയമായി മാത്രം കാണേണ്ട കാര്യമല്ല.  മറിച്ച്, വിവേകപൂര്‍വം കൈകാര്യം ചെയ്യേണ്ട വിജ്ഞാന ശാഖയാണത്.  വ്യവസായ സ്ഥാപനങ്ങള്‍ മലിനീകരണമുണ്ടാക്കുന്നു എന്നു കണ്ടാല്‍ സ്ഥാപനം നിര്‍ത്തലാക്കുകയല്ല പരിഹാരം. ശാസ്ത്രീയമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിച്ച് കര്‍ശന നിയന്ത്രണത്തോടെ അവയെ പരിസ്ഥിതി സൗഹൃദ സംവിധാനമാക്കി നിലനിര്‍ത്തിക്കൊണ്ട് പോകാനാണ് ശ്രദ്ധിക്കേണ്ടത്. പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഗവേഷണ സംവിധാനങ്ങള്‍ ആവശ്യമുണ്ട്. ഈ മേഖലയില്‍ പ്രാവീണ്യം നേടിയവരാണ് ഇക്കാര്യത്തില്‍ മാതൃകാപരമായ അഭിപ്രായം രേഖപ്പെടുത്തേണ്ടത്.  അത്തരം അഭിപ്രായങ്ങളും പൊതുവികാരങ്ങളും പഠിച്ച് വിവേകപൂര്‍വം ഇടപെടുമ്പോഴാണ് ശാശ്വതമായ പരിഹാരം കണ്ടത്തൊനാവുക.

മാലിന്യ സംസ്കരണം, വിഭവശോഷണം, ഊര്‍ജ്ജ ദുരുപയോഗം, അനധികൃത പ്രകൃതിചൂഷണം, ജലത്തിന്‍െറ അശാസ്ത്രീയ ഉപഭോഗം തുടങ്ങിയ വിഷയങ്ങള്‍ സൂക്ഷ്മമായി പഠിച്ച് ആവശ്യമെങ്കില്‍ നിയമനിര്‍മാണത്തിലൂടെയായാലും പരിഹരിക്കണം. കാലാനുസൃതമാറ്റങ്ങള്‍ ഇവിടെ ആവശ്യമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമങ്ങളുടെ നടപ്പാക്കല്‍ കര്‍ശനമാക്കണം.  അതിനൊപ്പംതന്നെ പരിസ്ഥിതി പ്രശ്നത്തിന്‍െറ ദുരുപയോഗം തടയുകയും വേണം. പരിസ്ഥിതി സംരക്ഷണത്തിന്‍െറ പേരില്‍ നടക്കുന്ന അന്ധവും തീവ്രവും അശാസ്ത്രീയവുമായ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം വേണം. വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യം.  ഇത് രണ്ടും  ഒരു നാണയത്തിന്‍െറ രണ്ടു വശങ്ങളാണ്.  ഈ തിരിച്ചറിവിലൂടെ മുന്നേറുന്നതിനാകട്ടെ നമ്മുടെ ശ്രദ്ധ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.