ഗീതോപദേശം

ഉപദേശിക്കുന്നത് പൊതുവെ ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. മുതിര്‍ന്നവര്‍ ഉപദേശിക്കുന്നത് ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയുന്നതാണല്ളോ കുട്ടിക്കാലം തൊട്ടുള്ള ശീലം. മുതിര്‍ന്നാലും അതിനു മാറ്റമൊന്നുമുണ്ടാവില്ല. പക്ഷേ, മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയായിപ്പോയാല്‍ ഉപദേശം കേള്‍ക്കാതെ ഒരു രക്ഷയുമില്ല. എല്ലാവര്‍ക്കും എല്ലാ വിഷയങ്ങളിലും അറിവുണ്ടാവണമെന്നില്ലല്ളോ. ഒരു വിഷയത്തിലും ഒരുപിടിയുമില്ലാതിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് മുഖ്യനും പ്രധാനമന്ത്രിക്കുമൊക്കെ ഉപദേഷ്ടാക്കളെ വെക്കുന്നത്. നിയമം, സാമ്പത്തികം, സുരക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ നിര്‍ലോഭം ഉപദേശങ്ങള്‍ കൊടുത്ത് അവരെ ഒരു വഴിക്കാക്കുകയാണ് ഉപദേഷ്ടാക്കളുടെ ധര്‍മം. നിയമം ഉപദേശിക്കാന്‍ ഒരാളെ വെച്ചതിന്‍െറ പൊല്ലാപ്പു തീര്‍ന്നതേയുള്ളൂ. അപ്പോഴാണ് സാമ്പത്തികം ഉപദേശിക്കാന്‍ ഹാര്‍വഡ് പ്രഫസറെ കൊണ്ടുവന്നിരിക്കുന്നത്. ഉപദേശിയുടെ പേര് ഗീതാ ഗോപിനാഥ്. ഒരു ഇടതുപക്ഷ സര്‍ക്കാറിന് ഗീതോപദേശങ്ങളുമായി എത്രത്തോളം പൊരുത്തപ്പെടാനാവുമെന്നാണ് രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും അറിയാവുന്നവര്‍ ചോദിക്കുന്നത്.ഇതാദ്യമായാണ് ഒരു ഇടതു മുഖ്യമന്ത്രിക്ക് സാമ്പത്തിക ഉപദേഷ്ടാവുണ്ടാവുന്നത്.

സാധാരണഗതിയില്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനാണ് സാമ്പത്തിക നയങ്ങള്‍ രൂപവത്കരിക്കുക. കഴിഞ്ഞ ഇടതു ഭരണകാലത്ത് ആ പണിയെടുത്തത് പ്രഭാത് പട്നായിക് ആണ്. സാമ്പത്തിക ഉപദേഷ്ടാവാകാന്‍ അവശ്യം വേണ്ടത് ആ വിഷയത്തിലുള്ള അറിവാണ്. അത് ഗീതക്ക് ആവോളമുണ്ട്. നൊബേല്‍ ജേതാവ് അമര്‍ത്യസെന്നിനുശേഷം ഹാര്‍വഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വകുപ്പില്‍ സ്ഥിരം പ്രഫസറായ ഏക ഇന്ത്യക്കാരിയാണ്. പക്ഷേ, ഇടതുപക്ഷത്തെ സാമ്പത്തികമായി നേര്‍വഴിക്കു നയിക്കാന്‍ ഇടതുപക്ഷ സാമ്പത്തിക നയങ്ങളോട് ആഭിമുഖ്യമുള്ള ഒരാള്‍തന്നെ വേണ്ടേ? നിര്‍ഭാഗ്യവശാല്‍ ഗീത അങ്ങനെയല്ല. നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ കടുത്ത ആരാധികയാണ്. മോദിസര്‍ക്കാറിന്‍െറ നയങ്ങളുടെയും നടപടികളുടെയും ഇഷ്ടക്കാരി. പ്രഭാത് പട്നായിക്കിനെപ്പോലെ ഉത്സ പട്നായിക്കിനെപ്പോലെ മാര്‍ക്സിസ്റ്റ് ഇക്കണോമിസ്റ്റുകള്‍ കൈയത്തെും ദൂരത്തുള്ളപ്പോഴാണ് അങ്ങ് മസാചൂസറ്റ്സില്‍നിന്ന് മൈസൂരുകാരിയെ വിളിച്ചുവരുത്തിയിരിക്കുന്നത്. ശമ്പളമില്ലാത്ത പണിയാണ്. ഓണറേറിയം എന്ന വകുപ്പില്‍ എന്തെങ്കിലും കൊടുത്താലായി. അത് എത്രയാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.

കേരളത്തില്‍ തന്നെയുള്ള ഇടതു സാമ്പത്തിക വിദഗ്ധര്‍ക്ക് ഒരിക്കലും ഗീതോപദേശങ്ങളുമായി യോജിക്കാന്‍ പറ്റില്ളെന്ന കാര്യം ഉറപ്പ്. ഇത് സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ സംഘര്‍ഷം ഉടലെടുക്കുന്നതിന് ഇടയാക്കും. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി.കെ. രാമചന്ദ്രനും തോമസ് ഐസക്കിനുമൊക്കെ സ്വകാര്യമേഖലയെ തീറ്റിപ്പോറ്റാന്‍ ആവോളം പേനയുന്തുന്ന ഗീതാ ഗോപിനാഥിന്‍െറ നയങ്ങളോട് തുറന്നടിക്കേണ്ടിവരും. ബദല്‍ സാമ്പത്തിക സമീപനം എന്ന ഇടതു മുദ്രാവാക്യം ഇനി പഴങ്കഥയാവും എന്നാണ് നവലിബറല്‍ സാമ്പത്തിക ഉപദേഷ്ടാവിന്‍െറ നിയമനം നല്‍കുന്ന സൂചന. നവലിബറലിസത്തിന്‍െറ ആരാധിക എന്നതു പോട്ടെ, മോദിയുടെ സ്തുതിപാഠകയെ സാമ്പത്തികം ഉപദേശിക്കാന്‍ നിയോഗിക്കുന്നത് ഫാഷിസത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന സി.പി.എം എങ്ങനെ വിശദീകരിക്കുമെന്നാണ് അണികളുടെ ആശയക്കുഴപ്പം.

മോദി അധികാരമേറ്റയുടന്‍ എന്‍.ഡി.ടി.വി ഗീതാ ഗോപിനാഥുമായി സാമ്പത്തിക നയങ്ങളെ സംബന്ധിച്ച് ഒരഭിമുഖം നടത്തിയിരുന്നു. മന്‍മോഹന്‍ സിങ് സര്‍ക്കാറിനെ ‘നയതളര്‍വാത’ത്തിന്‍െറ പേരില്‍ (പോളിസി പരാലിസിസ് എന്ന് ആംഗലേയം. ഒരു നിയന്ത്രണവുമില്ലാത്ത സാമ്പത്തിക പരിഷ്കാരങ്ങളെ പിന്തുണക്കുന്നവരുണ്ടാക്കിയ വാക്കാണ്) വിമര്‍ശിച്ച ഗീത, മോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങളെ വാനോളം പുകഴ്ത്തി. ഡീസലിന്‍െറ വിലനിയന്ത്രണം എടുത്തുകളഞ്ഞതിനെ പ്രകീര്‍ത്തിച്ചു. വിവാദമായ ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. ബി.ജെ.പി ഒഴികെ എല്ലാ പാര്‍ട്ടികളും ഈ ബില്ലിനെ എതിര്‍ത്തതാണ്. സി.പി.എം സമരം നയിച്ചതാണ്. ഈ വര്‍ഷം ജനുവരിയില്‍ സി.എന്‍.ബി.സി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഗീത പറഞ്ഞത് കഴിഞ്ഞ 16 മാസത്തെ മോദിഭരണം സാമ്പത്തിക മേഖലക്ക് ശുഭസൂചന പകരുന്നുവെന്നാണ്. സാമ്പത്തിക വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റിനെ അവര്‍ വാനോളം പുകഴ്ത്തി. ക്ഷേമപദ്ധതികള്‍ക്കും വായ്പകള്‍ക്കുമായി പണം ചെലവഴിക്കുന്നത് ശരിയല്ളെന്ന അഭിപ്രായക്കാരിയാണ്. തൊഴിലുറപ്പു പോലുള്ള ജനക്ഷേമ പദ്ധതികള്‍ക്കു കൊടുക്കുന്ന പണം കുറച്ചാലേ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാവൂ.

ഓഹരി വിറ്റഴിച്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ കഥ കഴിക്കണം. പൊതുമേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിക്കുന്നതാണ് നാണയപ്പെരുപ്പമുണ്ടാവുന്നതിനും സാമ്പത്തിക വളര്‍ച്ച കുറയുന്നതിനും കാരണം. ഒക്കെ സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുത്താല്‍ അത്രയും നന്ന്. കഴിയുന്നത്ര നികുതി ഇളവുകള്‍ കൊടുത്ത് സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കണം. കോര്‍പറേറ്റുകള്‍ വാഴുന്നതാണ് നല്ലത്. സേവനമേഖലകളില്‍നിന്നും സാമൂഹിക പദ്ധതികളില്‍നിന്നും സര്‍ക്കാര്‍ പിന്മാറട്ടെ. ഇത്തരം വിപ്ളവകരമായ നവ ഉദാരീകരണ നയങ്ങളാണ് മനസ്സില്‍. ഇതുവെച്ചാണ് പിണറായി വിജയനെ ഉപദേശിക്കാന്‍ പോവുന്നത്. മുഖ്യനാവട്ടെ ആളൊരു പ്രായോഗികമതിയാണ്. ആഗോളീകരണത്തിന് കേരളീയ ബദല്‍ എന്നൊക്കെ പാര്‍ട്ടി പറയുമെങ്കിലും പ്രായോഗികമായ കാര്യങ്ങളേ പിണറായി നടപ്പാക്കൂ. പ്രത്യയശാസ്ത്രത്തിന്‍െറ മുതുകൊടിക്കുന്ന ഭാരം അദ്ദേഹത്തിനില്ല. ബുദ്ധദേവ് ഭട്ടാചാര്യ നവലിബറല്‍ നയങ്ങള്‍ക്ക് സ്തുതിപാടിയ പ്രായോഗികമതിയായിരുന്നു. അദ്ദേഹത്തെ പാര്‍ട്ടി ലൈനിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രനേതൃത്വത്തിനായില്ല. ബംഗാളില്‍ സംഭവിച്ചത് കേരളത്തില്‍ സംഭവിക്കാതിരിക്കട്ടെ. ഇനി കേരളവും കൂടിയേയുള്ളൂ പോവാന്‍.

കണ്ണൂര്‍ മയ്യില്‍ സ്വദേശി ടി.വി. ഗോപിനാഥിന്‍െറയും കുറ്റ്യാട്ടൂരിലെ വി.സി. വിജയലക്ഷ്മിയുടെയും മകള്‍. മൈസൂരിലാണ് ജനിച്ചത്. അവിടെ ബിസിനസ് സംരംഭകനും കര്‍ഷകനുമായിരുന്നു പിതാവ്. ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍നിന്ന് ബി.എ. ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്ന് എം.എ. പ്രിന്‍സ്റ്റണ്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് പിഎച്ച്.ഡി. 38ാം വയസ്സില്‍ ഹാര്‍വഡ് സര്‍വകലാശാല പ്രഫസറായി. 2011ല്‍ ലോക സാമ്പത്തിക ഫോറം യുവ ആഗോള നേതാക്കളിലൊരാളായി തെരഞ്ഞെടുത്തു. 2013-14 കാലയളവില്‍ ധനമന്ത്രാലയത്തിലെ ഉപദേശക സമിതി അംഗമായിരുന്നു. മുന്‍ സഹപാഠി ഇഖ്ബാല്‍ ധലിവാലിനെയാണ് വിവാഹം കഴിച്ചത്. മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അബ്ദുല്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബില്‍ പോളിസി ഡയറക്ടറാണ് ഇഖ്ബാല്‍. ഒരു മകനുണ്ട്. മസാചൂസറ്റ്സില്‍ താമസം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.