????????????, ???. ??????????? ?????

ആരോഗ്യം എന്ന രാഷ്ട്രീയ സാമൂഹികശാസ്ത്രം

എന്താണ് ആരോഗ്യം? വളരെ ലളിതമെന്ന് തോന്നാവുന്ന ഈ ചോദ്യം ആരോഗ്യശാസ്ത്രം പഠിക്കുന്നവരെ നൂറ്റാണ്ടുകളായി കുഴക്കിയിട്ടുണ്ട്. എന്താണ് ആരോഗ്യം എന്നതിനേക്കാള്‍ എന്തല്ല ആരോഗ്യം എന്ന് കണ്ടത്തെുക എളുപ്പം. ആരോഗ്യം എന്തായാലും വൈദ്യശാസ്ത്രമല്ല, തീര്‍ച്ച. അതിനാലാണ് നൂറുകണക്കിന് മെഡിക്കല്‍ കോളജുകള്‍ സൃഷ്ടിക്കപ്പെട്ടപ്പോഴും സമൂഹത്തിന്‍െറ ആരോഗ്യം ഉയര്‍ന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. മാത്രമല്ല, പ്രാഥമികാരോഗ്യമാണ് ശ്രദ്ധിക്കേണ്ടത് എന്ന് പല വിദഗ്ധരും കാലാകാലങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എന്തിന്, അടുത്തിടെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. മാര്‍ഗരറ്റ് ചാന്‍, ബഹുജന കേന്ദ്രീകൃതമായ പ്രാഥമികാരോഗ്യ പരിപാടിയിലൂടെ സാര്‍വത്രിക ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുക പോലുമുണ്ടായി. അപ്പോള്‍ കോര്‍പറേറ്റ് ആശുപത്രികളും അതിസങ്കീര്‍ണ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള മള്‍ട്ടിസ്പെഷാലിറ്റി ആശുപത്രികളും ചേര്‍ന്ന ഒരു വ്യവസ്ഥ കൃത്യമായി പറഞ്ഞാല്‍ സമൂഹത്തിന്‍െറ ആരോഗ്യത്തെ കാണിക്കുന്നില്ല എന്ന് പറയേണ്ടിയിരിക്കുന്നു.

പൊതുജനാരോഗ്യത്തിന്‍െറ പിതാവ് എന്നറിയപ്പെടുന്ന വിര്‍ക്കോവ് (Virchow) പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ പറഞ്ഞുവെച്ചത് ഇതാണ്: ഒന്നാമതായി വൈദ്യശാസ്ത്രം ഒരു സാമൂഹികശാസ്ത്രമാണ്. രാഷ്ട്രമീമാംസയാകട്ടെ വളരെ വിശാലമായ അടിത്തറയിലെ വൈദ്യശാസ്ത്രവും. വൈദ്യശാസ്ത്രത്തിന് ആരോഗ്യരംഗത്ത് മികവുറ്റ സംഭാവനകള്‍ ചെയ്യണമെങ്കില്‍ അത് രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിലേക്ക് കടന്നുകയറേണ്ടിയിരിക്കുന്നു. ഭിഷഗ്വരന്മാര്‍ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അഭിഭാഷകരായി വര്‍ത്തിക്കേണ്ടവരാണ്; ജനങ്ങളുടെ പല പ്രശ്നങ്ങളും ഇവര്‍ക്ക് പരിഹരിക്കാനാകും. രണ്ടാമതായി, അദ്ദേഹം ജര്‍മനിയിലെ ടൈഫസ് രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ പറഞ്ഞത്: ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പടര്‍ന്നുകഴിഞ്ഞാല്‍ വ്യക്തികളെ പരിചരിച്ചതുകൊണ്ടോ ചികിത്സിച്ചതുകൊണ്ടോ മാത്രം നിയന്ത്രിക്കാന്‍ കഴിയുകയില്ല. മറിച്ച്, അവിടെയുള്ള എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ സാമൂഹികവളര്‍ച്ച സാധ്യമാക്കേണ്ടതുണ്ട്. ഇതിന് പൂര്‍ണവും നിയന്ത്രണരഹിതവുമായ ജനാധിപത്യമാണ് അത്യാവശ്യമായി വേണ്ടത് എന്നാണ്.

വിര്‍ക്കോവിന്‍െറ ഈ സിദ്ധാന്തങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍െറ മധ്യത്തില്‍ ആവിര്‍ഭവിച്ചതാണെങ്കിലും അവ ഇന്നും പ്രസക്തമായി തുടരുന്നു. നമ്മുടെ തന്നെ ആരോഗ്യസ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ അടിസ്ഥാന ജനാധിപത്യബോധം മുന്നിട്ടുനില്‍ക്കുന്ന കേരളംപോലുള്ള സ്ഥലങ്ങളില്‍ ആരോഗ്യാവസ്ഥ അത്ര മോശമല്ല എന്ന് കാണാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ എവിടെയെല്ലാമാണോ ആരോഗ്യനിലവാരം പിന്നാക്കം നില്‍ക്കുന്നത് ആ മേഖലകളില്‍ ജനാധിപത്യം താഴേക്കിടയിലേക്ക് ആഴ്ന്നിറങ്ങിയിട്ടില്ല എന്നര്‍ഥം. ഇതുകൊണ്ടാണ് ആരോഗ്യം ശക്തമായ രാഷ്ട്രീയനിലപാടും കാഴ്ചപ്പാടും ആകുന്നത്.

ആരോഗ്യത്തിന് തീര്‍ച്ചയായും മറ്റ് മാനങ്ങളുണ്ട്. ലോകാരോഗ്യ സംഘടന തന്നെ ആരോഗ്യത്തെ കാണുന്നത് ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ സുസ്ഥിതി എന്ന രീതിയിലാണ്. ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഈ ആരോഗ്യ നിര്‍വചനം ഒരു ജനസഞ്ചയത്തെ ഒന്നിച്ചുകണ്ടുകൊണ്ടല്ല സൃഷ്ടിച്ചിരിക്കുന്നത്. ഒരു വ്യക്തിയെ കണ്ടുകൊണ്ടാണ്. വായുവും ജലവും മറ്റ് അടിസ്ഥാന വിഭവങ്ങള്‍ ഇല്ലാതാകുകയോ വിഷലിപ്തമാകുകയോ ചെയ്താല്‍ വ്യക്തിഗതമായ ആരോഗ്യസങ്കല്‍പത്തിന് എന്ത് പ്രസക്തി? ട്രാഫിക് നിയമങ്ങള്‍ പ്രായോഗികതലത്തില്‍ ദുര്‍ബലമായ സ്ഥലത്ത് ആരോഗ്യമുള്ള ഒരു വ്യക്തി നാളെ ജീവിച്ചിരിക്കുമോ രോഗിയാകുമോ എന്നൊക്കെ എങ്ങനെ മുന്‍കൂട്ടി പറയാനാകും?

ലോകാരോഗ്യസംഘടനയുടെ ഈ കാഴ്ചപ്പാട് മറ്റ് പല ദിശകളില്‍നിന്നും വെല്ലുവിളി നേരിടുന്നുണ്ട്. ഉദാഹരണത്തിന്, ആഗോളീകരിക്കപ്പെട്ട സാമ്പത്തിക സാമൂഹിക വ്യവസ്ഥയില്‍ ആരോഗ്യം എന്നാല്‍ സമൂഹത്തിന്‍െറ ഉല്‍പാദനക്ഷമതയെന്നോ പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നോ കാണുന്നു. ഈ കാഴ്ചപ്പാടിനോട് അനുഭാവം പുലര്‍ത്തുന്നവര്‍, ആരോഗ്യത്തെ സാമ്പത്തികമൂല്യമുള്ള ഒരു വിഭവമായിട്ടാണ് കാണുന്നത്. ഇത് ശരിയാണെങ്കില്‍ ആരോഗ്യം മെച്ചപ്പെട്ട ഇടങ്ങളിലേക്ക് അല്ളെങ്കില്‍ മെച്ചപ്പെട്ട ആരോഗ്യമുള്ളവരെ ആകര്‍ഷിക്കാനുതകുന്ന ഇടങ്ങളിലേക്ക് മൂലധനം പ്രവഹിക്കും. അന്താരാഷ്ട്രതലത്തില്‍ മൂലധനത്തിന്‍െറ പ്രയാണം ഇത്തരം അടിസ്ഥാന ആരോഗ്യ നിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സാരം. അതിനാലാണ് ആരോഗ്യത്തെ ഒരു അടിസ്ഥാന വിഭവം ആയി പരിഗണിക്കണം എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നത്. മറ്റൊരഭിപ്രായം ആരോഗ്യം ഒരു ഉല്‍പന്നമായല്ല, ഒരു ജീവിതരീതിയായാണ് കാണേണ്ടത് എന്നാണ്. മെച്ചപ്പെട്ട ആരോഗ്യം ഒരു ജനതക്ക് ഗുണമേന്മയുള്ള ജീവിതരീതി നല്‍കുന്നു. മറ്റടിസ്ഥാന വിഭവങ്ങള്‍ വലിയ അളവില്‍ പ്രാപ്യമാക്കാനും ആരോഗ്യകരമായ ജീവിതരീതി അത്യാവശ്യം തന്നെ. ഉദാഹരണത്തിന് ആരോഗ്യമുള്ള ഒരു ജനസമൂഹത്തിന് മാത്രമേ വിദ്യാഭ്യാസം, നൈപുണ്യം, യാത്ര, കായികാഭ്യാസങ്ങള്‍, സാഹസികതകള്‍ എന്നീ ജീവിതരീതികളുമായി സമരസപ്പെടാനാകൂ.

എന്നാല്‍, ഈ രണ്ട് കാഴ്ചപ്പാടുകളിലും ഉള്ള ഒരു പ്രശ്നം സമൂഹത്തിന്‍െറ പൊതു ആരോഗ്യം അളക്കുന്നതിനെ ചൊല്ലിയാണ്. ഒരു വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ച് നമുക്ക് ചില ധാരണകളുണ്ട്. രോഗമില്ലാത്ത അവസ്ഥ, പൊതുവില്‍ അസന്തുഷ്ടികളില്ലാത്ത ദിനങ്ങള്‍ എന്നിവ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. സചേതനവും ആരോഗ്യകരവുമായ ഒരു സമൂഹമാണോ നമുക്കുള്ളത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്തൊനുള്ള ശ്രമമാണ് പല വിദഗ്ധരും ചെയ്യുന്നത്. ജീവിതദൈര്‍ഘ്യം ഗുണമേന്മാധിഷ്ഠിതമായ ജീവിതവര്‍ഷങ്ങള്‍ എന്നിവ ഇത്തരം ശ്രമങ്ങളില്‍പെടും. മറ്റുചില കണക്കുകളും ശ്രദ്ധാര്‍ഹമാണ്. സ്ത്രീകളുടെ ആരോഗ്യം, അരക്തത, പകര്‍ച്ചവ്യാധികളുടെ നിരക്കുകള്‍ എന്നിവയും സാമൂഹിക ആരോഗ്യത്തെ കാണിക്കുന്നു. സാമൂഹികാരോഗ്യാവസ്ഥയിലെ പഠനങ്ങളില്‍ ആശ്ചര്യപ്പെടുത്തുന്ന മറ്ററിവുകള്‍ അടുത്തകാലത്തായി ലഭ്യമായിട്ടുണ്ട്.

ഏതാനും വര്‍ഷം മുമ്പ് പ്രിന്‍സ്റ്റണ്‍ യൂനിവേഴ്സിറ്റിയിലെ സാമ്പത്തികവിഭാഗം പ്രഫസര്‍ ആംഗസ് ഡീറ്റണ്‍ തന്‍െറ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു. 1960 മുതല്‍ ’80 വരെയുള്ള കാലഘട്ടത്തില്‍ ശരാശരി ഇന്ത്യക്കാരന്‍െറ പൊക്കം ഒരു സെന്‍റിമീറ്റര്‍ കൂടിയപ്പോള്‍ ഇന്ത്യന്‍ സ്ത്രീകള്‍ അതിന്‍െറ മൂന്നിലൊന്ന് വര്‍ധനയാണ് രേഖപ്പെടുത്തിയത്. സമാനമായ കാലയളവില്‍ ചൈനയില്‍ പുരുഷന്മാര്‍ ഇതിന്‍െറ നാലിരട്ടി നേട്ടമുണ്ടാക്കിയെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ശൈശവത്തിലും വളര്‍ച്ചഘട്ടങ്ങളിലും ഉള്ള ആഹാരക്കുറവും ആവര്‍ത്തിച്ചുണ്ടാകുന്ന രോഗങ്ങളുമാണ് ഈ പിന്നാക്കാവസ്ഥക്ക് കാരണമായി കാണുന്നത്. ആഹാരക്കുറവും ലഭ്യതയും പെണ്‍കുട്ടികളെ കൂടുതല്‍ ബാധിക്കും എന്നതിനാല്‍ അനാരോഗ്യം അവര്‍ക്കാവും കൂടുതല്‍ ആഘാതമേല്‍പിക്കുക. ഇംഗ്ളണ്ടിലെ ബാര്‍ക്കറുടെ പഠനങ്ങളില്‍ കാണുന്നത് ജനിക്കുമ്പോള്‍ ശിശുവിനുള്ള ഭാരം പില്‍ക്കാല ജീവിതത്തിലെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നാണ്. ജനിക്കുമ്പോള്‍ ശിശുവിന്‍െറ തൂക്കക്കുറവ് മാതാവിന്‍െറ പോഷകാഹാരക്കുറവിനെ കാണിക്കുന്നു. ഈ കുട്ടികള്‍ക്ക് അവരുടെ പില്‍ക്കാല ജീവിതത്തില്‍ പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, മറ്റ് ധമനീരോഗങ്ങള്‍ എന്നിവയുടെ സാധ്യതയേറും എന്നാണ് പറയപ്പെടുന്നത്. സ്ട്രോസ്, തോമസ് എന്നിവരുടെ പഠനങ്ങളില്‍ പൊക്കവും ഉല്‍പാദനക്ഷമതയും വേതനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണുന്നു.

ഈ അറിവുകള്‍ അടിസ്ഥാന പ്രാഥമികാരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതിന്‍െറ ആവശ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. പ്രാഥമികാരോഗ്യം വന്‍കിട ആശുപത്രിയുടെ പരിചരണങ്ങളില്‍ ലഭ്യമല്ലല്ളോ. അതിന് വിദഗ്ധരുടെ കൂട്ടായ ശ്രമവും ആധുനിക കാഴ്ചപ്പാടുകളും ആവശ്യമാണ്. ‘80കളിലെ കാഴ്ചപ്പാടുകള്‍ നടപ്പുകാലഘട്ടത്തില്‍ കാലഹരണപ്പെട്ടുവെന്ന് വിലയിരുത്തപ്പെടുന്നു. അത് കൂടുതലും ഡോക്ടറെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നതിനാല്‍ ഓരോ പ്രാഥമികാരോഗ്യകേന്ദ്രവും ഒരേ മിനിയേച്ചര്‍ ആശുപത്രികളായി പരിണമിച്ചിട്ടുണ്ട്. ഇതില്‍നിന്ന് മാറി തായ്ലന്‍ഡ്, റുവാണ്ട എന്നീ രാജ്യങ്ങളില്‍പോലും ഫലപ്രദമായ ആരോഗ്യ ഉത്തേജനമാതൃകയോ മറ്റ് മാതൃകകളോ അവലംബിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ആരോഗ്യം ഒരു രാഷ്ട്രീയ സാമൂഹികശാസ്ത്രമായി കാണണം എന്ന് പറയുന്നത്. മറ്റേത് മേഖലയേക്കാളും ജനാധിപത്യവത്കരണവും പൊതുജനാരോഗ്യത്തിന് ആവശ്യമാണ്.

(കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ അധ്യാപകനായിരുന്ന ലേഖകന്‍ ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സില്‍ വിസിറ്റിങ് പ്രഫസറാണ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.