പെണ്‍കുഞ്ഞുങ്ങള്‍ക്ക് എല്ലാ ദിനവും

ജനുവരി 24 പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ദിനമായി ഇന്ത്യയില്‍ ആഘോഷിക്കുന്നു/ആചരിക്കുന്നു. ഇന്ന് ഒരുപാടുതരം ദിനങ്ങള്‍ നമ്മള്‍ കൊണ്ടാടാറുണ്ട്. ഭൗമദിനം മുതല്‍ അങ്ങാടിക്കുരുവി ദിനംവരെയുണ്ട്. അപായകരമായ ജൈവാവസ്ഥയെ അഭിമുഖീകരിക്കുന്നവരൊക്കെ ഇത്തരം ദിനാചരണത്തില്‍ പ്രത്യേക പരിഗണന കൈവരിക്കുന്നതായി കരുതപ്പെടുന്നു. പലതരത്തില്‍പെട്ട കഴിവുകളുടെ/ശക്തികളുടെ പൊരുത്തങ്ങളിലാണ് ഈ ലോകം സ്വച്ഛഗതിയില്‍ നിലനില്‍ക്കുന്നത്.

അടിമുടി ആണത്തങ്ങളും അതിന്‍െറ സ്വാഭാവികാധികാര നിലകളുമൊക്കെയുള്ള ഒരു സമൂഹത്തില്‍ പെണ്‍ജീവിതം പലവിധ വിവേചനങ്ങള്‍ നേരിടുന്നുണ്ട്. ആയതിനാല്‍ തുല്യനീതി, തുല്യ വിദ്യാഭ്യാസം, തുല്യാവകാശം എന്നിവയൊക്കെ ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് പെണ്‍കുഞ്ഞുദിനം ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ശരാശരി സ്ത്രീസാക്ഷരതാനിരക്ക് 60 ശതമാനത്തില്‍ താഴെയാണ്. ജനസംഖ്യയിലെ മൂന്നില്‍ ഒരു ഭാഗം പെണ്‍കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവിന്‍െറ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ്.

കൗമാരത്തില്‍തന്നെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരും കുറവല്ല. ഇന്നത്തെ ലൈംഗിക വിപണിയില്‍ ഉപഭോക്താക്കളില്‍ കൂടുതല്‍പേരും വിലപറയുന്നത് പെണ്‍കുട്ടികളുടെ ശരീരത്തിനാണ്. ഇത്തരത്തില്‍ വിദ്യാഭ്യാസം, പോഷകാഹാരം എന്നിവയുടെ ലഭ്യതക്കുറവും ലൈംഗികതയോടുള്ള കുത്തകാധികാര സ്വഭാവവും ഒരുപാട് പെണ്‍കുഞ്ഞുങ്ങളുടെ ജീവിതത്തെ ദുരിതമയമാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളുടെ നിര്‍ദ്ധാരണം മാത്രമല്ല ജനുവരി 24 ലക്ഷ്യമിടുന്നത്. ഈ ഭൂമിയുടെ നേര്‍ പകുതിക്ക് തങ്ങള്‍ അവകാശികളാണെന്ന പൂര്‍ണ ബോധ്യത്തോടെ ഈ ലോകത്തില്‍ ജീവിക്കാന്‍ പെണ്‍കുട്ടികളെ രൂപപ്പെടുത്തിയെടുക്കാന്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കായുള്ള ദിനം ആവശ്യപ്പെടുന്നു.

ദാരിദ്ര്യവും അജ്ഞതയും പെണ്‍കുഞ്ഞുങ്ങളുടെ ലോകത്തെ ദുരിതപൂര്‍ണമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. ഒപ്പം ജാതി, മത, സമുദായപരമായ സങ്കുചിത ബോധ്യങ്ങളും കുഞ്ഞു ജീവിതങ്ങളെ പരതന്ത്രമാക്കുന്നു. അവരുടെ ആകാശങ്ങള്‍ അതിരും വിലക്കുംകൊണ്ട് സങ്കുചിതമാക്കുന്നു. ശാരീരികമായ മാറ്റങ്ങളും അതിന്‍െറ ജൈവികാവസ്ഥകളും പരാധീനതയോ പരിമിതിയോ ആണെന്ന് പഠിപ്പിക്കുന്നതില്‍ പരമ്പരാഗതബോധ്യങ്ങള്‍ ഉത്സാഹം കാണിക്കുന്നു. ഇത്തരം അന്തരീക്ഷങ്ങളെ/വിലക്കുകളെ/അസംബന്ധാചാരങ്ങളെ മറികടക്കുന്നതിന് വേണ്ടുന്ന ശക്തി നല്‍കാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്.

കമ്പോളാധിഷ്ഠിതമായ വര്‍ത്തമാനകാല ജീവിതത്തില്‍ എളുപ്പം വിറ്റുപോകാവുന്ന ചരക്കായി പെണ്‍കുഞ്ഞിന്‍െറ ശരീരം മാറുന്നുണ്ട്.  കേരളത്തിലെ കുപ്രസിദ്ധമായ പല ലൈംഗിക പീഡന കേസുകളിലും കസ്റ്റമേഴ്സിന് പ്രിയങ്കരമായിരുന്നത് പെണ്‍കുഞ്ഞുങ്ങളെയായിരുന്നു. മാതാപിതാക്കള്‍ ഇടനിലക്കാര്‍ക്ക് വിറ്റവരും മാതാപിതാക്കള്‍ വിറ്റവരും ലൈംഗിക വ്യാപാരികള്‍ വലയില്‍പെടുത്തിയവരുമായ ഒരുപാട് കുഞ്ഞുങ്ങളുടെ രക്തവും കണ്ണീരും നമ്മുടെ ലൈംഗിക വിപണിയെ കൊഴുപ്പിച്ചിട്ടുണ്ട്. ഇടപാടുകാരനോടൊപ്പം രാത്രി കഴിഞ്ഞതിനുശേഷം പ്ളസ്വണ്‍ പരീക്ഷ എഴുതിയിട്ട് നല്ല മാര്‍ക്കോടെ പാസായ കുട്ടികളും ഈ ഇരകള്‍ക്കിടയിലുണ്ട്. ആരോ തട്ടിയെടുത്ത് കീറിപ്പറിച്ച ശരീരത്തിനുള്ളില്‍ ജ്വലിക്കുന്ന ബുദ്ധിയും ഇച്ഛാശക്തിയുമുണ്ടെന്ന് ഇത്തരം സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കിടക്കയിലേക്ക് എത്തിപ്പെടുന്ന പതിനാലുകാരിയോട്/കൗമാരക്കാരികളോട് ഇടപെട്ട മുതിര്‍ന്ന പുരുഷന്മാര്‍ അവരെ വെറും ശരീരം മാത്രമായി കാണുമ്പോഴും ഈ പെണ്‍കുട്ടികള്‍ അവരുടെ ബുദ്ധിയിലും പ്രയത്നത്തിലും വിശ്വസിച്ചു. എങ്കിലും കേസിന്‍െറ കുരുക്കുകള്‍ക്കുള്ളില്‍നിന്ന് രക്ഷപ്പെട്ട് വിദ്യാഭ്യാസവും തുടര്‍ ജീവിതവും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ കേരളത്തിലുണ്ട്. സാക്ഷര കേരളം/മാതൃകാ സംസ്ഥാനം ലജ്ജിക്കേണ്ട ഇടമാണിത്.

വീടിനകത്തും പുറത്തും വിദ്യാലയത്തിലും ആരാധനാലയങ്ങളിലും പൊതുഇടങ്ങളിലുമെല്ലാം പെണ്‍കുട്ടികള്‍ക്ക് സ്വത്വാഭിമാനത്തോടെ ഇടപെടാനുള്ള അവസരം ലഭ്യമാക്കാനുള്ള പ്രവൃത്തികള്‍ക്ക് തുടക്കംകുറിക്കാന്‍ പറ്റിയ ദിവസമാണ് ജനുവരി 24 എന്ന പെണ്‍കുഞ്ഞ് ദിനം. ഈ ഭൂമിയില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും അഭിമാനത്തോടും അവകാശാധികാരങ്ങളോടും വളര്‍ന്നാല്‍ മാത്രമേ അടുത്ത തലമുറക്ക് സാമൂഹികാരോഗ്യം  ഉള്ള സമൂഹ നിര്‍മിതിയില്‍ പങ്കുപറ്റാന്‍ കഴിയൂ.
2008 മുതല്‍ ഇന്ത്യയില്‍ പെണ്‍കുഞ്ഞ് ദിനം ആചരിക്കുന്നുണ്ട്. ഗര്‍ഭപാത്രത്തിലേ കൊല്ലപ്പെടാന്‍ വിധിക്കപ്പെടുന്ന കൗമാരത്തില്‍തന്നെ ലൈംഗിക വിപണി വിലയിടുന്ന, കൗമാരത്തിലേ വധൂവേഷം ധരിപ്പിക്കപ്പെടുന്ന, വിദ്യാലയങ്ങളില്‍നിന്ന് ഒഴിവാക്കപ്പെടുന്ന, അക്ഷരവും അവകാശവും നിഷേധിക്കപ്പെടുന്ന ഒരു ഇനമായി പെണ്‍ജീവിതം മാറ്റപ്പെടാതിരിക്കാന്‍ മുതിര്‍ന്നവര്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്തവും ജാഗ്രതയും പ്രകടിപ്പിക്കണം. അറിവ്, സ്വത്ത്, പൗരാവകാശം എന്നിവയൊന്നും ഒൗദാര്യമല്ല എന്ന് പെണ്‍കുഞ്ഞ് തിരിച്ചറിയട്ടെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.