ദത്താപഹാരം

വര്‍ണാശ്രമ ധര്‍മമനുസരിച്ച് നാലാംസ്ഥാനത്തുള്ള ശൂദ്രനായിരുന്നു ശംബൂകന്‍. ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയില്‍ ശൂദ്രന് അറിവുനേടാന്‍ അവകാശമില്ളെന്ന് വേദവിധി. മാണ്ഡൂകോപനിഷത്തില്‍ തപസ്സുകൊണ്ട് അറിവു വര്‍ധിക്കുന്നുവെന്നു പറഞ്ഞിട്ടുണ്ടല്ളോ. അങ്ങനെ ‘ചലനം കൂടാതരണ്യം തന്നില്‍ നിജ തലയും കീഴായ്ത്തൂങ്ങി തപസ്സു ചെയ്തീടിനാന്‍’ ശംബൂകന്‍. വര്‍ണാശ്രമ വിധി തെറ്റിച്ച ശംബൂകനെ രണ്ടാംവര്‍ണമായ ക്ഷത്രിയകുലത്തില്‍പെട്ട രാമന്‍ വധിച്ചുവെന്ന് പുരാണം. ദ്വാപരയുഗത്തില്‍ ചണ്ഡാളനായ ഏകലവ്യന് നഷ്ടപ്പെട്ടത്  പെരുവിരല്‍. അവനും കൊതിച്ചത് അറിവാണ്. കൃതത്രേതദ്വാപരയുഗങ്ങള്‍ കഴിഞ്ഞ് കാലമിത് കലിയുഗമായി. ഇപ്പോഴും താഴ്ന്ന ജാതിയില്‍ പിറന്നവന് അറിവുനേടാന്‍ കടക്കേണ്ട കടമ്പകള്‍ ഏറെയാണെന്ന് രോഹിത് വെമുലയുടെ ആത്മഹത്യ തെളിയിക്കുന്നു.  ബ്രാഹ്മണന് പൗരോഹിത്യവും ക്ഷത്രിയന് യുദ്ധവും വൈശ്യന് കച്ചവടവും ശൂദ്രന് ദാസ്യവേലയും വിധിച്ച ചാതുര്‍വര്‍ണ്യം എതിര്‍പ്പുകളില്ലാതെ പുലരുന്നു. ജനിച്ച ജാതിയാണ് പ്രശ്നം.

‘എന്‍െറ ജന്മം ഒരു മാരക അത്യാഹിതമായിരുന്നു’വെന്ന് എഴുതിവെച്ച രോഹിതിന്‍െറ ആത്മഹത്യക്ക് പിന്നിലെ പ്രധാന കാരണം ഒരു കേന്ദ്രമന്ത്രിയാണ്. ദത്തണ്ണ എന്നാണ് അനുയായികള്‍ക്കിടയിലെ വിളിപ്പേര്. പിന്നാക്ക സമുദായത്തില്‍നിന്നാണ് വരവ്. പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം. മുന്നാക്ക മാടമ്പികള്‍ക്ക് ദാസ്യവേല ചെയ്യലാണ് പണി. ദത്തണ്ണാ എന്നു വിളിച്ച് പിന്നാലെ നടക്കുന്ന പാവങ്ങളുടെ വിചാരം സവര്‍ണരോട് ഒട്ടിനിന്നാല്‍ ഏതെങ്കിലും കാലത്ത് നല്ല ഗതി വരുമെന്നാണ്. അതിനാല്‍ ബ്രാഹ്മണാധിപത്യം കൊടികുത്തിവാഴുന്ന പാര്‍ട്ടിയില്‍ അവര്‍ ചവിട്ടും കുത്തുമേറ്റു കഴിയുന്നു. ഹരിയാനയില്‍ ദലിത് കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ചോദിച്ചത് ‘ആരെങ്കിലും പട്ടിയെ കല്ളെറിഞ്ഞാല്‍ സര്‍ക്കാറിനെ പഴിച്ചിട്ടെന്തു കാര്യം’ എന്നാണ്. പട്ടിയുടെ വിലയേ ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും സംഘ്പരിവാറിലുള്ളൂ. എന്നാലും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്‍െറ കളിയില്‍ പിന്നാക്കര്‍ക്ക് പരിഗണന കിട്ടുമല്ളോ. അങ്ങനെ കിട്ടിയതാണ് കേന്ദ്രമന്ത്രിസ്ഥാനം. സ്വദേശം ഹൈദരാബാദ്. സെക്കന്ദരാബാദിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത് അയച്ച എം.പിയാണ്. ഇപ്പോള്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന്‍െറ പേരില്‍ പൊലീസ് കേസ് നേരിടുകയാണ് ബന്ദാരു ദത്താത്രേയ എന്ന ദത്തണ്ണ. പാര്‍ട്ടിയിലെ സവര്‍ണ മാടമ്പിമാര്‍ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചിട്ടും പാവം പാവം പിന്നാക്കക്കാരന്‍ പീഡിപ്പിക്കപ്പെടുകയാണ്. പ്രകൃതി ദാനമായി തന്നതിനെ തിരിച്ചെടുക്കുന്നതിനെപ്പറ്റി നാരായണഗുരു ‘ദത്താപഹാരം’ എന്ന കവിത എഴുതിയിട്ടുണ്ടല്ളോ. ദാനമായി കൊടുത്ത മന്ത്രിസ്ഥാനം തിരിച്ചെടുക്കണമെന്നാണിപ്പോള്‍ ബി.ജെ.പിയുടെ ഉള്ളിലിരിപ്പ്. ബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. ദലിതരുടെ വോട്ട് വേണമെങ്കില്‍ ദത്തണ്ണയെ താഴെയിറക്കണം. എന്നാല്‍ ദത്തണ്ണയെ താഴെയിറക്കുന്നത് ഇടതുപക്ഷത്തിനുള്ള കീഴടങ്ങലാകും, എ.ബി.വി.പിയെ ദുര്‍ബലമാക്കും എന്നൊക്കെ പറഞ്ഞ് തല്‍ക്കാലം ആര്‍.എസ്.എസ് രക്ഷക്ക് എത്തിയിട്ടുണ്ട്.

വയസ്സിപ്പോള്‍ അറുപത്തിയെട്ടായി. സ്വന്തമായി പ്രത്യേകിച്ച് നിലപാടുകളൊന്നുമില്ല. പാര്‍ട്ടിയുടെ മേലെനിന്നും കീഴെനിന്നും കല്‍പിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ശീലം. ആരെന്തു പറഞ്ഞാലും മുന്‍പിന്‍ നോക്കാതെ അനുസരിക്കുന്ന പതിവുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ ആഗസ്റ്റില്‍ ബി.ജെ.പിയുടെ രംഗറെഡ്ഡി ജില്ലാ വൈസ് പ്രസിഡന്‍റ് നന്ദനം ദിവാകറിന്‍െറ കത്തുകിട്ടിയപ്പോള്‍ ഒരു അന്വേഷണവും നടത്താതെ ആ മേലാളന്‍ പറഞ്ഞത് അനുസരിച്ചത്. ഹൈദരാബാദ് സര്‍വകലാശാല ജാതിരാഷ്ട്രീയത്തിന്‍െറയും ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെയും ഗൂഢസങ്കേതമായിരിക്കുന്നു, അതുകൊണ്ട് അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്. യാകൂബ് മേമന്‍െറ വധശിക്ഷക്കെതിരെ കുട്ടികള്‍ ജനാധിപത്യപരമായി പ്രതികരിച്ചതു പോലും ദേശവിരുദ്ധപ്രവര്‍ത്തനമായി തോന്നിയിരുന്നു ആ മേലാളന്. അതത്തേുടര്‍ന്നുണ്ടായ കാമ്പസ് സംഘര്‍ഷത്തില്‍ സുശീല്‍കുമാര്‍ എന്ന എ.ബി.വി.പി പ്രസിഡന്‍റിന് പരിക്കേറ്റ വിവരമാണ് കത്തിന്‍െറ സബ്ജക്ട് ലൈനില്‍ ഉണ്ടായിരുന്നത്. ദിവാകര്‍ജിയുടെ കത്തു കിട്ടിയതും കൈ വിറയ്ക്കാന്‍ തുടങ്ങി. നേരെ പോയി കുത്തിയിരുന്ന് കത്തെഴുതി കേന്ദ്ര മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിക്ക് അയച്ചു. ന്യൂഡല്‍ഹി ശ്രമശക്തിഭവനിലെ കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന്‍െറ വിലാസമുള്ള ലെറ്റര്‍പാഡിലാണ് കത്ത് കുറിച്ചത്. ഭരിക്കാന്‍ കിട്ടിയ വകുപ്പ് തൊഴിലാണ്. ചെയ്ത ഈ പണിക്ക് തൊഴിലുമായി ബന്ധമൊന്നുമില്ല. എന്നാലും പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റു പറഞ്ഞാല്‍ പിന്നാക്കക്കാരനായ കേന്ദ്രസഹമന്ത്രിക്ക് അനുസരിക്കാതിരിക്കാന്‍ പറ്റുമോ?

ദത്തണ്ണയുടെ കത്തിന് ഫലമുണ്ടായി. വി.ഐ.പി റഫറന്‍സ് കാണിച്ചാണ് കാബിനറ്റ് അണ്ടര്‍ സെക്രട്ടറി രാംജി പാണ്ഡെ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കത്തെഴുതിയത്. കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് സെപ്റ്റംബറില്‍ രണ്ടു കത്തുകള്‍ രജിസ്ട്രാര്‍ക്ക് അയച്ചു. അതിലൊന്ന് ഡെപ്യൂട്ടി സെക്രട്ടറി സുബോധ്കുമാറിന്‍െറ റിമൈന്‍ഡര്‍ ആയിരുന്നു.  ഒക്ടോബറില്‍ വി.സിക്കും സുബോധ് കുമാര്‍ കത്തയച്ചു. മാനവശേഷി മന്ത്രാലയത്തില്‍നിന്ന് ജോയന്‍റ് സെക്രട്ടറി സുഖ്വീര്‍ സിങ് സന്ധു വി.സി അപ്പറാവുവിന് അയച്ച കത്തിലും പരാമര്‍ശിക്കുന്ന പേര് ദത്തണ്ണയുടേതു തന്നെ. ഇതത്തേുടര്‍ന്നാണ് ദലിത് വിദ്യാര്‍ഥികള്‍ പുറത്താക്കപ്പെടുന്നതും രോഹിത് ജീവനൊടുക്കുന്നതും. അതോടെ തന്‍െറ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണിപ്പോള്‍ ബന്ദാരു ദത്താത്രേയ. ചുമത്തപ്പെട്ട കുറ്റം ആത്മഹത്യാപ്രേരണ. പിന്നെ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന്‍െറ ലംഘനം. ബി.ജെ.പി ദലിത് നേതാവും പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ സഞ്ജയ് പാസ്വാന്‍ ദത്തണ്ണക്ക് എതിരെ രംഗത്തത്തെിയിട്ടുണ്ട്.

1947 ഫെബ്രുവരി 26ന് ഇന്നത്തെ തെലങ്കാനയിലെ ഹൈദരാബാദില്‍ ജനനം. സയന്‍സില്‍ ബിരുദം. 1965ല്‍ ആര്‍.എസ്.എസില്‍ ചേര്‍ന്നു. 1968 മുതല്‍ 1989 വരെ പ്രചാരക് ആയി. ജയപ്രകാശ് നാരായണിന്‍െറ പ്രസ്ഥാനത്തിന്‍െറ  ഭാഗമായ ലോകസംഘര്‍ഷ സമിതിയുടെ സംസ്ഥാന ഘടകം ജോയന്‍റ് സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നിട്ടുണ്ട്. 1980ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. 1997ല്‍ ആന്ധ്രപ്രദേശിലെ പാര്‍ട്ടി ഘടകത്തിന്‍െറ പ്രസിഡന്‍റായി. 1999 മുതല്‍ 2004 വരെ വാജ്പേയി മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു. നഗരവികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം, റെയില്‍വേ എന്നിവയാണ് കൈകാര്യംചെയ്ത വകുപ്പുകള്‍. 1991 മുതല്‍ 2004 വരെയുള്ള 10, 12,13 ലോക്സഭകളില്‍ സെക്കന്ദരാബാദ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തു.16ാം ലോക്സഭയിലത്തെിയതും ഇതേ മണ്ഡലത്തില്‍നിന്ന്. ഇപ്പോള്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റാണ്. വിജയലക്ഷ്മി, വൈഷ്ണവ് എന്നീ രണ്ടു മക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.