ഷോപ്കോമിലെ കുടിലുകളും ദേശദ്രോഹമാകുന്ന രാഷ്ട്രീയവും

പുലര്‍ച്ചകളില്‍ നടത്തക്കാരെ കൊണ്ടും വൈകുന്നേരങ്ങളിലെ  ചായയും ചര്‍ച്ചകളും മുദ്രാവാക്യങ്ങളും കൊണ്ടും സജീവമാകാറുള്ള ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ പ്രസിദ്ധമായ  ‘ഷോപ്കോം’  കഴിഞ്ഞ ഒരാഴ്ചയിലധികമായി പാതിരാത്രിയിലും സജീവമാണ്. കാരണം,  ബി.ജെ.പി നേതാവിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ യൂനിവേഴ്സിറ്റി  സസ്പെന്‍ഡ് ചെയ്ത അഞ്ചു ദലിത് ഗവേഷക വിദ്യാര്‍ഥികള്‍ കിടന്നുറങ്ങുന്നതും സമരം ചെയ്യുന്നതുമെല്ലാം ഷോപ്കോമിലെ തുറന്ന ആകാശത്തിനു കീഴിലാണ്.
മുസഫര്‍നഗര്‍ കലാപത്തില്‍ ബി.ജെ.പി നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന നകുല്‍ സിന്‍ഹയുടെ ‘മുസഫര്‍നഗര്‍ ബാക്കി ഹേ’  എന്ന ഡോക്കുമെന്‍ററിയുടെ പ്രദര്‍ശനം ദല്‍ഹി യൂനിവേഴ്സിറ്റിയില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. തുടര്‍ന്ന് ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ അംബേദ്കര്‍ സ്റ്റുഡന്‍റ്സ്  അസോസിയേഷന്‍ (എ.എസ്.എ) പ്രതിഷേധ പ്രസ്താവനയിറക്കുകയും  ഡോക്യുമെന്‍ററി കാമ്പസില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതാണ് ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചത്. പുറത്തുനിന്നുള്ള ബി.ജെ.പി നേതാക്കളുടെ  പിന്തുണയുപയോഗിച്ചു കൊണ്ട് എ.എസ്.എ നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ഫയല്‍ ചെയ്യുകയും ഗവേഷക വിദ്യാര്‍ഥികളെ  ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ നിന്ന്  സസ്പെന്‍ഡ് ചെയ്യാന്‍ സമ്മര്‍ദം ചെലുത്തുകയുമാണ് ബി.ജെ.പിയും എ.ബി.വി.പിയും  ചെയ്തത്. തങ്ങളുടെ വാദം തെളിയിക്കാന്‍ പരാതിയില്‍ എടുത്തുപറഞ്ഞത് യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോള്‍  എ.എസ്.എ കാമ്പസില്‍  നടത്തിയ പ്രതിഷേധങ്ങളായിരുന്നു.
ധിറുതി പിടിച്ച നടപടികള്‍
കാര്യമായ അന്വേഷണമില്ലാതെയും കുറ്റം ചാര്‍ത്തപ്പെട്ടവരുടെ വാദം കേള്‍ക്കാതെയും യൂനിവേഴ്സിറ്റി  പ്രോക്ടര്‍ നടത്തിയ സസ്പെന്‍ഷന്‍ വിദ്യാര്‍ഥി-അധ്യാപക സമരത്തെ തുടര്‍ന്ന് പിന്‍വലിക്കുകയും മറ്റൊരു കമ്മിറ്റിയെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ പുതുതായി നിയമിക്കപ്പെട്ട വൈസ് ചാന്‍സലറാണ് നിലനില്‍ക്കുന്ന  കമ്മിറ്റിയെ പരിഗണിക്കാതെ അഞ്ചു ദലിത് ഗവേഷക വിദ്യാര്‍ഥികളെ വീണ്ടും സസ്പെന്‍ഡ് ചെയ്തത്. ഹോസ്റ്റലുകളില്‍ പ്രവേശിക്കരുത്, കൂട്ടം കൂടി നടക്കരുത്, ലൈബ്രറിയിലും ക്ളാസ് റൂമിലും അല്ലാതെ കാണപ്പെടരുത് തുടങ്ങിയവയാണ് സസ്പെന്‍ഷന്‍ ഓര്‍ഡറിലെ നിര്‍ദേശങ്ങള്‍. ഹോസ്റ്റലുകളില്‍ നിന്നും പുറത്തെറിയപ്പെട്ടതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടവര്‍ കിടക്കയും തലയിണയുമായി ഷോപ്കോമില്‍  അന്തിയുറങ്ങുകയാണിപ്പോള്‍.

ഹൈദരാബാദ് സര്‍വകലാശാലയെ പൊതുവിലും അംബേദ്കര്‍ സ്റ്റുഡന്‍റ്സ്്  അസോസിയേഷനെ പ്രത്യേകിച്ചും കുറ്റപ്പെടുത്തി ബി.ജെ.പിയുടെ സെക്കന്തരാബാദ് ലോക്സഭ മണ്ഡലം എം.പി. ബന്ദാരു ദത്താത്രേയ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിക്കയച്ച കത്തില്‍ പറയുന്നത് സര്‍വകലാശാല ജാതിവാദികളുടെയും തീവ്രവാദികളുടെയും ദേശവിരുദ്ധരുടെയും സങ്കേതമായിരിക്കുന്നുവെന്നാണ്. അതിനുള്ള ഒന്നാമത്തെ കാരണമായി പറയുന്നതാവട്ടെ, യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെതിരെ പ്രതിഷേധ പരിപാടി നടത്തിയെന്നതും. ഇതിനെ തുടര്‍ന്ന് മാനവ വിഭവ ശേഷി മന്ത്രാലയം നേരിട്ട് തന്നെ സര്‍വകലാശാലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയിട്ടുണ്ട്.
1993 മുതല്‍ ദലിത് ആദിവാസി ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍െറ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അംബേദ്കറിസ്റ്റ് സംഘടനയെയാണ് ദേശദ്രോഹത്തിന്‍െറ തൂക്കുകയറില്‍ കൊണ്ടുപോയി കെട്ടിയിരിക്കുന്നത്. അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍െറ കണ്‍വീനര്‍ അയൂബ് റഹ്മാന്‍ ചോദിക്കുന്നത് പ്രസക്തമാകുന്നതിവിടെയാണ്: ‘ശക്തമായ ജാതിവിരുദ്ധ സമരങ്ങള്‍ നടത്തിയ ഒരു സംഘടനയെ തന്നെ ‘അവര്‍ ജാതീയതയുടെ ആളുകളാണ്’ എന്ന് മനുഷ്യ വിഭവശേഷി വികസന മന്ത്രാലയം പോലുള്ള ഒരുന്നത വേദി തന്നെ പറയുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്’.  ആധുനികതയുടെ ജാതിക്രമീകരണം സവര്‍ണമാണെങ്കിലും  അതേ ആധുനിക സ്ഥാനത്ത് ജാതീയമായ അടയാളങ്ങളില്ലാതെ നില്‍ക്കാന്‍ കഴിയുന്നതുകൊണ്ടാണ് കീഴാള ശരീരങ്ങളെ ജാതി ഉല്‍പാദന കേന്ദ്രമായി മുദ്രകുത്താന്‍ സാധിക്കുന്നത്.
ഒരേസമയം സാമുദായിക ജീവിതത്തെ മാറ്റിനിര്‍ത്തിക്കൊണ്ടും  എന്നാല്‍, സമുദായങ്ങളുടെ സാന്നിധ്യത്തെ സമ്മതിച്ചു കൊണ്ടുമാണ് ആധുനിക ഇന്ത്യന്‍ ദേശീയതയുടെ പ്രയോഗങ്ങള്‍  നിലനില്‍ക്കുന്നതെന്ന് പ്രഫസര്‍ എം.എസ്.എസ്. പാണ്ട്യന്‍  പറയുന്നുണ്ട്. ഇതേ തന്ത്രം തന്നെയാണ് ഇപ്പോള്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ കൂട്ടംകൂടി നടക്കരുതെന്ന കല്‍പനയിലൂടെ നടപ്പാക്കപ്പെടുന്നത്. സംവരണ സമുദായത്തിലെ വ്യക്തികളായതുകൊണ്ട് നിങ്ങള്‍ക്ക്  അഡ്മിഷന്‍ നല്‍കാം, കാമ്പസില്‍ വരാം, വായിക്കാം, പഠിക്കാം. എന്നാല്‍, സ്വയം ഒരു സമുദായമായിക്കൊണ്ട് നിങ്ങള്‍ സംഘടിക്കരുത്, പ്രവര്‍ത്തിക്കരുത്. കാരണം, അത് കാമ്പസിന്‍െറസഹവര്‍ത്തിത്വ സ്വഭാവം തകര്‍ക്കുമെന്നും വര്‍ഗീയ മന$സ്ഥിതി വളര്‍ത്തുമെന്നുമുള്ള വാദമാണ് ഇവിടെ നാം കാണുന്നത്. ഇത് നേരത്തെ പാണ്ട്യന്‍ സൂചിപ്പിച്ച ദേശീയ രാഷ്ട്രീയത്തിന്‍െറ. പ്രതിസന്ധിയെ തന്നെയാണ് കാണിക്കുന്നത്.
അമിത നിയന്ത്രണം
സവര്‍ണ ദേശീയതയെ അസ്ഥിരപ്പെടുത്താന്‍ മാത്രം കെല്‍പ്പുള്ള പുതിയ വിദ്യാര്‍ഥി  രാഷ്ട്രീയത്തിന്‍െറം ദൃശ്യത വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ്.  അതുകൊണ്ടാണ് കാമ്പസുകളെ നിയന്ത്രിക്കാന്‍  മാര്‍ഗനിര്‍ദേശങ്ങളിലൂടെ മാനവ വിഭവ ശേഷി മന്ത്രാലയവും യു.ജി.സി യും ശ്രമിക്കുന്നത്. കാമ്പസുകള്‍ റാഡിക്കലായ രാഷ്ട്രീയത്തിന്‍െറ പരീക്ഷണശാലയാകുന്നു എന്നും അതുകൊണ്ടുതന്നെ കാമ്പസ് ഇടപെടലുകളെ നിയന്ത്രിക്കണമെന്നും ദേശീയ  ഉദ്ഗ്രഥന കൗണ്‍സില്‍ അഭിപ്രായപ്പെടുന്നത് 2011ലാണ്. അതിനു ശേഷമുള്ള രണ്ടു വര്‍ഷങ്ങളിലെ കാമ്പസ് വര്‍ത്തമാനങ്ങള്‍ നമുക്ക് നല്‍കുന്ന സൂചനകള്‍ അക്കാദമിക ഇടപെടലുകളെ പോലും ഭരണകൂടം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു എന്നുതന്നെയാണ്. 2013ല്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക്  നല്‍കിയ നിര്‍ദേശങ്ങളില്‍ യു.ജി.സി പറഞ്ഞത് കാമ്പസുകള്‍ റാഡിക്കലാകുന്നത് സൂക്ഷിക്കാന്‍ പ്രത്യേക കണ്ണ് വേണമെന്നാണ്. ഒരു പടികൂടി കടന്നുകൊണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2015ല്‍ യു.ജി.സി നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത് സാമൂഹികവിരുദ്ധ ശക്തികളെ നിയന്ത്രിക്കാന്‍ കാമ്പസുകളില്‍ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്നായിരുന്നു. റേഡിയോ കോളര്‍ പോലെ ബയോ മെട്രിക് കോളര്‍ ഘടിപ്പിച്ച് വിദ്യാര്‍ഥികളുടെ ചലനത്തെ നിരീക്ഷിക്കണം എന്നുകൂടിയുണ്ട് പുതിയ നിര്‍ദേശത്തില്‍.
കേന്ദ്ര സര്‍വകലാശാലകളില്‍ ഒ.ബി.സി സംവരണം ഏര്‍പ്പെടുത്തിയിട്ട് കേവലം ആറു വര്‍ഷമാകുമ്പോഴേക്കാണ് ഇങ്ങനെയുള്ള സര്‍ക്കുലറുകള്‍ വരാന്‍ തുടങ്ങുന്നത് എന്നുകൂടി ഇതിനോട് ചേര്‍ത്തുവായിക്കുമ്പോഴാണ് സംവരണ സമുദായങ്ങളുടെ ഐക്യം  ദേശ ദ്രോഹമാകുന്നതിന്‍െറ രാഷ്ട്രീയം സ്പഷ്ടമാകുക. പിന്നാക്ക സമുദായങ്ങളുടെ ഐക്യം തകര്‍ക്കുന്നത് ഹിന്ദുത്വ ദേശീയതയുടെ ഏകീകൃത ഹിന്ദു സമുദായമെന്ന ഭാവനകളെയാണ്. സമുദായങ്ങളുടെ സ്വതന്ത്രമായ സംഘാടനവും ജീവിതവും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ദേശീയതയുടെ സവര്‍ണഘടനയെ തന്നെയാണ്. അതുകൊണ്ടുതന്നെ പിന്നാക്ക ഐക്യങ്ങള്‍ എല്ലാ കാലത്തും ദേശ ദ്രോഹ മുദ്ര ചാര്‍ത്തപ്പെട്ടിട്ടുണ്ട് -അത് ബാബാ സാഹെബ് അംബേദ്കറുടെ രാഷ്ട്രീയമായാലും മണ്ഡല്‍ സമരങ്ങളുടെ രാഷ്ട്രീയമായാലും  അബ്ദുന്നാസിര്‍ മഅ്ദനിയുടെ രാഷ്ട്രീയമായാലും. ഈ രാഷ്ട്രീയങ്ങള്‍ തകര്‍ക്കുന്നത് ദേശരാഷ്ട്രത്തിന്‍െറ ഭൂമിശാസ്ത്ര അതിരുകളെയല്ല, മറിച്ച് അടിസ്ഥാന ബ്രാഹ്മണ ഘടനയത്തെന്നെയാണ്.
പുതിയ യുവത്വം

സാമൂഹിക അസമത്വങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പുതിയ സാമൂഹികക്രമത്തിനു വേണ്ടിയുള്ള തയാറെടുപ്പ് നടക്കേണ്ട കാമ്പസുകള്‍  അധികാരാകാരം പൂണ്ട ഫാഷിസത്തിനു വേണ്ടിയുള്ള അടുക്കളയാകുകയാണ്. അവിടെ പാകം ചെയ്യപ്പെടുന്ന വിലക്കുകളെ ഭേദിച്ചു കൊണ്ട് പുതിയ യുവസംസ്കാരം  രൂപപ്പെടുന്നതാണ്  ഹൈദരാബാദ് യൂനിവേഴ്സിറ്റി, ചെന്നൈ ഐ.ഐ.ടി, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഇഫ്ളു എന്നിവിടങ്ങളില്‍ നടക്കുന്ന സമരങ്ങളില്‍ കാണുന്നത്. ഒരു കാലത്ത് വരേണ്യ കാമനകളെയും  ഗൃഹാതുരതകളെയും താലോലിച്ച് നടന്ന കാമ്പസുകളില്‍നിന്നും ദലിത്  പിന്നാക്ക ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വര്‍ധിച്ച തോതിലുള്ള ഇടപെടലുകള്‍ പലപ്പോഴും വരേണ്യത കാത്തുസൂക്ഷിക്കാന്‍ വെമ്പുന്ന അധികാരികള്‍ക്കും സവര്‍ണ മുന്‍കൈയിലുള്ള വലത്, ഇടത് വിദ്യാര്‍ഥി സംഘടനകള്‍ക്കും അരോചകമാവാറുണ്ട്. അതിനെ തീവ്രവാദത്തിന്‍െറയും രാജ്യദ്രോഹത്തിന്‍െറയും ചാപ്പ കുത്തിയതുകൊണ്ട് മാത്രം ഇല്ലാതാക്കാന്‍ സാധിക്കുകയില്ല എന്ന പാഠമാണ് ഹൈദരാബാദ് സര്‍വകലാശാല  നല്‍കുന്നത്.  
മണ്ഡല്‍ പ്രക്ഷോഭത്തിന് ശേഷമുള്ള സവര്‍ണവ്യഥകളാണ് ദേശീയതയുടെ മൂടുപടം അണിഞ്ഞുവരുന്നതും കാമ്പസുകളിലെ കീഴാള ഇടപെടലുകളെ ദേശദ്രോഹമായി ന്യൂനീകരിക്കുന്നതും. തൂക്കുമരത്തിന്‍െറ രൂപത്തിലും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ രൂപത്തിലും സാമൂഹിക ഭ്രഷ്ടുകളുടെ രൂപത്തിലും വന്നുകൊണ്ടിരിക്കുന്ന സവര്‍ണ ദേശീയതയോട് കലഹിച്ചുകൊണ്ടു കൂടിയാണ് പുതിയ ചെറുപ്പത്തിന്‍െറ പാര്‍ശ്വവത്കൃത രാഷ്ട്രീയം ഉയര്‍ന്നുവരുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഷോപ്കോമില്‍ നടക്കുന്ന സമരവും  ‘ഒക്കുപ്പൈ ഷോപ്കോം’ എന്ന മുദ്രാവാക്യവും ഒരു സൂചനയാണ്. നിഷേധിക്കപ്പെട്ട പൊതുഇടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള മണ്ഡല്‍ അനന്തര രാഷ്ട്രീയ പോരാട്ടത്തിന്‍െറ തുടര്‍ച്ചയാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.