പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലത്തെിയ ഭീകരര്‍ ആര്, അവര്‍ എങ്ങനെ അവിടെയത്തെി, ആര് എത്തിച്ചു, ഒത്താശ എവിടെനിന്നെല്ലാം കിട്ടി തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇന്ത്യ ഉത്തരം തേടുകയാണ്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഉത്തരവും അതിനൊത്ത തെളിവുകളും കണ്ടത്തൊന്‍ തീവ്രശ്രമം നടത്തിവരുന്നു. ഇന്ത്യ-പാക് സൗഹാര്‍ദ ശ്രമങ്ങളെ അട്ടിമറിക്കുന്ന വിധം ജെയ്ശെ മുഹമ്മദ് ഭീകരശൃംഖലയാണ് പത്താന്‍കോട്ട് എത്തിയതെന്നാണ് നിഗമനം. സമാധാന സംഭാഷണ പ്രക്രിയ വീണ്ടും മുടങ്ങാതിരിക്കാനുള്ള സ്വാഗതാര്‍ഹമായ സംയമനം ഇരുരാജ്യങ്ങളും തുടക്കത്തില്‍ കാണിച്ചുവെങ്കിലും, ഭീകരര്‍ക്കെതിരെ പാകിസ്താന്‍ സ്വീകരിക്കുന്ന നടപടികളാണ് ഭാവി തീരുമാനിക്കുക. പട്ടാള ഭരണകൂടത്തിന്‍െറ സമ്മര്‍ദങ്ങള്‍ അവഗണിച്ച് ഇന്ത്യയോട് പരിധിവിട്ട സൗഹാര്‍ദം കാണിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് കഴിയില്ല. പാകിസ്താനുമായി അങ്ങേയറ്റം സൗഹൃദത്തിനു ശ്രമിച്ചുവെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ലാഹോര്‍ മിന്നല്‍യാത്ര വഴി സാധിച്ച സ്ഥിതിക്ക് പാകിസ്താനോട് മൃദുസമീപനമെന്ന പേരുദോഷം കേള്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമില്ല താല്‍പര്യം. അല്ളെങ്കില്‍ത്തന്നെ, ഇന്ത്യയും പാകിസ്താനും നല്ല അയല്‍ക്കാരാവുന്നത് സ്വപ്നമരീചികയാണ്.
പത്താന്‍കോട്ടെ യഥാര്‍ഥ സൂത്രധാരന്മാരെ തെളിവടക്കം പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍, ആഭ്യന്തരമായി ഇന്ത്യയില്‍ പ്രതിക്കൂട്ടിലായ ഒരാളുണ്ട്. 56 ഇഞ്ച് നെഞ്ചളവിന്‍െറ ശൗര്യം കൊഴിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുന്‍ ഐ.ബി ഡയറക്ടറുമായ കേരള കേഡര്‍ റിട്ട. ഐ.പി.എസുകാരന്‍ അജിത് ഡോവലാണ് പത്താന്‍കോട്ട് സംഭവത്തോടെ അങ്ങേയറ്റം വിമര്‍ശിക്കപ്പെടുന്നത്. ഭീകരാക്രമണം ഉണ്ടായ രാത്രി പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ പ്രതിരോധ മന്ത്രിയോ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. കമാന്‍ഡോകള്‍ അടക്കം 158 എന്‍.എസ്.ജിക്കാര്‍ പത്താന്‍കോട്ടേക്ക് പറന്നത് അജിത് ഡോവലിന്‍െറ നിര്‍ദേശപ്രകാരമാണ്. വ്യോമസേനാ കേന്ദ്രത്തിനു പുറമെ, വന്‍കിട സന്നാഹങ്ങളുള്ള കരസേനാ കേന്ദ്രവും പത്താന്‍കോട്ടുണ്ട്. എന്നാല്‍, അവരെ ആദ്യം വിന്യസിക്കുന്നതിനു പകരം എന്‍.എസ്.ജിയെ അയച്ചതാണ് അജിത് ഡോവലിനെ പ്രധാനമായും പ്രതിക്കൂട്ടിലാക്കിയത്. മലയാളിയായ നിരഞ്ജന്‍ അടക്കം ഏഴു സുരക്ഷാ സൈനികരെ കുരുതി കൊടുത്തപ്പോള്‍ തന്നെ, 2000 ഏക്കര്‍ വിസ്തൃതി വരുന്ന വ്യോമകേന്ദ്ര വളപ്പിലുള്ള ആര്‍ക്കും അപായം സംഭവിക്കാത്ത വിധം അങ്ങേയറ്റം സൂക്ഷ്മതയോടെ ഭീകരരെ ഉന്മൂലനം ചെയ്തത് ഈ തീരുമാനം വഴിയാണെന്ന് ഇപ്പോള്‍ അജിത് ഡോവലിനെ ന്യായീകരിക്കുന്നവര്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍, എന്‍.എസ്.ജി -സൈനിക നടപടികള്‍ നാലു ദിവസങ്ങള്‍ നീണ്ടപ്പോഴത്തെ അങ്കലാപ്പ് മറക്കുന്ന തൊടുന്യായം മാത്രമാണത്.
ഭരണത്തില്‍ നരേന്ദ്ര മോദിയും അജിത്ഡോവലും സൂപ്പര്‍ പവറായി നില്‍ക്കുന്നതിന്‍െറ വൈകല്യവും അപകടവുമാണ് പത്താന്‍കോട്ട് സംഭവത്തോടെ കൂടുതല്‍ വെളിപ്പെട്ടുവന്നത്. ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ മന്ത്രിമാര്‍ക്കില്ലാത്ത റോളാണ് നരേന്ദ്ര മോദിയുടെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍േറത്. ഈ മൂന്നു മന്ത്രിമാരെയും അപ്രധാന കഥാപാത്രങ്ങളാക്കി ഇന്ത്യയുടെ ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ നയ-തീരുമാനങ്ങള്‍ അജിത് ഡോവല്‍ ഹൈജാക്ക് ചെയ്യുന്നതാണ് കഴിഞ്ഞ 20 മാസമായി കണ്ടുവരുന്ന ചുറ്റുപാട്. പത്താന്‍കോട്ട് ഇതില്‍ ആദ്യത്തെയോ അവസാനത്തേതോ അല്ല. സ്വന്തം തീരുമാനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോടും ആര്‍.എസ്.എസിനോടും വിശദീകരിക്കേണ്ട ബാധ്യത മാത്രമാണ് അജിത് ഡോവലിന്. മുന്‍ രഹസ്യാന്വേഷകനും ആര്‍.എസ്.എസ് താത്ത്വിക പാഠശാലയായ വിവേകാനന്ദ ഇന്‍റര്‍നാഷനല്‍ ഫൗണ്ടേഷന്‍െറ നടത്തിപ്പുകാരനുമായിരുന്ന ഡോവല്‍ അതുവഴി ഇന്ത്യ കണ്ട അഞ്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളില്‍ ഏറ്റവും വിവാദ പുരുഷനായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസിന്‍െറയും രഹസ്യാന്വേഷണ വിഭാഗത്തിന്‍െറയും പ്രവര്‍ത്തനസ്വഭാവമാണ് അതുവഴി ദേശീയ സുരക്ഷാ ഉപദേശകനില്‍ പ്രതിഫലിക്കുന്നത്. പ്രധാനമന്ത്രിയും അതുതന്നെ ആഗ്രഹിക്കുമ്പോള്‍ ഇരുവരിലേക്കുമായി അധികാരകേന്ദ്രീകരണം പൂര്‍ണമാവുന്നു. മോദിയും ഡോവലും എടുക്കുന്ന തീരുമാനങ്ങള്‍ക്കായി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും കാത്തുനില്‍ക്കുകയോ, അത്തരം തീരുമാനങ്ങള്‍ക്കു മുമ്പില്‍ സ്വയം ഒഴിഞ്ഞുകൊടുക്കുകയോ ചെയ്യുന്നു.
സുപ്രധാന ദൗത്യങ്ങളിലെല്ലാം പ്രധാനമന്ത്രിക്കൊപ്പം സുരക്ഷാ ഉപദേഷ്ടാവുണ്ട്. അതില്‍ തെറ്റു പറഞ്ഞുകൂടാ. പക്ഷേ, ബന്ധപ്പെട്ട മന്ത്രിമാര്‍ ഇല്ലാതെയോ, അവര്‍ അറിയാതെയോ തന്നെ മോദി-ഡോവല്‍ അച്ചുതണ്ട് തീരുമാനങ്ങള്‍ എടുക്കുന്നു, മുന്നോട്ടു നീക്കുന്നു. നരേന്ദ്ര മോദിയുടെ നയതന്ത്രം പതിവുരീതികളില്‍നിന്ന് വ്യത്യസ്തമായ എടുത്തുചാട്ടമോ ചാഞ്ചാട്ടമോ ആയി മാറുന്നത് അങ്ങനെയാണ്. പ്രതിരോധ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും റോളില്ലാതെ പത്താന്‍കോട്ടേക്ക് എന്‍.എസ്.ജി പറന്നതും അങ്ങനെയാണ്. 20 മാസം മുമ്പ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലേക്ക് സാര്‍ക് രാജ്യ നേതാക്കളെ ക്ഷണിക്കാനുള്ള തീരുമാനവും അതുവഴി പാക് പ്രധാനമന്ത്രി നവാസ് ശരീഫ് എത്തിയതും പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. അത് ഡോവലിന്‍െറ ബുദ്ധിയാണ്. എന്നാല്‍, അതിനു ശേഷം അയല്‍രാജ്യങ്ങളുമായുള്ള നയതന്ത്രം പാളുന്നതാണ് പലപ്പോഴും കണ്ടത്. ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാക്കളെ പാക് നേതാക്കള്‍ കാണുന്നതില്‍ പ്രതിഷേധിച്ച് സമാധാന ചര്‍ച്ച റദ്ദാക്കിയത്, അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കപ്പെടാതെ നീണ്ടുപോയത്, നവാസ് ശരീഫുമായി പിന്നീട് മോദി നടത്തിയ അപ്രതീക്ഷിത ചര്‍ച്ചകള്‍, ലാഹോര്‍ യാത്ര എന്നിങ്ങനെ പാക് നയതന്ത്രത്തിലെ എടുത്തുചാട്ടങ്ങള്‍ക്കും പതിവുരീതി വിട്ട ചാഞ്ചാട്ടങ്ങള്‍ക്കും മുന്നില്‍ വിദേശകാര്യ മന്ത്രിയായ സുഷമ സ്വരാജ് നോക്കുകുത്തിയായി. പാക് നയതന്ത്രത്തില്‍ മുന്നോട്ടൊരു ചുവടുവെക്കാന്‍ 20 മാസമായിട്ടും മോദിസര്‍ക്കാറിന് കഴിയുന്നില്ല.
അയല്‍രാജ്യമായ നേപ്പാള്‍ ഇപ്പോള്‍ പരമ്പരാഗത ബന്ധുക്കളായ ഇന്ത്യയില്‍ നിന്ന് അകലുകയും ചൈനയോട് കൂടുതല്‍ അടുക്കുകയുമാണ്. ഭരണഘടനാ നിര്‍മാണത്തിലെ കൈകടത്തലുകളും മധേശി പ്രക്ഷോഭവുമെല്ലാമാണ് അതിന് കാരണം. ഗാലറി നിറച്ച് സമ്പന്നമാക്കാന്‍ ശ്രമിക്കുന്ന ഇവന്‍റ് മാനേജ്മെന്‍റ് തന്ത്രത്തിനപ്പുറത്തെ നയതന്ത്രം പ്രധാനമന്ത്രിയുടെ പല വിദേശയാത്രകള്‍ക്കും ഉണ്ടായില്ല. ആഭ്യന്തരത്തിലേക്ക് കണ്ണോടിച്ചാലും സ്ഥിതി വ്യക്തം. നാഗാ പോരാളികളുമായി ഉടമ്പടി ഒപ്പുവെച്ചത് മാസങ്ങള്‍ക്കു മുമ്പാണ്. അത്തരമൊരു ഉടമ്പടി ഒപ്പുവെക്കുന്നതിന് അര മണിക്കൂര്‍ മുമ്പു മാത്രമാണ് ആഭ്യന്തര മന്ത്രിയും ആഭ്യന്തര സെക്രട്ടറിയും അറിഞ്ഞത്. ചാരപ്പണിയോ ഒളിപ്പണിയോ പോലെ സര്‍ക്കാര്‍പ്രവര്‍ത്തനങ്ങളെ മന്ത്രിമാരില്‍നിന്നുപോലും മറച്ചുപിടിച്ച്, നേട്ടം പോക്കറ്റിലാക്കാനുള്ള വ്യഗ്രതയാണ് ഇതില്‍ പ്രതിഫലിച്ചത്. ഗുജറാത്ത് തീരത്തിനകലെ ഒരു ബോട്ട് കത്തിച്ചത് കോസ്റ്റ്ഗാര്‍ഡാണെന്നു വെളിപ്പെടുത്തിയ ഡി.ഐ.ജി ഇന്ന് സര്‍വിസിലില്ല. ആ ബോട്ടിനെച്ചൊല്ലിയ ദുരൂഹത പക്ഷേ, വെളിപ്പെട്ടതുമില്ല.
വാജ്പേയി പ്രധാനമന്ത്രിയായപ്പോള്‍, 1998ലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന തസ്തിക സൃഷ്ടിക്കപ്പെടുന്നത്.
ബ്രജേഷ് മിശ്ര, ജെ.എന്‍. ദീക്ഷിത്, എം.കെ. നാരായണന്‍, ശിവശങ്കരമേനോന്‍ എന്നിവരില്‍ നാരായണനു ശേഷം രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്ന്, ഭരണത്തിന്‍െറ സ്റ്റിയറിങ് പിടിക്കുന്ന റോളിലേക്ക് വന്ന രണ്ടാമനാണ് ഡോവല്‍. ഭരണം ചാരപ്രവര്‍ത്തനമല്ളെന്നും ദേശസുരക്ഷ രഹസ്യാന്വേഷണത്തിന്‍െറ മാത്രം വിഷയമല്ളെന്നും വേര്‍തിരിച്ചെടുക്കാന്‍ ഡോവലിന് കഴിയുന്നില്ല. ഇക്കാര്യത്തില്‍ അദ്ദേഹം മുന്‍ ഇന്‍റലിജന്‍സ് മേധാവിയായ എം.കെ. നാരായണനെ തോല്‍പിച്ചു കളഞ്ഞു. നയതന്ത്ര മേഖലയില്‍നിന്നു വന്ന മറ്റുള്ളവര്‍ സ്വന്തം അധികാരപരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ നയതന്ത്രജ്ഞത കാട്ടിയവരാണ്. അതില്‍നിന്നു ഭിന്നമായി ഡോവല്‍ മോദിയുടെ വലംകൈയായി നിന്ന് വിവിധ വകുപ്പുകള്‍ക്കുമേല്‍ സൂപ്പര്‍പവറായി മാറുന്നത്, പ്രധാനമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ലാത്തതു കൊണ്ടാണ്. പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെപ്പോലും അവഗണിക്കാന്‍ ഡോവലിന് മനക്കരുത്ത് വരുന്നത്, മോദിയോടുള്ള അടുപ്പംകൊണ്ടു മാത്രമാണ്. ബി.ജെ.പിയില്‍ മോദി-അമിത്ഷാക്കൂട്ട് എന്നപോലെ, ഭരണത്തില്‍ മന്ത്രിമാരെപ്പോലും അടുപ്പിക്കാതെ മോദി-ഡോവല്‍ ദ്വയം ഭരണതീരുമാനങ്ങള്‍ മുന്നോട്ടുനീക്കുമ്പോള്‍ നയതന്ത്രത്തിലും സുരക്ഷയിലും പാളിച്ചകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അതാണ് 20 മാസങ്ങള്‍ക്കിടയില്‍ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.