ഗ്രഹാന്തര പര്യവേക്ഷണങ്ങളെല്ലാം ഒരര്‍ഥത്തില്‍ ഭൗമേതരലോകത്തെ ജീവനെ തേടിയുള്ള യാത്രകൂടിയാണ്. ഭൂമിക്കു പുറത്ത് എവിടെയെങ്കിലും ജീവന്‍െറ സാന്നിധ്യമുണ്ടോ അല്ളെങ്കില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഘടകങ്ങള്‍ അവശേഷിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ഓരോ ഗ്രഹാന്തര ദൗത്യത്തിലും ഒളിഞ്ഞിരിപ്പുണ്ട്. ചൊവ്വയിലേക്ക് ഇതിനകം നടത്തിയ ദൗത്യങ്ങളെല്ലാം പൊതുവായി അന്വേഷിച്ചത്, അവിടെ ഒരുകാലത്ത് ജീവന്‍ നിലനിന്നിരുന്നുവെന്നതിന്‍െറ തെളിവായിരുന്നു. ചില തെളിവുകളൊക്കെ നമുക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. 2009ല്‍ വിക്ഷേപിച്ച കെപ്ളര്‍ സ്പേസ് ക്രാഫ്റ്റ് ആയിരക്കണക്കിന് ഭൗമസമാന ഗ്രഹങ്ങളെയാണ് സൗരയൂഥത്തിനു പുറത്ത് കണ്ടത്തെിയത്. അതില്‍ പലതിലും ജീവന്‍ നിലനില്‍ക്കാനുള്ള ഘടകങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. ജീവന്‍ തേടിയുള്ള ഗ്രഹാന്തര ദൗത്യങ്ങളില്‍ വലിയ വിപ്ളവമാണ് കെപ്ളര്‍ ദൗത്യത്തിലൂടെ സാധിച്ചതെന്നു പറയാം. എന്നാല്‍, സാങ്കേതിക വിദ്യ ഇത്രയധികം വികസിക്കുന്നതിനു മുമ്പുതന്നെ ശാസ്ത്രലോകം ഭൗമേതര ജീവനെത്തേടി യാത്ര നടത്തിയിട്ടുണ്ട്. അത്തരമൊരു ദൗത്യത്തെക്കുറിച്ചാണ് പറയാനുദ്ദേശിക്കുന്നത്.
കസ്സീനി ദൗത്യം
1997ലാണ് ശനി ഗ്രഹത്തെ ലക്ഷ്യമാക്കി കസ്സിനി-ഹൈഗന്‍സ് എന്ന കൃത്രിമോപഗ്രഹം വിക്ഷേപിച്ചത്. നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ഇറ്റാലിയന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു പദ്ധതി. ശനിഗ്രഹത്തിന്‍െറ വലയത്തെപ്പറ്റിയുള്ള വിശദമായ പഠനവും തുടര്‍ന്ന് ഉപഗ്രഹങ്ങളുടെ ഘടന മനസ്സിലാക്കലുമായിരുന്നു ദൗത്യം ലക്ഷ്യമിട്ടിരുന്നത്. 2004 ജൂലൈയില്‍, കസ്സിനി-ഹൈഗന്‍സ് ശനിയുടെ ഭ്രമണപഥത്തിലത്തെി. തൊട്ടടുത്ത വര്‍ഷം ആദ്യം, ഉപഗ്രഹമായ ടൈറ്റാനില്‍ കൃത്രിമോപഗ്രഹത്തിലെ ഹൈഗന്‍സ് എന്ന ലാന്‍ഡര്‍ വിജയകരമായി ഇറക്കി ചരിത്രം സൃഷ്ടിച്ചു. ടൈറ്റനില്‍നിന്ന് 350ലധികം ചിത്രങ്ങള്‍ ഹൈഗന്‍സ് മുകളില്‍ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്ന കസ്സിനി വഴി ഭൂമിയിലത്തെിച്ചു. ഏറെ കൗതുകകരമായ മറ്റൊരു കാര്യം, ടൈറ്റന്‍ എന്ന ഉപഗ്രഹത്തെ ആദ്യമായി തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞന്‍െറ (ക്രിസ്റ്റ്യന്‍ ഹൈഗന്‍സ്) പേരിലുള്ള ഒരു വാഹനം തന്നെ ആദ്യമായി ഈ ഉപഗ്രഹത്തിലിറങ്ങി എന്നതാണ്. നേരത്തേ, നമുക്ക് അജ്ഞാതമായിരുന്ന ശനിയുടെ പല ഉപഗ്രഹങ്ങളെയും കസ്സീനി ദൗത്യം കണ്ടത്തെിയിട്ടുണ്ട്. പത്തു വര്‍ഷത്തിനുശേഷം, കസ്സിനി ദൗത്യം ഗവേഷകര്‍ വീണ്ടും സജീവമായി ചര്‍ച്ചക്കെടുത്തിരിക്കുന്നു. ശനിയുടെ എന്‍സിലാഡസ് എന്ന ഉപഗ്രഹത്തെക്കുറിച്ച് (1789ല്‍ വില്യം ഹെര്‍ഷലാണ് ഈ ഉപഗ്രഹത്തെ ആദ്യമായി തിരിച്ചറിഞ്ഞത്) കസ്സീനി നടത്തിയ അതിനിര്‍ണായകമായ ചില നിരീക്ഷണങ്ങളാണ് ഇതിന് കാരണം. ഇക്കഴിഞ്ഞ ഒക്ടോബറില്‍ എന്‍സിലാഡസിന് 49 കിലോമീറ്റര്‍ അരികിലൂടെ സഞ്ചരിച്ച കസ്സീനി, അവിടെ ജീവന്‍െറ സാധ്യതക്ക് ഉപോത്ബലകമായ ഏതാനും കണ്ടത്തെലുകള്‍ നടത്തി. അതിന്‍െറ നേരിയ അന്തരീക്ഷത്തിലെ കൂടിയ അളവിലുള്ള ജലകണങ്ങളായിരുന്നു അതിലൊന്ന്. ഈ ഉപഗ്രഹത്തിന്‍െറ പുറംതോട് ഐസാണ്. എന്നാല്‍, അവിടെ അഗ്നിപര്‍വതനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നതിനാല്‍ ഈ ഐസ് പാളികള്‍ നല്ല ജലസ്രോതസ്സുമാണ്. ഈ ഐസ് പാളിക്ക് താഴെയായി വിശാലമായ സമുദ്രമാണ്. ഉപ്പിന്‍െറയും ലവണങ്ങളുടെയും സാന്നിധ്യവുമുണ്ട്. സൂക്ഷ്മ ജീവജാലങ്ങളെ നിലനിര്‍ത്താന്‍ ഈ സമുദ്രം പര്യാപ്തമാണെന്ന ശാസ്ത്ര നിഗമനങ്ങളെ ഏറക്കുറെ സ്ഥിരീകരിക്കുന്നുണ്ട് കസ്സീനിയുടെ കണ്ടത്തെല്‍. 30-40 കിലോമീറ്റര്‍ വരെ ആഴമുണ്ട് ഈ സമുദ്രത്തിന്. അതുകൊണ്ടുതന്നെ, സൗരയൂഥത്തിനകത്ത് ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഒരു സ്ഥലമായി മാറിയിരിക്കുന്നു എന്‍സിലാഡസ്. വ്യാഴത്തിന്‍െറ ഉപഗ്രഹമായ ഒയ്റോപക്ക് നേരത്തേ ഈ പദവിയുണ്ട്.
കസ്സീനി വാഹനം ഇതിനുമുമ്പും എന്‍സിലാഡസിന്‍െറ അരികിലൂടെ കടന്നുപോയിട്ടുണ്ട്. 2005ലാണ് കസ്സീനി ഈ ഉപഗ്രഹത്തിനരികിലൂടെ ആദ്യമായി കടന്നുപോയത്. അന്നുതന്നെ അവിടെ അന്തരീക്ഷത്തിന്‍െറ നേര്‍ത്ത സാന്നിധ്യം മനസ്സിലാക്കി. 2008ലെ യാത്രയിലാണ് ആദ്യമായി ഇവിടെ ജലസാന്നിധ്യം സ്ഥിരീകരിക്കുന്നത്. അവിടെ, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, വ്യത്യസ്ത ഹൈഡ്രോ കാര്‍ബണുകള്‍ എന്നിവയുടെ സാന്നിധ്യവും ആ സമയത്ത് സ്ഥിരീകരിച്ചു. 2014ലാണ് സമുദ്രത്തിന്‍െറ സാന്നിധ്യം തിരിച്ചറിഞ്ഞ കാര്യം നാസ പുറത്തുവിട്ടത്. ഇങ്ങനെ ഘട്ടംഘട്ടമായി കസ്സിനി നടത്തിയ നിരീക്ഷണങ്ങള്‍ എന്‍സിലാഡസ് ഒരു ജൈവഗ്രഹമാണെന്ന നിഗമനത്തിലത്തെിച്ചിരിക്കുന്നു.
ജീവസാന്നിധ്യം തേടി
എന്‍സിലാഡസില്‍ ജീവസാന്നിധ്യം ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്. ഇപ്പോഴുള്ളത് സാഹചര്യത്തെളിവുകള്‍ മാത്രമാണ്. കൂടുതല്‍ അന്വേഷണത്തിന് കസ്സിനിയുടെ പഴഞ്ചന്‍ സാങ്കേതികവിദ്യക്ക് പ്രാപ്തിയുമില്ല. അപ്പോള്‍ ഇനി പുതിയ ദൗത്യംതന്നെ വേണ്ടിവരും. അത്തരം ദൗത്യങ്ങളിലേക്കുള്ള പുറപ്പാടിലാണിപ്പോള്‍ ഗവേഷകലോകം. കസ്സീനി ദൗത്യത്തിന്‍െറ ഭാഗമായി പ്രവര്‍ത്തിച്ച ന്യൂയോര്‍ക്കിലെ കേര്‍ണല്‍ സര്‍വകലാശാലയിലെ ഗവേഷകനായ ജൊനാഥന്‍ ലൂനൈന്‍ ഒരു പദ്ധതി നാസക്കു മുന്നില്‍ അവതരിപ്പിക്കുകയുണ്ടായി. എന്‍സിലാഡസ് ലൈഫ് ഫൈന്‍ഡര്‍ (ഇ.എല്‍.എഫ്) എന്നാണ് അദ്ദേഹം ഈ പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. എന്‍സിലാഡസിലെ സമുദ്രത്തിന്‍െറയും ഉപഗ്രഹത്തിന്‍െറ ദക്ഷിണധ്രുവത്തിലുള്ള ഐസ് പാളിയുടെയുമെല്ലാം വിശദമായ പഠനമാണ് ഇ.എല്‍.എഫ് ലക്ഷ്യമിടുന്നത്.
2021ഓടെ ഇത് വിക്ഷേപിക്കാനാകുമെന്നാണ് ലൂനൈന്‍ അവകാശപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍ നാസ ഈ പദ്ധതി തള്ളി. കാരണം, സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കൃത്രിമോപഗ്രഹമായിരുന്നു ഇവര്‍ വിഭാവനം ചെയ്തത്. എന്നാല്‍, സൂര്യനില്‍നിന്ന് 140 കോടി കിലോമീറ്റര്‍ അകലെയുള്ള ശനി ഗ്രഹത്തിനടുത്ത് ലഭ്യമാകുന്ന സൗരോര്‍ജം നന്നേ കുറവായിരിക്കും. ഭൂമിയില്‍ ലഭിക്കുന്ന സൗരോര്‍ജത്തിന്‍െറ ഒരു ശതമാനമാണ് ശനിഗ്രഹത്തിന് ലഭിക്കുന്നത്. അതിനാല്‍, ഗഹനമായ അന്വേഷണം ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് സൗരോര്‍ജം അഭികാമ്യമല്ല എന്ന അഭിപ്രായമാണ് നാസക്കുള്ളത്. കസ്സിനി പ്രവര്‍ത്തിക്കുന്നത് പ്ളൂട്ടോണിയം പവര്‍ (ന്യൂക്ളിയര്‍ ബാറ്ററി) ഉപയോഗിച്ചാണ്.
നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലെ ഗവേഷകനായ പീറ്റര്‍ സൂ മറ്റൊരു പദ്ധതി മുന്നോട്ടുവെച്ചിട്ടുണ്ട്. എന്‍സിലാഡസില്‍നിന്ന് നമുക്ക് പരിശോധിക്കാനാവശ്യമായ വസ്തുക്കള്‍ ശേഖരിക്കാന്‍ ശേഷിയുള്ള റോബോട്ടിക് വാഹനം അയക്കുക എന്നതാണത്. ലൈഫ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍ എന്‍സിലാഡസ് എന്നാണ് അദ്ദേഹം ഇതിന് നല്‍കിയിരിക്കുന്ന പേര്. സമാനമായ ഒരു പദ്ധതി മുമ്പ് നാസ തന്നെ പരീക്ഷിച്ച് വിജയിച്ചതാണ്. 1999ല്‍ വാല്‍നക്ഷത്രങ്ങളില്‍നിന്ന് സാമ്പ്ളുകള്‍ ശേഖരിക്കാനായി വിക്ഷേപിച്ച സ്റ്റാര്‍ ഡസ്റ്റ് വാഹനം ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. 2006ല്‍, വില്‍ഡ് 2 എന്ന വാല്‍നക്ഷത്രത്തില്‍നിന്നുള്ള സാമ്പിളുകളുമായി ഈ റോബോട്ടിക് വാഹനം തിരിച്ചത്തെിയതാണ്. സ്റ്റാര്‍ഡസ്റ്റിനെ നവീകരിച്ച് കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളോടെ പറഞ്ഞയച്ചാല്‍, അത് വിജയിച്ചേക്കുമെന്നുതന്നെയാണ് പീറ്റര്‍ സൂ ഉറച്ചുവിശ്വസിക്കുന്നത്. അദ്ദേഹത്തിന്‍െറ പദ്ധതി നാസ അംഗീകരിക്കുന്ന പക്ഷം, 14 വര്‍ഷത്തിനുള്ളില്‍ എന്‍സിലാഡസില്‍നിന്നുള്ള സാമ്പിളുകള്‍ ഭൂമിയിലത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.