ജയരാജയോഗം

വര്‍ഗസമരം, വൈരുധ്യാധിഷ്ഠിത ഭൗതികവാദം എന്നിങ്ങനെ വലിയ വലിയ കാര്യങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കുക എന്നത് അമേരിക്കന്‍ പ്രസിഡന്‍റായിരിക്കുന്നതിനെക്കാള്‍ ദുഷ്കരമായ കാര്യമാണ്. വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിനോട് പാര്‍ട്ടി തത്ത്വത്തില്‍ യോജിക്കുന്നില്ളെങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അത് പ്രയോഗത്തില്‍ വരുത്തുന്ന നാടാണ്. ഫാഷിസ്റ്റുകള്‍ക്ക് ഒരു ശത്രു കൂടാതെവയ്യല്ളോ. അങ്ങനെ അവര്‍ കണ്ടുപിടിച്ച ശത്രുവാണ് സി.പി.എം. കൊന്നും വെന്നും അവര്‍ അവിടെ വളര്‍ന്നു. അങ്കക്കലിയടങ്ങാത്ത നാട്ടില്‍ പാര്‍ട്ടി അണികളെ പിടിച്ചുനിര്‍ത്താന്‍ കൊണ്ടും കൊടുത്തും കഴിയണം. അതാണ് പാര്‍ട്ടിനയം. അപ്പോള്‍ അതിനു പറ്റുന്ന നേതാക്കള്‍ വേണം. കുറ്റം പറയരുതല്ളോ. അങ്ങനെയൊരു നേതാവാണ് പി. ജയരാജന്‍. ഒരു ഏകാധിപതിയുടെ കാര്‍ക്കശ്യത്തോടെ പാര്‍ട്ടിക്കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവാന്‍ കഴിയുന്ന നേതാവ്. അണികള്‍ ഫാഷിസത്തെ ആയുധമുപയോഗിച്ച് ചെറുക്കും. അപ്പോള്‍ ചിലര്‍ കൊല്ലപ്പെടും.  അതിന്‍െറ പേരില്‍ നേതാവിനെ കൊലയാളി എന്നുവിളിക്കുന്നത് ശരിയല്ല. ശാസ്ത്രീയ സോഷ്യലിസത്തിന്‍െറയും സ്ഥിതിസമത്വത്തിന്‍െറയും ചുവന്ന പാതയിലെ കുപ്പിച്ചില്ലുകളെയും കാരമുള്ളുകളെയും കാളസര്‍പ്പങ്ങളെയും എടുത്തുമാറ്റുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െറ ഭാഗമാണത്.

വയസ്സിപ്പോള്‍ 64.  രണ്ടു കൊലക്കേസുകളുടെ പേരില്‍ വേട്ടയാടപ്പെടാനാണ് യോഗം. രാഷ്ട്രീയ സംഘര്‍ഷ കേസില്‍ യു.എ.പി.എ ചുമത്തപ്പെടുന്ന ആദ്യ വ്യക്തിയാണ്. കതിരൂര്‍ മനോജ് വധക്കേസിലെ ബുദ്ധികേന്ദ്രമെന്ന് സി.ബി.ഐ. ഹൈകോടതി മുന്‍കൂര്‍ ജാമ്യഹരജി നിരസിച്ചതുകൊണ്ട് കോടതിയില്‍ കീഴടങ്ങേണ്ടിവന്നു. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതുകൊണ്ട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി സെല്ലിലാണ് വാസം. മുമ്പൊരിക്കല്‍ ആന്‍ജിയോപ്ളാസ്റ്റി കഴിഞ്ഞതാണ്. അന്ന് ‘ഇയാള്‍ക്ക് ഹൃദയമുണ്ടല്ളേ’ എന്ന് അതിശയിച്ചത് സോഷ്യല്‍ മീഡിയയിലെ ഹൃദയശൂന്യന്മാരും പിതൃശൂന്യന്മാരും. കേന്ദ്രഭരണത്തിന്‍െറ കടിഞ്ഞാണ്‍ കൈയിലുള്ളതുകൊണ്ട് ആര്‍.എസ്.എസ് സി.പി.എമ്മിനെ ഭീകരസംഘടനയാക്കി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമത്തിന്‍െറ ഇരയായി പാര്‍ട്ടിചരിത്രത്തില്‍ എഴുതപ്പെടും. വര്‍ഗശത്രു എന്നാല്‍ ആര്‍.എസ്.എസ് എന്നാണ് പണ്ടേ കേട്ടു പഠിച്ചിട്ടുള്ളത്. അതിനപ്പുറമുള്ള താത്ത്വിക സൈദ്ധാന്തികാവലോകനങ്ങള്‍ക്കൊന്നും പാങ്ങില്ല. അതുകൊണ്ട് ആര്‍.എസ്.എസിനെ തുരത്തി ചെങ്കോട്ടക്ക് കാവല്‍ നില്‍ക്കുക എന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം എന്നു ധരിച്ചുവശായ നേതാവാണ്.

പത്താം ക്ളാസ് പാസായ കാലം തൊട്ട് പാര്‍ട്ടിയായിരുന്നു എല്ലാം. കട്ടന്‍ചായയും പരിപ്പുവടയുംപോലുള്ള ഇടതു ഗൃഹാതുരത്വങ്ങളില്‍നിന്ന് പാര്‍ട്ടി ഏറെ വളര്‍ന്നിട്ടും ബൂര്‍ഷ്വാ ചിന്താഗതികള്‍ ഒരിക്കലും ബാധിച്ചിട്ടില്ല. മുതലാളി എന്ന വര്‍ഗശത്രുവിനെ അടുപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ജീവിതത്തില്‍ ഒന്നും സമ്പാദിച്ചിട്ടുമില്ല. പാരമ്പര്യമായി കിട്ടിയ തറവാട്ടുവീട്ടില്‍ താമസം. ബാങ്ക് അക്കൗണ്ട് ഉണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്. ഇടപാടുകളുടെ സ്റ്റേറ്റ്മെന്‍റ് എടുത്താലറിയാം, അഞ്ചക്കം കണ്ടിട്ടില്ല അതിന്‍െറ പാസ്ബുക്. പാര്‍ട്ടികൊണ്ട് പണമുണ്ടാക്കിയവന്‍ എന്ന് വര്‍ഗശത്രുക്കള്‍പോലും പറഞ്ഞിട്ടില്ല. കോഴയില്ല. അഴിമതിയില്ല. തിരിമറിയില്ല. എം.എല്‍.എ പെന്‍ഷനാണ് ഉപജീവനമാര്‍ഗം. അത് ട്രഷറി വഴി വരുന്നതുകൊണ്ട് ഇന്നേവരെ എ.ടി.എം കാര്‍ഡ് എടുത്തിട്ടില്ല. ലാളിത്യമാര്‍ന്ന കമ്യൂണിസ്റ്റ് ജീവിതശൈലിയൊക്കെ ശരിതന്നെ. പക്ഷേ, ഇന്നേവരെ ഒരു ജനകീയ സമരത്തിന്‍െറ മുന്നിലും കണ്ടിട്ടില്ല. അടിസ്ഥാനവര്‍ഗത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പതിവില്ല. പാര്‍ട്ടിപ്രവര്‍ത്തനമെന്നാല്‍ പാര്‍ട്ടി കെട്ടിപ്പടുക്കല്‍ മാത്രമാണ്.

അമ്പാടിമുക്കിലെ ആഭ്യന്തരമന്ത്രി, ഒറ്റക്കൈയന്‍ എന്നൊക്കെ ചിലര്‍ അധിക്ഷേപിക്കുന്നുണ്ട്. അവരോട് കാലം പൊറുക്കില്ല. 1999 ആഗസ്റ്റ് 25ന്‍െറ തിരുവോണദിനം ഈ ജീവിതത്തിലൊരിക്കലും മറക്കാനാവില്ല. ഓണസദ്യയുണ്ട് വീട്ടില്‍ വിശ്രമിക്കുന്ന നേരത്താണ് അമ്പതോളം പേരടങ്ങുന്ന കൊലയാളിസംഘം ഇരച്ചുകയറിവന്നത്. നിരായുധനായിരുന്നിട്ടും ക്രൂരമായ പകയോടെ അവര്‍ വെട്ടിനുറുക്കി. അതും ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ച്. പ്രാണന്‍െറ അവസാന കണികയും ശരീരത്തെ വിട്ടുപോയി എന്നുറപ്പുവരുത്തി മടങ്ങിയ കൊലയാളികള്‍ക്ക് പക്ഷേ പിഴച്ചു. അറ്റുപോയ വലതുകൈപ്പത്തിയും വിരലുകളും തുന്നിച്ചേര്‍ത്ത് ജീവിതത്തിലേക്ക് മടങ്ങി. അന്ന് ഒരു റെയില്‍വേ ഗേറ്റില്‍പോലും കുടുങ്ങാതെ ശരവേഗത്തില്‍ കണ്ണൂരില്‍നിന്ന് എറണാകുളത്തത്തെിച്ചത് അര്‍പ്പണബോധമുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍. അന്നത്തെ ഓണസദ്യക്കുശേഷം നാളിതുവരെ വലതുകൈകൊണ്ട് ഒരുരുളച്ചോറുപോലും ഉരുട്ടിക്കഴിക്കാന്‍ പറ്റിയിട്ടില്ല. അങ്ങനെയുള്ള ഒരാള്‍ പക മറക്കുന്നതെങ്ങനെ? അന്നു വന്ന കൊലയാളിസംഘത്തിലെ അംഗമാണ് കതിരൂര്‍ മനോജ്. 15 കൊല്ലത്തിനുശേഷം ഒരു ഓണക്കാലത്ത് കലിയടങ്ങാത്ത കണ്ണൂരിന്‍െറ ചോരപ്പോരില്‍ അയാളും തീര്‍ന്നു. ജയരാജനെ വധിക്കാന്‍ ശ്രമിച്ചതിന്‍െറ പകപോക്കിയതാണെന്ന് മുഖ്യപ്രതി വിക്രമന്‍ കുറ്റസമ്മതം നടത്തി. മനോജിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി, മുഖ്യപ്രതിയുമായി ഒരുപാടു തവണ ഫോണ്‍ സംഭാഷണം നടത്തി എന്നൊക്കെയാണ് സി.ബി.ഐ കേസ്.

സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണമുണ്ടായതിന്‍െറ പ്രതികാരമെന്നോണം അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ വകവരുത്തി എന്ന കേസ് വേറെ. രണ്ടരമണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്ത ശേഷമുള്ള ക്രൂരമായ കൊലപാതകം. പ്രതികളെല്ലാം ഡിഫിക്കുട്ടികള്‍. പലരും ബ്രാഞ്ച്തല ഭാരവാഹികള്‍. മൊഴിനല്‍കാന്‍ വിളിച്ചുവരുത്തിയപ്പോള്‍ അറസ്റ്റുണ്ടായി. അറസ്റ്റിനെ തുടര്‍ന്ന് അര്‍പ്പണബോധമുള്ള അനുയായികള്‍ അക്രമികളായി അഴിഞ്ഞാടി. ഒടുവില്‍ ഹൈകോടതി ജാമ്യം നല്‍കി. ഈ കേസും ഇനി സി.ബി.ഐ അന്വേഷിക്കും.

കണ്ണൂര്‍ ജില്ലയിലെ കതിരൂരില്‍ 1952 നവംബര്‍ 27ന് ജനനം. അച്ഛന്‍ കുഞ്ഞിരാമന്‍. അമ്മ ദേവി. പത്താം ക്ളാസ് പഠനത്തിനുശേഷം ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകനായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി, റബ്കോ എംപ്ളോയീസ് യൂനിയന്‍ പ്രസിഡന്‍റ് എന്നീ പദവികളിലിരുന്നു. 2001ലും 2006ലും കൂത്തുപറമ്പില്‍നിന്ന് നിയമസഭയിലത്തെി. സദാചാര വിവാദത്തെ തുടര്‍ന്ന് പി. ശശിയെ സി.പി.എം പുറത്താക്കിയപ്പോള്‍ ജില്ലാ സെക്രട്ടറിയായി. 2015ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയുടെ സാന്ത്വനപരിചരണ സംഘടനയായ ഐ.ആര്‍.പി.സിയുടെ നേതൃത്വം വഹിക്കുന്നു. പാട്യം ഗോപാലന്‍ സ്മാരക പഠനഗവേഷണ കേന്ദ്രം ഡയറക്ടറാണ്. രാഷ്ട്രീയ പ്രതിയോഗികളായ ഒ.കെ. വാസുവിനെയും എ. അശോകനെയുമൊക്കെ കൈപിടിച്ച് പാര്‍ട്ടിയിലത്തെിച്ചതിന്‍െറ ക്രെഡിറ്റുണ്ട്. യോഗ ക്ളാസുകള്‍ നടത്തിയും ജന്മാഷ്ടമിക്ക് ബാലസംഘം കുട്ടികളെക്കൊണ്ട് ഘോഷയാത്ര നടത്തിയും സംഘപരിവാരത്തെ നേരിടാനുള്ള പുതുപദ്ധതികള്‍ ആവിഷ്കരിച്ചയാളാണ്. ഭാര്യ യമുന. രണ്ട് ആണ്‍മക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.