ജനാധിപത്യത്തിന്‍െറ ഊര്‍ജസ്രോതസ്സാണ് പൊതുമണ്ഡലം. വ്യക്തികള്‍ക്ക് കൂടിച്ചേരാനും അവരുടെ പൊതുവായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും രാഷ്ട്രീയ-സാമൂഹികാധികാര ശക്തികളുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ സംഘടിതരാവാനും സൗകര്യമൊരുക്കുന്ന സാമൂഹികഇടം എന്ന അര്‍ഥത്തിലാണ് പൊതുമണ്ഡലത്തെ രാഷ്ട്രമീമാംസകള്‍ നിര്‍വചിക്കുന്നത്. യൂറോപ്യന്‍ ജനാധിപത്യത്തിന്‍െറ ആവിര്‍ഭാവത്തിനുമുമ്പും ജനസമൂഹങ്ങളില്‍ പൊതുകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള പൊതുവേദികളുണ്ടായിരുന്നെങ്കിലും സാധാരണക്കാരുടെയും തൊഴിലാളികളുടെയും നേടിട്ടുള്ള പങ്കാളിത്തത്തിലൂടെ രാഷ്ട്രീയ പ്രസക്തിയാര്‍ജിച്ച പൊതുമണ്ഡലമുയര്‍ന്നുവെന്നത് ജനാധിപത്യ വിപ്ളവങ്ങളിലൂടെയാണ്. ജനാധിപത്യ രാഷ്ട്രങ്ങള്‍ നിലവില്‍വന്നതോടെ അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും രാഷ്ട്രീയ സംവാദങ്ങളില്‍ സ്വതന്ത്രമായി പങ്കുകൊള്ളാനുള്ള അവകാശവും സുനിശ്ചിതമായ അഭിപ്രായങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും രൂപംനല്‍കാനുള്ള സാധാരണ ജനങ്ങളുടെ അവകാശങ്ങളുമെല്ലാം സ്ഥാപനവത്കരിക്കപ്പെട്ടു. ഈ അവകാശങ്ങള്‍ ഭരണഘടനാ സംവിധാനത്തിലൂടെ സംരക്ഷിക്കപ്പെടുകയും ജനങ്ങള്‍ക്കും ഭരണകൂടത്തിനും ഇടയിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നീതിന്യായ വ്യവസ്ഥ നിലനില്‍വരികയും ചെയ്തു. ഇങ്ങനെ, മുതലാളിത്ത ഭരണവ്യവസ്ഥയില്‍, ഭരിക്കുന്നവര്‍ക്ക് മാത്രമല്ല, ഭരിക്കപ്പെടുന്നവര്‍ക്കും അവകാശങ്ങളുണ്ടെന്ന സാമാന്യബോധം നിര്‍മിച്ചെടുക്കുന്നതിലും അതിനെ സാര്‍വത്രികമാക്കുന്നതിലും ജനാധിപത്യ വിപ്ളവങ്ങളെ തുടര്‍ന്നുണ്ടായ ഭരണകൂടങ്ങള്‍ പ്രതിജ്ഞാബദ്ധത പുലര്‍ത്തിയതിന്‍െറ ഫലമായിട്ടുകൂടിയാണ് പൊതുമണ്ഡലമെന്ന രാഷ്ട്രീയ സ്ഥാപനം സ്ഥിരപ്രതിഷ്ഠമായത്.
യൂറോപ്യന്‍ ജ്ഞാനോദയത്തിന്‍െറ (enlightenment) ഫ്രഞ്ച്-അമേരിക്കന്‍ വിപ്ളവങ്ങളുടെയും ചരിത്രപശ്ചാത്തലത്തില്‍നിന്നാവിര്‍ഭവിച്ച പൊതുമണ്ഡലത്തിന്‍െറ ചരിത്രപരമായ തുടര്‍ച്ചയായി വര്‍ത്തമാനകാല രാഷ്ട്രീയത്തെ നമുക്കടയാളപ്പെടുത്താനാവുമോ? ഇല്ളെന്നാണ് ഹെയ്ബര്‍ മാസിനെപോലെയുള്ള സൈദ്ധാന്തികരുടെ നിഗമനം. ക്ഷേമരാഷ്ട്ര മുതലാളിത്തം ജനാധിപത്യ പൊതുമണ്ഡലത്തിന്‍െറ (ബൂര്‍ഷ്വാ പൊതുമണ്ഡലം) അടിത്തറ തകര്‍ത്തുവെന്നും രാഷ്ട്രീയ രംഗത്തെയും സാമ്പത്തികരംഗത്തെയും മാധ്യമരംഗത്തെയും വരേണ്യവര്‍ഗം, പൊതുജനാഭിപ്രായത്തെ, വ്യവസ്ഥയുടെ നടത്തിപ്പിന്‍െറയും സാമൂഹിക നിയന്ത്രണത്തിന്‍െറയും ഉപാധിയാക്കി മാറ്റിയെന്നുമാണ് ‘ഹെയ്ബര്‍മാസി’ന്‍െറ വാദം. മുതലാളിത്തത്തിന്‍െറ വര്‍ത്തമാനഘട്ടത്തില്‍, പൊതുജനാഭിപ്രായം രൂപവത്കരിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് മേധാവി വര്‍ഗമാണ്; അവരുടെ സ്ഥാപിത താല്‍പര്യങ്ങളെയാണത് പ്രതിനിധാനം ചെയ്യുന്നത്. പൊതുതാല്‍പര്യത്തെക്കാള്‍ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കാണ് മേല്‍ക്കൈ ലഭിക്കുന്നത്. ഈ ഗ്രൂപ്പുകള്‍ക്കിടയിലെ സംഘര്‍ഷങ്ങളാണ് വര്‍ത്തമാനകാല രാഷ്ട്രീയത്തിന്‍െറ ഉള്ളടക്കം. (ഹൈബര്‍ മാസ്).
അഭിപ്രായസ്വാതന്ത്ര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തിന്‍െറ ‘കാവല്‍ ശക്തി’യായി അംഗീകരിക്കുമ്പോള്‍തന്നെ, പൊതുസംവാദ വിഷയമെന്താവണമെന്നും ഏതുതരം അഭിപ്രായങ്ങള്‍ രൂപവത്കരിക്കപ്പെടണമെന്നും നിശ്ചയിക്കുന്നതില്‍ മേധാവിവര്‍ഗം താര്‍ക്കികാധികാരം കൈയടക്കുകയും മാധ്യമങ്ങളെയും സാംസ്കാരിക സ്ഥാപനങ്ങളെയും മൂലധനശക്തിയുപയോഗിച്ച് ‘കീഴ്പ്പെടുത്തുകയും ചെയ്യുന്നത് അപകടകരമാണ്’. ഇത്തരം പ്രവണതകള്‍ പൊതുമണ്ഡലത്തിന്‍െറ പുരോഗമനപരമായ ഉള്ളടക്കത്തെ വിവാദപരമാക്കിയിട്ടുണ്ട് എന്നതും വസ്തുതയാണ്.
ഒരു വര്‍ഗീയകലാപം കൊണ്ട് സാധ്യമാവുന്നതിനേക്കാള്‍ ആയിരംമടങ്ങ് വേഗത്തിലും ആഴത്തിലും വര്‍ഗീയതയെ സാമൂഹികവത്കരിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുമെന്നതിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. അതേസമയം, സമഗ്രാധിപത്യ പ്രവണതകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണത്തിനുമെതിരെ ഐതിഹാസികമായ പോരാട്ടം നടത്തിയ ചരിത്രവും ഇന്ത്യയിലെ മാധ്യമങ്ങള്‍ക്കുണ്ട്. അടിയന്തരാവസ്ഥക്കെതിരെ രാംനാഥ് ഗോയങ്കയുടെ ‘ഇന്ത്യന്‍ എക്സ്പ്രസ്’ നടത്തിയ പോരാട്ടം ചരിത്രപ്രസിദ്ധമാണ്. പൊതുമണ്ഡലത്തെ നിശബ്ദമാക്കാന്‍ തുനിഞ്ഞ ഭരണകൂടത്തിനെതിരെ രണ്ടുംകല്‍പിച്ചുറച്ചുനിന്ന രാംനാഥ് ഗോയങ്കയെപോലെയൊരു പത്രമുതലാളിയെ ഇന്ന് നമുക്ക് കാണാന്‍കിട്ടുമോ? അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദിച്ചവരെ അടിയന്തരാവസ്ഥക്കാലത്ത് രാജ്യദ്രോഹികള്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഭരണകൂടം ജയിലിലടച്ചത്. വ്യത്യസ്തമായ അഭിപ്രായമുള്ളവരെ വകവരുത്തുകയെന്നതാണ് ഇന്നത്തെ രീതി. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ രംഗത്തിറങ്ങിയ മൂന്ന് പ്രഗല്ഭമതികള്‍, മഹാരാഷ്ട്രയില്‍ ദാഭോല്‍കറും ഗോവിന്ദ് പന്‍സാരെയും കര്‍ണാടകയില്‍ എം.എം. കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടുകഴിഞ്ഞു. രാജാറാം മോഹന്‍റായിയും സ്വാമി വിവേകാനന്ദനും ദയാനന്ദ സരസ്വതിയും തുടങ്ങിവെച്ച സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്‍െറ തുടര്‍ച്ചകളായിരുന്നു ഈ മൂന്നുപേരും. ദേശീയ മാധ്യമങ്ങള്‍ ഇവരോട് സ്വീകരിച്ച സമീപനമെന്താണ്? പന്‍സാരെയെയും കല്‍ബുര്‍ഗിയെയും കുറിച്ച് ചര്‍ച്ചചെയ്യാന്‍ അവര്‍ക്ക് സമയം നീക്കിവെക്കാന്‍ കഴിഞ്ഞില്ല. ആ ദിവസങ്ങളില്‍ ദേശീയമാധ്യമങ്ങളുടെ പ്രധാന ചര്‍ച്ചാവിഷയം ഇന്ദ്രാണി മുഖര്‍ജിയായിരുന്നു. പണത്തിനുവേണ്ടി സ്വന്തം മകളെ കൊന്നുകുഴിച്ചുമൂടി എന്ന കുറ്റത്തിന്‍െറ പേരില്‍ മുംബൈ പൊലീസ് അറസ്റ്റുചെയ്ത വ്യക്തിയാണ് ഇന്ദ്രാണി. അവരുടെ ഭര്‍ത്താവ് കോര്‍പറേറ്റ് ലോകത്തിലുള്‍പ്പെട്ട വ്യക്തിയായതുകൊണ്ട് വാര്‍ത്തക്ക് ചാനലുകള്‍ ദേശീയ പ്രാധാന്യമുണ്ടാക്കിക്കൊടുത്തു. പ്രശസ്തരും പ്രഗല്ഭരുമായ വ്യക്തികളെ, അവര്‍ ഹിന്ദുമതത്തിലെ അനാചാരങ്ങളെ ചോദ്യംചെയ്തതിന്‍െറ പേരില്‍ ബജ്റങ്ദളുകാര്‍ വെടിയുണ്ടക്കിരയാക്കുന്നതിന് ഒരു രാഷ്ട്രീയ പ്രാധാന്യവുമില്ളെന്നാണോ? ഏതെങ്കിലും പ്രമുഖ ദേശീയ ചാനലിലെ അവതാരകനോട് ഈ ചോദ്യം ചോദിച്ചാല്‍ ‘ഇല്ല’ എന്നുതന്നെയാവും ഉത്തരം. കാരണം മാധ്യമമുതലാളിമാര്‍ക്കിപ്പോള്‍ പൊതുതാല്‍പര്യമില്ല; വിപണിതാല്‍പര്യം മാത്രമേയുള്ളൂ. വിപണനമൂല്യത്തേക്കാള്‍ വലുതല്ല രാഷ്ട്രീയമൂല്യം. വിപണനമൂല്യമുള്ള പൊതുതാല്‍പര്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വന്‍കിട വ്യവസായമായി മാധ്യമങ്ങളെ മാറ്റിയെടുക്കുന്ന പ്രക്രിയയില്‍ അഭിപ്രായ നിര്‍മാണമെന്ന ഒരു പുതിയ തൊഴില്‍ മേഖലയും ഉയര്‍ന്നുവന്നിട്ടുണ്ട്. പൊതുമണ്ഡലത്തിന്‍െറ കരുത്തായ മാധ്യമപ്രവര്‍ത്തനത്തെ വിപണനമൂല്യമുള്ള അഭിപ്രായനിര്‍മാണത്തിലേക്ക് ന്യൂനീകരിക്കാന്‍ വന്‍തോതില്‍ പണം മുടക്കുന്ന മാധ്യമ മുതലാളിത്തത്തില്‍നിന്ന് നമുക്ക് പൊതുമണ്ഡലത്തിന്‍െറ ആഗോളീകരണത്തെ വായിച്ചെടുക്കാനാവും. പൊതുമണ്ഡലത്തിന്‍െറ ഊര്‍ജസ്രോതസ്സായ പൊതുജനാഭിപ്രായത്തെ സ്വതന്ത്രമായ പൊതുസംവാദത്തിലൂടെയും സമവായത്തിലൂടെയും നടക്കുന്ന അതിന്‍െറ രൂപവത്കരണ പ്രക്രിയയെ -ശാസ്ത്രസാങ്കേതിക മൂലധന കുത്തകകള്‍ക്ക് നിയന്ത്രണവിധേയമാക്കാനും അട്ടിമറിക്കാനും ഇന്ന് അനായാസം സാധ്യമാണ്. അതുകൊണ്ടുതന്നെ, അധികാരമില്ലാത്തവരുടെ രാഷ്ട്രീയ പ്രശ്നങ്ങളെ വിവേചനപൂര്‍വം മാറ്റിനിര്‍ത്താനും വളരെയെളുപ്പമാണ്.
വിവരവിജ്ഞാന വിപ്ളവം, പൊതുമണ്ഡലത്തെ, കോര്‍പറേറ്റ് മൂലധനത്തിന്‍െറ അധികാര പരിധിക്കപ്പുറത്തേക്ക് അനുസ്യൂതം വളരുകയും പടര്‍ന്നുപന്തലിക്കുകയും ചെയ്യുന്ന സൈബര്‍ സ്പേസിന്‍െറയും സോഷ്യല്‍ മീഡിയയുടെയും പുതിയ സാധ്യത സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പൊതുമണ്ഡലത്തിന്‍െറ രചനാത്മകതയെ തിരിച്ചുപിടിക്കാന്‍ അതെത്രത്തോളം ഫലപ്രദമാണെന്ന കാര്യം വിവാദവിഷയമാണ്. കേവലമായ ആശയവിനിമയത്തെ സാമൂഹിക പ്രവര്‍ത്തനമാക്കി പരിവര്‍ത്തിപ്പിക്കാനും ആശയവിനിമയോപാധികളെ സാമൂഹിക പ്രവര്‍ത്തനത്തിന്‍െറ സാങ്കേതിക ഉപകരണങ്ങളാക്കാനും സോഷ്യല്‍ മീഡിയക്ക് സാധിക്കുന്നുവെന്നാണ് പൊതുവില്‍ നിരീക്ഷിക്കപ്പെടുന്നത്. പശ്ചിമേഷ്യയില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച ബഹുജന മുന്നേറ്റങ്ങളെ ‘ട്വിറ്റര്‍ വിപ്ളവം’ എന്ന് പോലും പാശ്ചാത്യമാധ്യമങ്ങള്‍ വിശേഷിപ്പിക്കുകയുണ്ടായി. മുല്ലപ്പൂ വിപ്ളവത്തിന്‍െറ ഞെട്ടുകള്‍ ചവിട്ടിയരച്ച് ഈജിപ്തില്‍ പട്ടാളമേധാവികള്‍ അധികാരം തിരിച്ചുപിടിച്ചുകൊണ്ട് പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍, ഈ ട്വിറ്റിങ് യന്ത്രങ്ങള്‍ക്ക് ഇപ്പോള്‍ എന്തുസംഭവിച്ചുവെന്ന് സ്വാഭാവികമായും ചോദിക്കാവുന്നതാണ്. ഒരുപക്ഷേ, അതിപ്പോഴും പ്രവര്‍ത്തനനിരതമായി തന്നെ തുടരുന്നുണ്ടാവണം. എന്നാല്‍, ജൈവബന്ധനങ്ങളിലൂടെ സുദൃഢീകരിക്കപ്പെടാത്ത ആശയവിനിമയത്തിന് കേവലമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനല്ലാതെ, രചനാത്മകമായ ഒരു പൊതുമണ്ഡലത്തെ പുന$സൃഷ്ടിക്കുന്നതില്‍ ചരിത്രപരമായ പങ്കുവഹിക്കാനാവുമോ എന്ന് സംശയമാണ്. മറ്റൊരര്‍ഥത്തില്‍, പൊതുമണ്ഡലത്തിന്‍െറ ആഗോളവത്കരണം, മനുഷ്യനില്‍ പുതിയ അഭിരുചികള്‍ അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുകയാണ്. മലര്‍ന്നുകിടന്നുകൊണ്ടും നിങ്ങള്‍ക്കിന്ന് ആശയവിനിമയമെന്ന സാമൂഹിക പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാം. അതിന് ഒരു ചൂണ്ടുവിരല്‍ ഉപയോഗിച്ച് ഒരു ‘ലൈക്കടി’ച്ചാല്‍ മതി. പക്ഷേ, അത് വെട്ടിമാറ്റുന്നത് പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവരേണ്ട അനേകായിരം ശേഷികളെയാണെന്നോര്‍മവേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.