വൃന്ദ കാരാട്ട്
കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരണം എന്നാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്. താങ്കൾ അത് സംബന്ധിച്ച് എന്ത് പറയുന്നു?
വനിതകൾക്ക് വേണ്ടി പോരാടുന്ന ഒരു മുഖ്യമന്ത്രിയാണ് നിലവിൽ കേരളത്തിലുള്ളത്. വനിതാ മുഖ്യമന്ത്രി വിഷയം സംബന്ധിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ല.
എഫ്.സി.ആർ.എ ഭേദഗതി രാജ്യത്ത് വലിയ ചർച്ച ആയിരിക്കുകയാണ്. അതിനെ എങ്ങനെ നോക്കിക്കാണുന്നു?
വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബിൽ ഒരു ഡ്രക്കോനിയൻ നിയമം ആണെന്നതിൽ സംശയം വേണ്ട. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഒന്നാണത്. വഖഫ് ഭേദഗതി ബിൽ പോലെ തന്നെയുള്ള ഒന്ന്. വഖഫ് ഭേദഗതി ബിൽ കൊണ്ടുവന്നപ്പോൾ തങ്ങൾ സുരക്ഷിതരാണെന്ന് കരുതി ബാക്കിയുള്ളവർ മൗനം പാലിച്ചു. ഇപ്പോൾ അടുത്തത് വന്നു. ചർച്ചിനെയും ക്രിസ്ത്യാനികളെയും സഭകളെയും ബ്ലാക്ക് മെയിൽ ചെയ്യാനാണ് എഫ്.സി.ആർ.എ ബിൽ പാസാക്കാൻ ഒരുങ്ങുന്നത്. ന്യൂനപക്ഷ സ്ഥാപനങ്ങൾ പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. ആർ.എസ്.എസിന് എന്തുമാത്രം പണമാണ് വരുന്നത്. അത് വിഷയമേയല്ല. എഫ്.സി.ആർ.എ പ്രകാരം ഏറ്റവും വലിയ തുക രാജ്യത്ത് ലഭിക്കുന്നത് ആർ.എസ്.എസിനാണ്. ഇത് രജിസ്റ്റർ ചെയ്ത സംഘടന പോലുമല്ല. എന്നിട്ടും അവർക്ക് വലിയ ഫണ്ട് ലഭിക്കുന്നു പക്ഷേ, അതിന്റെ കണക്കുകൾ പ്രസിദ്ധീകരിക്കേണ്ടതില്ല. ക്രൈസ്തവരുടെ കൈവശമുള്ള സ്വത്തുക്കളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വച്ചാണ് മോദി ഈ നിയമം ഉപയോഗിക്കാൻ പോകുന്നത്.
എൽ.ഡി.എഫിന് എസ്.ഡി.പി.ഐ ബന്ധം ഉണ്ടെന്ന രാഷ്ട്രീയ എതിരാളികളുടെ ആരോപണം സംബന്ധിച്ച്?
തെറ്റായ പ്രചാരണമാണത്. യു.ഡി.എഫിന്റെ നിരാശയാണ് അവരെ തെറ്റായ പ്രചാരണങ്ങൾ നടത്താൻ നിർബന്ധിതരാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ തന്നെ കോൺഗ്രസ് നേതാക്കളും ‘നുണ നിർമാണ യൂനിറ്റുകൾ’ നടത്തുന്നുണ്ട്. യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ നുണകൾ പ്രചരിപ്പിക്കുകയാണ്. ഒരു വിഭാഗം പറയുന്നു എൽ.ഡി.എഫിന് ഹിന്ദുത്വയുമായി ബന്ധമുണ്ടെന്ന്. മറുവിഭാഗം പറയുന്നു എസ്.ഡി.പി.ഐയുമായി ബന്ധമെന്ന്. വോട്ടർമാർക്ക് അവരുടെ ചോയ്സ് ഉണ്ട്. കേരളത്തിലെ മുഴുവൻ വോട്ടർമാരുടെയും വോട്ട് ലഭിക്കണമെന്നാണ് എൽ.ഡി.എഫ് ആഗ്രഹിക്കുന്നത്.
വലിയ വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധിയും യു.ഡി.എഫും കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്?
രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങൾ കേരളത്തിലെ പ്രബുദ്ധ ജനതക്കുമുന്നിൽ വിലപ്പോകില്ല. കേന്ദ്രം അവഗണിച്ചിട്ടും എൽ.ഡി.എഫ് സർക്കാർ വയനാട്ടിൽ ടൗൺഷിപ് പണിതു. കോൺഗ്രസ് ഇതിനായി എത്ര കാശ് പിരിച്ചു, ആ ഫണ്ട് എവിടെ തുടങ്ങിയ ചോദ്യങ്ങൾക്ക് രാഹുൽഗാന്ധിയും കോൺഗ്രസ് നേതൃത്വവും ഉത്തരം നൽകണം. ഒരു വീടെങ്കിലും നിർമിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. പ്രഖ്യാപനങ്ങളൊന്നും നടപ്പാക്കാൻ ഒരു സംസ്ഥാനത്തും അവർക്ക് സാധിച്ചിട്ടില്ല.
കേരളത്തിൽ 10 വർഷത്തിനിടയിൽ വർഗീയ സംഘർഷങ്ങളോ ന്യൂനപക്ഷ വേട്ടയോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബി.ജെ.പിയും കോൺഗ്രസും ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി വിപരീതമാണ്. തെലങ്കാനയിലെ സ്ത്രീകൾക്ക് കോൺഗ്രസ് 2,500 രൂപ വാഗ്ദാനം ചെയ്തു. രണ്ട് വർഷം കഴിഞ്ഞു. ആർക്കും പണം ലഭിച്ചിട്ടില്ല. കർഷകത്തൊഴിലാളികൾക്ക് വാഗ്ദാനം ചെയ്ത പണം എവിടെ?. കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഭരണഘടനാവിരുദ്ധ നിയമങ്ങൾ റദ്ദാക്കുമെന്നും വാഗ്ദാനം ചെയ്തു. എന്താണ് സംഭവിച്ചത്?. കർണാടകയിൽ വർഗീയ അക്രമങ്ങൾ ഉണ്ടായി. കേരളത്തിൽ ഒരു കേസ് പോലും ഉണ്ടായിട്ടില്ല. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരാണെന്ന് രാഹുൽ ഗാന്ധി മനസിലാക്കണം.
ആരാണ് ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ യഥാർഥ ശത്രു?
വികസന വിഷയങ്ങൾ ചർച്ച ചെയ്യാതെ അനാവശ്യ വിവാദങ്ങളിലേക്ക് വഴിതിരിച്ചുവിടുന്ന, നുണ പ്രചരിപ്പിക്കുന്ന എല്ലാ കക്ഷികളും ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശത്രുക്കളാണ്.
ബി.ജെ.പി-സി.പി.എം ഡീൽ ആരോപണത്തെക്കുറിച്ച്?
കേരളത്തിൽ പ്രചാരത്തിലുള്ള ‘പോ മോനേ ദിനേശാ’ എന്ന ഡയലോഗാണ് പറയാനുള്ളത്. കോൺഗ്രസിന്റെ എ.ടി.എം അല്ല കേരളം എന്ന് അവർ മനസ്സിലാക്കിയാൽ നല്ലത്. ‘ചക്കിക്കൊത്ത ചങ്കരൻ’എന്ന് മാത്രമാണ് കോൺഗ്രസിനെയും ബി.ജെ.പിയെയും കുറിച്ച് പറയാനുള്ളത്. ഞങ്ങൾ ആർ.എസ്.എസിനെതിരെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും പോരാടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.