ഐ.എസ് ഇസ്ലാമല്ല; ഭീകരതയാണ്

ലോക ഇസ്ലാമിക പണ്ഡിത സംഘടനയുടെ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി പറയുന്നു: ‘ഐ.എസ് ഭീകര സംഘടനയാണ്. എന്നെപ്പോലുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമിന്‍െറ മധ്യമവും സന്തുലിതവുമായ നിലപാടിനോടാണ് അവര്‍ യുദ്ധംചെയ്യുന്നത്. അവര്‍ നിരപരാധികളുടെ രക്തം ചിന്തുന്നു. എതിര്‍ചേരിയിലുള്ളവരെ അത്യന്തം ക്രൂരമായി കൂട്ടക്കൊല ചെയ്യുന്നു. മുസ്ലിം ബ്രദര്‍ഹുഡിനെ ഇസ്ലാമിന് പുറത്തുള്ള സംഘമായി പ്രഖ്യാപിക്കുന്നു. മധ്യനിലപാട് സ്വീകരിക്കുന്നവരുടെ വാക്കുകള്‍ സ്വീകാര്യമല്ളെന്നും അവര്‍ വധാര്‍ഹരാണെന്നും വിധിയെഴുതുന്നു. ഇത്തരം അതിരുകടന്ന വാദങ്ങളെയും വ്യാഖ്യാനങ്ങളെയും പൂര്‍ണമായും തള്ളിക്കളയണം.’ 2014 ജൂലൈ അഞ്ചിന് റമദാന്‍ ഒന്നിനാണ് ഇറാഖിലെ മൂസില്‍ നൂരി കബീര്‍ പള്ളിയില്‍വെച്ച് അബൂബക്കര്‍ അല്‍ബഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപിച്ചത്. എട്ടുവര്‍ഷം മുമ്പ് 2006ല്‍ അബൂ ഉമര്‍ അല്‍ബഗ്ദാദി ഇസ്ലാമിക് സ്റ്റേറ്റിന് രൂപം നല്‍കിയിരുന്നു. ഇറാഖിലെ വിവിധ ഗ്രൂപ്പുകള്‍ കൂടിച്ചേര്‍ന്നാണ് ഇസ്ലാമിക് സ്റ്റേറ്റായത്. 2010ല്‍ അബൂ ഉമര്‍ വധിക്കപ്പെട്ടതോടെ സംഘടനയുടെ ഉന്നതാധികാര സമിതി ചേര്‍ന്ന് അബൂബക്കര്‍ അല്‍ബഗ്ദാദിയെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. 11 അംഗ സമിതിയില്‍ എട്ടുപേര്‍ അദ്ദേഹത്തെ പിന്തുണച്ചു. എതിര്‍ത്ത് വോട്ടുചെയ്ത രണ്ടുപേരെയും വധിച്ചു.

ഐ.എസിന്‍െറ ഉദയം
യഥാര്‍ഥത്തില്‍ അല്‍ഖാഇദയില്‍നിന്ന് വേര്‍പിരിഞ്ഞുണ്ടായതാണ് ഐ.എസ്. 1989ല്‍ അഫ്ഗാനിസ്താനില്‍നിന്ന് സോവിയറ്റ് സൈന്യം പിന്‍വാങ്ങിയതിനെ തുടര്‍ന്ന് അവിടെ പൊരുതിക്കൊണ്ടിരുന്നവരുടെ ലക്ഷ്യം അമേരിക്കയെയും അറബ് നാടുകളിലെ അമേരിക്കന്‍ അനുകൂല ഭരണകൂടങ്ങളെയും തകര്‍ക്കലായി. 2001ല്‍ അമേരിക്ക അഫ്ഗാനിസ്താനില്‍ അധിനിവേശം നടത്തുകയും താലിബാന്‍ ഭരണകൂടത്തെ തൂത്തെറിയുകയും ചെയ്തതോടെ അമേരിക്കയോടുള്ള ശത്രുതക്ക് കുറെക്കൂടി ശക്തി കൂടി. 2003ല്‍ അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തിയതോടെ സമരരംഗം അഫ്ഗാനിസ്താനില്‍നിന്ന് ഇറാഖിലേക്ക് മാറി. അപ്പോഴും അല്‍ഖാഇദ നേതാക്കളായ ഉസാമ ബിന്‍ലാദിനും അയ്മന്‍ സവാഹിരിയും അഫ്ഗാനിലും പാകിസ്താനിലുമായി കഴിയുകയായിരുന്നു. 2011ല്‍ ഉസാമ ബിന്‍ലാദിന്‍ വധിക്കപ്പെട്ടതോടെ അയ്മന്‍ സവാഹിരി നേതാവായി.

അദ്ദേഹം ഉസാമയെ അപേക്ഷിച്ച് ഏറെ ദുര്‍ബലനായിരുന്നതിനാല്‍ സംഘടനയില്‍ പിളര്‍പ്പുണ്ടാവുകയും ഇസ്ലാമിക് സ്റ്റേറ്റ് വേറിട്ടുപോവുകയും ചെയ്തു. അഹ്മദ് ഫാദില്‍ നിസാല്‍ സര്‍ഖാവി, അല്‍ഖാഇദയേക്കാള്‍ തീവ്രമായ നിലപാടുകള്‍ സ്വീകരിച്ചു. 1989ലാണ് അദ്ദേഹം അഫ്ഗാനില്‍വെച്ച് ബിന്‍ലാദിനുമായി സന്ധിച്ചത്. അല്‍ഖാഇദയുടെ ഭാഗമായിരിക്കത്തെന്നെ 2004ല്‍ അദ്ദേഹം അമേരിക്കന്‍ ബിസിനസുകാരന്‍ നിക്ബര്‍ഗിനെ കഴുത്തറുത്തു കൊന്ന് രക്തം ഇറ്റിവീഴുന്ന തല ഉയര്‍ത്തിപ്പിടിച്ച് അതിന്‍െറ വിഡിയോ ചിത്രമെടുത്ത് തന്‍െറ ക്രൂരത വെളിപ്പെടുത്തി. ബന്ദികളെ കഴുത്തറുത്തു കൊല്ലുന്നത് പതിവാക്കിയ അദ്ദേഹവും അനുയായികളും, ഇറാഖി ഭരണകൂടത്തോട് യോജിക്കുകയും അല്‍ഖാഇദയോട് വിയോജിക്കുകയും ചെയ്യുന്നവരൊക്കെ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന് വിധിയെഴുതി. ശിയാക്കളൊക്കെയും സത്യനിഷേധികളോ മതപരിത്യാഗികളോ ആണെന്ന് പ്രഖ്യാപിച്ചു. സുന്നി-ശിയാ ഐക്യം തകര്‍ക്കുന്നതില്‍ സര്‍ഖാവി വഹിച്ച പങ്ക് വളരെ വലുതാണ്. അതിന്‍െറ തുടര്‍ച്ചതന്നെയാണ് അബൂബക്കര്‍ അല്‍ബഗ്ദാദിയുടെ ഐ.എസും.

കേവലം രണ്ടുവര്‍ഷംകൊണ്ട് അബൂബക്കര്‍ ബഗ്ദാദിക്കും കൂട്ടുകാര്‍ക്കും ഇറാഖിന്‍െറയും സിറിയയുടെയും നല്ളൊരു ഭാഗം അധീനപ്പെടുത്താന്‍ സാധിച്ചു.  ഇറാഖിലെ ബഅസ് സോഷ്യലിസ്റ്റ് പാര്‍ട്ടി തകര്‍ന്നതോടെ അവരില്‍പെട്ട നല്ളൊരു സംഘത്തെ ആകര്‍ഷിക്കാന്‍ സാധിച്ചു. സദ്ദാം ഹുസൈന്‍ വധിക്കപ്പെട്ടതോടെ തൊഴിലില്ലാതായ അദ്ദേഹത്തിന്‍െറ പട്ടാളക്കാരില്‍ സുന്നികളായ ഒരുവിഭാഗം ബഗ്ദാദിയോടൊപ്പം ചേര്‍ന്നു. കടുത്ത ശിയാ വിരുദ്ധരായിരുന്നവരെയും ചേര്‍ത്തുനിര്‍ത്താന്‍ അനായാസം സാധിച്ചു. സര്‍വോപരി ഇസ്ലാമിന്‍െറ അവിഭാജ്യ ഘടകവും വിശ്വാസികളുടെ വികാരവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതുമായ ഇസ്ലാമിക് സ്റ്റേറ്റ്, ഖിലാഫത്ത്, ഹിജ്റ, ജിഹാദ് തുടങ്ങിയ പദാവലികളുടെ നിരന്തരമായ പ്രയോഗവും ഭക്തരായ പലരെയും ആകര്‍ഷിച്ചു. എന്നാല്‍, ഇസ്ലാമിനെ ശരിയാംവിധം പഠിച്ചറിഞ്ഞവരോ മനസ്സിലാക്കിയവരോ അല്ല ബഗ്ദാദിയോടൊപ്പമുള്ളവര്‍.

എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?
ക്രിസ്ത്യാനികള്‍, യസീദികള്‍, ശിയാക്കള്‍, ഇഖ്വാനുല്‍ മുസ്ലിമൂന്‍ പ്രവര്‍ത്തകര്‍, തങ്ങളുടെ ഖിലാഫത്തിനെ അംഗീകരിക്കാത്ത മറ്റുള്ളവര്‍ എല്ലാവരും വധശിക്ഷക്ക് അര്‍ഹരാണെന്ന് ഐ.എസ് വിശ്വസിക്കുകയും വിധിക്കുകയും ചെയ്യുന്നു. തങ്ങളല്ലാത്തവരെല്ലാം സത്യനിഷേധികളോ മതപരിത്യാഗികളോ ആണെന്നും അവരെ വധിക്കുകയോ അടിമകളാക്കുകയോ ആട്ടിപ്പുറത്താക്കുകയോ വേണമെന്നും അവര്‍ തീരുമാനിച്ചിരിക്കുന്നു. അല്‍ഖാഇദ, ഐ.എസ്, ഹൂതികള്‍ തുടങ്ങിയ എല്ലാ തീവ്രവാദി സംഘടനകളും ഇസ്ലാമിനെയും അതിന്‍െറ അടിസ്ഥാനങ്ങളെയും വളരെ തെറ്റായി വായിക്കുകയും മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവയാണ്. അതുകൊണ്ടു തന്നെ അവ ഇസ്ലാമിനും ഇസ്ലാമിക സമൂഹത്തിനും വരുത്തിവെക്കുന്ന വിപത്തുകള്‍ വിവരണാതീതമാംവിധം വലുതാണ്.

ഇസ്ലാമില്‍ വിലക്കപ്പെട്ടിരുന്ന യുദ്ധം അനുവദിച്ചതുതന്നെ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന പള്ളികളുടെയും സന്ന്യാസിമഠങ്ങളുടെയും ക്രൈസ്തവ ചര്‍ച്ചുകളുടെയും ജൂത സിനഗോഗുകളുടെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്താനാണ് (ഖുര്‍ആന്‍  22:39, 40). അതുകൊണ്ടുതന്നെ ഇസ്ലാമിക് സ്റ്റേറ്റ് ബഹുസ്വരമായ ആദര്‍ശാധിഷ്ഠിത മാനവിക രാഷ്ട്രമാണ്. ഐ.എസിന്‍െറ നിലപാട് ഇതിന് തീര്‍ത്തും വിരുദ്ധമാണ്. പിരമിഡുകള്‍ ഫറോവമാരുടെ ശവകുടീരങ്ങളായിരുന്നിട്ടും കഴിഞ്ഞ 14 നൂറ്റാണ്ടുകാലം ഇസ്ലാമിക ഭരണകൂടങ്ങള്‍ അവയെ ഭദ്രമായി സംരക്ഷിക്കുകയാണുണ്ടായത്. ഇപ്രകാരംതന്നെ,  ഇസ്ലാമിക ഭരണകൂടങ്ങള്‍ ഭദ്രമായി സംരക്ഷിച്ച അഫ്ഗാനിസ്താനിലെ ബുദ്ധപ്രതിമകള്‍ താലിബാന്‍ സര്‍ക്കാര്‍ തകര്‍ക്കുകവഴി ഇസ്ലാമിന് വലിയ കളങ്കമാണ് വരുത്തിവെച്ചത്. ഇപ്പോള്‍ ഐ.എസ് ചെയ്യുന്നതും സമാനമായ ഹീനവൃത്തികളാണ്.

ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഭരണാധികാരിയാണ് ഖലീഫ ഉമറുല്‍ ഫാറൂഖ്. അറിയപ്പെടുന്ന ചരിത്രത്തിലെ ഏറ്റവും നീതിമാനായ ഭരണാധികാരിയും അദ്ദേഹംതന്നെ. ഖലീഫ ഉമറിന്‍െറ കാലത്ത് മുസ്ലിംകള്‍  ന്യൂനപക്ഷമായിരുന്നു. മാനവ ചരിത്രത്തിലെ തേജസ്സാര്‍ന്ന ഈ ഭരണസംവിധാനമായ ഖിലാഫതിനെയാണ് ഐ.എസ് ഏറ്റവും വികൃതവും മനുഷ്യവിരുദ്ധവുമായി പ്രതിനിധാനംചെയ്യുന്നത്. എല്ലാ തീവ്രവാദ സംഘങ്ങളും ഏറ്റവും കൂടുതല്‍ പരിക്കേല്‍പിക്കുന്നത് ഇസ്ലാമിനാണ്. അതുകൊണ്ടുതന്നെ അവ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നത് ഇസ്ലാംവിരുദ്ധ ശക്തികളെയും അമേരിക്ക, ഇസ്രായേല്‍ പോലുള്ള മുസ്ലിംവിരുദ്ധ ഭരണകൂടങ്ങളെയുമാണ്. ഐ.എസ് വരുന്നത് തങ്ങളെ സംബന്ധിച്ച് നല്ലതാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി  നെതന്യാഹു പറഞ്ഞതിന്‍െറ കാരണവും മറ്റൊന്നല്ല. ഇസ്ലാമിന്‍െറ ശരിയായ പ്രതിനിധാനം നിര്‍വഹിക്കുന്നവര്‍ക്കെതിരെയുള്ള ഇസ്രായേലിന്‍െറയും ഐ.എസിന്‍െറയും പ്രതികരണം സമാനമായത് യാദൃച്ഛികമാകാനും ഇടയില്ല.

ഐ.എസ് തന്നെ അമേരിക്കന്‍ സൃഷ്ടിയാണെന്നും അബൂബക്കര്‍ ബഗ്ദാദിയെ രൂപപ്പെടുത്തിയത് യു.എസ് സൈന്യമാണെന്നും വിശ്വസിക്കുന്നവര്‍ നിരവധിയാണ്. ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോയും സുഡാന്‍ ഭരണാധികാരി ഉമര്‍ അല്‍ബശീറും അക്കൂട്ടത്തില്‍ പെടുന്നു. ഏതായാലും ഇറാഖിലെയും അഫ്ഗാനിലെയും അമേരിക്കന്‍ അധിനിവേശവും സിറിയയിലെ വിമോചന സമരത്തെ അടിച്ചമര്‍ത്താന്‍ ബശ്ശാര്‍ അല്‍അസദിന് റഷ്യ നല്‍കിയ പിന്തുണയുമാണ് പുതിയ കാലത്തെ തീവ്രവാദി പ്രസ്ഥാനങ്ങള്‍ക്ക് വെള്ളവും വളവുമായതെന്നത് സുവിദിതമത്രെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.