പതിമൂന്നില്‍ പതിനേഴ് (13/17) കൊല്ലീല്‍ നബീസ. ഈ പേരു പറഞ്ഞാല്‍ തേറ്റമല തേയില എസ്റ്റേറ്റിലെ ആശുപത്രിയില്‍നിന്ന് എനിക്കും എന്‍െറ ഇക്കാക്കമാര്‍ക്കും സൗജന്യമായി മരുന്ന് കിട്ടും.  ഇവിടെ വര്‍ഷംതോറും നടക്കാറുള്ള ഫുട്ബാള്‍ ടൂര്‍ണമെന്‍റ് കാണാന്‍ ഞങ്ങള്‍ക്ക് ടിക്കറ്റും ആവശ്യമില്ല. ഈ നമ്പര്‍ പറഞ്ഞാല്‍ മതി. അവര്‍ ഗ്രൗണ്ടിലേക്ക് കയറ്റിവിടും. കൊല്ലീല്‍ നബീസ എന്‍െറ ഉമ്മയാണ്. 40 വര്‍ഷം ഈ എസ്റ്റേറ്റില്‍ തേയില നുള്ളിയ തൊഴിലാളി. ഉമ്മ 11 വയസ്സു മുതല്‍ ഇവിടെയുണ്ട്. ഈ ആശുപത്രിമരുന്നും ഫുട്ബാള്‍ കാണലുമൊന്നും സൗജന്യമൊന്നുമല്ല. ഉമ്മയുടെ മാസശമ്പളത്തില്‍നിന്ന് അതെല്ലാം മുതലാളിമാര്‍ പിടിക്കുന്നുണ്ടായിരുന്നു.

സൗജന്യമെന്ന് മുതലാളിമാര്‍ പറയാറുള്ള പാടികളുടെ (കമ്പനി തൊഴിലാളികള്‍ക്ക് നല്‍കുന്ന വീട്) കാര്യവും ഇങ്ങനത്തെന്നെയാണ്. അതിന്‍െറ വാടക കുടിശ്ശിക കഴിഞ്ഞുള്ളതാണ് തൊഴിലാളിമാര്‍ക്കുള്ള വേതനം. മുറിയും  ഹാളും അടുക്കളയും മാത്രം അടങ്ങിയ  കുഞ്ഞു വീടാണ് പാടി. അഞ്ചും ആറും മക്കളുള്ളവരൊക്കെ അതില്‍ ഉണ്ടാവും. അവരില്‍ കല്യാണം കഴിഞ്ഞ മക്കളുമുണ്ടാകും. ശരിക്കും നരകതുല്യമായ ജീവിതം എന്നുതന്നെ പറയണം ഇവിടെ. ഉപ്പയും ഉമ്മയും ആറ് മക്കളുമടങ്ങുന്ന ഞങ്ങളുടെ കുടുംബം ഇതുപോലൊരു പാടിയിലായിരുന്നു കഴിഞ്ഞത്. അടിസ്ഥാന തൊഴിലാളി വര്‍ഗത്തില്‍ ഇത്രയേറെ ചൂഷണം ചെയ്യപ്പെട്ട മറ്റു കൂട്ടര്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. സംഘടിത തൊഴിലാളികളായിട്ടും ഇതാണ് അവസ്ഥ. മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ സമരമുഖത്ത് ഇറങ്ങിയപ്പോള്‍ അറിയാതെ ഞാനും ഇന്‍ക്വിലാബ് വിളിച്ചത് ഇപ്പോള്‍ ഇതൊക്കെ ഓര്‍ത്തതുകൊണ്ടാകാം.  

തോട്ടം തൊഴിലാളികളെ സംബന്ധിച്ച് ആ തൊഴിലും ജീവിതവും രണ്ടല്ല. രാവിലെ എട്ടു മണിക്ക് മുമ്പായി തേയില നുള്ളാന്‍ എത്തണം.  എട്ടു മണിക്കൂര്‍ വിശ്രമമില്ലാതെ തേയില നുള്ളണം. മഴയില്ലാത്ത സമയങ്ങളില്‍ സൂര്യന്‍ കണ്ണുമിഴിച്ച് അവരെ നോക്കിക്കൊണ്ടേയിരിക്കും. മഴയുള്ളപ്പോള്‍ നനഞ്ഞുകുതിര്‍ന്ന് തണുത്തുവിറച്ച് തേയില നുള്ളും. വര്‍ഷങ്ങളോളം ആ പണി ചെയ്ത ഉമ്മ ഞങ്ങള്‍ക്ക് എന്നും അദ്ഭുതംതന്നെയാണ്.  

തേയിലത്തോട്ടങ്ങള്‍ വിവിധ ഭാഗങ്ങളായി തിരിച്ചിട്ടുണ്ടാവും. അക്കങ്ങളിലാണ് അവ അറിയപ്പെടുക. ഒന്നാം നമ്പര്‍, രണ്ടാം നമ്പര്‍... അങ്ങനെ നമ്പര്‍ തിരിച്ചാണ് ഓരോ ദിവസവും നുള്ളുക. നമ്പര്‍ 14 അമ്പലക്കാട്, അതാണ് ഏറ്റവും ദൂരത്തിലുള്ള ഭാഗം. അവിടെനിന്ന് തിരിച്ചുവരുന്ന ദിവസങ്ങളില്‍ ഉമ്മ കൂടുതല്‍ ക്ഷീണിതയായിരിക്കും. ഒരു ദിവസം നുള്ളിയിടത്ത് തൊട്ടടുത്ത ദിവസം നുള്ളുകയില്ല.  100 മുതല്‍ 150 പേര്‍ ആണ് ഒരു ബ്ളോക്കില്‍ ഉണ്ടാവുക. അങ്ങനെയുള്ള കുറെ ബ്ളോക്കുകള്‍ ഉണ്ടാവും. ഉമ്മ പതിമൂന്നാമത്തെ ബ്ളോക്കില്‍ പതിനേഴാം നമ്പര്‍ തൊഴിലാളി ആയിരുന്നു. അങ്ങനെയാണ് ഈ പേര് വന്നത്. ഇടക്ക് തേയിലച്ചെടി വെട്ടി ലെവല്‍ ആക്കും.

എട്ടുമണിക്ക് ജോലി തുടങ്ങിയാല്‍ ഏകദേശം 12 മണി വരെ തേയില നുള്ളണം. 30 കിലോ മുതല്‍ 60 കിലോ വരെ ഈ സമയത്തിനുള്ളില്‍ ഒരാള്‍ നുള്ളും. പിന്നീട് ഉച്ചയൂണ്‍ കഴിഞ്ഞ് വീണ്ടും അടുത്ത സെഷന്‍ ആരംഭിക്കും. ഉച്ചയൂണ്‍ രാവിലെ ടിഫിനില്‍ ആക്കി ഉമ്മ കൊണ്ടുപോവാറാണ് പതിവ്. മഴക്കാലത്തുള്ള ഭക്ഷണം കഴിക്കലൊക്കെ വലിയ സാഹസമാണ്. നീണ്ടുപരന്നുകിടക്കുന്ന തേയിലത്തോട്ടത്തില്‍ നിലത്തിരുന്നാണ് അവരൊക്കെ ഭക്ഷണം കഴിക്കാറുള്ളത്. മഴക്കാലത്ത് അട്ടയുടെ ശല്യം കൂടുതലായിരിക്കും. പല ദിവസങ്ങളിലും പണി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ ഉമ്മയുടെ കാലില്‍ ചോര പൊടിഞ്ഞത് ഞാന്‍ കണ്ടിട്ടുണ്ട്.  ഉച്ചക്കുശേഷമുള്ള സെഷന്‍ നാല് മണിയോടെ അവസാനിക്കും. നുള്ളിയ തേയില ചാക്കുകളിലായി അവര്‍ വരിവരിയായി നില്‍ക്കും. മേസ്തിരിയുടെ മേല്‍നോട്ടത്തില്‍ അവ തൂക്കി തിട്ടപ്പെടുത്തും. എന്നിട്ട് ലോറിയില്‍ കയറ്റി ഫാക്ടറിയിലേക്ക് അയക്കും.

ഒരു സ്കൂളിന്‍െറ പ്രതീതിയാണ് തേയിലത്തോട്ടത്തില്‍. രാവിലെ ഏഴ് മണിക്കും എട്ട് മണിക്കും ഫാക്ടറിയില്‍നിന്ന് ഓരോ സൈറണ്‍ മുഴങ്ങും. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ കേള്‍ക്കുന്നത്രയും ശബ്ദമുണ്ടാവും അതിന്. സ്കൂളില്‍ ബെല്ലടിക്കുന്നതുപോലത്തെന്നെ. വൈകീട്ട് അഞ്ചു മണിക്കാണ് അവസാന സൈറണ്‍. ജോലി കഴിഞ്ഞ് റോഡ് സൈഡിലൂടെ അവര്‍ നടന്നുപോവുന്നത് കണ്ടാല്‍ സ്കൂള്‍ കുട്ടികള്‍ സ്കൂള്‍ വിട്ടു പോവുന്നപോലെ തോന്നും.

1969ലാണ് ഉമ്മ ഈ ജോലിക്ക് പോയിത്തുടങ്ങിയത്. അന്ന് ദിവസക്കൂലി ഒരു രൂപ 16 പൈസയായിരുന്നു. ചുരുങ്ങിയത് 14 കിലോ തേയില ഒരാള്‍ പ്രതിദിനം നുള്ളണം. ആ കാലങ്ങളില്‍ കുട്ടികളും തേയില നുള്ളാന്‍ പോയിരുന്നു. കുട്ടികള്‍ക്ക് പ്രത്യേകമായി ബ്ളോക്കും ഉണ്ടായിരുന്നു. കുട്ടിക്കൂലി എന്ന പേരിലായിരുന്നു അവര്‍ക്കുള്ള വേതനം അറിയപ്പെട്ടിരുന്നത്. ലോക്കല്‍, സ്ഥിരം എന്നീ രണ്ടു വിഭാഗങ്ങളിലായാണ് ജോലിക്കാര്‍ ഉണ്ടാവുക. ലോക്കല്‍ വിഭാഗക്കാര്‍ക്ക് കൂടുതല്‍ തേയില ഉണ്ടാവുന്ന സീസണില്‍ മാത്രമാണ് ജോലി ഉണ്ടാവുക. കമ്പനിയുടെ മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും അവര്‍ക്ക് കിട്ടിയിരുന്നില്ല. 11 വര്‍ഷത്തോളം ഉമ്മ ലോക്കല്‍ വിഭാഗത്തില്‍ ജോലിചെയ്തിട്ടുണ്ട്.  2010ല്‍ ഉമ്മ ജോലിയില്‍നിന്ന് റിട്ടയര്‍ ചെയ്യുന്ന സമയത്ത് ദിവസം 85 രൂപയായിരുന്നു കൂലി.  33 വര്‍ഷം ജോലിചെയ്ത ഉമ്മക്ക് ഇന്ന് കിട്ടുന്ന പെന്‍ഷന്‍ തുക വെറും 475 രൂപയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.