മൂന്നാറിലെ സ്ത്രീത്തൊഴിലാളികള്‍ നടത്തിയ ധീരമായ സമരം കേരളചരിത്രത്തിലെ അതിപ്രധാനമായ ഒരു മുഹൂര്‍ത്തത്തെയാണ് കുറിക്കുന്നത് എന്നതില്‍ സംശയമില്ല. അത് കേരളത്തിലെ തൊഴില്‍മേഖലയില്‍ ദശാബ്ദങ്ങളായി നിലനിന്ന കെട്ടുനാറുന്ന ചില നിശ്ചലതകളെ അഭൂതപൂര്‍വമായ സ്വത്വവര്‍ഗ ശക്തികൊണ്ട് ഭേദിക്കുന്ന സമരമായി മാറുകയായിരുന്നു എന്നകാര്യവും അടിവരയിട്ടുതന്നെ പറയേണ്ടതുണ്ട്. തൊഴിലാളി യൂനിയനുകളുടെ പ്രത്യക്ഷവിമര്‍ശം, രാഷ്ട്രീയപാര്‍ട്ടികളോടുള്ള പരോക്ഷമായ പ്രതിഷേധം, ഭരണകൂടസമീപനത്തോടുള്ള രൂക്ഷമായ എതിര്‍പ്പ്, തൊഴിലുടമയുടെ തീരാത്ത ചതിപ്രയോഗങ്ങളോടുള്ള അടങ്ങാത്ത അമര്‍ഷം എന്നിവയെല്ലാം ഈ സമരത്തില്‍ വായിച്ചെടുക്കാവുന്നതാണ്.
എന്നാല്‍, ഈ വിജയത്തിന്‍െറ സാഹചര്യമുയര്‍ത്തുന്ന മറ്റുചില പ്രശ്നങ്ങളുണ്ട്. ട്രേഡ്യൂനിയന്‍ വിമര്‍ശത്തിന്‍െറ സാധ്യതകളും പരിമിതികളും എന്തൊക്കെയാണ്? ട്രേഡ്യൂനിയന്‍ നേതാക്കളുടെ അഴിമതിയും തൊഴിലുടമകളുമായുള്ള ഒത്തുകളികളും മാത്രമാണോ ഇതില്‍ അന്തര്‍ഭവിച്ചിട്ടുള്ള പ്രധാന പ്രശ്നം? ഈ സമരം മാത്രമല്ല, ട്രേഡ് യൂനിയന്‍ സംവിധാനത്തിന് പുറത്തുനടക്കുന്ന ഏതു സമരവും ചില അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഉണ്ടാവാറുള്ളൂ എന്ന കാര്യം കേവലമൊരു സ്ഥിതിവിവരമല്ല. അതുകൊണ്ടുതന്നെ, തൊഴില്‍മേഖലകളില്‍ പൊതുവില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാതെ വികാരപരമായി മാത്രം ഈ സമരത്തെ വിലയിരുത്തുന്നതില്‍ അര്‍ഥമില്ല.
തുടക്കത്തില്‍ ഈ സമരത്തിന്‍െറ വിജയം അനിശ്ചിതമായിരുന്നു എന്നതാണ് സത്യം. എന്തായാലും, പതിവിനു വിപരീതമായി പൊലീസും സര്‍ക്കാറും സംയമനം കാണിച്ചിരുന്നു. ജനകീയസമരങ്ങളുടെ കാര്യത്തില്‍ മുന്നണിഭേദമില്ലാതെ സാധാരണ കാണാറുള്ളതുപോലെ തൊഴിലുടമക്കനുകൂലമായ പൊലീസ് തേര്‍വാഴ്ച അവിടെയുണ്ടായില്ല. എന്നാല്‍, പൊതുസമൂഹത്തിനു മുന്നില്‍ സമരത്തിന്‍െറ നൈതികശക്തി വെളിപ്പെടുത്തിയത് എസ്. രാജേന്ദ്രന്‍ എം.എല്‍.എ സമരമേഖലയിലേക്ക് ചെല്ലുമ്പോള്‍ തൊഴിലാളിസ്ത്രീകള്‍ കാണിച്ച രോഷമായിരുന്നു. ആയിരക്കണക്കിന് സ്ത്രീത്തൊഴിലാളികളുടെ രോഷത്തെ പുച്ഛിക്കാനോ പരിഹസിച്ചുതള്ളാനോ കഴിയുമായിരുന്നില്ല. സമരത്തോടുള്ള ഭരണകൂടത്തിന്‍െറ സമീപനത്തില്‍ മാറ്റംവരുത്തിയത് കേരളത്തിലെ ഏറ്റവുംവലിയ രാഷ്ട്രീയപ്രസ്ഥാനത്തിന്‍െറ എം.എല്‍.എയുടെ നേരേപോലും ചെരിപ്പുയര്‍ത്തിയ സ്ത്രീശക്തിയുടെ ഈ വിദ്യുത്പ്രകാശമായിരുന്നു. എസ്. രാജേന്ദ്രനും തുടര്‍ന്നത്തെിയ പല രാഷ്ട്രീയനേതാക്കളും അപമാനിക്കപ്പെട്ടെങ്കിലും ഈ സമരത്തെ ഉമ്മന്‍ ചാണ്ടിയും വി.എസ്. അച്യുതാനന്ദനും ഉള്‍പ്പെടെ പലരുടെയും ‘അടിയന്തര അജണ്ട’യാക്കി മാറ്റുന്നതിന് നിമിത്തമായത് ആ സന്ദര്‍ശനമാണ്. നിരാഹാരമൊക്കെ സ്വാഭാവികമായും അവഗണിക്കപ്പെട്ടെങ്കിലും.
എന്നാല്‍, അതിനെല്ലാമുപരി വ്യവസ്ഥാപിത യൂനിയനുകളുടെ ആജ്ഞകളെ ധിക്കരിക്കാന്‍ കഴിവില്ലാതെ അവര്‍ക്കടിമകളായി തൊഴിലാളികള്‍ നിന്നകാലം കഴിഞ്ഞിരിക്കുന്നു എന്ന സന്ദേശം കൂടുതല്‍ ശക്തമായി ഈ സമരം നല്‍കുന്നു എന്നതാണ് പ്രധാനം. ഇന്ന് നിലനില്‍ക്കുന്ന നിയമമനുസരിച്ച് തൊഴിലാളി യൂനിയനുകളുമായി എത്തിച്ചേരുന്ന ഒത്തുതീര്‍പ്പ് എന്തുതന്നെയായാലും അതനുസരിക്കാന്‍ തൊഴിലാളികള്‍ ബാധ്യസ്ഥരാണ്. ഇന്ത്യയില്‍ തൊഴില്‍പ്രശ്നങ്ങളില്‍ വ്യവസ്ഥാപിതമായി ഇടപെടുന്ന ത്രികക്ഷിസമ്പ്രദായം (തൊഴില്‍യൂനിയന്‍, തൊഴില്‍ വകുപ്പധികൃതര്‍, തൊഴില്‍ ഉടമ) നിലവില്‍വന്നത് മുതല്‍ക്കാണ് സംഘടിതമേഖലയില്‍ തൊഴില്‍പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴിലാളിക്കള്‍ക്കനുകൂലമായ വലിയ മുന്നേറ്റങ്ങളുണ്ടായത്.
എന്നാല്‍, യൂനിയന്‍ നേതൃത്വങ്ങളെ പൂര്‍ണവിശ്വാസത്തിലെടുക്കാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കുന്ന ഒരു വ്യവസ്ഥയാണിത്. അവര്‍ക്ക് മറ്റു മാര്‍ഗമില്ല. പരസ്പരമത്സരം ഒഴിവാക്കുന്ന ഒരു കൂട്ടമായി (കാര്‍ട്ടെല്‍) പ്രവര്‍ത്തിച്ചാല്‍ വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാവുമെന്ന് മനസ്സിലാക്കിയ നേതൃത്വങ്ങളും അവരുടെ ദൗര്‍ബല്യങ്ങളെ മുതലെടുക്കുന്ന തൊഴിലുടമകളും ചേര്‍ന്ന് തൊഴിലാളികളെ വഞ്ചിക്കുന്നത്, നിത്യസംഭവം എന്നുപറയാന്‍ കഴിയില്ളെങ്കിലും, ഈ വ്യവസ്ഥയെ ദ്രവിപ്പിക്കുന്ന ഒരു പ്രതിഭാസമായി വളര്‍ന്നത് വളരെ പെട്ടെന്നായിരുന്നു.
കെ.ആര്‍. ഗൗരിയമ്മ സി.പി.എമ്മില്‍നിന്ന് പുറത്തുപോകുന്ന സന്ദര്‍ഭത്തില്‍ സി. ഐ.ടി.യു നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളും വിമര്‍ശങ്ങളും ഉന്നയിച്ചതോടെയാണ് എഴുപതുകളിലെ നക്സല്‍ബാരി പ്രസ്ഥാനത്തിനുശേഷം യാഥാസ്ഥിതിക കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ട്രേഡ്യൂനിയന്‍ പ്രവര്‍ത്തനത്തിന്‍െറ ജീര്‍ണണതക്കെതിരെ വീണ്ടും ശക്തമായ ശബ്ദം കേരളത്തില്‍ ഉയര്‍ന്നുകേട്ടത് (കമ്യൂണിസ്റ്റ് ട്രേഡ്യൂനിയന്‍ ജീര്‍ണതയെ തുറന്നുകാട്ടുന്ന മിലോവാന്‍ ജിലാസിന്‍െറ ‘ദ ന്യൂ ക്ളാസ്’ കേരളത്തിലും വായിക്കപ്പെട്ടു). ഇതിന്‍െറ അലയൊലി ആദ്യകാല അച്യുതാനന്ദന്‍-പിണറായി കൂട്ടുകെട്ടിന്‍െറ സി.ഐ.ടി.യു വെട്ടിനിരത്തല്‍-ശുദ്ധീകരണപ്രക്രിയയില്‍ ഉണ്ടായിരുന്നു, പിന്നീടവര്‍ വഴിപിരിഞ്ഞെങ്കിലും. ആ വിഭാഗത്തിന് അതുകൊണ്ടുതന്നെ ഗൗരിയമ്മ ഇപ്പോഴും സ്വീകാര്യയാണ്. മറ്റു ട്രേഡ്യൂനിയനുകള്‍ ചില വ്യവസായങ്ങളിലൊഴികെ പ്രായേണ ദുര്‍ബലരായിട്ടുള്ള കേരളത്തില്‍ സ്വാഭാവികമായും ഇത്തരം ചര്‍ച്ചകള്‍ സി.ഐ.ടി.യുവിനെ കേന്ദ്രീകരിച്ചുതന്നെയാണ് നടന്നിട്ടുള്ളത്.
അസംഘടിത മേഖലകളിലെ സര്‍ഗാത്മകമായ സമരങ്ങളെ ഇതുമായി കൂട്ടിച്ചേര്‍ത്തുകാണാന്‍ കഴിയില്ല. ഭൂമിക്കായുള്ള ദലിത് സമരങ്ങളും ആദിവാസി നില്‍പുസമരവും ടെക്സ്റ്റൈല്‍ മേഖലയിലെ ഇരിപ്പുസമരവും അടക്കമുള്ള സമരങ്ങള്‍ അസംഘടിത മേഖലയിലെ സമരങ്ങളാണ്. അവിടെ ട്രേഡ്യൂനിയന്‍ സാന്നിധ്യംതന്നെയില്ല. സിവില്‍സമൂഹത്തിന്‍െറ തലത്തില്‍ നിന്നുകൊണ്ട് രാഷ്ട്രീയസമൂഹത്തിന്‍െറ പൊതുതീര്‍പ്പുകളെ ചോദ്യംചെയ്യുന്ന സഹനസമരങ്ങളാണ് അവയെല്ലാം. അത്തരം സമരങ്ങള്‍ സാമൂഹികമായ നിശ്ചലതകളെ വെട്ടിമുറിക്കുന്ന പുത്തന്‍ ആശയസംവേദനങ്ങള്‍ കൂടിയാണ്. അവയുടെ സന്ദേശങ്ങള്‍ സാന്ദര്‍ഭികമായ മുദ്രാവാക്യങ്ങളില്‍ ഒതുങ്ങുന്നില്ല. അവ ഒരു ജഡസമൂഹത്തിന്‍െറ പൂര്‍വസമ്മതികളെ വെല്ലുവിളിക്കുന്നവയാണ്. പുതിയ രാഷ്ട്രീയംകൊണ്ട് അവ സാമൂഹിക ശരീരത്തെ നവീകരിക്കുന്നു.
തോട്ടങ്ങളും വ്യവസായികമേഖലയും അതുപോലെയല്ല. വ്യവസ്ഥാപിത രീതിയില്‍ അല്ലാതെ അവിടെ സമരം സാധ്യമല്ല. നിയമാനുസൃതമായ മുന്‍കൂര്‍ നോട്ടീസ് കൊടുക്കാതെ സമരം തുടങ്ങാന്‍പോലും പറ്റില്ല. ഇത് പാലിക്കാന്‍ തൊഴിലാളിനേതൃത്വം നിയമപരമായി ബാധ്യസ്ഥരാണ്. വ്യവസായികമേഖലയില്‍ ഇതിനു സമാനമായ പല സന്ദര്‍ഭങ്ങളും മുമ്പുമുണ്ടായിട്ടുണ്ട്. മാവൂര്‍സമരം അതുപോലെ ഒന്നായിരുന്നു. അതിന്‍െറ രൂപപരിണാമങ്ങള്‍ കേരളസമൂഹം മറന്നുകഴിഞ്ഞു. വ്യവസ്ഥാപിത ട്രേഡ്യൂനിയന്‍ വ്യവസ്ഥയെതന്നെ വെല്ലുവിളിച്ചുകൊണ്ട് ഗ്രോ എന്ന തൊഴിലാളിയൂനിയന്‍ ഉയര്‍ന്നുവന്നതും അത് മാവൂര്‍ സമരത്തിന്‍െറ ദിശതന്നെ മാറ്റിയതും അങ്ങനെ മറന്നുകളയേണ്ടതല്ല.
എന്നാല്‍, അത്തരം സമരങ്ങള്‍ക്ക് ഒരു പരിധിവരെ മാത്രമേ വ്യവസ്ഥാപിതമായ ത്രികക്ഷിസമ്പ്രദായത്തെ ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. അങ്ങനെ ചോദ്യംചെയ്യുക എന്നുപറയുന്നത് അത്ര എളുപ്പമല്ല താനും. ഒറ്റയൊറ്റ വ്യക്തികളായൊ കൂട്ടായോ തൊഴിലാളികള്‍ക്ക് നേതൃത്വത്തിന്‍െറ തീരുമാനങ്ങളെ ധിക്കരിക്കാനാവില്ല. അങ്ങനെവന്നാല്‍ അവര്‍ക്ക് യൂനിയനില്‍നിന്ന് പുറത്തുപോവേണ്ടിവരും. എല്ലാ സംരക്ഷണങ്ങള്‍ക്കും പുറത്തേക്ക് അവര്‍ വലിച്ചെറിയപ്പെടും. ചിലരൊക്കെ ആത്മാഭിമാനത്തോടെ അത് ചെയ്തിട്ടുണ്ടെങ്കിലും പൊതുവില്‍ അത്തരം ഒറ്റപ്പെട്ട വെല്ലുവിളികള്‍ യൂനിയന്‍ നേതൃത്വത്തെയൊ തൊഴിലുടമയെയൊ ഭയപ്പെടുത്താറില്ല. ആ പാരമ്പര്യത്തിനാണ് മൂന്നാറിലെ സ്ത്രീത്തൊഴിലാളികള്‍ ഇപ്പോള്‍ സാരമായ പരിക്കേല്‍പിച്ചിരിക്കുന്നത്. ത്രികക്ഷിസമ്പ്രദായത്തിന്‍െറ തീര്‍പ്പുകളെ തൊഴിലാളികള്‍ക്ക് യൂനിയന് പുറത്തുള്ള സംഘടിതസമരത്തിലൂടെ തള്ളിക്കളയാമെന്നും പുതിയ ഒത്തുതീര്‍പ്പിന് അപ്പോള്‍ ഉടമയും ഭരണകൂടവും തയാറാവേണ്ടിവരുമെന്നുമുള്ളത് നിസ്സാരമായ കാര്യമല്ല.
എന്നാല്‍, ഇതിന്‍െറ നൈസര്‍ഗികതയെ ഭാവിയിലേക്കായി സ്വാംശീകരിക്കുക എളുപ്പമല്ല. ഇപ്പോഴത്തെ ത്രികക്ഷിക്കരാര്‍ സംവിധാനത്തിനുപകരം കൂടുതല്‍ ജനാധിപത്യപരമായ തൊഴില്‍ബന്ധ സമീപനത്തിന് എങ്ങനെ രൂപംകൊടുക്കാമെന്നും ഇപ്പോഴത്തെ ത്രികക്ഷിസമ്പ്രദായത്തെ മാറ്റേണ്ടത് ഏതുരീതിയില്‍ എന്നുമുള്ള ചോദ്യങ്ങള്‍കൂടി ഈ സമരം ഉയര്‍ത്തുന്നുണ്ട് എന്നത് കണാതിരുന്നുകൂട. ഇത് ചരിത്രപരമായി കേരളത്തിലെയും ഇന്ത്യയിലെയും തൊഴില്‍ബന്ധങ്ങളെ നിര്‍വചിക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു പ്രശ്നമായി മാറാന്‍ പോവുകയാണ്.
എന്നാല്‍, ഇതിനോടൊപ്പം ഓര്‍മിക്കേണ്ടത്, നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കനുസൃതമായി സമൂലമായ മാറ്റങ്ങള്‍ തൊഴില്‍നിയമങ്ങളില്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ഭരണകൂടം ശ്രമിക്കുന്ന കാലമാണിത് എന്നതാണ്. പുതിയ തൊഴില്‍ നിയമങ്ങള്‍ക്കെതിരെയുള്ള സമരത്തിന്‍െറ സന്ദര്‍ഭം വിസ്മരിച്ചുകൂടാ. ആ സമരത്തെ ദുര്‍ബലപ്പെടുത്തുന്ന ദിശയിലേക്ക് ചര്‍ച്ചകള്‍ പോകാതെ സൂക്ഷിക്കാന്‍ സിവില്‍സമൂഹത്തിന് ബാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.