കരുവാട്ട് മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയെ ‘വരയുടെ പരമശിവന്‍’ എന്നു വിളിച്ചത് സാക്ഷാല്‍ വി.കെ.എന്‍. നമ്പൂതിരി വരച്ച് സുന്ദരിമാരാക്കിയ സ്വന്തം കഥാപാത്രങ്ങളെ കണ്ട് ഭ്രമിച്ചുപോയിട്ടുണ്ട് വി.കെ.എന്‍. ആ ചിന്നമ്മു ഇത്ര കേമിയാണെന്ന് ഞാനറിഞ്ഞില്ല എന്നുവരെ പറഞ്ഞിട്ടുണ്ടത്രെ മലയാളത്തിലെ എക്കാലത്തെയും വലിയ കോമിക് ജീനിയസ്. മലയാളത്തെയും കേരളീയതയെയും നമ്പൂതിരി വരച്ച വരയില്‍ നിര്‍ത്തി. അരനൂറ്റാണ്ടിലധികം നീണ്ടുകിടക്കുന്ന ആ വരയിലൂടെ സഞ്ചരിച്ചുനോക്കൂ. കേരളത്തിന്‍െറ ചരിത്രവും സംസ്കാരവും കലയും ആഴത്തില്‍ കോറിവരഞ്ഞിരിക്കുന്നത് കാണാം. മലയാളിയുടെ മുഖവും ഉടലും നില്‍പും നടപ്പും മറ്റാര്‍ക്കും കഴിയാത്ത സൂക്ഷ്മതയോടെയാണ് നമ്പൂതിരി പകര്‍ത്തിവെച്ചത്. ഒരു ദേശത്തിന്‍െറ സാംസ്കാരിക ചരിത്രത്തെ വരയിലും വര്‍ണങ്ങളിലും ആവാഹിച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരി നവതിയുടെ നിറവിലാണിപ്പോള്‍. ചിത്രകലയില്‍ നമ്പൂതിരി സൃഷ്ടിച്ചത് വേറിട്ട ചരിത്രം. നിറങ്ങളോട് വലിയ കമ്പമൊന്നുമില്ല. നിസ്സാരമെന്നു തോന്നുംവിധം വെറുതെ ഒന്നു കോറിയിട്ട കറുത്ത വരകളില്‍ വിപുലമായ ഭാവനാപ്രപഞ്ചംതന്നെയൊരുക്കും നമ്പൂതിരി. അങ്ങനെ രേഖാചിത്രങ്ങള്‍ക്ക് മലയാള ചിത്രകലയില്‍ അനിഷേധ്യമായ സ്ഥാനം നേടിക്കൊടുത്ത ചിത്രകാരനാണ്. തികച്ചും മൗലികമായ ശൈലിയിലൂടെ ലോക ചിത്രകലയിലെ രേഖാചിത്രപാരമ്പര്യത്തിന്‍െറ പരിചയിച്ചുപഴകിയ മാതൃകകളെ അദ്ദേഹം കുടഞ്ഞെറിഞ്ഞു. കേരളത്തിന്‍െറ സാമൂഹികചരിത്രത്തിന്‍െറ രേഖകള്‍കൂടിയായി ഈ വരകള്‍. അമ്പതുകള്‍ക്കുശേഷമുള്ള കേരളീയ സാമൂഹികജീവിതത്തിന്‍െറ ഉള്ളടരുകള്‍, മലയാളിയുടെ ശരീരഭാഷ, നഗരഗ്രാമാന്തരീക്ഷങ്ങള്‍, വേഷവിധാനങ്ങള്‍, വാസ്തുവിദ്യകള്‍ എല്ലാം സുവ്യക്തമായി പ്രതിഫലിപ്പിക്കുന്ന ചരിത്രരേഖകളാണ് നമ്പൂതിരിച്ചിത്രങ്ങള്‍.
കഴിഞ്ഞ അരനൂറ്റാണ്ടില്‍ മലയാള സാഹിത്യത്തിലുണ്ടായ ഐതിഹാസിക രചനകളിലെ കഥാപാത്രങ്ങള്‍ക്ക് ഉടലും ഉയിരും നല്‍കിയത് നമ്പൂതിരിയാണ്. രണ്ടാമൂഴത്തിലെ ഭീമസേനനും സ്മാരകശിലകളിലെ ഖാന്‍ ബഹാദൂര്‍ പൂക്കോയ തങ്ങളും പിതാമഹനിലെ സര്‍ ചാത്തുനായരും ഉള്‍പ്പെടെയുള്ള അവിസ്മരണീയ കഥാപാത്രങ്ങള്‍ മലയാളിമനസ്സില്‍ ജീവിക്കുന്നത് നമ്പൂതിരി വരച്ചിട്ട രൂപങ്ങളായി. പുഴുവാകാനും പൂമ്പാറ്റയാവാനും പ്രിയപ്പെട്ടവളുടെ ചുണ്ടിലെ മുത്തമാവാനും ഒരു നിമിഷാര്‍ധത്തിന്‍െറ ഇടവേളപോലും ആവശ്യമില്ലാതിരുന്ന ഗഗനചാരിയെ പത്മരാജന്‍ മനസ്സില്‍കണ്ടപ്പോള്‍ ആ ഗന്ധര്‍വന് വേഷവും ആടയാഭരണങ്ങളും രൂപകല്‍പന ചെയ്തുനല്‍കിയതും മറ്റാരുമല്ല. അങ്ങനെ നോക്കുമ്പോള്‍ സാഹിത്യചരിത്രത്തിന്‍െറ രേഖകള്‍കൂടിയാണ് ഈ വരകള്‍. കടലാസ് മാത്രമല്ല മാധ്യമം. വരയുടെ പരമശിവന് തൊടുന്ന ഇടമെല്ലാം വരക്കാനുള്ളതാണ്. ലോഹത്തിലും നമ്പൂതിരിയുടെ ഭാവന ചിറകുവിരിച്ചു. അങ്ങനെ രാമായണവും മഹാഭാരതവും അവസാനത്തെ അത്താഴവും പറയിപെറ്റ പന്തിരുകുലവും സ്വാതന്ത്ര്യ സമരവും ചെമ്പുപലകകളില്‍ ത്രിമാനതലത്തില്‍ ഉയര്‍ന്നുനിന്നു. അതുകൊണ്ട് പീഡാനുഭവത്തിനും ക്രൂശാരോഹണത്തിനും മുമ്പ് 12 ശിഷ്യന്മാരോടൊത്ത് തിരുവത്താഴത്തിനിരുന്ന യേശുവിനെ നമുക്കിപ്പോള്‍ വിരലുകളില്‍ തൊട്ടറിയാം. കടലാസില്‍ വരച്ച് വെട്ടിയെടുത്ത് ലോഹപ്പലകയില്‍ പതിപ്പിച്ച് ചുറ്റികകൊണ്ട് അടിച്ച് പൊന്തിച്ചെടുക്കുന്ന ശ്രമകരമായ ജോലി ചെയ്തത് എണ്‍പതാം വയസ്സില്‍.
1925 സെപ്റ്റംബര്‍ 13ന് പൊന്നാനിയില്‍ ജനനം. പിതാവ് പരമേശ്വരന്‍ നമ്പൂതിരി. മാതാവ് ശ്രീദേവി അന്തര്‍ജനം. സ്കൂളില്‍ പോയിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുമില്ല. കാലം അതാണ്. വി.ടിയും ഇ.എം.എസുമൊക്കെ ചേര്‍ന്ന് നമ്പൂതിരിയെ മനുഷ്യനാക്കുന്നതിനുമുമ്പുള്ള കാലമാണ്. അപ്ഫനായി ജനിച്ചുകഴിഞ്ഞാല്‍ പള്ളിക്കൂടത്തില്‍ പോകാന്‍ പാടില്ല. അങ്ങനെ കരുവാട്ട് മനയ്ക്കലെ വീട്ടുമുറ്റമായി മാതൃവിദ്യാലയം. അവിടെ പൂഴിമണലില്‍ ഈര്‍ക്കില്‍കൊണ്ട് വരച്ച് സ്വയം വരയെഴുത്തിനിരുന്നു. എഴുത്തിനിരുത്തിയത് പണ്ഡിതനായ അച്ഛന്‍. ഇല്ലത്ത് പുസ്തകങ്ങളുടെ അമൂല്യമായ ശേഖരമുണ്ടായിരുന്നു. കടലാസില്‍ വരച്ചുതുടങ്ങിയത് പത്താംവയസ്സു മുതല്‍. ആദ്യം വരച്ചത് ശ്രീകൃഷ്ണനെ. എടപ്പാളിനടുത്ത് കുംഭാരന്മാര്‍ മണ്‍പാത്രങ്ങള്‍ ഉണ്ടാക്കിയിരുന്ന സ്ഥലത്തുചെന്ന് മണ്ണുകൊണ്ടുവന്ന് മുഖശില്‍പങ്ങള്‍ ഉണ്ടാക്കി പഠിച്ചു. പിന്നീട് വൈദ്യവും വൈദികവൃത്തിയും പഠിക്കാന്‍ തൃശൂരിലേക്ക്. ബ്രഹ്മസ്വം മഠത്തിലും തൈക്കാട്ട് മൂസ്സിന്‍െറ ഇല്ലത്തും. പിന്നീട് തൃശൂര്‍ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചിത്രകലാ വിദ്യാര്‍ഥിയായി. അതിന് നിമിത്തമായത് ശില്‍പി വരിക്കാശ്ശേരി കൃഷ്ണന്‍ നമ്പൂതിരി. അവിടെ ശങ്കരമേനോനാണ് ഗുരു. അവിടത്തെ ചിത്രംവരപഠനത്തില്‍ താല്‍പര്യം തോന്നിയില്ല. പകര്‍പ്പെടുത്ത് വരക്കാന്‍ താല്‍പര്യമില്ലാതിരുന്നതിനാല്‍ കെ.ജി.ടി പരീക്ഷയില്‍ സ്വയം തോറ്റുകൊടുത്തു. പിന്നീട് മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍. നമ്പൂതിരിയുടെ പ്രൈമറിസ്കൂളും സര്‍വകലാശാലയും അതായിരുന്നു. കെ.സി.എസ്. പണിക്കര്‍, കൃഷ്ണറാവു, റോയ് ചൗധരി തുടങ്ങിയ പ്രഗല്ഭരായ അധ്യാപകരുടെ പാഠശാല. അപേക്ഷിച്ചത് അപൈ്ളഡ് ആര്‍ട്ടിന്. 12 ദിവസത്തെ പരീക്ഷ എന്ന കടമ്പ കടന്നുകിട്ടിയതാണ് സീറ്റ്. പിന്നാലെ ഡബ്ള്‍ പ്രമോഷനും സ്കോളര്‍ഷിപ്പും കിട്ടി. മൂന്നു കൊല്ലം കൊണ്ട് കോഴ്സ് കഴിഞ്ഞു. ഏറ്റവും സ്വാധീനം ചെലുത്തിയ ഗുരു കെ.സി.എസ്. പണിക്കര്‍. തമിഴ്നാട്ടിലെ പഠനകാലത്തു കണ്ട പല്ലവ ചോള കാലഘട്ടത്തിലെ ചിത്രങ്ങള്‍ പില്‍ക്കാല രചനകള്‍ക്ക് ഊര്‍ജം പകര്‍ന്നു.
മദ്രാസിലെ പഠനം പൂര്‍ത്തിയാക്കി പൊന്നാനിയില്‍ മടങ്ങിയത്തെി വീട്ടില്‍ വെറുതെയിരിക്കുന്ന കാലത്താണ് എന്‍.വി. കൃഷ്ണവാര്യരുടെ കത്ത് വരുന്നത്. എന്‍.വി അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍െറ പത്രാധിപര്‍. അങ്ങനെ 1960ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. എം.ടി. വാസുദേവന്‍ നായര്‍, എം.വി. ദേവന്‍ തുടങ്ങിയവരൊക്കെ അവിടെയുണ്ട്. ഉറൂബും ജി. ശങ്കരക്കുറുപ്പുമൊക്കെ അവിടെ സന്ദര്‍ശകരായിരുന്നു. ഇവരുമായൊക്കെയുള്ള പരിചയവും അടുപ്പവുമാണ് എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‍െറ കാരണം എന്ന് നമ്പൂതിരി. അരവിന്ദന്‍, പട്ടത്തുവിള കരുണാകരന്‍, തിക്കോടിയന്‍ തുടങ്ങിയവരുമായുള്ള അടുപ്പവും കോഴിക്കോട്ടെ ജീവിതകാലത്ത് സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമായി. അങ്ങനെ അരവിന്ദന്‍െറ ആദ്യചിത്രമായ ഉത്തരായനത്തിന്‍െറ കലാസംവിധാനം നിര്‍വഹിച്ചു. അതിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. മാതൃഭൂമി വിട്ടതിനുശേഷം കലാകൗമുദിയിലും മലയാളം വാരികയിലും ജോലി ചെയ്തു. എന്‍.വി. കൃഷ്ണവാര്യര്‍, എം.ടി, കെ.സി. നാരായണന്‍, എസ്. ജയചന്ദ്രന്‍ നായര്‍ എന്നിവരായിരുന്നു നമ്പൂതിരിയെക്കൊണ്ട് പതിവായി വരപ്പിച്ചിരുന്ന പത്രാധിപന്മാര്‍. കേരള ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു. 1995ല്‍ അക്കാദമി ഫെലോഷിപ് നല്‍കി ആദരിച്ചു. രാജാ രവിവര്‍മ പുരസ്കാരം, ബഷീര്‍ പുരസ്കാരം തുടങ്ങി തേടിയത്തെിയ അംഗീകാരങ്ങള്‍ നിരവധി. മൂത്ത മകന്‍ പരമേശ്വരന്‍ കോഴിക്കോട്ടെ വീട്ടിലാണ്. രണ്ടാമത്തെ മകന്‍ ദേവനും പത്നി മൃണാളിനിക്കുമൊപ്പം എടപ്പാളിലെ വീട്ടില്‍ താമസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.