ആരാണ് ഗുരുവിനെ കുരിശില്‍ തറച്ചത്?

ഇന്ത്യ കണ്ട ഏറ്റവും വലിയ കമ്യൂണിസ്റ്റ് താത്ത്വികാചാര്യനായിരുന്നു ഇ.എം.എസ്. നമ്പൂതിരിപ്പാട്. നൂറു ശതമാനവും ഭൗതികവാദി. തന്‍െറ സ്വത്തുക്കളെല്ലാം പാര്‍ട്ടിക്ക് നല്‍കിയ അദ്ദേഹം തിരുവനന്തപുരത്ത് പാര്‍ട്ടി എടുത്തുകൊടുത്ത വാടകവീട്ടിലാണ് അന്ത്യശ്വാസം വലിച്ചത്. തൈക്കാട്ടെ ശാന്തി കവാടത്തിലായിരുന്നു   ഇ.എം.എസിന്‍െറ ഭൗതികദേഹം സംസ്കരിച്ചത്. സംസ്കാരം കഴിഞ്ഞ് രണ്ടാം നാള്‍ നേരംപുലരും  മുമ്പ് ഇ.എം.എസിന്‍െറ ഭാര്യ ആര്യ അന്തര്‍ജനവും മകന്‍ ഇ.എം. ശ്രീധരനും അതീവ രഹസ്യമായി തിരുവല്ലത്തത്തെി. തിരുനാവായ, ആലുവ, തിരുനെല്ലി എന്നീ ഗണത്തില്‍പെടുത്താവുന്ന ഒന്നാണ് തിരുവല്ലം പുഴ. തലസ്ഥാനനഗരിയില്‍ ഹിന്ദുക്കള്‍ക്ക് പിതൃതര്‍പ്പണത്തിനും  അന്ത്യകര്‍മങ്ങള്‍ നടത്താനുമുള്ള പ്രധാനകേന്ദ്രം. ഇ.എം.എസിന്‍െറ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാനും ഭൗതികാവശിഷ്ടങ്ങള്‍ നിമജ്ജനം ചെയ്യാനുമാണ്  ഭാര്യയും മകനും വന്നത്. വിവരം മണത്തറിഞ്ഞ് തലസ്ഥാനത്തെ  പ്രശസ്ത ഫോട്ടോഗ്രാഫര്‍ അര്‍ധരാത്രി മുതല്‍ അവിടെ  കാത്തിരിപ്പുണ്ടായിരുന്നു. ആളെ കണ്ടപ്പോള്‍ ഇ.എം. ശ്രീധരന്‍ ഞെട്ടി. ശ്രീധരന്‍ അന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. അമ്മയുടെ നിര്‍ബന്ധമാണ്. എനിക്ക്  വഴങ്ങാതെ പറ്റില്ല. ദയവുചെയ്ത് നിങ്ങള്‍ ഈ ചിത്രം എടുക്കരുത്. തിരിച്ചുപോകണം. ശ്രീധരന്‍െറ സ്നേഹപൂര്‍ണമായ അഭ്യര്‍ഥന നിരസിക്കാന്‍  ഫോട്ടോഗ്രാഫര്‍ക്ക് കഴിഞ്ഞില്ല. ചിത്രം എടുക്കാതെ അദ്ദേഹം തിരിച്ചുപോയി. അതിനാല്‍, പുറംലോകം അക്കാര്യം അറിഞ്ഞില്ല . അറിഞ്ഞിരുന്നെങ്കില്‍ പില്‍ക്കാലത്ത് ഇ.കെ. നായനാര്‍ മരിച്ചപ്പോള്‍ ഭാര്യയും മക്കളും അന്ത്യകര്‍മങ്ങള്‍ നടത്തിയത് മാധ്യമങ്ങള്‍ ആഘോഷിച്ചതുപോലെ ഇ.എം.എസിന്‍െറ ആത്മാവിന്  മോക്ഷംകിട്ടാന്‍ കര്‍മങ്ങള്‍ ചെയ്തതും ഉത്സവമാക്കിയേനെ.  
മതവിശ്വാസവും ദൈവവിശ്വാസവും ആചാരങ്ങളും  അനുഷ്ഠാനങ്ങളുമെല്ലാം എത്രമാത്രം  ആഴത്തില്‍ വേരൂന്നിയ ഒന്നാണ് മലയാളി സമൂഹം എന്ന് ചൂണ്ടിക്കാണിക്കാനാണ് ഇതു  പറഞ്ഞത്. ഒരു മനുഷ്യായുസ്സു മുഴുവന്‍ ഒപ്പം കഴിഞ്ഞിട്ടും ഭാര്യയെ ഭൗതികവാദിയാക്കാന്‍ ഇ.എം.എസിനെപോലെ ഒരാള്‍ക്ക് കഴിഞ്ഞില്ല. അത് ഇ.എം.എസിന്‍െറ പോരായ്മയാണോ അതോ ഭാര്യയുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടേണ്ടതില്ല എന്ന അദ്ദേഹത്തിന്‍െറ മഹാമനസ്കത ആണോ എന്ന് ഗവേഷണം നടത്താന്‍ തല്‍ക്കാലം ഒരുങ്ങുന്നില്ല. ഒരു കാര്യം തീര്‍ച്ചയാണ്. ദൈവവും വിശ്വാസവും ആചാരവും അനാചാരവും എല്ലാം കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സമൂഹത്തില്‍  അവയെയെല്ലാം പൂര്‍ണമായി നിഷേധിച്ച് മുന്നോട്ടുപോകാന്‍ ഒരു സംഘടിത പ്രസ്ഥാനത്തിനും  കഴിയില്ല. കേരളത്തിലെ സി.പി.എം അതിന്‍െറ ആരംഭകാലം മുതല്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണിത്. ഭൗതികവാദത്തില്‍ അധിഷ്ഠിതമാണ് കമ്യൂണിസമെങ്കിലും സമ്പൂര്‍ണ ഭൗതികവാദ പാര്‍ട്ടിയായി മാറാന്‍  സി.പി.എം ഒരു കാലത്തും ശ്രമിച്ചിട്ടില്ല. ശ്രമിച്ചാല്‍ അത് നടക്കാനും പോകുന്നില്ല. എന്നാല്‍, മതവിശ്വാസത്തിനും ദൈവവിശ്വാസത്തിനും എതിരായ പാര്‍ട്ടിയാണ് സി.പി.എം എന്ന് വരുത്തിത്തീര്‍ക്കാന്‍ അതിന്‍െറ ശത്രുക്കള്‍ എക്കാലത്തും  ശ്രമിക്കുന്നുണ്ട്. അതിനെ മറികടക്കാന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങളാകട്ടെ, പലപ്പോഴും അബദ്ധത്തില്‍ കലാശിക്കുകയും ചെയ്യുന്നു.
സന്ധ്യാദീപം കൊളുത്തുകയും രാമനാമം ജപിക്കുകയും ചെയ്യുന്നത് കേരളത്തിലെ ഹിന്ദു കുടുംബങ്ങളിലെ പരമ്പരാഗത ആചാരമാണ്. മക്കള്‍ക്ക് ഗുരുവായൂരിലും ചോറ്റാനിക്കരയിലും കൊണ്ടുപോയി ചോറുകൊടുക്കുക, മൂകാംബികയിലും പനച്ചിക്കാട്ടും കൊണ്ടുപോയി എഴുത്തിനിരുത്തുക, ആറ്റുകാലിലും ചക്കുളത്ത്കാവിലും പൊങ്കാല ഇടുക,  പറശ്ശിനിക്കടവില്‍ പോയി മുത്തപ്പന് നേദിക്കുക, കാടാമ്പുഴയില്‍ പോയി മുട്ടറക്കുക, മണ്ണാറശാലയില്‍  ഉരുളി കമഴ്ത്തുക, 41 ദിവസം വ്രതം എടുത്തു മലകയറി അയ്യപ്പനെ ദര്‍ശിക്കുക എന്നിവയെല്ലാം  കാലാകാലങ്ങളായി  സി.പി.എമ്മുകാരും അല്ലാത്തവരും ഒക്കെ അനുഷ്ഠിക്കുന്നതാണ്. അതിന്‍െറ പേരില്‍ ആരെയും സി.പി.എമ്മില്‍നിന്ന് പുറത്താക്കിയിട്ടില്ല. കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ പി.  ഗോവിന്ദപിള്ള   കറുത്ത മുണ്ടുടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമല കയറിയതിന്‍െറ പേരില്‍ അദ്ദേഹത്തിലെ കമ്യൂണിസം ഒലിച്ചുപോയിരുന്നില്ല. മരണംവരെ പി.ജി മാര്‍ക്സിസ്റ്റ് ആയിരുന്നു.
മതം ഉള്ളവനും ഇല്ലാത്തവനും ദൈവത്തില്‍ വിശ്വസിക്കുന്നവനും വിശ്വസിക്കാത്തവനുമെല്ലാം ഇടംകിട്ടുന്ന പാര്‍ട്ടിയാണ് സി.പി.എം. എന്നാല്‍, ഹിന്ദുത്വ വാദികള്‍ ചാര്‍ത്തിയ ദൈവവിരുദ്ധര്‍ എന്ന ലേബല്‍ സി.പി.എമ്മുകാരെ എക്കാലത്തും നിഴല്‍പോലെ പിടികൂടിയിട്ടുള്ള ഒന്നാണ്. അതില്‍നിന്ന് മറികടക്കാന്‍ പാര്‍ട്ടി നടപ്പാക്കിയ പദ്ധതികള്‍ പലപ്പോഴും ചക്കിനുവെച്ചത് കൊക്കിനുകൊണ്ട അവസ്ഥയിലാകുന്നു. വിശ്വാസത്തിന്‍െറ മറവില്‍ ആര്‍.എസ്.എസ് നടത്തുന്ന  മുതലെടുപ്പ് തടയാനാണ്  സി.പി.എം ഇത്തവണ ശ്രീകൃഷ്ണ ജയന്തി ഓണം സമാപനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. ക്ഷേത്രങ്ങളില്‍ പിടിമുറുക്കുന്ന ആര്‍.എസ്.എസ് ശൈലി നേരിടാന്‍ ക്ഷേത്ര കമ്മിറ്റികളില്‍ കയറിക്കൂടാന്‍ മുമ്പ് പാര്‍ട്ടി രഹസ്യനിര്‍ദേശം കൊടുത്തിരുന്നു. അയ്യപ്പസേവാ സംഘങ്ങളിലും ദേവസ്വം കമ്മിറ്റികളിലും കമ്യൂണിസ്റ്റുകള്‍ നുഴഞ്ഞുകയറിയത് അതിന്‍െറ ഭാഗമായാണ്. ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും ആര്‍.എസ്.എസുകാര്‍ ശ്രീകൃഷ്ണ ജയന്തി ഗംഭീരമായി ആഘോഷിക്കുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും നടത്തുന്ന ശോഭായാത്രകളില്‍ പങ്കെടുക്കുന്നവരും അത് കാണാന്‍ റോഡരികില്‍ നിറഞ്ഞുനില്‍ക്കുന്നവരും അടുത്ത കാലംവരെ സമ്പൂര്‍ണ ഹിന്ദുത്വവാദികളായിരുന്നില്ല. എല്ലാതരം ആളുകളും അതില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിന്‍െറ സ്വഭാവത്തില്‍ മാറ്റംവന്നു. തീര്‍ത്തും സംഘ്പരിവാര്‍ പരിപാടിയായി അത് പരിണമിച്ചു. അത്തരമൊരു  സാഹചര്യത്തിലാണ് ഇത്തവണ ശ്രീകൃഷ്ണ ജയന്തി  ഓണാഘോഷ സമാപനത്തിനു സി.പി.എം തെരഞ്ഞെടുത്തത്. എന്നാല്‍, ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, പണി പാളിപ്പോയി.  
 ഓണാഘോഷത്തിനു സാധാരണ മാവേലിയാണ് പ്രത്യക്ഷപ്പെടാറുള്ളതെങ്കില്‍ സി.പി.എം പരിപാടിയില്‍ പലേടത്തും അത് ശ്രീകൃഷ്ണനായി മാറി. ഫലത്തില്‍ അതു ശോഭായാത്രയായി വ്യാഖ്യാനിക്കപ്പെട്ടു. സി.പി.എം കൃഷ്ണജയന്തി ആഘോഷിച്ചെന്ന പ്രചാരണം  വ്യാപകമായി. കൃഷ്ണജയന്തി അല്ല ഓണം സമാപനമാണ് ആഘോഷിച്ചതെന്ന  പാര്‍ട്ടി വിശദീകരണം പ്രവര്‍ത്തകരെ പോലും തൃപ്തിപ്പെടുത്തിയില്ല. ഒരു ആഘോഷവും ആരുടെയും കുത്തക അല്ളെങ്കിലും സി.പി.എം ഏറ്റെടുത്തു നടത്തേണ്ട പരിപാടിയാണോ ഇതെന്ന സന്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായി.
ഇതിനിടയിലാണ് ശ്രീനാരായണ ഗുരുവിനെ സി.പി.എം കുരിശില്‍ തറച്ചെന്ന പ്രചാരണം കൂനിന്മേല്‍ കുരുപോലെ വന്നത്. തളിപ്പറമ്പിനടുത്ത കൂവാട്ട് എന്ന സ്ഥലത്ത് പ്രാദേശിക സി.പി.എം പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍  നടത്തിയ ഘോഷയാത്രയിലെ ഒരു ഫ്ളോട്ട് ആയിരുന്നു അത്.      
കുരിശില്‍ തറച്ച ഗുരുദേവന്‍െറ ഇരു കൈകളിലും ഒരു മഞ്ഞ വസ്ത്രധാരിയും കാവിവസ്ത്രധാരിയും ചേര്‍ന്ന് ആണിയടിക്കുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് ഉദ്ഘോഷിച്ച ഗുരുദേവന്‍െറ കൈയില്‍ പല ജാതി പല മതം പല ദൈവം എന്നെഴുതിയ പ്ളക്കാര്‍ഡും കാണാം. ആര്‍ എസ് എസും എസ്.എന്‍. ഡി.പിയും ചേര്‍ന്ന് ഗുരുവിനെ കുരിശിലേറ്റുന്ന സമകാല ദുരന്തം അതിശക്തമായി വരച്ചുകാട്ടിയ  ഫ്ളോട്ട് ആയിരുന്നു അത്. അമിത് ഷായും പ്രവീണ്‍ തൊഗാഡിയയും വെള്ളാപ്പള്ളി നടേശനും ചേര്‍ന്ന് എസ്.എന്‍.ഡി.പിയിലൂടെ ഈഴവ സമൂഹത്തെ സംഘ്പരിവാറിലേക്ക് റിക്രൂട്ട് ചെയ്യാന്‍ തയാറാക്കിയ നിഗൂഢപദ്ധതി കേരളീയ സമൂഹത്തില്‍ തുറന്നു കാട്ടപ്പെട്ട സാഹചര്യത്തില്‍ ഇത്തരത്തിലൊരു നിശ്ചലദൃശ്യത്തിന്‍െറ സമകാലിക പ്രസക്തി വളരെ വലുതായിരുന്നു. എന്നാല്‍, മലയാള മനോരമ ദിനപത്രം അതൊരു മഹാ അപരാധമായി ചിത്രീകരിച്ചു വാര്‍ത്ത കൊടുക്കുകയും ടി.വി ചാനലുകള്‍ അതേറ്റെടുക്കുകയും ചെയ്തതോടെ വല്ലാതെ പരിഭ്രമിച്ചുപോയി സി.പി.എം.  ശ്രീനാരായണ ഗുരുവിനെ വെള്ളാപ്പള്ളി നടേശനും ആര്‍.എസ്.എസും ചേര്‍ന്ന് കുരിശില്‍ തറക്കുകയാണെന്ന് വെട്ടിത്തുറന്നു പറയേണ്ടതിനു പകരം കുറ്റം ഏറ്റെടുത്തു  ക്ഷമാപണം നടത്തുകയാണ് പാര്‍ട്ടി ചെയ്തത്. ഗുരുദേവനെ സി.പി.എമ്മുകാര്‍ കുരിശില്‍ തറച്ചെന്ന ആരോപണം ഉന്നയിച്ച് മുതലെടുക്കാന്‍ വെള്ളാപ്പള്ളിക്ക് അവസരവുമായി.
ശ്രീനാരായണ ദര്‍ശനം നടേശ ദര്‍ശനമായി പരിണമിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഗുരുവിന്‍െറ ചിന്തകളില്‍നിന്ന് എത്രയോ കാതം അകലെയാണ് എസ്.എന്‍.ഡി.പി.  ഗുരു ജീവിച്ചിരിക്കുമ്പോള്‍തന്നെ ഇതു തിരിച്ചറിഞ്ഞിരുന്നു എന്നതാണ് പരമാര്‍ഥം. നമുക്ക് ജാതി ഇല്ല എന്നുപറഞ്ഞ ഗുരുവിനെ എസ്.എന്‍.ഡി.പി ജാതി നേതാവാക്കി മാറ്റി. ഈഴവരുടെ ദൈവവുമാക്കി. സമാധി അടയുന്നതിനു മുമ്പ് എസ്.എന്‍.ഡി.പി യുമായുള്ള ബന്ധം ഗുരു വിച്ഛേദിച്ചിരുന്നു. ഇക്കാര്യം ഡോ. പല്‍പ്പുവിനെ അദ്ദേഹം രേഖാമൂലം അറിയിച്ചിരുന്നു. യോഗത്തിന് ജാത്യഭിമാനം വര്‍ധിച്ചുവരുന്നതിനാല്‍ മുമ്പേതന്നെ മനസ്സില്‍നിന്നു വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും യോഗത്തെ അകറ്റിനിര്‍ത്തുന്നു എന്നാണ് ഗുരു ഡോ . പല്‍പ്പുവിന് എഴുതിയത്. അവസാന കാലത്ത് ഗുരുവിനെ കുറച്ചൊന്നുമല്ല എസ്.എന്‍.ഡി.പി വട്ടംകറക്കിയത്. ഗുരുവിന്‍െറ ഒസ്യത്ത് നിയമാനുസൃതം അല്ളെന്നു പറഞ്ഞ് അദ്ദേഹത്തിനെതിരെ കേസ് കൊടുത്തു. മരണശേഷവും ഗുരുവിനെ വെറുതെ വിട്ടില്ല. അദ്ദേഹത്തിന്‍െറ 41ാം ചരമദിന ആചരണം വരെ തടസ്സപ്പെടുത്തി.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടത്തിയ ഇടപെടല്‍ കുറേ ഈഴവ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചോരാന്‍ ഇടയാക്കിയിരുന്നു. സി.പി.എമ്മിന്‍െറ ശക്തിസ്രോതസ്സായ ഈഴവ സമൂഹത്തില്‍ കടന്നുകയറി പാര്‍ട്ടി വളര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം ബി.ജെ.പിക്ക് കൈ വന്നിട്ടുണ്ട്. അതിനു വേണ്ടി വെള്ളാപ്പള്ളിയുമായി വ്യാപാര ഉടമ്പടിയും ഉണ്ടായിക്കഴിഞ്ഞു. ഇതു സി.പി.എമ്മിനെ വലിയതോതില്‍  അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. വെള്ളാപ്പള്ളിയും ബി.ജെ.പിയും കൈകോര്‍ത്ത് ഈഴവരെ സംഘ്പരിവാറിലേക്ക് തെളിച്ചു കൊണ്ടു പോകുന്നതിനെതിരെ ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്തേണ്ടതിനുപകരം അവരെ അനുകരിക്കുകയും മൃദുഹിന്ദുത്വശൈലി സ്വീകരിക്കുകയും ചെയ്യുന്നത് സി.പി.എമ്മിനെപോലൊരു മതേതര പാര്‍ട്ടിക്ക് ഭൂഷണമല്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.