ഭരണകൂടമേ, എന്നു നിര്‍ത്തലാക്കും ഈ പുറം കരാര്‍ വധശിക്ഷകള്‍

ഇടുങ്ങി നിറഞ്ഞ ഒരു കോടതിമുറിയെ അനുസ്മരിപ്പിക്കുന്ന ഹാളിലിരുന്ന് രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കണമെന്ന ദേശീയ നിയമ കമീഷന്‍െറ ശിപാര്‍ശ ചെയര്‍മാന്‍ ജസ്റ്റിസ് എ.പി. ഷാ വായിച്ചു കേള്‍പിക്കുന്നത്  ശ്വാസമടക്കി കേട്ടുനിന്നു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരുവനെ നിരപരാധിയെന്ന് ബോധ്യപ്പെട്ട് മേല്‍കോടതി വെറുതേ വിടുമ്പോഴുണ്ടാവുന്ന ആശ്വാസാഹ്ളാദമായിരുന്നു അപ്പോഴെനിക്ക്. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന ശിക്ഷാ രീതി നമ്മുടെ നാടിന്‍െറ ഭരണഘടനയോട് നീതിചെയ്യുന്നതല്ളെന്നും നടപ്പാക്കിയ ശേഷം തെറ്റുതിരുത്താനാവില്ളെന്നുമുള്ള നിയമ കമീഷന്‍െറ പ്രഖ്യാപനം കുറ്റം തെളിഞ്ഞില്ളെങ്കിലും സമൂഹ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വധശിക്ഷ വിധിക്കപ്പെട്ട മനുഷ്യരോട് ഏറെ വൈകി നടത്തുന്ന ഒരു  പ്രായശ്ചിത്വാര്‍ഥന കൂടിയായിരുന്നു.  ഈ ശിപാര്‍ശ സ്വീകരിക്കപ്പെടുമോ എന്ന് ഉറപ്പിക്കാനായിട്ടില്ല. എന്നിരിക്കിലും കുറ്റാരോപിതരോട് പ്രതികാരം തീര്‍ക്കലില്‍നിന്ന് വേദന അനുഭവിച്ചവര്‍ക്ക് നീതി നടപ്പാക്കി നല്‍കാനുള്ള നടപ്പാതയിലേക്ക് ചുവടുവെച്ചിരിക്കുന്നു നിയമസംവിധാനം. പക്ഷേ എത്ര നേരം നിലനില്‍ക്കും ഈ ആശ്വാസം? പൊലീസിറങ്ങിയും കച്ചേരികൂടിയും ആഘോഷമായി നടത്തിപ്പോരുന്ന കഴുവേറ്റലുകള്‍ നിര്‍ത്തലാക്കാന്‍ മാത്രമാണ് ഈ ശിപാര്‍ശ ഉപകരിക്കൂ എന്ന തിരിച്ചറിവ് എത്രവലിയ ശുഭവിശ്വാസിയുടേയും തല താഴ്ത്തിക്കളയും, ചിരി മായ്ച്ചുകളയും.

കലാപം കത്തുമ്പോഴും മൗനത്തിന്‍െറ പുതപ്പിനുള്ളില്‍ കണ്ണടച്ചു കിടക്കുന്നതില്‍ സുഖം കണ്ടുതുടങ്ങിയ നമുക്കിടയില്‍ ഉറങ്ങാതിരുന്ന് ഉറക്കെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരുമ്പെട്ടവരെ ഭരണകൂടത്തിന്‍െറ ആശീര്‍വാദത്തോടെ, നീതിപാലകരുടെ ഒത്താശയോടെ, മാധ്യമങ്ങളുടെ ഇരുട്ടുനിറപ്പ് പിന്തുണയോടെ ഒന്നേക്കൊന്നായി കൊന്നുതള്ളുന്ന ശിക്ഷാ സമ്പ്രദായമുണ്ടല്ളോ, അത് അരുതെന്ന് പറയാന്‍ ഏതു കമീഷനുണ്ട്? കോടതിയുണ്ട്?.
77 പിന്നിട്ടൊരു ജ്ഞാനിയുടെ ശിരസ്സു പിളര്‍ക്കുന്ന വെടിശബ്ദം കേട്ട് പകച്ച് പറന്നു പോയ പറവക്കൂട്ടങ്ങള്‍ ചില്ലകളിലേക്ക് ഇനിയും തിരിച്ചു കയറിയിട്ടില്ല. രാജ്യത്തിന്‍െറ സമ്പന്നതയെയും സര്‍ക്കാറിന്‍െറ ഹൃദയവിശാലതയെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്ത് പറഞ്ഞ അതേ ദിവസം -2105 ആഗസ്റ്റ് 30ന്‍െറ ഞായറാഴ്ച രാവിലെ ഒളിച്ചു പാത്ത് വീട്ടിലത്തെിയ ഭീരുക്കളായ അക്രമികള്‍ ഡോ. മല്ളേശപ്പ മടിവളപ്പ കല്‍ബുര്‍ഗിയെ വധിച്ചത് യാദൃച്ഛികമാവാം. അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തതാണ് ഡോ. കല്‍ബുര്‍ഗിയെ മതാന്ധതയുടെ തിമിരം ബാധിച്ചവരുടെ ശത്രുവാക്കി മാറ്റിയത്. സമാനമായ പാതകം ചെയ്ത സഖാവ് ഗോവിന്ദ് പന്‍സാരെ എന്ന 81 വയസ്സുള്ള വിപ്ളവകാരിയെ ഈ വര്‍ഷം ഫെബ്രുവരി 20നാണ്  മഹാരാഷ്ട്രയില്‍ ഫാഷിസ്റ്റുകള്‍ വെടിവെച്ചു വീഴ്ത്തിയത്. കല്‍ബുറഗി ചോദ്യം ചെയ്തത് വിഗ്രഹാരാധനയെയെങ്കില്‍ വിഗ്രഹവത്കരിക്കപ്പെട്ട ശിവജിയുടെ നേരു തേടുകയായിരുന്നു പന്‍സാരെ.

മഹാരാഷ്ട്രയില്‍ അനാചാരങ്ങള്‍ക്കെതിരെ പൊരുതിയ, മന്ത്രവാദവിരുദ്ധ ബില്ലിനു വേണ്ടി പ്രയത്നിച്ച ഡോ. നരേന്ദ്ര ദാഭോല്‍കറിനെ ഫാഷിസത്തിന്‍െറ ദുര്‍ഭൂതങ്ങള്‍ വെടിവെച്ചു കൊന്നിട്ട് ഇക്കഴിഞ്ഞ ആഗസ്റ്റ് 20ന് രണ്ടു വര്‍ഷം പിന്നിടുന്നു.ആരാണ് കൊലക്കു പിന്നിലെന്ന് നമുക്കെല്ലാം അറിയാം.പക്ഷേ അന്വേഷണ സംഘങ്ങള്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. തീവ്രവാദ കേസില്‍ കുടുങ്ങി തുറുങ്കിലടക്കപ്പെടുകയും മോചിതനായ ശേഷം കള്ളക്കേസുകളില്‍ കുടുക്കപ്പെട്ട ഭരണകൂട ഭീകരതയുടെ ഇരകളുടെ നീതിക്കായി വാദിക്കുകയും ചെയ്ത അഡ്വ. ഷാഹിദ് ആസ്മിയെ വധിച്ചതും സമാനമായ രീതിയില്‍, സമാനമായ ശക്തികള്‍. അന്വേഷണത്തിനും സമാന ഗതി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി വാദിച്ച ദത്താ സാമന്തിനെ, ഖനന കുത്തകകളുടെ ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തിയ ശങ്കര്‍ ഗുഹാ നിയോഗിയെ, ബിഹാറിലെ ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരെ നെഞ്ചൂക്ക് കാണിച്ച ചന്ദ്രശേഖറെ.... ഇവരെ ഇല്ലാതാക്കുക എന്നത് അവരുടെ വാക്കിനെയും നോക്കിനെയും മാത്രമല്ല നിഴലിനെപ്പോലും ഭയപ്പെട്ട ഭരണകൂടത്തിന്‍െറ, മത വര്‍ഗീയ ശക്തികളുടെ, മുതലാളിത്ത ഗര്‍വിന്‍െറ ആവശ്യവും താല്‍പര്യവുമായിരുന്നു. ആകയാല്‍ ഇവരെ വധശിക്ഷക്കിരയാക്കുക എന്ന ജോലി പുറംകരാര്‍ വ്യവസ്ഥ പ്രകാരം നടപ്പാക്കിയെടുത്തു നമ്മുടെ പൊതു മനസ്സാക്ഷി.  ഈ ഒൗട്ട്സോഴ്സിങ് രീതിക്ക് എന്നാണ് അവസാനമുണ്ടാവുക? അതിനറുതി വരുത്തുമ്പോഴല്ളേ വധശിക്ഷ ഇല്ലാതാക്കിയെന്ന് നമുക്ക് ആശ്വസിക്കാനാവൂ.

ഒന്നുണ്ട്, വെടിയുണ്ടകള്‍ ചോദ്യങ്ങള്‍ക്ക് . എന്ന വിരാമ ചിഹ്നമല്ല മറിച്ച് ... എന്ന തുടര്‍ ചിഹ്നമാണ് നല്‍കുന്നതെന്ന് ഭീരുക്കള്‍ മറന്നുപോകുന്നു. വിവരാവകാശ നിയമം നടപ്പാക്കി പത്തു കൊല്ലം പിന്നിടുമ്പോള്‍ വിവരങ്ങള്‍ തേടിപ്പോയതിന്‍െറ പേരില്‍ ഉയിരു നഷ്ടപ്പെട്ടവരുടെ എണ്ണം നാല്‍പത്. ക്രൂരമായി ആക്രമിക്കപ്പെട്ടവര്‍ നാനൂറിലേറെ. പാവങ്ങളുടെ പേരില്‍ ചെലവിട്ടെന്നു അവകാശപ്പെടുന്ന പണത്തിന്‍െറ പദ്ധതി തിരിച്ച കണക്കു ചോദിച്ച ബിഹാറിലെ അഡ്വ. രാംകുമാര്‍ താക്കൂര്‍, നഗരവികസന നാടകങ്ങള്‍ പൊളിച്ചടുക്കിയ മുംബൈയിലെ പ്രേംനാഥ് ഝ, ഗുജറാത്തിലെ ഗിര്‍ വനമേഖലയില്‍ നടന്ന അനധികൃത ഖനനത്തിനെതിരെ നിലകൊണ്ട അമിത് ജെത്വ.... കൊന്നുകുഴിച്ചു മൂടിയിട്ടും വിത്തുകള്‍പോലെ അവര്‍ വീണ്ടും പൊട്ടിമുളച്ചു. അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ കാറ്റുപോലും പാട്ടായി മൂളിക്കൊണ്ടേയിരിക്കുന്നു. മധ്യപ്രദേശിലെ വ്യാപം അഴിമതി വിളിച്ചു പറഞ്ഞ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ 45 പേരാണ് ഒൗട്ട്സോഴ്സ്ഡ് വധശിക്ഷക്കിരയായത്. ബാലികയെ ബലാല്‍സംഗം ചെയ്ത കേസില്‍ വിചാരണ നേരിടുന്ന കുപ്രസിദ്ധ ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെ സാക്ഷി പറഞ്ഞ മൂന്നുപേര്‍ പൊലീസ് സംരക്ഷണത്തിലിരിക്കെ കൊല്ലപ്പെട്ടു.

ജീവനു ഭീഷണിയില്ലാതെ പൊതു പ്രവര്‍ത്തനവും ആശയപ്രചാരണവും അക്കാദമിക അന്വേഷണങ്ങളും നടത്താന്‍ സുരക്ഷിതമായ ഇടം കേരളം മാത്രമെന്ന് ആശ്വസിക്കുന്നുണ്ടോ നിങ്ങളിലാരെങ്കിലും? എങ്കില്‍ മതമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന സമ്പ്രദായങ്ങളുടെ ആധികാരികത സംബന്ധിച്ച ചോദ്യമുതിര്‍ത്ത ചേകനൂര്‍ മൗലവിക്ക് സംഭവിച്ചതെന്തെന്ന് പറഞ്ഞു തരൂ. പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരെ വ്യാജ ആരോപണങ്ങള്‍ ചുമത്തി തുറു ങ്കിലടക്കാന്‍ കാട്ടുന്ന വ്യഗ്രത കണ്ടാലറിയാം- ഇവിടെയും അവര്‍ ഉന്നം പിടിച്ചുതുടങ്ങിയെന്ന്.
ജയിച്ചു നില്‍ക്കണം രാജ്യമേ, എല്ലാ നേരും നെറിവും ചോര്‍ന്നു പോയി നാണം കെട്ട് താണുപോകുമ്പോഴും എഴുന്നു നില്‍ക്കാന്‍ ഞങ്ങളിപ്പോഴും ഉയരങ്ങളിലാണെന്നു വീമ്പുപറയാന്‍ തലകുനിക്കാതെ മരണത്തെ വരിച്ച,  മനുഷ്യരുടെ ശരീരങ്ങള്‍ ആവോളമുണ്ട്. മണ്ണും പുഴുക്കളും അഗ്നിനാളങ്ങളും വിഴുങ്ങാന്‍ ധൈര്യപ്പെടാത്ത അവരുടെ ഉറച്ച ചങ്കും തലച്ചോറുമുണ്ട്. അതിന്‍മേല്‍ ചവിട്ടിനിന്ന് നമുക്കിനിയും ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും ഭരണഘടനാമൂല്യങ്ങളെക്കുറിച്ചും ദേശഭക്തി ഗാനങ്ങള്‍ പാടാം!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.