ഫയര്‍മാന്‍

സാര്‍വത്രികമായ അഴിമതിയുടെ കാലത്ത് സത്യം വിളിച്ചുപറയുന്നത് വിപ്ളവപ്രവര്‍ത്തനമാണ് എന്നുപറഞ്ഞത് ‘അനിമല്‍ ഫാം’, ‘1984’ എന്നീ വിഖ്യാത രചനകളുടെ കര്‍ത്താവ് ജോര്‍ജ് ഓര്‍വല്‍ ആണ്. ജേക്കബ് തോമസ് എന്ന ഐ.പി.എസുകാരന്‍ ഓര്‍വലിനെ വായിച്ചിട്ടുണ്ട് എന്ന് വ്യക്തം. അല്ളെങ്കില്‍ പാറ്റൂര്‍ ഭൂമികൈയേറ്റ കേസില്‍ ലോകായുക്തക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ ആ ഓര്‍വലിയന്‍ വചനം ആമുഖമായി ചേര്‍ക്കുമായിരുന്നില്ലല്ളോ. ഭരണകൂടത്തിന്‍െറ അഴിമതിക്കും ജനവഞ്ചനക്കും സമഗ്രാധിപത്യത്തിനുമെതിരെ വാക്കുകള്‍കൊണ്ട് ശക്തമായി പൊരുതിയ ഓര്‍വല്‍ എന്ന എഴുത്തുകാരനെ വായിച്ച ഒരാള്‍ ഉദ്യോഗസ്ഥനായിരുന്നാലുള്ള അപകടം ചില്ലറയല്ല. അത്തരമൊരു ദുരന്തത്തിനാണ് നാമിപ്പോള്‍ സാക്ഷ്യംവഹിക്കുന്നത്. ജേക്കബ് തോമസിനെ പന്തുതട്ടുന്ന പോലെയാണ് സര്‍ക്കാര്‍ തട്ടിക്കളിക്കുന്നത്. അടിക്കടി സ്ഥലംമാറ്റുന്നു, തരംതാഴ്ത്തുന്നു. സത്യം പറയുന്ന വിപ്ളവപ്രവര്‍ത്തനം നടത്തി എന്നതാണ് കുറ്റം. ഇപ്പോള്‍ കാരണംകാണിക്കല്‍ നോട്ടീസ് കിട്ടിയിട്ടുണ്ട്. സര്‍ക്കാറിനെതിരെ ആരോപണമുന്നയിച്ചതിന് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം.
അക്ഷരവിരോധികളായ കോണ്‍ഗ്രസുകാരൊന്നും ‘അനിമല്‍ ഫാം’ വായിച്ചിട്ടുണ്ടാവില്ല. ഓര്‍വല്‍ അലിഗറിയായി അവതരിപ്പിച്ച അനിമല്‍ ഫാം ആണല്ളോ ലോകത്ത് എല്ലായിടത്തുമുള്ള ഭരണകൂടങ്ങള്‍. ഒരുകൂട്ടം പന്നികള്‍ തീരുമാനമെടുക്കുകയും മറ്റുള്ളവര്‍ അനുസരിക്കുകയുംചെയ്യുന്ന രീതിയിലാണ് ഓര്‍വലിന്‍െറ ഫാമില്‍ കാര്യങ്ങളുടെ പോക്ക്. അധികാര ദുര്‍വിനിയോഗം ചെയ്യുന്ന നെപ്പോളിയന്‍ എന്ന പന്നിയാണ് അവിടത്തെ അനിഷേധ്യ നേതാവ്. അയാള്‍ താന്‍ ചെയ്യുന്നതെല്ലാം മറ്റുള്ള മൃഗങ്ങള്‍ക്കു മുന്നില്‍ ന്യായീകരിക്കുന്നുണ്ട്. ഇങ്ങനെയൊരു ഫാമില്‍ ഉദ്യോഗസ്ഥനായിരിക്കേണ്ടി വന്നുവെന്നതാണ് ജേക്കബ് തോമസിന്‍െറ ഗതികേട്. സത്യം വിളിച്ചുപറഞ്ഞ് വിപ്ളവപ്രവര്‍ത്തനം നടത്തുന്ന ജേക്കബ് തോമസ് സര്‍ക്കാറിന് ഒരു തീരാത്തലവേദനയാണ്. അതുകൊണ്ട് വാര്‍ത്താസമ്മേളനം വിളിച്ച് ഉദ്യോഗസ്ഥന്‍െറ കുറ്റങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. പരാതികള്‍ ഒരുപാടു കിട്ടിയിട്ടുണ്ടത്രെ.
എന്നാല്‍, വൈകാതെ ആ പെരുംകള്ളം പൊളിഞ്ഞു. വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയില്‍ അതുകാണാം. മാധ്യമറിപ്പോര്‍ട്ടുകളും വാക്കാലുള്ള പരാതിയും മാത്രമേ ജേക്കബ് തോമസിനെതിരെ കിട്ടിയിട്ടുള്ളൂ. ആകാശസൗധങ്ങള്‍ കെട്ടിപ്പൊക്കുന്ന വന്‍കിട ഫ്ളാറ്റ് ലോബിയുടേതാണ് പരാതി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 60 ഫ്ളാറ്റുകള്‍ക്കെതിരെ നടപടിയെടുത്തതാണ് പ്രകോപനം. ജനങ്ങളുടെ സുരക്ഷയല്ല, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് പ്രശ്നം. ബില്‍ഡിങ് കോഡ് പാലിക്കാത്ത കെട്ടിടങ്ങള്‍ക്ക് എന്‍.ഒ.സി നിഷേധിച്ച് സര്‍ക്കുലറിറക്കിയ ഉദ്യോഗസ്ഥനെതിരെ വന്‍ പടയൊരുക്കം തന്നെയുണ്ടായി. അങ്ങനെ പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലേക്ക് തരംതാഴ്ത്തി. അഗ്നിശമനസേന വിഭാഗം മേധാവിയായിരുന്ന ആളാണ്. മാധ്യമങ്ങളോട് സര്‍ക്കാറിനെതിരെ തീതുപ്പിയെന്നാണ് ആരോപണം. സത്യം എന്ന ഫയര്‍ ആര്‍ക്കും അണക്കാന്‍ കഴിയുന്നതല്ളെന്ന് അനിമല്‍ ഫാമിന്‍െറ അനിഷേധ്യ നേതാക്കള്‍ക്ക് അറിയില്ല. ജേക്കബ് തോമസ് കൊളുത്തിവിട്ട തീയും പുകയും അത്രപെട്ടെന്ന് അണയാത്തത് അതുകൊണ്ടാണ്.
ജനിച്ചത് ഈരാറ്റുപേട്ടയിലെ കര്‍ഷക കുടുംബത്തില്‍. അതുകൊണ്ടുതന്നെ പഠിച്ചത് കൃഷിയാണ്. ബിരുദം കൊടുത്തത് വെള്ളായണി കാര്‍ഷിക കോളജ്. ഡല്‍ഹി കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയപ്പോള്‍ തോന്നി, കൃഷിയെക്കാള്‍ നല്ലത് പൊതുസേവനമാണെന്ന്. അങ്ങനെ 25ാം വയസ്സില്‍ ഇന്ത്യന്‍ പൊലീസ് സര്‍വിസില്‍ ചേര്‍ന്നു. ഒരു കസേരയിലും അധികകാലമിരിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.  തുടങ്ങിവെച്ച ഒന്നും തീര്‍ക്കാനും സമ്മതിച്ചിട്ടില്ല.
1987ല്‍ കാസര്‍കോട് എ.എസ്.പി ആയിരിക്കെ ഹംസ വധക്കേസ് അന്വേഷിച്ച കാലത്തു തുടങ്ങിയതാണ് ഈ നിയോഗം. പ്രതികളെ പിടിക്കുമെന്നായപ്പോള്‍ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൊടുത്തു. പിന്നീട് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയും പാലക്കാട് മുട്ടിക്കുളങ്ങര ക്യാമ്പില്‍ കമാന്‍ഡന്‍റും പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ എം.ഡിയുമൊക്കെയായി. പഠിച്ച കാര്‍ഷികസര്‍വകലാശാലയിലെ രജിസ്ട്രാറാവാന്‍ ഉത്തരവിറങ്ങുമ്പോള്‍ വയസ്സ് 29.  ശിഷ്യന്‍െറ കീഴില്‍ ജോലിചെയ്യാന്‍ നാണക്കേടു തോന്നിയ ഗുരുക്കന്മാര്‍ പാരവെച്ചപ്പോള്‍ ഉത്തരവ് റദ്ദായി. പ്ളാന്‍േറഷന്‍ കോര്‍പറേഷനില്‍ ആറുകൊല്ലമിരുന്ന ശേഷം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എസ്.പിയായി.
പന്തളം കോളജ് പീഡനക്കേസിലെ ഉന്നതരുടെ പങ്ക് കണ്ടത്തെിയപ്പോള്‍ ചുമതലയില്‍നിന്ന് നീക്കി. 1997ല്‍ എറണാകുളം സിറ്റി പൊലീസ് കമീഷണറായി. കമീഷണര്‍ ഭരത്ചന്ദ്രന്‍ ഐ.പി.എസിനെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച് ഉന്നതരുടെ നോട്ടപ്പുള്ളിയായി മാറിയത് അക്കാലത്താണ്. രാമവര്‍മ ക്ളബില്‍ പണംവെച്ച് ശീട്ടുകളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനടക്കം 40 പേരെ റെയ്ഡില്‍ പിടികൂടി. പിടിച്ചെടുത്തത് മൂന്നുലക്ഷം രൂപയും ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും. അതോടെ പരാതികളുടെ പ്രളയമായി. 2004ലാണ് സിവില്‍ സപൈ്ളസ് ഡയറക്ടറായത്. അഴിമതി കണ്ടത്തൊന്‍ റെയ്ഡ് തുടങ്ങിയതോടെ അവിടെനിന്ന് തെറിപ്പിച്ചു. 2006ല്‍ സപൈ്ളകോയുടെ എം.ഡി സ്ഥാനമൊഴിഞ്ഞപ്പോഴും വിജിലന്‍സിലും സര്‍ക്കാറിലും പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു.
ഇന്ത്യന്‍ പൊലീസ് സര്‍വിസിലാണ് പണിയെങ്കിലും കാക്കിയിടാന്‍ അധികം യോഗമുണ്ടായിട്ടില്ല. 20 കൊല്ലത്തോളം ഹാംഗറില്‍ യൂനിഫോം തൂങ്ങിയിട്ടേയില്ല. 30 കൊല്ലത്തെ സേവനകാലത്തിനിടയില്‍ ക്രമസമാധാനത്തിന്‍െറ ചുമതല കിട്ടിയത് കേവലം മൂന്നുകൊല്ലം. ഇക്കാലയളവില്‍ വെറുതെയിരുന്നിട്ടില്ല. നാലുകൊല്ലം അവധിയെടുത്ത് അഹ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ പോയി പഠിച്ചു. അങ്ങനെ എം.ബി.എക്കാരനായി. കേരള സര്‍വകലാശാലയുടെ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ കോഴ്സ് ഒന്നാം റാങ്കോടെ പാസായി. ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ സാക്ഷിമൊഴി അവഗണിക്കാനാവില്ളെന്ന ശക്തമായ നിലപാടാണ് മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനിടയാക്കിയത്. ബാറുടമകളെ കണ്ടിട്ടുപോലുമില്ളെന്ന് ആദ്യമൊഴി നല്‍കി വെട്ടിലായ മാണിയെ രണ്ടാംവട്ടം ചോദ്യംചെയ്യാനൊരുങ്ങിയപ്പോള്‍ ആ ചുമതലയില്‍നിന്ന് മാറ്റി.
ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന് ഉറപ്പുണ്ട്.  സിവില്‍ സപൈ്ളസ് കോര്‍പറേഷനിലെ  കരാര്‍ മാഫിയക്കെതിരെ  അന്വേഷണം പ്രഖ്യാപിപ്പിച്ചതിനെ തുടര്‍ന്ന് ഭീഷണിയുയര്‍ന്നപ്പോള്‍ വിസില്‍ ബ്ളോവര്‍ സംരക്ഷണം കിട്ടിയ രാജ്യത്തെ വിരലിലെണ്ണാവുന്നവരില്‍ ഒരാളാണ്. ഭാര്യ ഡെയ്സി.  മൂത്ത മകള്‍ ഷോബിത കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ എം.ആര്‍ക്കിന് പഠിക്കുന്നു. രണ്ടാമത്തെ മകള്‍ നിഹാരിക കൊച്ചിയില്‍ 12ാം ക്ളാസില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.