എഴുപതിന്‍െറ നിറവിലും പ്രതീക്ഷ തരാതെ യു.എന്‍

രണ്ടാംലോകയുദ്ധം കൊടുമ്പിരികൊണ്ട ചരിത്രത്തിന്‍െറ നിര്‍ണായക സന്ധിയില്‍, അച്ചുതണ്ട് ശക്തികള്‍ക്കെതിരായ പോരാട്ടം  ഊര്‍ജിതമാക്കുന്നതിനു വേണ്ടി യു.എസ് പ്രസിഡന്‍റ് ഫ്രാങ്ക്ലിന്‍ ഡി. റൂസ്വെല്‍റ്റിന്‍െറ നേതൃത്വത്തില്‍ 26 രാജ്യങ്ങള്‍ 1942 ജനുവരി ഒന്നിന് സമ്മേളിച്ച് രൂപംകൊടുത്ത ഐക്യരാഷ്ട്രങ്ങളുടെ പ്രഖ്യാപനമാണ് 1945 ഒക്ടോബര്‍ 24ന് യു.എന്നിന്‍െറ ഒൗദ്യോഗിക പിറവിക്ക് നിദാനമാകുന്നത്. സമാധാനമോഹമല്ല, യുദ്ധവീര്യമാണ് ഈ രാഷ്ട്രാന്തരീയ കൂട്ടായ്മയുടെ വിധാതാക്കള്‍ ആദ്യവട്ട കൂടിയാലോചനയില്‍ ലക്ഷ്യമിട്ടിരുന്നതെന്ന യാഥാര്‍ഥ്യം വിരോധാഭാസമായി തോന്നാം. നീല പശ്ചാത്തലത്തില്‍ ഒലീവ് ചില്ലകള്‍ക്കിടയില്‍ ലോകഭൂപടം ആലേഖനം ചെയ്ത യു.എന്നിന്‍െറ പതാക സമാധാനവും സുരക്ഷയും കാംക്ഷിക്കുന്ന ലോകരാഷ്ട്രസമുച്ചയങ്ങളുടെ ആത്യന്തിക അഭിലാഷങ്ങളെയാണ് പ്രതീകവത്കരിക്കുന്നത്. എന്നാല്‍, ഇന്ന് വന്‍ശക്തികള്‍ക്ക് യുദ്ധം ചെയ്യാനുള്ള പച്ചക്കൊടി കാട്ടാനുള്ള ഒരു വേദിയായി രൂപാന്തരപ്പെട്ടത്  പിറവിയിലെ പിഴവ് കൊണ്ടാവാം. ഒന്നാംലോകയുദ്ധം മനുഷ്യരാശിക്ക് സമ്മാനിച്ച കഷ്ടനഷ്ടങ്ങളും പാപപങ്കിലതകളുമാണ് വേഴ്സായി ഉടമ്പടിയുടെ ചുവടുപിടിച്ച് ലീഗ് ഓഫ് നാഷന്‍സ് എന്ന യു.എന്നിന്‍െറ മുന്‍ അവതാരമായ ആഗോളവേദിക്ക് ബീജാവാപം നല്‍കാന്‍ സാഹചര്യമൊരുക്കിയത്.  എന്നാല്‍, ‘രാഷ്ട്രാന്തരീയ സഹകരണം വളര്‍ത്താനും സമാധാനവും സുരക്ഷയും ഉറപ്പുവരുത്താനുമുള്ള’ ലക്ഷ്യത്തിന്‍െറ അടുത്തുപോലും എത്താതെവന്നപ്പോഴാണ് ലീഗ് ഓഫ് നാഷനെ ചരിത്രാവശിഷ്ടമാക്കി രണ്ടാംലോകയുദ്ധത്തിലേക്ക് ലോകം നടന്നുനീങ്ങിയത്.   
ഐക്യരാഷ്ട്രസഭക്ക് നാളെ എഴുപത് വയസ്സ് തികയുമ്പോള്‍ പ്രക്ഷുബ്ധമായ വര്‍ത്തമാനകാല ആഗോള സാഹചര്യം ലോകപാര്‍ലമെന്‍റിന്‍െറ പരാജയമുഖമാണ് അനാച്ഛാദനം ചെയ്യുന്നത്. നാഗരികതകളും വന്‍കരകളും സമ്മേളിക്കുന്ന ഒരു ഭൂതലമൊട്ടാകെ കടുത്ത അരാജകത്വത്തിലും വിസ്ഫോടനാവസ്ഥയിലുമാണിന്ന്. നിലക്കാത്ത യുദ്ധങ്ങള്‍, പരിഷ്കൃതലോകം വികസിപ്പിച്ച അധുനാധുനിക ആയുധങ്ങള്‍ കൊണ്ട് ലക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരകാഴ്ചകള്‍, ജീവിക്കാന്‍ കൊള്ളാത്ത ആവാസവ്യവസ്ഥയില്‍നിന്ന് പ്രാണനുംകൊണ്ടോടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഞ്ചുകോടി അഭയാര്‍ഥികള്‍, പ്രതികാരദാഹം മൂത്ത് ക്രൂരതകള്‍ മാത്രം പുറത്തെടുക്കുന്ന ഭീകരവാദികള്‍, അറ്റമില്ലാത്ത രക്തച്ചൊരിച്ചിലുകള്‍, പട്ടിണികൊണ്ട് ജീവിതപ്പെരുവഴിയില്‍ മരിച്ചുവീഴുന്ന കോടികള്‍. അറുനൂറ്റമ്പത് കോടി ജനത അധിവസിക്കുന്ന ഭൂമി മനുഷ്യകുലത്തിനു ജീവിക്കാന്‍ പറ്റാത്ത ഇടമായി മാറുമ്പോള്‍ സമാധാനത്തിന്‍െറ ഉത്തരവാദിത്തമേറ്റ ഐക്യരാഷ്ട്രസഭ വിജയം കണ്ട പരീക്ഷണമാണെന്ന് ആശ്വസിക്കുന്നത് തിടംവെച്ച കാപട്യമാവില്ളേ?  
പിറവിയിലെ പിഴവ് യു.എന്നിന്‍െറ ഘടനയെ വികലവും വിനാശകരവുമാക്കി. യു.എന്‍ ചാര്‍ട്ടര്‍ അംഗീകരിക്കാന്‍ 1945 ഒക്ടോബര്‍ 24ന് സാന്‍ഫ്രാന്‍സിസ്കോയില്‍ ഒത്തുചേര്‍ന്നത് 51 രാജ്യങ്ങള്‍. എഴുപത് വര്‍ഷം കൊണ്ട് അംഗസംഖ്യ 193ആയി. അംഗങ്ങള്‍ക്കിടയില്‍ ഒരിക്കലും സമത്വം നിലനിന്നില്ല. യുദ്ധം ജയിച്ച അഞ്ചുവന്‍ശക്തികള്‍ -അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ രക്ഷാസമിതി (സെക്യൂരിറ്റി കൗണ്‍സില്‍) എന്ന ശ്രീകോവിലില്‍ ഇരുന്ന് ലോകത്തിന്‍െറ കടിഞ്ഞാന്‍ കൈയിലെടുക്കുന്ന, ഒരുനിലക്കും നീതീകരിക്കാനാവാത്ത ഘടനയാണ് യു.എന്നിനെ ഒരു ബാധ്യതയാക്കി മാറ്റുന്നത്. കാലോചിതമായ പരിഷ്കരണം കൊണ്ടുവരാനുള്ള ആര്‍ജവമില്ലായ്മ അസന്തുലിത സംവിധാനമായി വികൃതമാക്കി.125 കോടി ജനം അധിവസിക്കുന്ന ഇന്ത്യ പോലൊരു രാജ്യം രക്ഷാസമിതി അംഗത്വത്തിനുവേണ്ടി അംഗരാജ്യങ്ങളുടെ കാലുപിടിക്കേണ്ട ഗതികേട്. രക്ഷാസമിതിലെ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യ, ജര്‍മനി, ജപ്പാന്‍ , ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ നെടുനാളത്തെ ശ്രമത്തെ തുരങ്കംവെക്കാന്‍ വന്‍ശക്തികള്‍ പലതരം കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ്. 1965ല്‍ രക്ഷാസമിതിയിലെ താല്‍ക്കാലിക അംഗങ്ങളുടെ അംഗസംഖ്യ ആറില്‍നിന്ന് പത്തായി വര്‍ധിപ്പിച്ചതൊന്നും അതിന്‍െറ പ്രവര്‍ത്തനത്തില്‍ പ്രകടമായില്ല. കാരണം സ്ഥിരാംഗങ്ങള്‍ക്ക് മാത്രമേ വീറ്റോ അവകാശമുള്ളൂ എന്നതുതന്നെ.
യു.എന്നിനെ നോക്കുകുത്തിയാക്കുന്ന ആഗോളമുന്നണികള്‍
ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനവും പരസ്പര സഹകരണവും പോഷിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സ്ഥാപിതമായ ഐക്യരാഷ്ട്രസഭ ഇന്ന് വന്‍ശക്തികളുടെ കളിയരങ്ങും ഉപജാപശാലയുമായി വഴിതെറ്റിയിരിക്കുന്നു. യു.എന്നിന്‍െറ പേരില്‍ അല്ളെങ്കില്‍ അതിനെ മറയാക്കി ലോകഗതി തങ്ങളാഗ്രഹിക്കുന്ന വഴിയിലൂടെ തിരിച്ചുവിടുകയാണ് ഇക്കൂട്ടര്‍. ശീതയുദ്ധാനന്തര ലോകത്തെ തങ്ങളുടെ ചൊല്‍പടിക്കുകീഴില്‍ കൊണ്ടുവന്ന അങ്കിള്‍സാം 2001 സെപ്റ്റംബര്‍ 11നുശേഷം യു.എന്നിനെ നോക്കുകുത്തിയാക്കി സാമ്രാജ്യത്വ അജണ്ട നിഷ്പ്രയാസം നടപ്പാക്കുകയായിരുന്നു.   തങ്ങളുടെ രാഷ്ട്രീയവും സൈനികവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഘട്ടം വരുമ്പോള്‍ യു.എന്‍ അട്ടിമറിക്കപ്പെടുന്നത് സവിസ്തരം വിശദീകരികരിക്കുന്നുണ്ട് തിയോഡര്‍ മക്ഡൊണാള്‍ഡ് ‘യുനൈറ്റഡ് നാഷന്‍സ്: ഒൗവര്‍ ബെസ്റ്റ് ഹോപ് ഫോര്‍ മീഡിയേറ്റിങ് ഹ്യൂമന്‍റൈറ്റ്സ് ’ എന്ന ആധികാരിക രചനയില്‍. സെപ്റ്റംബര്‍ 11ന് പകരംവീട്ടാന്‍ ‘ഭീകരതക്കെതിരായ യുദ്ധ’ത്തിന് തുടക്കമിട്ടപ്പോള്‍ നീതിയുടെയോ ന്യായത്തിന്‍െറയോ സംസ്ഥാപനമായിരുന്നില്ല, പ്രത്യുത പ്രതികാരത്തിന്‍െറ കാടന്‍ചിന്തയായിരുന്നു അങ്കിള്‍സാമിനെയും പിണിയാളുകളെയും നയിച്ചത്. ഭീകരവാദികള്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമിച്ച് യു.എസ് പൗരന്മാരെ കൊന്നതിനുപകരം വീട്ടേണ്ടത് സംഭവവുമായി പുലബന്ധമില്ലാത്ത അഫ്ഗാനിലെ നിരപരാധികളെ കൂട്ടക്കൊല ചെയ്തല്ല എന്ന് ഉപദേശിച്ച് പ്രതികാരദാഹികളെ തിരുത്തേണ്ട ഐക്യരാഷ്ട്രസഭ യുദ്ധത്തിന്‍െറ തീയതി കുറിക്കാന്‍ അടിയന്തരയോഗം ചേര്‍ന്ന നിമിഷം അതിന്‍െറ ഭാവിനിലനില്‍പ് ചോദ്യംചെയ്യപ്പെട്ടിരുന്നു. ഒരുവ്യാഴവട്ടം പിന്നിട്ടിട്ടും അഫ്ഗാന്‍ കത്തിയാളുമ്പോള്‍ നിസ്സംഗതമായി നോക്കിനില്‍ക്കുന്ന ഒരാഗോളവേദിയില്‍ കൂടുതലായി എന്തുപ്രതീക്ഷ അര്‍പ്പിക്കാന്‍? കാബൂളില്‍നിന്ന് ബഗ്ദാദിലത്തെിയപ്പോള്‍ ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈനെ നിഷ്ക്കാസനം ചെയ്യാന്‍ യു.എന്നിന്‍െറ അനുമതി ഞങ്ങള്‍ക്കുവേണ്ട എന്ന് യു.എസ് പ്രസിഡന്‍റ് ജോര്‍ജ് ഡബ്യൂ.ബുഷ് പരസ്യമായി പറയുന്ന ഒരു സ്ഥിതിവിശേഷം വന്നു. അങ്ങനെയാണ് ‘ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം; അല്ളെങ്കില്‍ ഭീകരവാദികളോടൊപ്പം’ എന്ന സൂത്രവാക്യം മെനഞ്ഞ് തങ്ങളുടെ പിന്നില്‍ അണിനിരക്കാത്ത രാജ്യങ്ങളെ ബുഷ് ബ്ളാക്ലിസ്റ്റില്‍ പെടുത്തിയത്.
 ഇറാഖിലുടനീളം കൂട്ടനശീകരണായുധങ്ങള്‍ കുന്നുകൂട്ടിയിരിക്കയാണെന്ന കള്ളപ്രചാരണത്തിന്‍െറ നിജ$സ്ഥിതി അന്വേഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട യു.എന്‍ ആയുധ പരിശോധകന്‍ ഹാന്‍ ബ്ളിക്സ് തന്‍െറ ദൗത്യവുമായി മുന്നോട്ടുപോയപ്പോള്‍ നിജ$സ്ഥിതി ലോകത്തിന് ബോധ്യപ്പെടുമെന്ന് കണ്ട് ‘തെളിവുകള്‍ (അന്നുപയോഗിച്ച ഒരു വാക്കുണ്ട്: ‘സ്മോക്കിങ് ഗണ്‍ ’ )  പരതി സമയം കളയേണ്ടെന്ന് പറഞ്ഞ്  ആ ശ്രമത്തെ തന്നെ അട്ടിമറിച്ചത് യു.എന്നല്ല, യു.എസാണ് ഇനി എല്ലാം തീരുമാനിക്കുക എന്ന ധിക്കാരത്തോടെയാണ്. സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളുടെ മാത്രമല്ല, നാറ്റോ സഖ്യരാജ്യങ്ങളുടെ പോലും പിന്തുണ ആര്‍ജിക്കാന്‍ സാധിക്കാതെ വന്നിട്ടും യു.എന്നിന്‍െറ അംഗീകാരത്തിനു കാത്തുനില്‍ക്കാതെ ഇറാഖിനെ ആക്രമിച്ച് സദ്ദാമിനെ വകവരുത്തുകയായിരുന്നു. ഇതിലെ ഏറ്റവും ലജ്ജാവഹമായ വശം, ആക്രമണം ഒഴിവാക്കുന്ന വിഷയത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്ന കുറ്റസമ്മതത്തോടെ യു.എന്‍ റിലീഫ് ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ഇറാഖ് ഏറ്റുവാങ്ങാന്‍ പോകുന്ന ഭീകരമായ നാശനഷ്ടങ്ങളെക്കുറിച്ച് വിശദമായ മുന്നറിയിപ്പുണ്ടായിരുന്നു എന്നതാണ്. ഇറാഖിലെ എണ്ണ ഉല്‍പാദനം പതിന്മടങ്ങ് കണ്ട് കുറയുമെന്നും വൈദ്യുതിവിതരണം നിലക്കുമെന്നും ഒമ്പത് ലക്ഷം പേര്‍ അഭയാര്‍ഥികളായി കൂട്ടപലായനം നടത്താന്‍ നിര്‍ബന്ധിതരാകുമെന്നെല്ലാം യു.എന്നിന്‍െറ രഹസ്യ ഓര്‍ഡറില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് ‘ദി ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. യുദ്ധം തടയാനുള്ള ബാധ്യതയില്‍നിന്ന് പൂര്‍ണമായി പിന്‍വാങ്ങിയ ഐക്യരാഷ്ട്രസഭ യാങ്കിപട്ടാളം ചിന്തുന്ന ചോരയുടെയും കുന്നുകൂട്ടുന്ന ശവങ്ങളുടെയും കണക്കെടുത്ത് ശവക്കച്ചകള്‍ ഒരുക്കുന്ന ജോലി സ്വയം ഏറ്റെടുക്കുകയായിരുന്നു. പശ്ചിമേഷ്യ വര്‍ത്തമാനകാല അരാജകത്വത്തിലേക്ക് എടുത്തെറിയപ്പെടാന്‍ കാരണം യു.എന്‍ ഷണ്ഡീകരിക്കപ്പെട്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മേഖലയില്‍ ഏഴുപതിറ്റാണ്ടായി കത്തിയാളുന്ന ഫലസ്തീന്‍ സമസ്യക്ക് നീതിപൂര്‍വകമായ ഒരു പരിഹാരം കാണുന്നതിന് ഏറ്റവും വലിയ കടമ്പ രക്ഷാസമിതിയാണ്.
യുനെസ്കോയും മറ്റും
ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ, മനുഷ്യാവകാശ, സാംസ്കാരിക ഏജന്‍സികള്‍ നടത്തുന്ന കുറെ നല്ല ഉദ്യമങ്ങളെ വിസ്മരിച്ചുകൊണ്ടല്ല രാഷ്ട്രീയരംഗത്തെ പരാജയങ്ങളെ തൊട്ടുകാണിക്കുന്നത്. യു.എന്‍ എജുക്കേഷന്‍ ആന്‍ഡ് സയന്‍സ് ഏജന്‍സിയുടെ (യുനെസ്കോ )സേവനങ്ങള്‍ ഇന്നും നിരക്ഷരതയുടെയും അജ്ഞതയുടെയും കൂരിരുട്ട് വകഞ്ഞുമാറ്റാന്‍ കഴിയാത്ത ഭൂവിഭാഗങ്ങളില്‍ വെളിച്ചംവിതറുന്നുണ്ട്. പുതുതലമുറയെ ശാസ്ത്രസാങ്കേതിക വിദ്യയുടെ പുതിയ ചക്രവാളത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും സാംസ്കാരിക വൈവിധ്യങ്ങളുടെ വര്‍ണാര്‍ഭഭൂമികയിലേക്ക് കൈപിടിച്ച് നടത്തിക്കാനും ഏജന്‍സി നടത്തുന്ന ശ്രമങ്ങള്‍ ശ്ളാഘനീയമാണ്. അഭയാര്‍ഥി സമൂഹത്തിന് കൈത്താങ്ങാവാനും യുദ്ധമുഖത്ത് സാന്ത്വനം എത്തിക്കാനും മനുഷ്യാവകാശ ധ്വംസനങ്ങളുടെ ബീഭല്‍സമുഖം സിവില്‍സമൂഹത്തിന്‍െറ മുമ്പാകെ കൊണ്ടുവരാനുമെല്ലാം യു.എന്‍ ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും സാര്‍ഥകചുവടുവെപ്പുകളായി അനുഭവപ്പെടാത്തത് മറുവശത്ത് അരങ്ങേറുന്ന കൊടിയ അനീതി അന്തരീക്ഷം കാര്‍മേഘാവൃതമാക്കുന്നത് കൊണ്ടാണ്. ഫലസ്തീന് യുനെസ്കോ മൂന്നുവര്‍ഷം മുമ്പ് അംഗത്വം നല്‍കിയപ്പോള്‍ അമേരിക്ക അതില്‍ പ്രതിഷേധം രേഖപ്പെടുത്തിയത് ധനസഹായം 20 ശതമാനം വെട്ടിക്കുറച്ചാണ്. വിയറ്റ്നാമിലും അംഗോളയിലും നിക്കരാഗ്വയിലും സുഡാനിലുമൊക്കെ മനുഷ്യരാശിക്കു തന്നെ ഭീഷണി ഉയര്‍ത്തി സാമ്രാജ്യത്വവും മതഭ്രാന്തും താണ്ഡവനൃത്തമാടിയപ്പോഴും പുതിയ ലോകവീക്ഷണം വളര്‍ത്തിക്കൊണ്ടുവന്ന്, മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ലോകസംസ്കൃതിയുടെ പിറവി സാധ്യമാക്കുന്ന മുറവിളി പോലും ശ്രവിക്കാനാവുന്നില്ല. ഒരു സ്ഥാപനം കാലഹരണപ്പെടുമ്പോള്‍ ബദല്‍ കണ്ടുപിടിക്കുക എന്നതാണ് നാഗരികതയുടെ പോയകാല അനുഭവമെന്ന് വിഖ്യാത ചരിത്രകാരന്‍ ആര്‍ണോള്‍ഡ് ടോയിംബി പറയുന്നുണ്ട്. നമ്മുടെ കാലത്തിന്‍െറ നാഡിമിടിപ്പ് തൊട്ടറിയാന്‍ കെല്‍പുള്ള ബദല്‍ സംവിധാനത്തെ കുറിച്ച് പോയിട്ട്, ഇന്നുള്ള സ്ഥാപനത്തെ പുതുക്കിപ്പണിയാനുള്ള ശ്രമത്തിനുപോലും ഗൗരവപൂര്‍വമായ ശ്രമങ്ങളില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം.
l

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.