ബാങ്ക് ഓഫ് ബറോഡയില്‍ നടന്ന വന്‍ കള്ളപ്പണ ഇടപാട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പുറത്തുകൊണ്ടുവന്നതോടെ ഇന്ത്യയിലെ വന്‍കിട ബാങ്കുകളുള്‍പ്പെടെ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത പണമിടപാടുകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കുറച്ചൊന്നുമല്ല, 6100 കോടി രൂപയുടെ അനധികൃത ഇടപാടാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് തൊട്ടുപിറകെ 550 കോടി രൂപയുടെ ഇടപാടുകള്‍കൂടി പുറത്തുവന്നു. ഇതിന്‍െറ അന്വേഷണമിപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്.
ബാങ്ക് ഓഫ് ബറോഡയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല വെട്ടിപ്പിന്‍െറ വേരുകള്‍. അന്വേഷണം ഇപ്പോഴത്തെിനില്‍ക്കുന്നത് ഇന്ത്യയിലെ പ്രമുഖ നവയുഗ സ്വകാര്യ ബാങ്കുകളടക്കമുള്ള എട്ട് പ്രമുഖ സ്വകാര്യ ബാങ്കുകളിലാണ്. കയറ്റുമതിയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ മറവിലായിരുന്നു അനധികൃത ബാങ്ക് ഇടപാടുകളെന്നാണ് വ്യക്തമാകുന്നത്.
സമീപകാലത്ത് ഉയര്‍ന്നുവരുന്ന ഇത്തരം കുംഭകോണങ്ങളും ഇന്ത്യയില്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്കടക്കം ബാങ്ക് ലൈസന്‍സുകള്‍ നല്‍കാനുള്ള തീരുമാനവും ചേര്‍ത്തുവായിക്കുമ്പോഴേ ഇന്ത്യയിലെ ബാങ്കിങ് മേഖല തട്ടിപ്പ് രാജാക്കന്മാരുടെ വിഹാരകേന്ദ്രമായി മാറുകയാണെന്ന യാഥാര്‍ഥ്യം വ്യക്തമാകൂ. സമ്പദ്വ്യവസ്ഥയില്‍ അതീവ നിര്‍ണായകമായ ബാങ്കിങ് മേഖല ഈ അവസ്ഥയിലേക്ക് മൂക്കുകുത്തുന്നത് വിദൂരമല്ലാത്ത ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവും.
ബാങ്ക് ഓഫ് ബറോഡയിലെ 6100 കോടി രൂപയുടെ അനധികൃത ഇടപാട് സംബന്ധിച്ച അന്വേഷണത്തിനിടെയാണ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന് ഓറിയന്‍റല്‍ ബാങ്ക് ഓഫ് കോമേഴ്സില്‍ നടന്ന 505 കോടി രൂപയുടെ കൈമാറ്റത്തെക്കുറിച്ച് സൂചന ലഭിച്ചത്. അന്വേഷണത്തില്‍ 2006 മുതല്‍ അനധികൃത പണമിടപാടുകള്‍ നടക്കുന്നുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. നടക്കാത്ത ഇറക്കുമതികളുടെ മറവിലാണ് അയിരക്കണക്കിന് കോടി രൂപ ബാങ്കുകള്‍ വഴി ഹോങ്കോങ്ങിലേക്കും ചൈനയിലേക്കും അയച്ചത്. ഇതു സംബന്ധിച്ച അന്വേഷണത്തില്‍ ഗാസിയാബാദില്‍ വിദേശ നാണയ ഇടപാട് നടത്തുന്ന മനീഷ് ജയിന്‍ എന്നയാളെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മറ്റു ഏഴു ബാങ്കുകളുമായും അനധികൃത പണമിടപാടുകളുണ്ടായിരുന്നുവെന്ന സൂചനയും ലഭിച്ചുകഴിഞ്ഞു. ഫലത്തില്‍ ബാങ്ക് ഓഫ് ബറോഡയില്‍ കണ്ടത്തെിയത് മഞ്ഞുമലയുടെ തുമ്പ് മാത്രമാണെന്നാണ് കരുതുന്നത്. മനീഷ് ജയിന്‍ 11 വ്യാജ ഇറക്കുമതി സ്ഥാപനങ്ങള്‍വഴിയാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. അന്വേഷണം കൂടുതല്‍ മുന്നേറുന്നതോടെയാണ് തട്ടിപ്പിന്‍െറ യഥാര്‍ഥ വ്യാപ്തി വ്യക്തമാവുകയുള്ളൂ. ബാങ്ക് ഓഫ് ബറോഡയിലെ തട്ടിപ്പിന്‍െറ പേരില്‍ അറസ്റ്റിലായ സഞ്ജയ് അഗര്‍വാള്‍ എന്നയാളെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ചവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മനീഷ് ജയിനിനെ കസ്റ്റഡിയിലെടുക്കുന്നത്.
ഇന്ത്യന്‍ ബാങ്കുകളുമായി ബന്ധപ്പെട്ട ഇത്തരം വിവാദങ്ങള്‍ ഇതാദ്യമല്ല. രണ്ടു വര്‍ഷംമുമ്പ് കോബ്രാ പോസ്റ്റ് എന്ന ഓണ്‍ലൈന്‍ വാരിക നടത്തിയ ഒളിക്കാമറ അന്വേഷണത്തില്‍ കെ.വൈ.സി നിബന്ധനകള്‍, അനധികൃത പണമിടപാട് തടയല്‍ നിയമം, വിദേശ നാണയ മാനേജ്മെന്‍റ് ആക്ട് തുടങ്ങിയ ചട്ടങ്ങള്‍ ലംഘിച്ച് നിരവധി ബാങ്കുകള്‍ ഇടപാടുകള്‍ നടത്തുന്ന വിവരം പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് റിസര്‍വ് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ ഈ ബാങ്കുകള്‍ക്ക് 50 കോടി രൂപ പിഴ ഈടാക്കി. തട്ടിപ്പ് ഇടപാടുകള്‍ തടയുന്നതിന് 22 ഇന നിര്‍ദേശങ്ങള്‍ ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നല്‍കുകയും ചെയ്തു. ഇതിനുശേഷവും ഇന്ത്യയിലെ ബാങ്കുകള്‍വഴി വന്‍തോതില്‍ അനധികൃത പണമിടപാടുകളും കള്ളപ്പണം വെളുപ്പിക്കലും തുടരുകയാണെന്നതിന്‍െറ തെളിവാണ് പുതിയ വെളിപ്പെടുത്തലുകള്‍.
എച്ച്.ഡി.എഫ്.സി ബാങ്കിലെ 11 അക്കൗണ്ടുകളില്‍നിന്ന് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനംവഴിയാണ് 6100 കോടി രൂപ ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടുകളിലത്തെിയത്. ഈ സംഭവത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമാണോ ഇത്തരം തട്ടിപ്പുകളിലെ പ്രതികളെന്ന സംശയം അവശേഷിക്കുന്നു. ബാങ്കുകളിലെ ഉന്നതതലങ്ങളില്‍നിന്നു തന്നെയാണ് ഇത്തരം ഇടപാടുകള്‍ക്ക് അനുമതിയും സമ്മര്‍ദവും ഉണ്ടാവുക. താഴെതട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കണ്ണടക്കുക മാത്രമേ വഴിയുള്ളൂ. എന്നാല്‍, തട്ടിപ്പുകള്‍ പുറത്തുവരുമ്പോള്‍ കുടുങ്ങുന്നത് താഴെതട്ടിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കും. ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തില്‍നിന്ന് തട്ടിപ്പുകളും കുംഭകോണങ്ങളും ഒഴിഞ്ഞുപോകാത്തതിന്‍െറ മൂലകാരണവും ഇതുതന്നെ. ഇന്ത്യന്‍ ബാങ്കുകള്‍ കിട്ടാക്കടം പെരുകി മരണവക്കിലത്തെുന്നതിന്‍െറ കാരണവും മറ്റൊന്നല്ല.
കൈക്കൂലി വാങ്ങി ഭൂഷണ്‍ സ്റ്റീല്‍ എന്ന കമ്പനിക്ക് കോടികളുടെ വായ്പ അനുവദിച്ചതിന് സിന്‍ഡിക്കേറ്റ് ബാങ്ക് മേധാവി കഴിഞ്ഞവര്‍ഷം പിടിയിലായിരുന്നു. ഒരു ബാങ്ക് മേധാവി വായ്പാതട്ടിപ്പിന് അറസ്റ്റിലാവുന്നത് ഇന്ത്യയില്‍തന്നെ ആദ്യമായിരുന്നു. എന്നാല്‍, ഈ വായ്പ അനുവദിച്ചതിനുപിന്നില്‍ സര്‍ക്കാര്‍തലത്തില്‍നിന്നുതന്നെയുള്ള ഇടപെടലുകളുണ്ടയതായി സംശയിച്ചിരുന്നു. എന്നാല്‍, അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. കടംകയറി അടച്ചുപൂട്ടിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് പൊതുമേഖലാ ബാങ്കായ ഐ.ഡി.ബി.ഐ ബാങ്ക് അടുത്തകാലത്ത് 900 കോടി രൂപയാണ് വായ്പ അനുവദിച്ചത്. ഈ കമ്പനി എസ്.ബി.ഐയില്‍നിന്നടക്കം എടുത്ത 7000 കോടി രൂപയുടെ വായ്പയും നികുതിയിനത്തില്‍ വരുത്തിയ കോടികളുടെ കുടിശ്ശികയും തിരിച്ചുപിടിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഐ.ഡി.ബി.ഐ ബാങ്ക് ഒരിക്കലും തിരിച്ചുകിട്ടില്ളെന്ന ഉറപ്പോടുകൂടെതന്നെ കിങ്ഫിഷറിന് 900 കോടി രൂപ വെച്ചുനീട്ടിയത്. ഉന്നതങ്ങളിലെ അഴിമതിനിറഞ്ഞ ഇടപെടലുകള്‍ക്കുപുറമെ ബാങ്ക് മാനേജ്മെന്‍റുകള്‍ മുന്നോട്ടുവെക്കുന്ന ലക്ഷ്യംനേടാന്‍ മാനേജര്‍മാര്‍ക്കുള്ള സമ്മര്‍ദവും അഴിമതികള്‍ക്ക് വഴിമരുന്നിടുന്നുണ്ട്. ബാങ്കുകളില്‍നിന്ന് കോടി വായ്പയെടുത്ത് ആഡംബരജീവിതം നയിക്കുമ്പോഴും കിങ്ഫിഷര്‍ ഉടമകളായ വിജയ് മല്യക്കും മകനും ഈ വായ്പകളില്‍ ഒരു ബാധ്യതയുമില്ളെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിക്കുന്നുവെന്ന് വ്യക്തവുമാണ്. ഇതിനിടെയാണ് കിങ്ഫിഷറിനെപോലുള്ള കോര്‍പറേറ്റ് ഭീമന്മാര്‍ക്കുതന്നെ ബാങ്കുകള്‍ ആരംഭിക്കാന്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം. ഇതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യന്‍ ബാങ്കിങ് മേഖല പരിപൂര്‍ണ അരാജകത്വത്തിലേക്ക് നീങ്ങുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയില്‍ ബാങ്കിങ് നിയമങ്ങളുടെ കടുത്ത ലംഘനത്തിനുപോലും കാര്യമായ പിഴയോ നടപടികളോ ബാങ്ക് മാനേജ്മെന്‍റുകള്‍ നേരിടേണ്ടിവരാത്തതാണ് തട്ടിപ്പുകളുടെ വര്‍ധനക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടുവര്‍ഷം മുമ്പുണ്ടായ കടുത്ത നിയമലംഘനത്തിന് ബാങ്കുകള്‍ നല്‍കേണ്ടിവന്ന പിഴ വെറും 50 കോടി രൂപയാണ്. ഒരു പക്ഷേ, അനധികൃത ഇടപാടുകള്‍ വഴി ഈ ബാങ്കുകള്‍ ഇതിന്‍െറ പതിന്മടങ്ങ് നേട്ടമുണ്ടാക്കിയിട്ടുണ്ടാവണം. അതേസമയം, വിദേശത്ത് കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ അഞ്ചു വിദേശ ബാങ്കുകള്‍ തട്ടിപ്പ് ഇടപാടുകള്‍ക്ക് നല്‍കേണ്ടിവന്നത് 570 കോടി ഡോളറാണ്. ഭീമമായ പിഴ അടക്കേണ്ടിവരുന്നത് ബാങ്കുകളുടെ ലാഭത്തെ സാരമായി ബാധിക്കും. ഇതോടെ തട്ടിപ്പുകള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.
കടുത്തനടപടികളിലേക്ക് നീങ്ങാതെ തട്ടിപ്പിന് വഴിയൊരുക്കുന്ന സമീപനം തുടര്‍ന്നാല്‍ ഇനിയും ഇന്ത്യയിലെ ബാങ്കുകള്‍ തട്ടിപ്പുകളുടെ കൂത്തരങ്ങായി മാറുകയേയുള്ളൂ.
•
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.