എഴുത്തുകാരും അക്കാദമികളും ഫാഷിസ്റ്റ് ഭരണകൂടവും

നരേന്ദ്ര മോദിയുടെയും സംഘ്പരിവാരത്തിന്‍െറയും വര്‍ഗീയ ഫാഷിസത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് പടരുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും പൊതുവായി ജനാധിപത്യവിരുദ്ധ ഫാഷിസ്റ്റ് സ്വഭാവം പങ്കുവെക്കുന്നുണ്ട്. എന്നാല്‍, അതിനേക്കാള്‍ ആയിരമായിരം മടങ്ങ് വിഷം പൂണ്ട വര്‍ഗീയ കാളകൂടമാണ് സംഘ്പരിവാരവും ബി.ജെ.പിയും ഇന്ത്യന്‍ ജനതയുടെ തലക്കുമീതെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയാണ് സംഘ്പരിവാരത്തിന്‍െറ മുഖ്യപ്രതിയോഗി. അതാണ് അതിന്‍െറ ഹിറ്റ്ലര്‍-മുസോളിനി സ്വപ്നങ്ങളുടെ വഴിമുടക്കി. മോദി അലക്കിത്തേച്ച ഒരു കൈകൊണ്ട് അംബേദ്കറുടെ സ്മാരകം അനാവരണം ചെയ്യുമ്പോള്‍, മറ്റൊരു കരാളഹസ്തംകൊണ്ട് അംബേദ്കര്‍ രൂപകല്‍പനചെയ്ത ഭരണഘടനയുടെയും, പ്രത്യേകിച്ച് അതില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മതസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ മൂല്യങ്ങളുടെയും വേരറുക്കുകയാണ്. ഈയിടെ സംഘ്പരിവാരത്തിന്‍െറ ഉന്നതാധ്യക്ഷന്‍ താനറിയാതെ ഹൃദയം തുറന്ന്, അധ$സ് ഥിതരുടെ സംവരണം അവസാനിപ്പിക്കാന്‍ കാലമായി എന്നുപറഞ്ഞത്, ഭരണഘടനയെപ്പറ്റിയുള്ള ഈ ഫാഷിസ്റ്റ് വിമ്മിട്ടത്തിന്‍െറ മുഖങ്ങളിലൊന്നാണ്. സത്യം പറഞ്ഞതിന് അദ്ദേഹത്തെ നമുക്ക് അനുമോദിക്കാം.

കുല്‍ബുര്‍ഗിയെയും പന്‍സാരെയെയും ദാഭോല്‍കറെയും സംഘ്പരിവാരത്തിന്‍െറ ഉപോല്‍പന്നസംവിധാനങ്ങളുടെ കൊലയാളികള്‍ നിര്‍ഭയം വധിച്ചപ്പോഴും, പശുമാംസം കഴിച്ചു എന്നാരോപിച്ച്  വായുസേനാ ഉദ്യോഗസ്ഥന്‍െറ പിതാവിനെ  അടിച്ചുകൊന്നപ്പോഴും നരേന്ദ്ര മോദിയുടെ ഗംഭീരമായ മൗനം ലോകമെങ്ങും മാറ്റൊലികൊള്ളുകയായിരുന്നു. സാരമില്ല. നരേന്ദ്ര മോദിക്ക് മറ്റൊന്നും ചെയ്യാനാവില്ലതന്നെ. അദ്ദേഹം താന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കാറുള്ളപോലെ, ആദ്യം ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും രണ്ടാമത് ഇന്ത്യയുടെ പ്രധാനമന്ത്രിയുമാണ്.
സാഹിത്യ അക്കാദമി ഇന്ത്യയില്‍ എഴുത്തുകാര്‍ക്കായി നിലകൊള്ളുന്ന ഒരേയൊരു സ്വയംഭരണ സ്ഥാപനമാണ്. അതിന്‍െറ എല്ലാ കുറ്റങ്ങളും കുറവുകളും നന്മകളും മനസ്സിലാക്കുന്ന ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പറഞ്ഞുകൊള്ളട്ടെ; അക്കാദമിയുടെ നടത്തിപ്പ് ഭരണകൂടങ്ങള്‍ (ഖജനാവില്‍നിന്ന് ജനങ്ങളുടെ പണമെടുത്ത്) നല്‍കുന്ന ധനം കൊണ്ടാണെങ്കിലും അതിന് ആരംഭത്തിലേ നല്‍കപ്പെട്ടതും ഭരണകൂടത്തില്‍നിന്ന് വ്യത്യസ്തമായതുമായ ഒരു സ്വതന്ത്രാവസ്ഥ നിലനിന്നുപോന്നിട്ടുണ്ട്. അക്കാദമിയുടെ തലപ്പത്തത്തെുന്ന എഴുത്തുകാരും -എഴുത്തുകാര്‍ പൊതുവിലും - ആ സ്വാതന്ത്ര്യത്തെ ഇന്ത്യന്‍ ജനതക്കും ജനാധിപത്യ -മതേതരത്വ മൂല്യങ്ങള്‍ക്കുംവേണ്ടി ഒരു ആയുധമായി ഉപയോഗിച്ചിട്ടുണ്ടോ എന്നത് മറ്റൊരു കാര്യം. ഇന്ത്യന്‍ എഴുത്തുകാര്‍ പൊതുവില്‍ പിന്‍വാങ്ങല്‍ ശീലക്കാരാണ്. എന്തുകൊണ്ടാണെന്ന് ആര്‍ക്കറിയാം? എല്ലാ രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളിലും സാഹിത്യ അക്കാദമി ഇടപെടേണ്ടതില്ല, അങ്ങനെ വ്യവസ്ഥപ്പെടുത്തിയിട്ടുമില്ല. പക്ഷേ, എഴുത്തുകാരും ബുദ്ധിജീവികളും - അതും വയോവൃദ്ധന്മാര്‍ - കൊല്ലപ്പെട്ടപ്പോള്‍ അക്കാദമി ദു$ഖത്തിന്‍െറയും എതിര്‍പ്പിന്‍െറയും ശബ്ദം ഉടന്‍ ഉയര്‍ത്തേണ്ടതായിരുന്നു. അത് ചെയ്യാതിരുന്നതിന്‍െറ കുറ്റം അക്കാദമിയുടേതുതന്നെയാണ്. നരേന്ദ്ര മോദിയുടേതുപോലുമല്ല. എഴുത്തുകാരുടെയിടയിലും വര്‍ഗീയ ഫാഷിസത്തിനൊപ്പം നിര്‍ലജ്ജം അണിനിരക്കുന്നവര്‍ എത്രപേര്‍! കേരളത്തില്‍തന്നെ എത്രയെത്ര പേര്‍!
ഒരു എഴുത്തുകാരന്‍ എന്നനിലയില്‍ ഞാന്‍ എന്നാലാകുംവിധം വര്‍ഗീയതക്കും വിവിധ ഫാഷിസങ്ങള്‍ക്കുമെതിരെ നിലകൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്. എഴുത്തുകാര്‍ വര്‍ഗീയ ഫാഷിസത്തിന്‍െറ മേച്ചില്‍സ്ഥലങ്ങളില്‍ മേയുന്നതിനെ വിമര്‍ശിക്കുകയും അതിന് ധാരാളം ശകാരംകേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഇവയെല്ലാം തുടരും.

പുരസ്കാരം തിരിച്ചുനല്‍കുകയും അക്കാദമിസ്ഥാനങ്ങളില്‍നിന്ന് രാജിവെക്കുകയും ചെയ്ത എഴുത്തുകാരോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവരുടെ പ്രവൃത്തിയും വാക്കും ഇന്ത്യ ഇന്ന് അനുഭവിക്കുന്ന ഫാഷിസ്റ്റ് ഭീഷണിയിലേക്ക് ലോകശ്രദ്ധ തിരിക്കാന്‍ സഹായിച്ചു. എനിക്ക് രാജിവെക്കാന്‍ അക്കാദമികളില്‍ പദവിയൊന്നുമില്ല. പുരസ്കാരം തിരിച്ചുനല്‍കാനും സന്തോഷമാണ്. പക്ഷേ, അതിലൊരു സാമാന്യനീതിപ്രശ്നം ഞാന്‍ കാണുന്നു. സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ - ആവര്‍ത്തിക്കപ്പെട്ട, അവയുടെ എല്ലാ കുറ്റങ്ങളോടും കുറവുകളോടുംകൂടി  ^എഴുത്തുകാര്‍ എഴുത്തുകാര്‍ക്ക് നല്‍കിയവയാണ്. ഭരണകൂടങ്ങളുടെ കൈകടത്തല്‍ അവയില്‍ നാമമാത്രമാണ്. എനിക്ക് കേരള-കേന്ദ്ര അക്കാദമി പുരസ്കാരങ്ങള്‍ തന്നത് അതത് സമയത്തുണ്ടായിരുന്ന എഴുത്തുകാരുടെ കമ്മിറ്റികളാണ്.  ഞാനും അത്തരം കമ്മിറ്റിയില്‍ പങ്കെടുത്തിട്ടുണ്ട്. എഴുത്തുകാര്‍ തമ്മിലുള്ള സാധാരണ കുശുകുശുക്കലുകളും മുറുമുറുക്കലുകളുമല്ലാതെ ബാഹ്യമായ ഒരിടപെടലും അവിടെ ഉണ്ടായിട്ടില്ല. പുരസ്കാരത്തുക ജനങ്ങളുടെ കീശയില്‍നിന്ന് സര്‍ക്കാര്‍ എടുത്തതാണ്. അങ്ങനെ ആലോചിക്കുമ്പോള്‍, എന്നില്‍ വിശ്വാസമര്‍പ്പിച്ച് പുരസ്കാരം നല്‍കിയ എഴുത്തുകാരുടെ സമൂഹത്തെയും അതിന് പിന്നിലെ നിശ്ശബ്ദ പൗരസമൂഹത്തെയും, മോദി ഭരണകൂടത്തിന്‍െറ ഫാഷിസ്റ്റ് നയങ്ങളോടുള്ള എന്‍െറ പ്രതിഷേധമറിയിക്കുവാന്‍ മുന്‍നിര്‍ത്തേണ്ടതില്ല എന്നു തോന്നുന്നു. മാത്രമല്ല, അക്കാദമികള്‍ ഭരണകൂടത്തിന്‍െറ ഭാഗമാണ് എന്നൊരു തെറ്റിദ്ധാരണക്ക് ഇടംകൊടുക്കാതിരിക്കേണ്ടതുണ്ട്. എന്‍െറ ഈ വ്യക്തിപരമായ അഭിപ്രായത്തിന്‍െറ അര്‍ഥം പുരസ്കാരം തിരിച്ചുനല്‍കിയ സുഹൃത്തുക്കള്‍ തെറ്റുചെയ്തുവെന്നല്ല. മറിച്ച് അവരുടെ പ്രതികരണം മോദിയും സംഘ്പരിവാറും ചേര്‍ന്ന് ഇന്ത്യക്കുനേരെ ഓങ്ങുന്ന വര്‍ഗീയ ഫാഷിസഖഡ്ഗത്തെ ജനങ്ങള്‍ക്ക് കുറേക്കൂടി വ്യക്തമായി ചൂണ്ടിക്കാണിക്കാന്‍ സഹായിച്ചു എന്നുതന്നെയാണ്. പുരസ്കാരം തിരിച്ചുനല്‍കുന്നതിലേറെ, വര്‍ഗീയതകള്‍ക്കും ഫാഷിസങ്ങള്‍ക്കുമെതിരെ  നിലനിര്‍ത്തിപ്പോന്നിട്ടുള്ള നിലപാടുകള്‍ എഴുത്തിലൂടെയും വാക്കിലൂടെയും തുടര്‍ന്നു പോരാടാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.