ഇനി നമുക്ക് മനുഷ്യമാംസം തിന്നാം

കനത്ത ബൂട്ടിന്‍െറ ഒച്ച അകത്ത് കേട്ടിരുന്നു.
വാതിലിന് മുട്ടുമെന്നും കാളിങ്ബെല്‍ അടിക്കുമെന്നും വിചാരിച്ചത് വെറുതെ.
മുന്‍വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു.
അകത്ത് കടന്നപ്പോഴാണ് കണ്ടത്-
എല്ലാവരുടെ കൈയിലും തോക്കുണ്ട്.
ഫ്രിഡ്ജ് എവിടെ? കൂട്ടത്തില്‍ ഉയരം കൂടിയ ആളാണ് ചോദിച്ചത്.
പാവങ്ങള്‍! ദാഹിച്ചുവലഞ്ഞിരിക്കും. ഈ കൊടുംവേനലില്‍ ആരാണ് ഇത്തിരി തണുത്ത ജലം കൊതിക്കാത്തത്?
അയാള്‍ അടുക്കളയുടെ ഒരു മൂലയില്‍ വെച്ച വലിയ ഫ്രിഡ്ജ് തുറന്നു.
ഹിമാലയത്തിലെ മഞ്ഞിന്‍െറ തണുപ്പ് പുറത്തേക്ക്.
അവരൊന്നാകെ ഓടിവന്ന് ഫ്രിഡ്ജ് മുഴുവന്‍ അരിച്ചുപെറുക്കി.
എവിടെ?
അയാള്‍ തണുത്ത കുപ്പിവെള്ളം എടുത്തുകൊടുത്തു.
അത് ദേഷ്യത്തോടെ വലിച്ചെറിഞ്ഞ് അവര്‍ അലറി:
‘ബീഫ്?’
അയ്യോ. ഇതില്‍ ബീഫില്ല. മട്ടനും ചിക്കനും ഒന്നുമില്ല.
അവരാകെ നിരാശരായി തിരിച്ചുപോയി.
ഇത്തിരി ബീഫ്
ഒരു കഷണം മട്ടന്‍
ഒരു ചിക്കന്‍ ലഗ്
അത് അവിടെ കണ്ടത്തെിയിരുന്നെങ്കില്‍!
തോക്കുമായി വന്നവരുടെ വായില്‍ വെള്ളമൂറി.
ആ മനുഷ്യനെ വെടിവെച്ച് കൊണ്ടുപോയി വേവിച്ച് മസാല ചേര്‍ത്ത് തിന്നാമായിരുന്നു.
മനുഷ്യമാംസത്തിന്‍െറ രുചിയോര്‍ത്ത് അവരുടെ വായിലൂടെ പുഴയൊഴുകി.
അവര്‍ തിരിച്ചുപോയതോടെ പൊട്ടിപ്പൊളിച്ച വാതില്‍ ഒരു തുണികൊണ്ടു പോലും മറയ്ക്കാതെ അയാള്‍ ഉറങ്ങാന്‍ കിടന്നു.
മടിയില്‍ കനമില്ലാത്തവന് വഴിയില്‍ കള്ളനെ ഭയമുണ്ടാവില്ലല്ളോ.
അയാള്‍ സുഖമായുറങ്ങി. ഉറക്കത്തില്‍ അയാളൊരു കിനാവ് കണ്ടു. വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കഞ്ഞിവെക്കുകയാണെന്ന ധാരണയില്‍ വെള്ളം തിളപ്പിക്കുന്ന ഒരമ്മയുടെ ആരോരുമില്ലാത്ത വീട്ടിലേക്ക് ഒരു ധാന്യച്ചാക്കും സ്വന്തം തലയിലേറ്റി നടന്നുപോയ ഒരു ഭരണാധികാരിയെയായിരുന്നു അയാള്‍ സ്വപ്നംകണ്ടത്.
ഉണര്‍ന്നപ്പോള്‍ അയാള്‍ ആലോചിച്ചു.
ഇതൊരു സ്വപ്നമായിരുന്നില്ലല്ളോ.
അപ്പോള്‍ ആരോ ഉറക്കെ വിളിച്ചുപറയുന്നതുപോലെ അയാള്‍ കേട്ടു. ഗോമാംസം വീട്ടിലുണ്ടെന്ന് പറഞ്ഞ് ഒരു മനുഷ്യനെ കുറേയേറെപേര്‍ വന്ന് അടിച്ചുകൊന്നത് ഒരു സ്വപ്നമായിരുന്നെങ്കില്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.