ബാറ്റും ബാളുമായി മൈതാനങ്ങളിൽ കറങ്ങിനടന്ന ആ കൊച്ചു പയ്യെൻറ മനസ്സിൽ ആശകളേറെയായിരുന്നു. ക്രീസിൽ തീപടർത്തണം; ആരാധക ഹൃദയങ്ങളിൽ ചേക്കേറണം. അങ്ങനെ ലോകമറിയുന്ന ഒരു താരമായി തിളങ്ങി വിളങ്ങി പരിലസിക്കണം. ആഗ്രഹങ്ങൾക്ക് ആർക്കും പഞ്ഞമില്ലല്ലോ. പക്ഷേ, തലവരയെന്ന ഒന്നുകൂടിയുണ്ട്. അതുമല്ലെങ്കിൽ, ചൊട്ടയിലെ ശീലം അത്ര പെട്ടെന്നങ്ങ് പോകുമോ? മുല്ലപ്പൂമ്പൊടിയേറ്റു കിടക്കുന്ന കല്ലിനുമുണ്ടാകില്ലേ ആ സൗരഭ്യം. രാഷ്ട്രീയത്തിലെ ജഗജില്ലിയായ ലാലുപ്രസാദ് യാദവിെൻറ മകനാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല; ക്രിക്കറ്റിൽ തേജസ്വി പ്രസാദ് യാദവിെൻറ തലവര അത്ര തെളിഞ്ഞതായിരുന്നില്ല.
ഡൽഹി പബ്ലിക് സ്കൂളിൽ പഠിക്കുമ്പോഴാണ് ക്രിക്കറ്റെന്ന സന്നി ബാധിച്ചത്. അങ്ങനെ പഠനം ഒന്നാന്തരമായി ഉഴപ്പി. എട്ടാം ക്ലാസ് കഷ്ടിച്ച് കടന്നുകൂടി. ഒമ്പതിലെത്തിയപ്പോൾ ഭാഗ്യവും തുണച്ചില്ല, സുന്ദരമായി തോറ്റു. അപ്പോൾ നേരെയങ്ങ് പ്രഖ്യാപിച്ചു; ഇനി ഞാൻ പഠിക്കുന്നില്ല. അങ്ങനെ പഠനം മതിയാക്കി. എന്നിട്ടും കളി മതിയാക്കിയില്ല. പിന്നെയും കളിച്ചുനടന്നു. ഝാർഖണ്ഡിനുവേണ്ടി 2009ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. പക്ഷേ, മൈതാനത്ത് അധികം മെയ്യനങ്ങി കളിക്കേണ്ടി വന്നിട്ടില്ല. രഞ്ജിയിലെ ഏക മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ വെറും ഒരു റണ്ണും രണ്ടാം ഇന്നിങ്സിൽ 19 റൺസുമായിരുന്നു സമ്പാദ്യം. വിക്കറ്റൊന്നും കിട്ടിയതുമില്ല. രണ്ടു പരിമിത ഓവർ മത്സരങ്ങളിലും കളിച്ച് ‘പ്രാഗല്ഭ്യം’ തെളിയിച്ചു. ഇത്രയുമായപ്പോൾ വീട്ടുകാരൊക്കെ പറഞ്ഞു, മോനെ നിനക്ക് പറ്റുന്ന പണിയല്ല ഇതെന്ന്. ആരു കേൾക്കാൻ. തേജസ്വി പിന്നെയും കളിച്ചു. അങ്ങനെയിരിക്കെ ഒരദ്ഭുതം സംഭവിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡെൽഹി ഡെയർഡെവിൾസിലെടുത്തു. കേട്ടവരൊക്കെ ഞെട്ടി. ചിലർ മൂക്കത്ത് വിരൽവെച്ചു. പക്ഷേ, തേജസ്വി കുലുങ്ങിയില്ല. നാലു സീസണുകളിൽ ഡൽഹി ടീമിനൊപ്പമുണ്ടായിരുന്നു. കാണികളുടെ ഭാഗ്യം കൊണ്ടാണോ തേജസ്വിയുടെ ഭാഗ്യംകൊണ്ടാണോ എന്നറിയില്ല; ഒറ്റ മത്സരത്തിൽപോലും കളിക്കേണ്ടിവന്നില്ല. പൊതുവെ തമാശക്കാരനായ പിതാവ് ലാലു അതുകണ്ട് പറഞ്ഞു: ‘കളിക്കാർക്ക് വെള്ളം കൊടുക്കാനുള്ള ഭാഗ്യമെങ്കിലും എെൻറ മകനുണ്ടായല്ലോ’. നീളൻമുടിയും കുറ്റിത്താടിയുമൊക്കെയായി നമ്മുടെ മഹേന്ദ്ര സിങ് ധോണി വന്നതുപോലെയായിരുന്നു വരവ്. പക്ഷേ, അതുകൊണ്ടൊന്നും ക്ലച്ച് പിടിച്ചില്ല.
ഇത്രയൊക്കെയാകുമ്പോൾ ആർക്കായാലും ഒന്ന് മനസ്സ് മടുക്കുമല്ലോ. അതുതന്നെ തേജസ്വിക്കുമുണ്ടായി. കൂട്ടുകളിക്കാരെല്ലാം അടിച്ചുതകർക്കുമ്പോൾ വെറുതെ ബെഞ്ചിലിരുന്ന് മടുത്തു. അങ്ങനെ ആ വലിയ തിരിച്ചറിവിലെത്തി. ഇതെനിക്ക് പറ്റിയ പണിയല്ല. ഓഫ് സ്പിന്നറായും മധ്യനിര ബാറ്റ്സ്മാനായും ഒരു ഓൾറൗണ്ടറാകാൻ കൊതിച്ച തേജസ്വി അങ്ങനെ ക്രീസ് വിട്ടിറങ്ങി. പക്ഷേ, ഒന്നു ചീയുമ്പോഴാണല്ലോ മറ്റൊന്നിന് വളമാവുക. തേജസ്വിക്ക് അതറിയുമായിരുന്നോ എന്നറിയില്ല. പക്ഷേ, സംഭവിച്ചതതാണ്. ക്രിക്കറ്റിെൻറ നഷ്ടം രാഷ്ട്രീയത്തിന് നേട്ടമായി. കാലിത്തീറ്റയിൽവീണ ലാലു ഇനി മത്സരിക്കേണ്ടെന്ന് കോടതിയും തെരഞ്ഞെടുപ്പ് കമീഷനും തീരുമാനിച്ചത് ഗുണമായത് നാട്ടുകാർക്കുമാത്രമല്ല, മക്കൾക്കുമാണ്. ആർ.ജെ.ഡിയെന്ന പാർട്ടിയിൽ ലാലുവിെൻറ പിന്മുറക്കാരനാകാൻ ഭാഗ്യം ലഭിച്ചത് ഒമ്പത് മക്കളിൽ ഇളയവനായ തേജസ്വിക്ക്.
മൂത്തവൻ തേജ് പ്രതാപ് യാദവിനെ ആദ്യമൊന്നു പരീക്ഷിച്ച് നോക്കിയതായിരുന്നു ലാലു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സാമൂഹികമാധ്യമങ്ങളിൽ പാർട്ടിയുടെ ധീരവീര കഥകൾ പാടാനുള്ള ചുമതല തേജ് പ്രതാപിനായിരുന്നു. ഫലം വന്നപ്പോൾ പാർട്ടി എട്ടുനിലയിൽ പൊട്ടി. അതോടെ തേജിെൻറ കഥയും കഴിഞ്ഞു. അങ്ങനെയാണ് ഇളയവൻ തേജസ്വിയെ ഇറക്കിയത്. ബിഹാറിൽ മഹാസഖ്യം ചരിത്രവിജയം നേടിയപ്പോൾ തേജസ്വിയുടെ വരയും തെളിഞ്ഞു. ക്രിക്കറ്റിൽ ഗതികിട്ടാതെ അലഞ്ഞ് ഡെൽഹി ഡെയർ ഡെവിൾസിലെത്തി സകലരെയും ഞെട്ടിച്ച തേജസ്വി ഇത്തവണ വീണ്ടും ഞെട്ടിച്ചു. നിതീഷ് കുമാർ സർക്കാറിൽ ഉപമുഖ്യമന്ത്രി. രാഷ്ട്രീയ ഇന്നിങ്സിെൻറ തുടക്കംതന്നെ ഗംഭീരം. ക്രിക്കറ്റിൽ മധ്യനിരയിലാണ് ഇറങ്ങിയതെങ്കിൽ രാഷ്ട്രീയത്തിൽ രണ്ടാമനായാണ് ഇറക്കം. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ഉപമുഖ്യമന്ത്രി. ഒപ്പം ജയിച്ച ചേട്ടൻ തേജ് പ്രതാപിനുമുണ്ട് മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ. ക്രിക്കറ്റിൽ തോറ്റെങ്കിലും ഒരു ടീം മാനായിരുന്നു തേജസ്വി. രാഷ്ട്രീയ ഇന്നിങ്സിലും ഈ ടീം സ്പിരിറ്റായിരിക്കും കൈമുതൽ. പിതാവിനെപ്പോലെ വാക്കുകൾകൊണ്ട് നാട്ടുകാരെ കൈയിലെടുക്കാനുള്ള മിടുക്കുണ്ട്. കേൾവിക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന ലാലുവിെൻറ ശൈലിയിൽതന്നെയാണ് സംസാരം. വാക്കുകൾകൊണ്ട് അമ്മാനമാടും. ഇങ്ങനെയൊക്കെയാണെങ്കിലും കാലിത്തീറ്റയിലൊന്നും പോയി വീഴരുതേ എന്നാണ് നാട്ടുകാരുടെ പ്രാർഥന.
പശ്ചിമ ജർമനിയെയും പൂർവ ജർമനിയെയും വേർതിരിച്ച ജർമൻ മതിൽ വീണ 1989 നവംബർ ഒമ്പതിനാണ് ജനനം. അതുകൊണ്ടായിരിക്കാം, തേജസ്വിയുടെ മുന്നിലുമുണ്ടൊരു വന്മതിൽ. ഇപ്പോൾ ഭയങ്കര കൂട്ടാണെങ്കിലും ലാലുവും നിതീഷും തമ്മിൽ ശരിക്കും അത്രനല്ല ഇഷ്ടമായിരുന്നില്ലെന്ന് കൊച്ചുകുട്ടികൾക്കുപോലും അറിയാം. അവരുടക്കിയാൽ തീർന്നു സർക്കാറിെൻറ കഥ. അതുണ്ടാകാതെ നോക്കേണ്ട ചുമതലയും തേജസ്വിയുടെ ചുമലിലുണ്ട്. കന്നിമത്സരംതന്നെ മോശമാക്കിയില്ല. കുടുംബത്തിെൻറ പരമ്പരാഗത സീറ്റായ രാഘവ്പൂരിൽനിന്ന് മികച്ച ഭൂരിപക്ഷത്തിൽ വിജയം. അമ്മ റാബ്റി ദേവിയും ഇവിടന്ന് ജയിച്ചിട്ടുണ്ട്. 26ാം ജന്മദിനത്തിലാണ് വിജയവാർത്ത തേജസ്വിയെ തേടിയെത്തിയത്. പിന്മുറക്കാരനായി തേജസ്വി വരണമെന്നാണ് ലാലുവിെൻറയും റാബ്റിയുടെയും മോഹം. പക്ഷേ, നേരത്തേതന്നെ രാഷ്ട്രീയത്തിലുള്ള മൂത്ത മകൾ മിസ ഭാരതി കടുംവെട്ട് വെട്ടുമോയെന്നേ അറിയാനുള്ളൂ. ഇത്തവണ മത്സരിച്ചില്ലെങ്കിലും അവർ അങ്ങനെയങ്ങ് അടങ്ങിയിരിക്കുമെന്ന് കരുതാനാകില്ലല്ലോ. പഠിക്കുമ്പോൾ അൽപം നാണംകുണുങ്ങിയും ശാന്തശീലനുമൊക്കെയായിരുന്നു. ഇപ്പോഴും കുറച്ചൊക്കെ അങ്ങനെത്തന്നെയാണ്. പക്ഷേ, ഇനിയങ്ങോട്ട് അത്ര ശാന്തനാകാൻ കഴിയില്ലെന്ന് തേജസ്വിക്കുമറിയാം. കാരണം, രാഷ്ട്രീയം ഒരു ചൂടൻ ഗെയിമാണല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.