മാണിയുടെ വരവും വീഴ്ചയും

ബജറ്റ് എന്നതിന്‍െറ പര്യായമായി മലയാളികളുടെ മനസ്സില്‍ പച്ചകുത്തപ്പെട്ട പേരാണ് കെ.എം. മാണി.  13 ബജറ്റുകള്‍ അവതരിപ്പിച്ചതിന്‍െറയും തുടര്‍ച്ചയായി ഒരേമണ്ഡലത്തില്‍നിന്ന് ജനപ്രതിനിധിയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്‍െറയും റെക്കോഡിന് ഉടമ, പ്രായോഗിക രാഷ്ട്രീയത്തിന്‍െറ ഏറ്റവും ശക്തനായ നേതാവ് അഥവാ, പ്രായോഗികതയെ രാഷ്ട്രീയവത്കരിച്ച നേതാവ് തുടങ്ങി അരനൂറ്റാണ്ട് പിന്നിടുന്ന രാഷ്ട്രീയ ജീവിതത്തിനിടെ നിരവധി സുവര്‍ണനേട്ടങ്ങള്‍ സ്വന്തമാക്കിയ കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ കോഴയില്‍ കുടുങ്ങി പുറത്താകുന്നത് വിധിവൈപരീത്യം. പാര്‍ട്ടി സുവര്‍ണജൂബിലി ആഘോഷത്തിന് പിന്നാലെ കേരളരാഷ്ട്രീയത്തില്‍  നേട്ടങ്ങള്‍ ഏറെ സ്വന്തമാക്കിയ കരിങ്ങോഴക്കല്‍ മാണിയെന്ന കെ.എം. മാണി കോഴയുടെ പാപഭാരംപേറി പുറത്തേക്കുപോകുമ്പോള്‍ അത് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് മാത്രമല്ല, വലതുമുന്നണിയുടെ രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിച്ച അതികായന്‍െറ പതനംകൂടിയാകുകയാണ്. ഒരുപക്ഷേ, ആരോഗ്യകരമായ പ്രശ്നങ്ങള്‍ക്കൊപ്പം 50 വര്‍ഷത്തോളം കാത്തുസൂക്ഷിച്ച സംശുദ്ധ പ്രതിച്ഛായക്ക് മങ്ങലേറ്റതോടെ ഇത് രാഷ്ട്രീയജീവിതത്തിനുകൂടി അവസാനമാകുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എന്തായാലും, നിയമസഭാംഗമെന്ന നിലയില്‍ അരനൂറ്റാണ്ട് തികയുന്ന അപൂര്‍വ റെക്കോഡ് ആഘോഷിക്കാന്‍ വിധി അനുവദിക്കാതെയാണ് അദ്ദേഹത്തിന്‍െറ പടിയിറക്കം.
കോട്ടയം മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ കര്‍ഷക ദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനനം. തൃശ്നാപ്പള്ളി സെന്‍റ് ജോസഫ്സ് കോളജ്, മദ്രാസ് ലോ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം,  ഹൈകോടതി ജഡ്ജി പി. ഗോവിന്ദമേനോന്‍െറ കീഴില്‍ 1955ല്‍ കോഴിക്കോട് അഭിഭാഷകനായി ചേര്‍ന്നു. തുടര്‍ന്ന് ഇതേവര്‍ഷം രാഷ്ട്രീയത്തില്‍ സജീവമായി. 1959ല്‍ കെ.പി.സി.സി അംഗം. 1964 മുതല്‍ കേരളാ കോണ്‍ഗ്രസില്‍. 1975ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രി. കന്നിപ്രവേശംതന്നെ ധനമന്ത്രിയായിട്ടായിരുന്നു. ’76ലായിരുന്നു ആദ്യ ബജറ്റ്. രാജ്യത്ത് ആദ്യമായി കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ നടപ്പാക്കിയതും മാണിയാണ്. 1975 ഡിസംബര്‍ 26ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായി ഏറ്റവുംകൂടുതല്‍ കാലം മന്ത്രിയായിരുന്ന മാണി മന്ത്രി ബേബി ജോണിന്‍െറ റെക്കോഡ് മറികടന്ന് സ്വന്തംപേരിലാക്കി. 12 മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ് കേരളത്തില്‍ ഏറ്റവുംകൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്‍െറ റെക്കോഡും. അച്യുതമേനോന്‍െറ ഒരു മന്ത്രിസഭയിലും  (455 ദിവസം), കരുണാകരന്‍െറ നാലു മന്ത്രിസഭകളിലും (3229 ദിവസം), ആന്‍റണിയുടെ മൂന്നു മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം) അദ്ദേഹം അംഗമായിരുന്നു. ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിട്ടുള്ളതും മാണിയാണ്.
1964 ല്‍ രൂപവത്കൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ 13 തവണ ജയിച്ച മാണി ഒരിക്കലും തെരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല. എതിരാളികള്‍ എത്ര ശക്തരായാലും ഫലം പുറത്തുവരുമ്പോള്‍ മാണിക്കായിരുന്നു എന്നും വിജയം. ഭൂരിപക്ഷത്തില്‍ നേരിയ ഏറ്റക്കുറച്ചില്‍ സൃഷ്ടിക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞെങ്കിലും പാലായുടെ മാണിക്യമെന്നാണ് മാണി അറിയപ്പെട്ടിരുന്നത്. ഏറ്റവുംകൂടുതല്‍ കാലം നിയമവകുപ്പും ധനവകുപ്പും കൈകാര്യംചെയ്തു.  മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഈ റെക്കോഡുകളും ഉയര്‍ത്തിപ്പിടിച്ചാണ് നാറിയ അഴിമതിയുടെ പേരില്‍ മാണി മന്ത്രിക്കുപ്പായം അഴിച്ചുവെച്ച് പുറത്തേക്കുപോകുന്നത്.  
1965 മാര്‍ച്ച് അഞ്ചിനായിരുന്നു കെ.എം. മാണി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെവന്നതോടെ നിയമസഭ പിരിച്ചുവിട്ട് നടത്തിയ തെരഞ്ഞെടുപ്പില്‍ 1967 മാര്‍ച്ച് മൂന്നിനാണ് മാണി എം.എല്‍.എയായത്. 82 വയസ്സുണ്ടെങ്കിലും ഇന്നും നോക്കിലും വാക്കിലും നടപ്പിലും രാഷ്ട്രീയത്തിലെ നിത്യഹരിതനായകനായി നില്‍ക്കുന്ന മാണി പ്രതിഷേധത്തിനും പ്രക്ഷോഭത്തിനുമിടെ ഒരു ബജറ്റ് കൂടി അവതരിപ്പിക്കുന്ന അദ്ഭുതത്തിനും കേരളം സാക്ഷിയായി. അവസാനം ബാര്‍കോഴയില്‍ കുടുങ്ങി വര്‍ഷം ഒന്നായിട്ടും രാജിവെക്കാതെ തൊടുന്യായങ്ങള്‍ നിരത്തിയ മാണി തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ആടി ഉലഞ്ഞപ്പോഴും പാലാ നഗരസഭയിലെ മാത്രം വിജയം ഉയര്‍ത്തിക്കാട്ടി ബാര്‍കോഴ ജനം തള്ളിക്കളഞ്ഞുവെന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു.
മനസ്സാക്ഷിയുണ്ടെങ്കില്‍ രാജിവെക്കണമെന്ന ഹൈകോടതി പരാമര്‍ശത്തിനു മുന്നില്‍ രാഷ്ട്രീയ കുടിലതന്ത്രങ്ങള്‍ പ്രയോഗിച്ച് പിടിച്ചുനില്‍ക്കാന്‍ അവസാനനിമിഷംവരെ ശ്രമിച്ചെങ്കിലും അവസാനം പടിക്ക് പുറത്തേക്കുപോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. കോഴവിവാദവും കോടതിവിധിയും മാണിയുടെ അരനൂറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയജീവിതത്തിന്‍െറ പതനത്തിന് വഴിയൊരുക്കുമ്പോഴും കേരളരാഷ്ട്രീയത്തിലെ സംഭവബഹുലമായ ഒരധ്യായമാണ് പൂര്‍ത്തിയാകുന്നത്. വളരുന്തോറും പിളരുന്ന ചരിത്രമുള്ള കേരളാ കോണ്‍ഗ്രസില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ രാജി പാര്‍ട്ടിയെതന്നെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും ഉറപ്പ്.
പി.ടി. ചാക്കോയെയും കെ.എം. ജോര്‍ജിനെയും ആര്‍. ബാലകൃഷ്ണപിള്ളയെയും തുടങ്ങി പ്രതിയോഗികളെയും പ്രതിബന്ധങ്ങളെയും അരിഞ്ഞുവീഴ്ത്തി മുന്നേറാനുള്ള അനിഷേധ്യ പാടവവും തന്ത്രങ്ങളും മന്ത്രങ്ങളും കൈവശമുള്ള മാണിയുടെ രാഷ്ട്രീയജീവിതം ഒരിക്കലും പൂമത്തെയായിരുന്നിട്ടില്ല. മുള്‍ച്ചെടിയില്‍നിന്ന് റോസാദളം മുളക്കുന്നതുപോലെ ശരശയ്യയില്‍ കിടന്നുപോലും തനിക്ക് രാഷ്ട്രീയ ഊര്‍ജം പടരാനും പടര്‍ത്താനും കഴിവുണ്ടെന്ന് തെളിയിച്ച അപൂര്‍വനേതാക്കളില്‍ ഒരാളാണ് മാണി. എന്നാല്‍, കോഴവിവാദത്തില്‍ കുടുങ്ങി പടിയിറങ്ങേണ്ടിവരുമെന്ന് അദ്ദേഹം ഒരിക്കല്‍പോലും വിചാരിച്ചിട്ടുണ്ടാകില്ല. പ്രമുഖരൊക്കെ പാര്‍ട്ടി വിട്ടപ്പോഴും മാണി കുലുങ്ങിയിട്ടില്ല. അഥവാ, കുലുങ്ങിയതായി ഭാവിച്ചിട്ടില്ല. ഇവരുടെ രാഷ്ട്രീയവേര്‍പാട് തനിക്കോ പാര്‍ട്ടിക്കോ ഒരു പോറലും ഏല്‍പിച്ചിട്ടില്ളെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മാണി പ്രയോഗിച്ച വാക്യം കേരളരാഷ്ട്രീയത്തില്‍ വാമൊഴിയും വരമൊഴിയുമായി മാറുകയായിരുന്നു. പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയായി കേരളാ കോണ്‍ഗ്രസിനെ അദ്ദേഹം അക്ഷരാര്‍ഥത്തില്‍ മാറ്റി.  
മാണിയെന്ന രാഷ്ട്രീയനേതാവിനെ ഒതുക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ തനിക്കെതിരെ നില്‍ക്കുന്ന തടസ്സങ്ങളെ ‘തച്ചുടക്കുക’യെന്ന രാഷ്ട്രീയപ്രവര്‍ത്തനശൈലിയുടെ ഉടമയായിരുന്നു മാണി. ആ ‘കല’യില്‍ മറ്റു നേതാക്കളെക്കാള്‍ അല്‍പം വൈദഗ്ധ്യം കൂടുതലായുമുണ്ട്. അതുതന്നെയാണ് മാണിയെ മാണിയാക്കിയതും. രാഷ്ട്രീയത്തിലേക്കുള്ള പ്രയാണം അപാര വേഗത്തിലായിരുന്നു. പിന്നോട്ട് തിരിഞ്ഞുനോക്കാതെയുള്ള ആ ഓട്ടത്തിനാണ് ഇപ്പോള്‍ തടസ്സം നേരിട്ടത്. തനിക്ക് വിധേയരായി നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതുപോലെതന്നെ അവര്‍ എതിരായാല്‍ അരിഞ്ഞുവീഴ്ത്താനും മാണിക്കുള്ള വൈദഗ്ധ്യത്തിന് പ്രത്യേകതകള്‍ ഏറെയായിരുന്നു. വെറും പ്രാദേശിക പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസിന് ഒരു പ്രത്യയ ശാസ്ത്രത്തിന്‍െറ മുഖാവരണം അണിയിച്ചത് മാണിയാണ്.
സോവിയറ്റ് യൂനിയനില്‍ ഗോര്‍ബച്ചേവ് പ്രഖ്യാപിച്ച അന്നത്തെ നിലയില്‍ വിപ്ളവാത്മകമായ പെരിസ്ട്രോയിക്കയുടെയും ഗ്ളാസ്നെസ്റ്റിന്‍െറയും ആശയം അധ്വാനവര്‍ഗ സിദ്ധാന്തത്തില്‍ പറയാനുള്ള ചങ്കൂറ്റവും മാണിക്കുണ്ടായിരുന്നു. പലരും ഇതുകേട്ട് ഊറിച്ചിരിച്ചപ്പോഴും സത്യത്തിന്‍െറ പൊടികള്‍ ഇതില്‍ പറ്റിപ്പിടിച്ചിട്ടുണ്ടെന്നതായിരുന്നു വസ്തുത. ആ അതികായകന്‍െറ പതനമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.