ഞാന്‍ എന്തുകൊണ്ട് പുരസ്കാരം തിരിച്ചേല്‍പിക്കുന്നു

നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുന്നത് ഏതെങ്കിലും അവാര്‍ഡുകളിലൂടെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും, മടക്കിനല്‍കിയ അവാര്‍ഡുകളുടെ  കൂനയിലേക്ക് 1989ല്‍, മികച്ച തിരക്കഥക്ക് എനിക്ക് ലഭിച്ച ദേശീയ പുരസ്കാരംകൂടി സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഭരണകൂടം പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന  ‘വളര്‍ന്നുവരുന്ന അസഹിഷ്ണുത’യോടുള്ള ‘ഞെട്ടല്‍’കൊണ്ടല്ല ഞാന്‍ പുരസ്കാരം തിരിച്ചുനല്‍കുന്നതെന്ന് വ്യക്തമാക്കട്ടെ. മനുഷ്യരെ കൂട്ടംചേര്‍ന്ന് തല്ലിക്കൊല്ലുന്നതിനും തോക്കിനിരയാക്കുന്നതിനും കത്തിച്ചുകളയുന്നതിനുമെല്ലാം ‘അസഹിഷ്ണുത’ എന്ന വാക്ക് ഉപയോഗിക്കുന്നത് തെറ്റാണെന്ന് ആദ്യമേ പറയട്ടെ. രണ്ടാമതായി, നമ്മെ കാത്തിരിക്കുന്നത് എന്താണെന്നതിനെക്കുറിച്ച് ഒട്ടേറെ മുന്നറിയിപ്പുകള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ, ഈ സര്‍ക്കാറിനെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലത്തെിച്ചശേഷം എനിക്ക് ‘ഞെട്ടല്‍’ അവകാശപ്പെടാനാകില്ല. മൂന്നാമതായി, ഏറെ കടുത്ത അസ്വാസ്ഥ്യങ്ങളുടെ ചില അടയാളങ്ങള്‍ മാത്രമാണ് ഈ കൊലപാതകങ്ങളൊക്കെയും. ജീവിച്ചിരിക്കുന്നവര്‍ക്ക് ഈ ജീവിതമൊരു നരകമായിരിക്കുന്നു. ദശലക്ഷക്കണക്കിന് ദലിതരും ആദിവാസികളും മുസ്ലിംകളും ക്രിസ്ത്യാനികളുമെല്ലാം അടങ്ങുന്ന മുഴുവന്‍ ജനവിഭാഗങ്ങളും എപ്പോള്‍ എവിടെനിന്ന് ആക്രമണം വരുമെന്നറിയാതെ ഒരുതരം ഭീതിയുടെ നിഴലില്‍ കഴിയാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു.
‘നിയമവിരുദ്ധമായ കൊലപാതക’ത്തെക്കുറിച്ച്  രാഷ്ട്രീയക്കാരും ഹിന്ദുത്വവാദികളും പുതിയ ചര്‍ച്ച നടക്കുന്നത്, കൊല്ലപ്പെട്ട ഭാവനയിലുള്ള ആ പശുവിനെക്കുറിച്ച് സംസാരിക്കാനാണ്. അല്ലാതെ ശരിക്കും കൊല്ലപ്പെട്ട ആ മനുഷ്യനെക്കുറിച്ച് പറയാനല്ല. അത്തരമൊരു രാജ്യത്താണ് നാം ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും ഫോറന്‍സിക് തെളിവുകള്‍ പരിശോധിക്കുമെന്ന് അവര്‍ പറയുന്നത് ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണത്തെ ഉദ്ദേശിച്ചാണ്; ഹിന്ദുത്വവാദികള്‍ തല്ലിക്കൊന്ന ആ മനുഷ്യന്‍െറ ശരീരമല്ല. നമ്മള്‍ ‘പുരോഗമിച്ചു’വെന്ന് പറയുന്നു.  ദലിതുകള്‍ നിര്‍ദയം വധിക്കപ്പെടുകയും അവരുടെ കുട്ടികള്‍ ജീവനോടെ ചുട്ടെരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഡോ. അംബേദ്കര്‍ മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ ‘ഹിന്ദുയിസം അസ്പൃശ്യര്‍ക്ക് ഭീകരതയുടെ അറ’യാണെന്ന് വെടിയേല്‍ക്കാതെയും അടികൊള്ളാതെയും തടവിലാക്കപ്പെടാതെയും എത്ര എഴുത്തുകാര്‍ക്ക് ഉറക്കെ വിളിച്ചുപറയാന്‍ കഴിയും? സാദത്ത് ഹസന്‍ മന്‍ന്‍േറാ ‘ലെറ്റേഴ്സ് ടു അങ്കിള്‍സാമി’ല്‍ എഴുതിയതുപോലെ എത്രപേര്‍ക്ക് എഴുതാന്‍ കഴിയും? അവര്‍ പറഞ്ഞതിനോട്  നാം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് അത്ര പ്രധാനപ്പെട്ട കാര്യമൊന്നുമല്ല. സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം നമുക്കില്ളെങ്കില്‍, ബൗദ്ധികമായി പോഷണവൈകല്യം സംഭവിച്ച സമൂഹമാകും പിന്നെ നാം;  വിഡ്ഢികളുടെ രാജ്യമാകുമത്. ഉപഭൂഖണ്ഡം അടിമുതല്‍ അത് ബാധിച്ചിരിക്കുന്നു; പുതിയ ഇന്ത്യയും അതിലേക്കാണ് കൂട്ടിയിണക്കപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ ഇവിടെയും അത് സംഭവിച്ചിരിക്കുന്നു. ഇവിടെ സെന്‍സര്‍ഷിപ് ജനക്കൂട്ടത്തിന് പുറംകരാര്‍ നല്‍കിയിരിക്കുകയാണ്.
തിരിച്ചുനല്‍കാന്‍ എന്‍െറ പക്കല്‍ ഒരു ദേശീയ അവാര്‍ഡ് കണ്ടത്തെിയതില്‍ (എന്‍െറ ഭൂതകാലത്തില്‍നിന്നെവിടെയോ) അതിയായ സന്തോഷമുണ്ട്. കാരണം, രാജ്യത്തെ എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും അക്കാദമിക് പണ്ഡിതരുമെല്ലാം തുടങ്ങിവെച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍െറ ഭാഗമാകാന്‍ അതിലൂടെ എനിക്ക് കഴിയും. ഇപ്പോള്‍ പ്രതികരിച്ചില്ളെങ്കില്‍ നമ്മെ പടുകുഴിയില്‍ അടക്കംചെയ്യുന്ന, നമ്മുടെ സംഘശേഷിയെ ഇല്ലാതാക്കുന്ന അപകടകരവും ആക്രമണോത്സുകവുമായ ഒരു പ്രത്യയശാസ്ത്രത്തിനെതിരെയാണവര്‍ നിലകൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ സമാനതകളില്ലാത്ത അഭൂതപൂര്‍വമായ കാര്യങ്ങളാണ് നമ്മുടെ കലാകാരന്മാരും ബുദ്ധിജീവികളും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് എന്‍െറ ഉറച്ച വിശ്വാസം. മറ്റൊരര്‍ഥത്തില്‍, ഇതൊരു രാഷ്ട്രീയംതന്നെയാണ്. അതിന്‍െറ ഭാഗമാകുന്നതില്‍ എനിക്ക് അഭിമാനമുണ്ട്; ഒപ്പം, ഇന്ന് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ വലിയ ലജ്ജയും.
പിന്‍കുറി: 2005ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്തുതന്നെ സാഹിത്യ അക്കാദമി അവാര്‍ഡ് ഞാന്‍ നിരസിച്ചിരുന്നു. അതുകൊണ്ട്,  ആ പഴയ ബി.ജെ.പിvs കോണ്‍ഗ്രസ് തര്‍ക്കത്തില്‍നിന്ന് എന്നെ വിട്ടേക്കുക. ഇത് അതിനുമപ്പുറം പോയിരിക്കുന്നു. നന്ദി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.