പൗരരാഷ്ട്രീയത്തെക്കുറിച്ചും അതിനെ സാധ്യമാക്കിയ സാമൂഹിക സാഹചര്യത്തെക്കുറിച്ചും ഇതിനകം തന്നെ വലിയ തോതിൽ വിശകലനം നടന്നുകഴിഞ്ഞിരിക്കുന്നു. പൗരരാഷ്ട്രീയവുമായി (സിവിൽ പൊളിറ്റിക്സ്) ബന്ധപ്പെട്ട ചർച്ചയിൽ പലപ്പോഴും അതിെൻറ അപരസ്ഥാനത്തും ശത്രുസ്ഥാനത്തുമാണ് മുഖ്യധാരാ രാഷ്ട്രീയത്തെ നാം പ്രതിഷ്ഠിക്കാറുള്ളത്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം അവയുടെ തുടക്കകാലത്ത് സാമൂഹിക പ്രസ്ഥാനങ്ങളുമായിരുന്നു എന്ന യാഥാർഥ്യം മറച്ചുവെക്കപ്പെടാൻ ഇത് കാരണമാകുന്നുണ്ട്. സ്വാതന്ത്ര്യസമരം, ഹിന്ദു–മുസ്ലിം ഐക്യം, അയിത്തോച്ചാടനം, മദ്യനിരോധ സമരം തുടങ്ങിയ പ്രക്ഷോഭങ്ങൾക്ക് കാതുകൊടുത്തും നെഞ്ചേറ്റിയുമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ രാഷ്ട്രീയ ഉണർവുകൾ സാധ്യമായത്. സിവിൽ പൊളിറ്റിക്സിനെയും അതിെൻറ മുൻകൈയിൽ നടക്കുന്ന ജനകീയ സമരങ്ങളെയും അമർച്ചചെയ്യാൻ വേണ്ടിയാണ് ഇന്ന് കരിനിയമങ്ങൾ ഭരണകൂടം ചുട്ടെടുക്കുന്നത് എന്നത് ശരിതന്നെ. എന്നാൽ, 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിെൻറ ഭാഗമായാണ് ഇന്ത്യയിൽ കരിനിയമങ്ങൾ നിലവിൽവരുന്നത് എന്നതും അത്രതന്നെ ശരിയാണ്. ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന ഈ കിരാത നിയമങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത് ദേശീയ പ്രസ്ഥാനമായിരുന്നു. ഗാന്ധിജിയടക്കമുള്ള ദേശീയ പ്രസ്ഥാനത്തെ പല പ്രമുഖരും 124 എ വകുപ്പനുസരിച്ച് രാജ്യദ്രോഹികളായി ജയിലിലടക്കപ്പെട്ടു. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർ ദേശീയ പ്രസ്ഥാനത്തിലെ നേതാക്കളെ വിളിച്ചത് തീവ്രവാദികളെന്നും ഭീകരവാദികളെന്നുമായിരുന്നു. ഇന്ന് ഭരണകൂടം അത് മുസ്ലിം, ദലിത്, ആദിവാസി, ജനകീയ സമരനേതാക്കൾക്ക് പതിച്ചുനൽകിയിരിക്കുന്നു.
ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നായ ഇടതുപക്ഷത്തിെൻറയും ചരിത്രം വ്യത്യസ്തമല്ല. ഇന്ത്യയെ വിശിഷ്യ, കേരളീയ സമൂഹത്തെ ആസകലം പിടിച്ചുകുലുക്കിയ നവോത്ഥാന ശ്രമങ്ങൾ അതിെൻറ തുടർച്ചയായുണ്ടായ ജാതിവിരുദ്ധ സംഘർഷങ്ങൾ, ക്ഷേത്രപ്രവേശന സമരം, അയിത്തോച്ചാടന പ്രക്ഷോഭങ്ങൾ മുതലായവയിലെല്ലാം മുന്നണിപോരാളികളായിരുന്നു ഇടതുപക്ഷം. സാമൂഹിക രംഗത്ത് കയ്യൂരിെൻറയും പുന്നപ്ര വയലാറിെൻറയും ചരിത്രംപേറുന്ന സമൂഹമാണ് ഇടതുപക്ഷം. ഭൂപരിഷ്കരണത്തിെൻറയും മിച്ചഭൂമി സമരത്തിെൻറയും പേരിൽ അഭിമാനം കൊള്ളുന്നവരുമാണവർ. എന്നാൽ, ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാമൂഹിക പ്രതിബന്ധത നഷ്്ടപ്പെട്ട് അവ കേവലം രാഷ്ട്രീയ പാർട്ടികളായി പരിമിതിപ്പെട്ടുപോയി എന്നതാണ് സത്യം. ആന്തരികമായ ദൗർബല്യങ്ങൾക്കപ്പുറം ആശയപരമായ ദൗർബല്യങ്ങളായിരുന്നു ഇതിനുകാരണമെന്ന് വ്യക്തം.
ഇന്ത്യയുടെ ദേശീയ ചരിത്രം എന്നത് ഇവിടത്തെ കീഴാള സമൂഹങ്ങളും സവർണ സമൂഹങ്ങളും തമ്മിലുണ്ടായ സംഘർഷത്തിെൻറ ചരിത്രംകൂടിയാണ്. വൈദിക പാരമ്പര്യത്തിൽ വേരോടിനിൽക്കുന്ന ആർഷഭാരത സങ്കൽപങ്ങളിൽനിന്ന് ദേശീയതയുടെ ഭാവനാഭൂപടം വരച്ചെടുത്തുകൊണ്ടാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഇവിടെ എഴുന്നേറ്റുനിൽക്കാൻ ശീലിച്ചത്. ഇന്ത്യയിലെ മുഴുവൻ പൗരത്വങ്ങളെയും കൂട്ടിയിണക്കുന്ന സംഘാടക ശക്തിയെന്ന നിലയിൽ പ്രചരിപ്പിക്കപ്പെട്ട ദേശീയ പ്രസ്ഥാനത്തിെൻറ അന്തർധാര പക്ഷേ, അങ്ങേയറ്റം സവർണമായിരുന്നു. സാംസ്കാരിക അധീശത്വം നേടിയെടുത്ത ഈ ബ്രാഹ്മണ്യമാകട്ടെ അനിവാര്യമായും മറ്റു പലതിനെയും പാർശ്വവത്കരിക്കുകയും ചെയ്തു.
ഇന്ത്യയിലെ വരേണ്യ ജാതികൾ ഗൃഹാതുരതയോടെ കൊണ്ടുനടക്കുന്ന സുവർണ ഭൂതകാല സ്മരണകൾക്ക് സമാനമായി അധ$സ്ഥിത ദലിത് സമൂഹങ്ങളിലും ഒരു ദ്രാവിഡ ബോധം നിലനിൽക്കുന്നുണ്ട്. പൗരാണിക ഇന്ത്യൻ സമൂഹം ദ്രാവിഡമായിരുന്നുവെന്നും എന്നാൽ, മോഹൻ ജെദാരോവിലും ഹാരപ്പയിലും ഉടലെടുത്ത ആര്യാധിനിവേശത്തിെൻറ സന്ദർഭത്തിൽ ദ്രാവിഡ സമൂഹം തെക്കേ ഇന്ത്യയെ ആവാസ വ്യവസ്ഥയാക്കിയെന്നും ചരിത്രവത്കരിക്കപ്പെട്ടിട്ടുണ്ട്. കീഴാള സമൂഹം വെച്ചുപുലർത്തുന്ന ഈ ഭൂതകാലസ്മരണയെ കൊളോണിയൽ ആധുനികതയുടെ രാഷ്ട്രീയ സന്ദർഭത്തിൽ കോൺഗ്രസ് ദേശീയ പ്രസ്ഥാനം ബ്രാഹ്മണേതരമായ കൾചറൽ ഐഡിയോളജിയായി നികൃഷ്ടവത്കരിച്ച് പുറംതള്ളുകയായിരുന്നു. ഈയൊരു സമീപനത്തിെൻറ തുടർച്ചതന്നെയായിരുന്നു നവോത്ഥാനാനന്തര കാലയളവിൽ വികസിച്ചുവന്ന ഇടതുപക്ഷ സോഷ്യലിസറ്റ്പ്രസ്ഥാനങ്ങളും കീഴാള സമൂഹങ്ങളോടെടുത്തത്. ദേശത്തിനകത്ത് സമരോത്സുകമായി കത്തിക്കയറിയ കീഴാള മുന്നേറ്റങ്ങളെ മുതലാളിത്ത പൂർവ സാംസ്കാരിക ഘടകങ്ങളെന്ന പേരിൽ മൊഴിചൊല്ലി സൈദ്ധാന്തിക മണ്ഡലത്തിന് പുറത്തിരുത്തുകയാണ് ഇന്ത്യൻ ഇടതുപക്ഷം ചെയ്തത്. ഇന്ന് ശക്തിപ്രാപിച്ചുവരുന്ന സിവിൽ പൊളിറ്റിക്സ് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഇടയാനുള്ള കാരണം അവയുടെ ആശയബലഹീനതകൾ തന്നെയായിരുന്നുവെന്ന് ചുരുക്കം.
സിവിൽ പൊളിറ്റിക്സിെൻറ ഭാഗമായി വ്യത്യസ്ത ജാതി സംഘടനകൾ, സ്ത്രീ സംഘടനകൾ, മുസ്ലിം സംഘടനകൾ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ എന്നിവയെല്ലാം മുഖ്യധാരാ രാഷ്്ട്രീയ പാർട്ടികൾക്ക് ഭീഷണിയായും സമാന്തര ശക്തിയായും മാറിക്കഴിഞ്ഞിരിക്കുന്നു. അതിനാൽ, സമകാലിക ഇന്ത്യയിൽ രൂപപ്പെട്ടുവന്ന ഈ ജൈവരാഷ്ട്രീയത്തോടും അതിലെ ജനസഞ്ചയത്തോടും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സമീപനം വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഇന്ത്യയിലും കേരളത്തിലും പൗരരാഷ്ട്രീയത്തിെൻറ ഭാഗമായി നടക്കുന്ന സമരങ്ങളെയും ഇടപെടലുകളെയും ഏറ്റെടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ഇന്നുനടത്തുന്നുണ്ട്. കോൺഗ്രസ് പാർട്ടിക്കകത്ത് ഉയർന്നുവന്ന പുതിയ ഹരിത രാഷ്ട്രീയവാദവും ഇടതുപക്ഷത്തിെൻറ മുൻകൈയിൽ നടന്ന മാലിന്യനിർമാർജന ശ്രമങ്ങളും അതിലെ ചില സാമ്പിളുകൾ മാത്രം. എന്നാൽ, ഇതവരുടെ മൗലികമായ സമരങ്ങളായിരുന്നില്ല. മറിച്ച്, മാറ്റൊലികൾ മാത്രമായിരുന്നു. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ നടന്ന അവസാന ജനകീയസമരം വിമോചന സമരവും ഇടതുപക്ഷ നേതൃത്വത്തിൽ നടന്ന അവസാന സമരം മിച്ചഭൂമി സമരവുമായിരുന്നു എന്ന ടി.ടി. ശ്രീകുമാറിെൻറ നിരീക്ഷണം ഇവിടെയാണ് അന്വർഥമാകുന്നത്.
സിവിൽ പൊളിറ്റിക്സിെൻറ പുതിയ സമരവീര്യങ്ങളോട് ആശയപരമായി ഏറ്റവുമധികം താദാത്മ്യപ്പെടേണ്ടിയിരുന്നത് ഇടതുപക്ഷമായിരുന്നു. എന്നാൽ, മുസ്ലിം ദലിത് ആദിവാസി സമൂഹങ്ങളുടെ കർതൃത്വത്തിലുള്ള രാഷ്്ട്രീയ ഉണർവുകളെ അങ്ങേയറ്റം അവജ്ഞയോടും പരിഹാസത്തോടും മാത്രമേ അവർ നോക്കിക്കാണുന്നുള്ളൂ. സ്വത്വബോധവും സ്വത്വരാഷ്ട്രീയവും കീഴാള സമൂഹങ്ങളിൽ മാത്രമല്ല, ദേശീയതയുടെ പിറവിയിലും ദേശരാഷ്ട്രങ്ങളുടെ വളർച്ചയിലും കേരളത്തിെൻറ നവോത്ഥാന സംരംഭങ്ങളിലും സാരമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. കേരളം ഒരു ഭാഷാ ദേശീയതയാകാൻ എന്തുകൊണ്ട് അർഹമാണ് എന്ന ചോദ്യത്തിെൻറ മുന്നിലാണ് ഇ.എം.എസ് ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന മുദ്രാവാക്യം ഏറ്റെടുത്തത്. ചരിത്രപരമായ ഈ വസ്തുത മറച്ചുപിടിച്ചുകൊണ്ട് സ്വത്വ രാഷ്ട്രീയത്തോടും സിവിൽ പൊളിറ്റിക്സിനോടും ഇടതുപക്ഷം എടുക്കുന്ന വിമർശപരമായ സമീപനത്തിന് കാരണം തങ്ങൾ നേടിയെടുത്ത രാഷ്ട്രീയ മേധാവിത്വത്തിെൻറ അടിമണ്ണ് ഇളകുമെന്ന ഭയമാണ്. ന്യൂനപക്ഷ–കീഴാള–പരിസ്ഥിതി–സ്ത്രീവിഭാഗങ്ങളെയും അവയുടെ രാഷ്ട്രീയ മുന്നേറ്റത്തെയും വിധ്വംസകമായി അവതരിപ്പിക്കുന്ന മാർക്സിസ്റ്റുകൾ യഥാർഥത്തിൽ ആശങ്കപ്പെടുന്നത് തങ്ങളുടെ രാഷ്ട്രീയ വിഷയീസ്ഥാനം അട്ടിമറിക്കപ്പെടുന്നതിലാണ്. ഇത്തരം ഒരു അപചയം മറികടക്കുക എന്ന ലക്ഷ്യത്തിലാണ് ഇടതുപക്ഷത്തിനകത്തെ നവയാഥാസ്ഥിതികർ പുതിയ കീഴാള–സ്വത്വ പ്രേമവുമായി രംഗത്തുവന്നിരിക്കുന്നത്.
സമകാലിക ഇന്ത്യയിലെ സോഷ്യലിസ്റ്റ് ചിന്തയിലും പ്രയോഗത്തിലും അനിവാര്യമായി ഉടലെടുത്ത പ്രതിസന്ധികളുടെ പശ്ചാത്തലമാണ് പുതിയൊരു സൈദ്ധാന്തിക സമീക്ഷയും പ്രയോഗ സംഹിതയുമെന്ന നിലയിൽ മാർക്സിസത്തെ വികസിപ്പിക്കാൻ ഇവർക്ക് പ്രേരണയായത്. എന്നാൽ, ദേശീയാധുനികത ചരിത്രപരമായി പ്രാന്തവത്കരിച്ച മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ, ദലിതുകൾ, ആദിവാസികൾ, സ്ത്രീകൾ എന്നിവരുടെ മുൻകൈയിൽ നടക്കുന്ന സമരഭൂമികൾ പിടിച്ചെടുത്ത് വർഗകാഴ്ചപ്പാട് വികസിപ്പിക്കാനുള്ള ഉദ്യമങ്ങൾ അങ്ങേയറ്റം പരിഹാസ്യമാവുകയാണുണ്ടായത്. അഥവാ, അരികുചേർക്കപ്പെട്ട ഇത്തരം സമൂഹങ്ങളുടെ സമരങ്ങൾക്ക് നെടുനായകത്വം വഹിക്കുന്ന സംഘടനകളെ തീവ്രവാദികളായും വർഗീയവാദികളായും മുദ്രകുത്തി പൊതുമണ്ഡലത്തിൽനിന്ന് തുരത്താനും ഇതിലൂടെ നിരാശ്രയരാവുന്ന പാർശ്വവത്കൃത സമൂഹങ്ങളെ തനിക്കാക്കി രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് ഇന്ധനമാക്കുവാനുമാണ് അവർ ശ്രമിച്ചത്.
കാലത്തിനൊരു നീതിബോധമുണ്ട്. ആയുസ്സ് അപഹരിക്കുന്നതിനുപകരം അത് വിലപ്പെട്ട മറ്റൊന്ന് പകരം തരുന്നുണ്ട്. അതാണ് ജീവിതാനുഭവം. പാരമ്പര്യപ്രസ്ഥാനങ്ങളുടെയും വിമോചകരുടെയും അപൂർണത യാഥാർഥ്യബോധത്തോടെ ജനങ്ങൾ ഇന്ന് ഉൾക്കൊണ്ടിരിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിെൻറ രാഷ്ട്രീയ പ്രതിനിധാനങ്ങൾ സ്വയം ശാക്തീകരിക്കപ്പെടുകയാണ്. സ്വന്തം സമരങ്ങളുടെയും ലക്ഷ്യങ്ങളുടെയും തിരക്കഥ അവർ സ്വയം രചിക്കുകയാണ്. അതിനാൽ, മാറിവരുന്ന കാലത്തോട് സൂക്ഷ്മമായി പ്രതികരിക്കാനും സിവിൽ പൊളിറ്റിക്സിനോടും അതിലെ ജനസഞ്ചയത്തോടും ആധുനികതയുടേതായ ആശയാവലികൾ ഉപേക്ഷിച്ച് സംവാദത്തിലേർപ്പെടാനും പാകത്തിൽ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആന്തരികമായി ഇനിയും വികസിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.