ഭൂരിപക്ഷവാദത്തിന്‍െറ ലിബറല്‍ പശ്ചാത്തലം

ഭാരതീയ ജനതാ പാര്‍ട്ടി പാര്‍ലമെന്‍റില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം കരസ്ഥമാക്കിയതിനുശേഷവും മതേതര ഭരണഘടനയുടെ അന്ത$സത്തയെ വെല്ലുവിളിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരു കക്ഷിക്കെങ്ങനെയാണ് രാജ്യത്തിന്‍െറ പരമോന്നത സ്ഥാപനം പിടിച്ചടക്കാനായതെന്ന മൗലികപ്രശ്നത്തെ കൃത്യമായി അഭിസംബോധനചെയ്യാന്‍ ഇന്ത്യയിലെ മതേതര  രാഷ്ട്രീയചേരി തയാറെടുത്തിട്ടില്ളെന്ന് വര്‍ത്തമാനകാല രാഷ്ട്രീയ സംവാദങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യമാകും. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ഒരു താല്‍ക്കാലിക പ്രതിഭാസമാണെന്നും മോദിയുടെ ജനപ്രീതി ഇടിയുന്നതോടെ ആ പ്രതിഭാസം അതിന്‍െറ സ്വാഭാവികമായ അന്ത്യത്തിലത്തെിച്ചേരുമെന്നും കണക്കുകൂട്ടിക്കൊണ്ട് പ്രശ്നത്തെ ലഘൂകരിക്കുന്ന പൊതുപ്രവണതയാണ് മതേതര പക്ഷം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്‍െറ മൂന്നിലൊന്നുപോലും ബി.ജെ.പിക്ക് നേടാന്‍ സാധിച്ചിട്ടില്ളെന്ന വാദമാണ് ഇത്തരം ശുഭാപ്തിവിശ്വാസികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
ശരിയാണ്; ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് പിന്നിലാണ് അണിനിരന്നിട്ടുള്ളത്. ബി.ജെ.പിയെ അധികാരത്തിലത്തെിച്ചതില്‍ പ്രതിപക്ഷ കക്ഷികളുടെ അനൈക്യവും പ്രധാന ഘടകമാണ് എന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കക്ഷികളുടെ ശതമാന കണക്ക് നോക്കി തീര്‍ച്ചപ്പെടുത്താവുന്നതാണ്. പ്രാതിനിധ്യം ജനാധിപത്യ സമ്പ്രദായത്തിന് സഹജമായ ഈ ‘ജനാധിപത്യ കമ്മി’ നെഹ്റുവിന്‍െറ കാലം മുതല്‍ക്കുതന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും പൊളിറ്റിക്കല്‍ എക്സിക്യൂട്ടിവിന്‍െറ ദുഷ്ടാചാര പ്രവണതകളെ നിയന്ത്രിക്കാനും നിലക്കുനിര്‍ത്താനും ഭരണഘടനാദത്തമായ അധികാരമുള്ള ജുഡീഷ്യറിക്ക് ഈ കമ്മി നികത്താനാവുമെന്നായിരുന്നു സങ്കല്‍പം. ഈ സങ്കല്‍പത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് പ്രാതിനിധ്യ ജനാധിപത്യത്തിന്‍െറയും ജുഡീഷ്യറിയുടെയും പിഴവുകളെ യാദൃച്ഛികതയായി മനസ്സിലാക്കുകയും അതിനോട് സമരസപ്പെടുകയും ചെയ്യുന്ന ഒരുരീതി സാമൂഹികാംഗീകാരം നേടിയെടുക്കാന്‍ സാധിച്ചു. തല്‍ഫലമായി, പൊതുതെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലത്തെുന്ന ‘ന്യൂനപക്ഷ സര്‍ക്കാറുകളുടെ’ ജനാധിപത്യപരമായ സാംഗത്യത്തെ പ്രശ്നവത്കരിക്കാന്‍ പ്രതിപക്ഷകക്ഷികളോ (ജനങ്ങളോ) ഒരുകാലത്തും മുന്നോട്ടുവരികയുണ്ടായില്ല. ആനുപാതിക ജനാധിപത്യത്തെക്കുറിച്ചുള്ള ബദല്‍ നിര്‍ദേശങ്ങള്‍ ഇക്കാരണംകൊണ്ടുതന്നെ, കാലാന്തരത്തില്‍ തിരസ്കരിക്കപ്പെടുകയും ചെയ്തു. മതേതര ജനാധിപത്യത്തിന്‍െറ അടിത്തറ തകര്‍ക്കാന്‍ കെല്‍പുള്ള ഒരു  ‘ന്യൂനപക്ഷ സര്‍ക്കാറിനെ’യാണ്  പ്രാതിനിധ്യ ജനാധിപത്യത്തിന്‍െറ ഈ യാദൃച്ഛിക സ്വഭാവം ഇപ്പോള്‍ അധികാരത്തിലത്തെിച്ചിരിക്കുന്നത്.
മതേതരത്വം അട്ടിമറിക്കപ്പെടുമ്പോള്‍
മതേതര ജനാധിപത്യത്തിന്‍െറ പ്രയോഗക്ഷമതയെയും ബലതന്ത്രത്തെയും ഇപ്രകാരം പ്രാതിനിധ്യ ജനാധിപത്യത്തിന്‍െറ യാദൃച്ഛികതക്ക് കീഴ്പ്പെടുത്തുന്നപക്ഷം ഭൂരിപക്ഷ വര്‍ഗീയതയെയും ഫാഷിസത്തെയും ലിബറല്‍ ജനാധിപത്യംതന്നെ മുന്നോട്ടുവെക്കുന്ന ഒരു ബദല്‍ സാധ്യതയാണെന്ന് ‘തുറന്ന് സമ്മതിക്കേണ്ടിവരും. അപ്പോള്‍, ഭരണഘടനാദത്തമായ മൗലികാവകാശങ്ങളും പൗരാവകാശങ്ങളുമെല്ലാം സംരക്ഷിക്കപ്പെടേണ്ടതിന്‍െറ പ്രശ്നംപോലും പൊതുതെരഞ്ഞെടുപ്പുകളില്‍ ജയിച്ച്  മതേതര കക്ഷികള്‍ അധികാരത്തിലത്തെുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും. മതേതരത്വത്തെയും  ജനാധിപത്യത്തെയും ഘടനാപരമായി പരിരക്ഷിക്കുന്ന സ്ഥാപനങ്ങളെ പ്രാതിനിധ്യ ജനാധിപത്യത്തിന്‍െറ യാദൃച്ഛിക പരിണാമങ്ങള്‍ക്ക് അട്ടിമറിക്കാനാവുമെന്ന് വന്നാല്‍, മതേതര ജനാധിപത്യ വ്യവസ്ഥയെതന്നെ, അസ്ഥിരവും യാദൃച്ഛികവുമായ ഒരു സാധ്യതയായി കാണേണ്ടിവരും. അത്തരമൊരു ദുരവസ്ഥയിലാണിപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം. ഈ ദുരവസ്ഥയിലേക്ക് വ്യവസ്ഥയെ വലിച്ചിഴച്ചതിന്‍െറ കാരണങ്ങളെക്കുറിച്ചും അതില്‍നിന്നുള്ള മോചനമാര്‍ഗത്തെക്കുറിച്ചും മതേതരപക്ഷത്തിന്‍െറ പക്കല്‍ ‘റെഡിമെയ്ഡ്’ ഉത്തരങ്ങളുണ്ട്. ഹിന്ദുത്വ രാഷ്ട്രീയമാണ് പ്രതിക്കൂട്ടിലുള്ളത്. മതേതരത്വം തിരിച്ചുപിടിക്കുക എന്ന മുദ്രാവാക്യം തികച്ചും അവസരോചിതംതന്നെ. എന്നാല്‍, ഭൂരിപക്ഷ വര്‍ഗീതതയുടെ മുന്നേറ്റത്തെ തടുത്തുനിര്‍ത്താന്‍ മതേതര ജനാധിപത്യത്തിന്‍െറ സൈദ്ധാന്തിക ഉപകരണങ്ങള്‍ക്കും ഭരണ-രാഷ്ട്രീയ സ്ഥാപനങ്ങള്‍ സാധിക്കാതെപോയതെന്തുകൊണ്ടെന്ന ചോദ്യത്തിന് മുന്നില്‍ മതേതരപക്ഷം ഇപ്പോഴും ഉത്തരംമുട്ടി നില്‍ക്കുകയാണ്. ഈ ചോദ്യത്തിന്  കൃത്യമായ ഉത്തരം കാണാത്തിടത്തോളംകാലം മതേതരത്വം തിരിച്ചുപിടിക്കുകയെന്നത് അത്ര എളുപ്പമാകില്ല. ഇന്നത്തെ സാഹചര്യത്തില്‍ മൗലിക പ്രാധാന്യമര്‍ഹിക്കുന്ന രാഷ്ട്രീയ പ്രശ്നവും അതുതന്നെയാണ്.
ലിബറല്‍ ജനാധിപത്യം, അതിന്‍െറ തന്നെ വിപരീതങ്ങളിലേക്ക് വഴുതിവീണ സന്ദര്‍ഭങ്ങള്‍ക്ക് ചരിത്രം ഇതിനുമുമ്പും സാക്ഷ്യംവഹിച്ചിട്ടുണ്ട്.  ജര്‍മനിയിലും ഇറ്റലിയിലും ഫാഷിസ്റ്റ് രാഷ്ട്രീയം അധികാരത്തിലത്തെിയത് ജനാധിപത്യമാര്‍ഗങ്ങളുപയോഗിച്ചുകൊണ്ടാണ്. രണ്ടാംലോക മഹായുദ്ധത്തില്‍ ഫാഷിസത്തിന്‍െറ അധികാരശക്തി തകര്‍ന്നടിഞ്ഞെങ്കിലും അതിന്‍െറ ആശയസ്രോതസ്സായിരുന്ന ഭൂരിപക്ഷവാദത്തിന്‍െറയും വംശീയ മേല്‍ക്കോയ്മ വാദത്തിന്‍െറയും നേരിട്ടുള്ള ലിബറല്‍ തുടര്‍ച്ചകള്‍ പ്രച്ഛന്നവേഷത്തിലും രൂപത്തിലും പില്‍ക്കാലത്തും നിലനിന്നുപോരുകയാണുണ്ടായത്. ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ പുന$സ്ഥാപനം അസാധ്യമാക്കുന്നതില്‍ യൂറോപ്പിലെ ജനാധിപത്യ രാഷ്ട്രങ്ങള്‍ അതീവജാഗ്രത പുലര്‍ത്തിയെന്നത് യാഥാര്‍ഥ്യമാണ്. ജനാധിപത്യതത്വങ്ങളുടെ പ്രയോഗക്ഷമത ഉറപ്പാക്കുന്നതിലൂടെ തീവ്രദേശീയതയുടെയും വംശീയതയുടെയും ഉറവിടങ്ങളെ ഉന്മൂലനം ചെയ്യാനാവുമെന്നായിരുന്നു നിഗമനം. രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുണ്ടായ ഈ സവിശേഷ സാഹചര്യത്തില്‍നിന്നാണ് മനുഷ്യാവകാശങ്ങളെയും ന്യൂനപക്ഷാവകാശങ്ങളെയും രാഷ്ട്രീയമായി നിര്‍വചിച്ച് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ രൂപകല്‍പന ചെയ്യപ്പെട്ടത്. എന്നാല്‍, ആഗോളവത്കരണ കാലഘട്ടം ഇത്തരം നിഗമനങ്ങളുടെയും നിര്‍വചനങ്ങളുടെയും രാഷ്ട്രീയ പ്രസക്തിയെ തുടച്ചുനീക്കിക്കൊണ്ടിരിക്കുകയാണെന്നാണ് യൂറോപ്യന്‍ രാഷ്ട്രീയത്തിലെ പുതിയ ചുവരെഴുത്തുകള്‍ വ്യക്തമാക്കുന്നത്. ഭൂരിപക്ഷവാദത്തിന്‍െറയും വംശീയ മേല്‍ക്കോയ്മയുടെയും അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ പൊതുതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ജനപിന്തുണയാര്‍ജിക്കുകയും ചെയ്യുന്ന വിരോധാഭാസത്തിന് യൂറോപ്യന്‍ ലിബറലിസം വീണ്ടും വേദിയൊരുക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരം കക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി, ഭരണകൂടങ്ങള്‍, മുസ്ലിം കുടിയേറ്റക്കാര്‍ക്ക് മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും നിഷേധിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് ശിരോവസ്ത്ര നിരോധം പോലുള്ള നിയമനിര്‍മാണങ്ങള്‍ സൂചന നല്‍കുന്നത്. ജനാധിപത്യ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വൈരുധ്യങ്ങളുടെ പ്രശ്നക്കുരുക്കിലേക്ക് ലിബറല്‍ ജനാധിപത്യം വീണ്ടും വഴുതിവീഴുന്നതിന്‍െറ പ്രത്യക്ഷ ലക്ഷണങ്ങള്‍ യൂറോപ്പില്‍ മാത്രമല്ല, ലോകത്തുടനീളം പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തെയും അത് ആസകലം ഗ്രസിച്ചുതുടങ്ങിയിരിക്കുന്നെന്നാണ് മനസ്സിലാക്കേണ്ടത്.
ആന്തരിക ദൗര്‍ബല്യങ്ങള്‍
യൂറോപ്യന്‍ ലിബറലിസത്തിന്‍െറ പരിഷ്കരണ ദശകങ്ങളിലാണ് മതേതര ജനാധിപത്യചിന്തക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മേല്‍ക്കൈ നേടാനായത്. ദേശീയ പ്രസ്ഥാനത്തിന് നേതൃത്വംനല്‍കിയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ  മദന്‍മോഹന്‍ മാളവ്യയുടെ ഭൂരിപക്ഷവാദത്തിന്‍െറ സ്വാധീനത്തില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ ലിബറല്‍ ജനാധിപത്യ ചിന്തയിലേക്ക് വഴിതിരിച്ചുവിടുന്നതില്‍ ഗാന്ധിയേക്കാള്‍ വലിയ പങ്കുവഹിച്ചത് ഒരുപക്ഷേ ലോക ജനാധിപത്യ ക്രമത്തിലുണ്ടായ പരിഷ്കരണ പ്രവണതകളും പുത്തനുണര്‍വുകളുമാണ്. സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് അധികാരത്തിലത്തെിയതോടെ, ഭൂരിപക്ഷ വാദത്തിന് വഴങ്ങുന്ന ലിബറല്‍ ജനാധിപത്യത്തിന്‍െറ ആന്തരിക ദൗര്‍ബല്യങ്ങള്‍ നെഹ്റു ഭരണവും പ്രദര്‍ശിപ്പിച്ചുതുടങ്ങി. 1949ല്‍ ബാബരി പള്ളിക്കുനേരെ നടന്ന കടന്നാക്രമണത്തോട് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ സ്വീകരിച്ച നിരുത്തരവാദപരമായ സമീപനത്തില്‍ ഈ ഭൂരിപക്ഷവാദ വിധേയത്വം അന്തര്‍ഭവിച്ചിരുന്നതായി കാണാം. അതിന്‍െറ പരിണിതഫലമെന്തായിരുന്നുവെന്നതിന്‍െറ ഏറ്റവും നല്ല വിശദീകരണം ഇന്ത്യന്‍ രാഷ്ട്രീയംതന്നെ നല്‍കിയിട്ടുണ്ട്. ബാബരി തര്‍ക്കത്തില്‍ സവര്‍ണ സാഹിത്യങ്ങളെയും ഐതിഹ്യങ്ങളെയും ആധാരമാക്കിയെടുത്തുകൊണ്ട് കോടതികള്‍ വിധിപറയുന്ന ഒരു കാലം വരുമെന്ന് അക്കാലത്ത് ജീവിച്ചിരുന്ന ഏറ്റവും കടുത്ത വര്‍ഗീയവാദിക്കുപോലും നിരൂപിക്കാനാവുമായിരുന്നില്ല. ഇന്നത്തെ സ്ഥിതിയതല്ല. ജനാധിപത്യ ഭരണകൂടങ്ങളുടെ ദൗര്‍ബല്യങ്ങള്‍ ജനാധിപത്യ സ്ഥാപനങ്ങളെ എത്രത്തോളം ദുര്‍ബലമാക്കുന്നുവെന്നതിന്‍െറ ഉദാഹരണം കൂടിയാണിത്.
സ്വാതന്ത്ര്യവും തുല്യതയും സാംസ്കാരിക ബഹുസ്വരതയും മത-രാഷ്ട്രീയ സഹിഷ്ണുതയും പ്രാമാണികതത്ത്വങ്ങളായി സ്വീകരിക്കുന്ന ലിബറല്‍ ജനാധിപത്യ വ്യവസ്ഥക്കുള്ളില്‍നിന്ന് ഭൂരിപക്ഷ വാദമുയര്‍ന്നുവരുന്നതെങ്ങനെയെന്നും ജനാധിപത്യ ഭരണകൂടങ്ങള്‍ അതിനോട് വിധേയത്വം പുലര്‍ത്തുന്നതെന്തുകൊണ്ടാണെന്നുമുള്ള പ്രശ്നം ജനാധിപത്യ രാഷ്ട്രങ്ങളുടെ ആവിര്‍ഭാവത്തിന് കളമൊരുക്കിയ ബൂര്‍ഷ്വാ ദേശീയതയുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണ്. ബൂര്‍ഷ്വാ ദേശീയതയുടെ അവിഛിന്ന ഘടകമാണ് ഭൂരിപക്ഷവാദം. ജനാധിപത്യത്തിന്‍െറ അധികാര സങ്കല്‍പം താത്വികമായി മുന്നോട്ടുവെക്കുന്ന ഇഛാസ്വാതന്ത്ര്യമുള്ള (freedom to choose) സ്വതന്ത്ര്യ വ്യക്തികളുടെ അംഗബലത്തെയല്ല ഈ ഭൂരിപക്ഷവാദം പ്രതിനിധാനം ചെയ്യുന്നത്. സമൂഹത്തില്‍ ന്യൂനപക്ഷംവരുന്ന ചൂഷകവര്‍ഗങ്ങളുടെ മത/സാംസ്കാരിക താല്‍പര്യങ്ങളെ പൊതുതാല്‍പര്യമായി അടിച്ചേല്‍പ്പിക്കാനുള്ള  രാഷ്ട്രീയ ഉപകരണമായിട്ടാണ് ഭൂരിപക്ഷവാദം ജനാധിപത്യ രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്തത്. ഇന്ത്യയിലെ ഹിന്ദുത്വവാദവും യൂറോപ്പിലെ വംശീയ രാഷ്ട്രീയവുമെല്ലാം ഇതിന്‍െറ ഭാഗംതന്നെയാണ്. അധികാരമില്ലാത്തവരുടെ പ്രശ്നങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദം സൃഷ്ടിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഭൂരിപക്ഷ വാദത്തിന്‍െറ വാളോങ്ങിക്കൊണ്ടാണ് ഭരണവര്‍ഗങ്ങള്‍ അതിനെ നേരിട്ടത്. അംബേദ്കര്‍, ദലിത് ന്യൂനപക്ഷ  വാദമുയര്‍ത്തിയ ഘട്ടത്തില്‍ ഗാന്ധിയും ഹിന്ദുമഹാസഭയും അല്‍പം വൈകിയാണെങ്കിലും കോണ്‍ഗ്രസും അതിനെതിരെ അണിനിരന്നതും അംബേദ്കറെ തോല്‍പിക്കാന്‍ ഗാന്ധി നിരാഹാരം കിടന്നതും ചരിത്രമാണ്.
ഗാന്ധിക്കും ഗോഡ്സെക്കുമിടയില്‍ പൊതുവിലുണ്ടായിരുന്നതും രണ്ടുപേരെയും വിരുദ്ധ ചേരിയിലത്തെിച്ച പ്രത്യേക സ്വഭാവം പ്രകടിപ്പിച്ചതും  എന്നതരത്തില്‍ ഭൂരിപക്ഷവാദത്തിന്‍െറ ലിബറല്‍ വിരുദ്ധ ധാരകളെ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്താവുന്നതാണ്. ബൂര്‍ഷ്വ ദേശീയതയുടെ ഉല്‍പന്നം തന്നെയാണ് ഇത്  രണ്ടും. ലിബറല്‍ ജനാധിപത്യം ഭൂരിപക്ഷ വാദത്തോടുള്ള അതിന്‍െറ ചരിത്രബന്ധം വിച്ഛേദിക്കുമെന്ന് കരുതുന്നത് മുതലാളിത്തം അതിന്‍െറ വര്‍ഗസ്വഭാവമുപേക്ഷിക്കുമെന്ന് പ്രതീക്ഷിക്കുംപോലെ സാങ്കല്‍പികമാണ്. ബൂര്‍ഷ്വാ ദേശീയതയുടെ സാംസ്കാരിക അജണ്ടയെയും രാഷ്ട്രീയ അജണ്ടയെയും തുറന്നുകാണിച്ചുകൊണ്ട് സംഘടിതമായ ജനകീയ ചെറുത്തുനില്‍പിന്‍െറ ബദല്‍ സമ്മര്‍ദങ്ങളുയര്‍ത്തി അത് നേരിടുകയേ നിവൃത്തിയുള്ളൂ. ഇത്തരം ചെറുത്തുനില്‍പുകളുടെ അഭാവത്തിലാണ് ഫാഷിസ്റ്റ് രാഷ്ട്രീയം ശക്തിസംഭരിക്കുന്നത്. ലിബറല്‍ വിരുദ്ധ പ്രവര്‍ത്തകരുടെ രാഷ്ട്രീയമായ ശാക്തീകരണത്തെ തടുത്തുനിര്‍ത്താന്‍ പ്രാതിനിധ്യം ജനാധിപത്യം പ്രയോഗക്ഷമമാണോ എന്ന ആലോചനക്ക് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.