കുഞ്ഞേ, ഇനി മുലപ്പാല്‍ കുടിക്കാം

കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്
ധാത്രിതന്‍ മടിയില്‍ കിടക്കരുത്
മാറില്‍ തിമര്‍ക്കരുത്
കന്നിന്‍ മുലപ്പാല്‍ കൊതിക്കരുത്
പൂവിന്‍െറ കണ്ണില്‍ നീ നോക്കരുത്
പൂതനാതന്ത്രം പുരണ്ടതാണെങ്ങും.
                       ^കടമ്മനിട്ട

കടമ്മനിട്ട ഇനി കവിത മാറ്റിയെഴുതും. തിരുത്ത് പാര്‍ട്ടിക്ക് അന്യമല്ലാത്തതിനാല്‍ പാര്‍ട്ടി എം.എല്‍.എക്കും (കടമ്മനിട്ട പാര്‍ട്ടി എം.എല്‍.എ കൂടിയായിരുന്നു) തിരുത്താന്‍ സന്തോഷമേയുണ്ടാകൂ. മാറിയ കാലത്തിരുന്ന് കടമ്മനിട്ട ഇങ്ങനെ എഴുതും:  കുഞ്ഞേ, ഇനി മതിയാവോളം മുലപ്പാല്‍ കുടിക്കാം.

ചുവപ്പന്‍ സ്വപ്നങ്ങള്‍ കേരളക്കരയാകെ പച്ചപുതപ്പിക്കുന്നു എന്നത് ആഹ്ളാദകരമായ വാര്‍ത്തയാണ്. കേരളീയര്‍ക്ക് ഓണം ഉണ്ണാന്‍ സി.പി.എം വിളവെടുക്കുന്നത് 1500 ഏക്കറിലെ ജൈവ പച്ചക്കറികള്‍. വ്യക്തികളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘങ്ങളുംകൂടി ചേരുമ്പോള്‍ കണക്കുകള്‍ ഇതിലേറെയാകും. തിരുവനന്തപുരത്ത് കാട്ടാക്കടയിലും ആലപ്പുഴ മാരാരിക്കുളത്തെ പഞ്ചാരമണലിലും ആലുവയിലെയും പാലക്കാട്ടെയും ഇഷ്ടികക്കളങ്ങളിലും തൃശൂര്‍ വടക്കാഞ്ചേരിയിലെ പൊക്കാളി പാടങ്ങളിലും കണ്ണൂരും അടക്കം 14 ജില്ലകളും ജൈവ പച്ചക്കറി വിളവെടുപ്പിന്‍െറ അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്താകെ പച്ചക്കറി വില്‍പനക്കായി ആയിരം സ്റ്റാളുകളാണ് തയാറായിക്കഴിഞ്ഞത്.
ഇതൊരു മഹത്തായ കാര്യമാണ്. തമിഴ്നാട്ടില്‍നിന്ന് അര്‍ബുദ ലോറികള്‍ കാത്തിരിക്കേണ്ട ഗതികേട് മലയാളിക്ക് ഉണ്ടാവരുത്. മുദ്രാവാക്യങ്ങള്‍ ഭക്ഷിക്കാന്‍ എറിഞ്ഞുകൊടുക്കുന്നതിനുപകരം മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മണ്ണില്‍ വേരാഴ്ത്തിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളാണ് ചെയ്യേണ്ടത്. രാഷ്ട്രീയ നേതാക്കള്‍ എന്നു പറയുന്നത് അധികാരമോഹം കൊടുമ്പിരിക്കൊള്ളുന്ന കുറേ വ്യക്തികളുടെ കൂട്ടമല്ല എന്നും മണ്ണില്‍ പണിയെടുക്കുന്നവരോടൊപ്പം അണിചേരേണ്ടവരാണെന്നും സി.പി.എം കേരളത്തോട് വിളിച്ചുപറയുകയാണ് ഈ ഓണക്കാലത്ത്. അധികാര കാമത്തിന്‍െറ അടിസ്ഥാന പ്രേരണകളെക്കുറിച്ച് മുമ്പ് എം. ഗോവിന്ദന്‍ എഴുതിയിട്ടുണ്ട്. ‘സഹജീവികളില്‍ ആധിപത്യം സ്ഥാപിക്കാനും അതില്‍നിന്ന് ആനന്ദം നേടാനുമുള്ള മസോക്കിസ്റ്റ് മനോഭാവം, ജനഗണമന അധിനായകനെന്ന അപദാനം കേള്‍ക്കാനുള്ള കൊതി, ആശ്രിതവ്യൂഹങ്ങളുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ അദ്ഭുതപൂമാനായി വിലസുന്നതിനുള്ള ചാരിതാര്‍ഥ്യം, അഹന്തക്ക് സസൈ്വരം വിഹരിക്കാന്‍ വിശാല മേഖലകള്‍ സജ്ജീകരിക്കാനുള്ള അടങ്ങാത്ത അഭിലാഷം, അനാഥരും അശരണരുമായവരുടെ രക്ഷാപുരുഷനാണെന്ന അഹംഭാവം, കുറുക്കുവഴികളിലൂടെ സ്ഥാനമാനങ്ങള്‍ നേടി വ്യക്തിപ്രഭാവം വികസിപ്പിക്കാനുള്ള സാധ്യത-ഇങ്ങനെ സങ്കീര്‍ണ വികാരങ്ങളുടെ കേളീരംഗമാണ് അധികാരം.’ ഇതിനോട് പുറംതിരിഞ്ഞുനില്‍ക്കാന്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെപ്പോലുള്ളവരുടെ പാതയാണ് പിന്തുടരേണ്ടത്. ഗാന്ധിജിക്ക് അധികാരങ്ങളുണ്ടായിരുന്നില്ല. പക്ഷേ, ജനങ്ങള്‍ ഒപ്പമുണ്ടായിരുന്നു. നമ്മുടെ നേതാക്കള്‍ക്ക് അധികാരമുണ്ട്. പക്ഷേ, ജനങ്ങള്‍ ഒപ്പമില്ല.
കൃഷിചെയ്ത് സ്വയംപര്യാപ്തമാകുന്നതിലൂടെ ജീവിതച്ചെലവ് നിയന്ത്രിക്കാനാവും. വിപണി കൈയടക്കിവെച്ച ആഘോഷങ്ങളുടെ ആത്മാവ് വീണ്ടും തിരിച്ചുപിടിക്കാനാവും. ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയാണ് ജൈവകൃഷിയിലൂടെ സി.പി.എം വെളിപ്പെടുത്തുന്നത്.
ഫേസ്ബുക് തലമുറ വായനയിലേക്കും മണ്ണില്‍നിന്നകന്ന് വലിയ വായില്‍ വിപ്ളവം ഉരുവിടുന്നവര്‍ വയലുകളിലേക്കും തിരിച്ചുവരട്ടെ. ന്യൂനപക്ഷങ്ങളോട്, പരിസ്ഥിതിയോട്, ദലിതരോട്, അരികുവത്കരിക്കപ്പെട്ടവരോട്, ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കേരളം കാത്തിരിക്കുന്നുണ്ട്. കേരളം പച്ചപിടിപ്പിക്കുന്ന ചുവപ്പന്‍ സ്വപ്നങ്ങള്‍ക്ക് നന്മയുടെ പക്ഷത്ത് നില്‍ക്കുന്നവരൊക്കെ മനസ്സുകൊണ്ടെങ്കിലും അണിചേരേണ്ടിയിരിക്കുന്നു.
ഈ ഓണക്കാലത്ത് കടമ്മനിട്ട വീണ്ടും തിരുത്തിപ്പാടുന്നു.
കുഞ്ഞേ, ഇനി മുലപ്പാല്‍ കുടിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.