ഐ.എസിനെ ഇന്ത്യയിലേക്ക് മാടിവിളിക്കുന്നവരോട്

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിഡന്‍റ് ബറാക് ഒബാമ വൈറ്റ്ഹൗസില്‍, ഹിംസാത്മക തീവ്രവാദത്തെ എങ്ങനെ നേരിടാം എന്ന വിഷയത്തില്‍ 60 രാജ്യങ്ങളെ പങ്കെടുപ്പിച്ച് ഉച്ചകോടി സംഘടിപ്പിക്കുകയുണ്ടായി. ജോയന്‍റ് ഇന്‍റലിജന്‍സ് കമ്മിറ്റി തലവന്‍ ആര്‍.എന്‍. രവിയാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. 180 ദശലക്ഷം വരുന്ന ഇന്ത്യന്‍ മുസ്ലിംകളില്‍നിന്ന് ആഗോള തീവ്രവാദസംഘങ്ങളില്‍ ഇതുവരെ ആരും ഉള്‍പ്പെട്ടിട്ടില്ളെന്നും ന്യൂനപക്ഷങ്ങളില്‍ സാമാന്യേന കാണാറുള്ള അന്യവത്കരണം ഇന്ത്യനവസ്ഥയില്‍ അപ്രസക്തമാണെന്നും അദ്ദേഹം സാഭിമാനം വെളിപ്പെടുത്തുകയുണ്ടായി. ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദം നേരിടുന്നുണ്ടെങ്കില്‍ അതിന്‍െറ ഉദ്ഭവം രാജ്യത്തിനുപുറത്താണ്. 65 ശതമാനം മുസ്ലിംകള്‍ അധിവസിക്കുന്ന ജമ്മു-കശ്മീരില്‍ കുറച്ചുനാള്‍മുമ്പ് സമാധാനാന്തരീക്ഷത്തില്‍ 65 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ അനുഭവം ഒരു വിജയഗാഥയുടെ സാക്ഷ്യമാണ്. അതേസമയം, അയല്‍രാജ്യമായ പാകിസ്താനില്‍ ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ, താലിബാന്‍ തുടങ്ങി 24 തീവ്രവാദി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉച്ചകോടിയില്‍ എടുത്തുകാട്ടപ്പെട്ടു. ആത്യന്തിക ചിന്താഗതിക്ക് വശംവദമാവാത്ത ഇന്ത്യയിലെ മുസ്ലിംകളുടെ മനോഘടന മുന്‍ എന്‍.ഡി.എ സര്‍ക്കാറിന്‍െറ കാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പാശ്ചാത്യനേതാക്കളുടെ മുന്നില്‍ ശിരസ്സുയര്‍ത്തി അവതരിപ്പിച്ചത് ആരും മറന്നിട്ടില്ല. ഒന്നര പതിറ്റാണ്ടിനുശേഷം ആഭ്യന്തരം കൈയാളുന്ന രാജ്നാഥ് സിങ്ങിനും ലോകത്തോട് പറയാനുള്ളത് ഇന്ത്യ, മുസ്ലിം തീവ്രവാദ ചിന്തയുടെ ഉറവിടമല്ല എന്നതാണ്. ജുലൈ 6-13 തീയതികളില്‍ നടത്തിയ മധ്യേഷ്യന്‍ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആതിഥേയ രാഷ്ട്രത്തലവന്മാര്‍ക്ക് കൈമാറാനുണ്ടായിരുന്ന സന്തോഷവാര്‍ത്ത ഇതായിരുന്നു; ഇന്ത്യയുടെ സങ്കര സംസ്കാരം ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ തീവ്രവാദ ചിന്തകളില്‍നിന്ന് അകറ്റിനിര്‍ത്തുന്നു.

ഇന്ത്യയിലെ പ്രതികരണം
വികസിതരാജ്യങ്ങളില്‍ നിന്നടക്കം ആയിരക്കണക്കിനു ചെറുപ്പക്കാര്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സായുധ  മിലീഷ്യയില്‍ കണ്ണിചേരാന്‍ ഇറാഖിലേക്കും സിറിയയിലേക്കും ഒഴുകുമ്പോള്‍ എന്തുകൊണ്ട് ഇന്ത്യയില്‍നിന്ന് പറയത്തക്ക പ്രതികരണം ഉണ്ടാവുന്നില്ളെന്ന ചോദ്യത്തിനുത്തരം തേടേണ്ടത് ഇവിടത്തെ മുസ്ലിം സമൂഹത്തിന്‍െറ ചിന്താഗതി രൂഢമൂലമാക്കിയ ചരിത്ര, ജീവിത സാഹചര്യങ്ങളിലാണ്. ഇസ്ലാമിക് സ്റ്റേറ്റ് പ്രതിനിധാനം ചെയ്യുന്ന ഹിംസാത്മക  തീവ്ര വിചാരഗതി ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് സ്വീകാര്യമല്ല. ഇതുവരെയായി രാജ്യത്തുനിന്ന് ഒരു ഡസനില്‍താഴെ യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടാകാമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ സംശയം. വ്യക്തമായ തെളിവോ വിവരങ്ങളോ ഉത്തരവാദപ്പെട്ടവരുടെ പക്കലില്ല. കേരളത്തില്‍നിന്ന് ഇതുവരെയായി മൂന്നു ചെറുപ്പക്കാര്‍ ഐ.എസില്‍ ചേര്‍ന്നതായി പൊലീസിനെ ഉദ്ധരിച്ച് ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും അതിന്‍െറ നിജസ്ഥിതിപോലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പാലക്കാട് ജില്ലയില്‍നിന്ന് അബൂത്വാഹിര്‍ എന്ന യുവാവ് ഖത്തറിലേക്ക് ജോലിക്കുപോയതില്‍ പിന്നെ കാണാതായതാണ് കേരളം ‘ഐ.എസിന്‍െറ ആസ്ഥാനമായി’മാറിയെന്ന് അലമുറയിടാനും ‘മതതീവ്രവാദത്തിനെതിരെ ജാഗ്രതവേണ’മെന്ന് മുന്നറിയിപ്പ് നല്‍കാനും മാധ്യമങ്ങളെ ഉദ്യുക്തരാക്കുന്നത്. ‘ലവ്ജിഹാദി’ന്‍െറ പേരില്‍നടത്തിയ കാടിളക്കിയ പ്രചാരണത്തിലൂടെ ഇതരമതസ്ഥരില്‍ ഭീതിപടര്‍ത്തിയ കുത്സിതനീക്കത്തിനു സമാനമായി, മുസ്ലിം തീവ്രവാദത്തിന്‍െറ ഉമ്മാക്കികാട്ടി, കാവിരാഷ്ട്രീയത്തിനു പരന്നൊഴുകാന്‍ കാലാവസ്ഥ അനുകൂലമാക്കിക്കൊടുക്കാനുള്ള ദൗത്യം ചിലരെങ്കിലും ഏറ്റെടുത്തിട്ടുണ്ടോയെന്ന് സംശയിച്ചുപോകാം.
ഇന്ത്യ ഇതുവരെ അഭിമുഖീകരിച്ച തീവ്രവാദഭീഷണി അയല്‍രാജ്യത്തുനിന്നുള്ളതാണ്. ലശ്കറെ ത്വയ്യിബയോ ജയ്ശെ മുഹമ്മദോ ആണ് ഇന്ത്യയെ ഉന്നംവെക്കുന്നതെങ്കില്‍ രാഷ്ട്രീയമാണ് അതിന്‍െറ പ്രേരകം. പാകിസ്താന്‍ സൈന്യമോ ഐ.എസ്.ഐയോ ആസൂത്രണംചെയ്യുന്ന പദ്ധതികളാണ് അവര്‍ നടപ്പാക്കുന്നതത്രെ.  അതേസമയം, പശ്ചിമേഷ്യയെയോ ആഫ്രിക്കയെയോ യൂറോപ്പിനെയോ ലക്ഷ്യമിടുന്ന അല്‍ ഖാഇദയുടെയോ ഇസ്ലാമിക് സ്റ്റേറ്റിന്‍െറയോ താലിബാന്‍െറയോ റഡാറില്‍ ഇന്ത്യ ഇതുവരെ കയറിവന്നിട്ടില്ല. എന്നാല്‍, ഇന്ത്യയെ ഐ.എസ് ലക്ഷ്യംവെക്കുന്നതായി അമേരിക്കയില്‍നിന്നും പടിഞ്ഞാറുള്ള ‘ആധികാരിക വക്താക്കളില്‍നിന്നും’ പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അപഗ്രഥിച്ചാല്‍ അവക്കു പിന്നിലെ രാഷ്ട്രീയ-സാമ്രാജ്യത്വ ദുഷ്ടലാക്ക് നിഷ്പ്രയാസം വായിച്ചെടുക്കാനാവും. എല്ലാ ഭീകരസംഘടനകളുടെയും പേറ്റന്‍റ് അമേരിക്കക്കാണെന്നതിനാല്‍ അവര്‍ പുറത്തുവിടുന്നതെന്തും അണ്ണാക്ക് തൊടാതെ വിഴുങ്ങുക മാത്രമാണ് ലോകത്തിന്‍െറ ദുര്യോഗം. ഇറാഖിലും സിറിയയിലും ആധിപത്യം സ്ഥാപിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഐ.എസിനെ പിടിച്ചുകെട്ടാന്‍ എന്തുകൊണ്ട് ഈ വിദഗ്ധ ജ്ഞാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ളെന്ന ചോദ്യത്തിനുത്തരമില്ല.  ഇന്ത്യയെ ആക്രമിക്കാന്‍ ഐ.എസ്  തയാറെടുക്കുന്നതായി അമേരിക്കന്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ റിപ്പോര്‍ട്ടിലൂടെയാണ് നാം അറിയുന്നത്. ഖലീഫമാരുടെ കീഴിലുള്ള ഇസ്ലാമിക ഭരണവ്യവസ്ഥയെക്കുറിച്ചുള്ള 32 പേജ് വരുന്ന രേഖകളില്‍നിന്നാണുപോലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ആക്രമിച്ചുകീഴടക്കാനുള്ള പദ്ധതിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. സ്ഥലവും തീയതിയും മുഹൂര്‍ത്തവും നിശ്ചയിച്ചാണല്ളോ ഭീകരവാദികള്‍ ആക്രമണത്തിനിറങ്ങുന്നത്!
 

ഭീകരതവിറ്റ് കാശാക്കുന്നവര്‍
ഐ.എസിനെ തുറന്നുകാട്ടാനെന്ന പേരില്‍ ഭീകരത വിറ്റുകാശാക്കുകയാണ് പടിഞ്ഞാറന്‍ ‘മനീഷികള്‍’. ഇന്ന് ധൈഷണിക ചന്തയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ചരക്ക് ‘ഇസ്ലാമിക് ടെററിസം’ ആണത്രെ. അതിന്‍െറ സാധ്യത മനസ്സിലാക്കി പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന സൃഷ്ടികളില്‍ കൗതുകകരവും ഉദ്വേഗജനകവുമായ എന്തെല്ലാം വിഭവങ്ങളാണെന്നോ? ജെസിക്ക സ്റ്റേണിന്‍െറ ‘ ISIS The state of Terror ’ എന്ന ബെസ്റ്റ് സെല്ലര്‍ മുഴുവന്‍ വായിച്ചിട്ടും ഐ.എസ് പ്രതിഭാസത്തിന്‍െറ പൊരുള്‍മാത്രം പിടികിട്ടുന്നില്ല. മതത്തെയല്ലാതെ, രാഷ്ട്രീയത്തെയോ ചരിത്രത്തെയോ അവര്‍ സ്പര്‍ശിക്കുന്നില്ല. ജിഹാദിനെയും ഖിലാഫത്തിനെയും കുറിച്ചുള്ള വികലവും പ്രചാരണപരവുമായ ഒട്ടേറെ വിഭവങ്ങളാല്‍ ഇവാഞ്ചലിസ്റ്റുകള്‍ വിളമ്പുന്ന ഒരുതരം ഫാസ്റ്റ്ഫുഡായി അനുഭവപ്പെടുന്നുണ്ട് അതിലെ അധ്യായങ്ങള്‍. ഇന്ത്യയും ഐ.എസിന്‍െറ ലക്ഷ്യങ്ങളില്‍പെടുമെന്ന വിവരം ഏറ്റവുമൊടുവിലായി നമുക്ക് ലഭിക്കുന്നത് ആന്‍ഡ്രൂ ഹോസ്കെന്‍െറ  ‘Empire of Fear: Inside the Islamic State’ എന്ന ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന രചനയിലൂടെയാണ്. ഭാവി ഖിലാഫത്തിന്‍െറ രൂപരേഖ ഭൂപടസഹിതം ലഭ്യമാകുമ്പോള്‍ അതില്‍ മിഡ്ല്‍ ഈസ്റ്റും ഉത്തരാഫ്രിക്കയും സ്പെയിനും ഇന്ത്യന്‍ ഉപഭൂഖണ്ഡവുമൊക്കെ ഉള്‍പ്പെടുന്നത് ഭാവനക്കപ്പുറം ചരിത്രം തൊട്ടുണര്‍ത്തുന്ന കുറ്റബോധം കൊണ്ടാവാനേ തരമുള്ളൂ. ഒന്നാം ലോകയുദ്ധത്തിന്‍െറ 100ാം വാര്‍ഷികം കടന്നുപോകുന്ന ഈ കാലസന്ധിയില്‍ പടിഞ്ഞാറന്‍ കോളനിശക്തികള്‍ നടത്തിയ അപനിര്‍മിതിയുടെ ഭീകരചിത്രം ചിലരുടെയെങ്കിലും മനസ്സുകള്‍ പൊടിതട്ടിയെടുക്കുന്നുണ്ട്. 1996ല്‍തന്നെ ഐ.എസ് സ്ഥാപകന്‍ അബൂമൂസല്‍ സര്‍ഖാവി ഖിലാഫത്ത് ആശയം കരുപ്പിടിപ്പിച്ചിരുന്നുവെന്നാണ് ഹോസ്കിന്‍െറ കണ്ടുപിടിത്തം.  ചരിത്രത്തിന്‍െറ സൂക്ഷ്മപഠനത്തിന്‍െറ കുറവ് ഇത്തരം സിദ്ധാന്തങ്ങളില്‍പോലും നിഴലിച്ചുകാണാം. ഇന്ത്യ ഒരിക്കലും ഇസ്ലാമിക ഖിലാഫത്തിന്‍െറ ഭാഗമായിരുന്നില്ല. 1190മുതല്‍ 1857വരെ സുല്‍ത്താന്മാരും ഷഹിന്‍ഷ (ചക്രവര്‍ത്തി) മാരുമാണ് ഇന്ത്യ ഭരിച്ചത്. ഖിലാഫത്തെന്ന സംജ്ഞ ഇന്ത്യന്‍ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഇടംപിടിക്കുന്നതുതന്നെ 20ാം നൂറ്റാണ്ടിന്‍െറ ആദ്യത്തില്‍ മാത്രമാണ്. സര്‍വേന്ത്യാ മുസ്ലിം ലീഗില്‍നിന്ന് മുസ്ലിംകളെ കോണ്‍ഗ്രസിലേക്ക് അടര്‍ത്തിയെടുക്കുന്നതിനു ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപംകൊടുത്ത ഒരു തന്ത്രം ബ്രിട്ടീഷ് കോളനിശക്തികള്‍ക്കെതിരായ പ്രതിഷേധ ജ്വാലയായി ആളിക്കത്തിയത് ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയാണ്. അതിന്‍െറ അന്തര്‍ധാരയാവട്ടെ തീര്‍ത്തും രാഷ്ട്രീയവും സാമ്രാജ്യത്വവിരുദ്ധവുമാണ്. മതാംശം അതില്‍കൂടുതലായി തിരയേണ്ടതില്ളെന്ന് പ്രശസ്ത ചരിത്രകാരന്‍ സര്‍ ജദുനാഥ് സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാറിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇന്ത്യയെ ഐ.എസ് വിരുദ്ധമുന്നണിയില്‍ സജീവമായി കൊണ്ടുവരാന്‍ അണിയറയില്‍ നടക്കുന്ന രഹസ്യനീക്കങ്ങള്‍ക്ക് ആക്കംകൂട്ടാനാവണം ഇപ്പോള്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളെല്ലാം. ഫെബ്രുവരിയില്‍തന്നെ ഐ.എസിനെയും പോഷകഘടകങ്ങളെയും നിരോധിച്ച രാജ്യമാണ് നമ്മുടേത്. സംഘടനാബന്ധമില്ലാത്ത വ്യക്തികളെയും നിരോധിത പട്ടികയില്‍പ്പെടുത്തി യു.എ.പി.എയുടെ പരിധി വിപുലപ്പെടുത്താനുള്ള നീക്കം ‘ടാഡ’യുടെയും ‘പോട്ട’യുടെയും തിരിച്ചുവരവിനെക്കുറിച്ച് ഭരണകൂടം ചിന്തിക്കുന്നുവെന്നതിന്‍െറ സൂചനയാണ്. യു.എസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റീഫന്‍ ജെ. ഹാഡ്ലിയിലൂടെയും ‘ഭീകരവാദ വിദഗ്ധ’ ഡോ. ജസീക്ക സ്റ്റേണിലൂടെയുമൊക്കെ നടത്തുന്ന പ്രചാരണം വലിയ അജണ്ടയുടെ ഭാഗമായി വേണം വിലയിരുത്താന്‍.  സൈനിക ഓപറേഷനില്‍ പങ്കെടുക്കുന്നില്ളെങ്കിലും യു.എസിന്‍െറ ഐ.എസ് വിരുദ്ധസഖ്യത്തില്‍ ഇന്ത്യയും അംഗത്വമെടുക്കട്ടെയെന്ന സ്റ്റീഫന്‍ ഹാര്‍ഡിയുടെ നിര്‍ദേശത്തില്‍ കെണിഒളിഞ്ഞിരിപ്പുണ്ട്. ഐ.എസിന്‍െറ ശ്രദ്ധയില്‍നിന്ന് അകന്നുകഴിയുന്ന നമ്മുടെരാജ്യത്തെ പരസ്യമായി രംഗത്തിറക്കുന്നത് ഭവിഷ്യത്തുകള്‍ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമായിരിക്കും. ജോര്‍ജ് ബുഷിന്‍െറ ഭീകരവിരുദ്ധപോരാട്ടത്തിന്‍െറ ഒന്നാം നിരയില്‍ കയറിനിന്ന പാക് ഭരണാധികാരി ജനറല്‍ പര്‍വേസ് മുശര്‍റഫിന്‍െറ ദുരന്താനുഭവം നമ്മുടെ മുന്നിലുണ്ട്.  മുസിലില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ സുരക്ഷിതരായി വിമാനം കയറ്റിവിട്ടതും ലിബിയയില്‍ പിടിയിലായ ഇന്ത്യന്‍ അധ്യാപകരില്‍ രണ്ടുപേരെ തിരിച്ചയച്ചതുമെല്ലാം ഇന്ത്യ ഐ.എസ് ആത്യന്തികവാദികളുടെ കണ്ണില്‍ ശത്രുരാജ്യമല്ളെന്ന ആശ്വാസകരമായ സന്ദേശമാണ് കൈമാറുന്നത്. അറബ്സമൂഹത്തിന്‍െറ കണ്ണില്‍ നാമിപ്പോഴും ചേരി ചേരാത്ത നല്ല മനുഷ്യരാണ്. മിഡ്ല്‍ ഈസ്റ്റിലെ  താല്‍പര്യസംരക്ഷണാര്‍ഥം അമേരിക്കയും മറ്റു പടിഞ്ഞാറന്‍ ശക്തികളും മുന്നോട്ടുവെക്കുന്ന സാമ്രാജ്യത്വപദ്ധതികളെ പിന്താങ്ങാനും അവര്‍ വിരിക്കുന്ന സഖ്യവലയില്‍ കുടുങ്ങാനും നമ്മള്‍ തയാറായാല്‍ നിലവിലെ സന്തുലനം തെറ്റുമെന്നുറപ്പ്. സദ്ദാം വിരുദ്ധസഖ്യത്തില്‍ അണിചേരാന്‍ ബുഷ് ഇന്ത്യയുടെമേല്‍ ചെലുത്തിയ സമ്മര്‍ദത്തെ അതിജീവിക്കാന്‍ നമുക്ക് സാധിച്ചതു കൊണ്ടാണ് അല്‍ഖാഇദ ഭീഷണി ഒരിക്കലും  തലവേദന സൃഷ്ടിക്കാതിരുന്നത്. ഐ.എസ് എന്ന പ്രതിഭാസം പടിഞ്ഞാറിന്‍െറ വികലവും വിനാശകരവുമായ നയങ്ങളുടെ സന്തതിയാണ്. സദ്ദാം ഹുസൈനെയും  ഖദ്ദാഫിയെയും നിഷ്കാസനം ചെയ്ത വിടവിലേക്ക്, ബശ്ശാര്‍ അല്‍അസദിനെ ദുര്‍ബലമാക്കിയ അരക്ഷിതാവസ്ഥയിലേക്ക് കയറിക്കൂടിയ പ്രാദേശിക ജനകീയശക്തികളുടെ, പിഴച്ച ബദല്‍ അധികാരകേന്ദ്രമായിവേണം അതിനെ വിശകലനം ചെയ്യാന്‍. 1924ല്‍ ഭൂപടത്തില്‍നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട ‘ഖിലാഫ’ത്തിനെ അതിലേക്ക് വലിച്ചിഴച്ചതും ജിഹാദിനെ വീണ്ടും ആയുധമാക്കിയതും ജനകീയ-ജനാധിപത്യ മുന്നേറ്റങ്ങളുടെ പരിമിതി അടയാളപ്പെടുത്തിയ അറബ് വസന്താനന്തരം കെട്ടഴിഞ്ഞുവീണ കയ്പ്പേറിയ അനുഭവങ്ങളായിരിക്കാം. അല്ളെങ്കില്‍ ‘ക്രൂസേഡ് മനോഗതി’ അണയാതെ സൂക്ഷിക്കുന്ന ബാഹ്യശക്തികളുടെ സൃഗാലബുദ്ധിയായിരിക്കാം. എന്തുതന്നെയായാലും ഇതു തന്നെ ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ബാധകമല്ളെന്നിരിക്കെ ഐ.എസ് വരുന്നേ, ഐ.എസിലേക്ക് പോകുന്നേ എന്ന് വിളിച്ചുകൂവി രാജ്യത്തിന്‍െറ സമാധാനം കെടുത്താന്‍ ആരെങ്കിലും മുതിരുന്നുണ്ടെങ്കില്‍ അത് രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന് വിശ്വസിക്കാന്‍ നിവൃത്തിയില്ല.

l

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.