ആത്മാര്‍ഥതയുള്ള നവ ഉദാരവാദിയാണ് നിങ്ങളെങ്കില്‍, പുത്തന്‍ പുരോഗമന രാഷ്ട്രീയക്കാര്‍ക്കെതിരായ വിമര്‍ശങ്ങളെ വൈകിപ്പോയ അഭ്യാസമായി നിങ്ങള്‍ വിലയിരുത്താതിരിക്കില്ല. കാരണം, ഒരു ദിക്കില്‍ അല്ളെങ്കില്‍ മറ്റൊരു ദിക്കില്‍ ലോകമെമ്പാടും സാമ്പത്തിക അച്ചടക്കനയങ്ങളെ വെല്ലുവിളിക്കുന്ന ബദല്‍ രാഷ്ട്രീയത്തിന്‍െറ നാമ്പുകള്‍ തഴച്ചുവളര്‍ന്നു കഴിഞ്ഞിരിക്കുന്നു.
അറ്റ്ലാന്‍റിക്കിന് ഇരുവശത്തും പുതിയ പുരോഗമന ബദല്‍ രാഷ്ട്രീയക്കാര്‍ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയില്‍ വര്‍മോണ്ട് സെനറ്റര്‍ ബേണീസ് സാന്‍ഡേഴ്സാണ് മുതലാളിത്ത സാമ്പ്രദായികതകള്‍ക്കെതിരെ വിമര്‍ശങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് തിരികൊളുത്തുന്നത്. പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തില്‍ കണ്ണുനട്ടിരിക്കുന്ന ഹിലരി ക്ളിന്‍റനില്‍പോലും ഈ ഡെമോക്രാറ്റിക് നേതാവ് സംഭ്രമം സൃഷ്ടിക്കുന്നതായാണ് സൂചന. കാരണം, അത്രയേറെ ജനങ്ങളെ തന്‍െറ പ്രഭാഷണ പര്യടനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സാന്‍ഡേഴ്സിന് സാധിക്കുന്നു. സ്വയം സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന് മുന്നില്‍ കഴിഞ്ഞയാഴ്ച പതിനൊന്നായിരം പേര്‍ അണിനിരക്കുകയുണ്ടായി. രാജ്യത്തെ സാമ്പത്തിക അസമത്വമാണ് കുഴപ്പങ്ങളുടെ പ്രധാന കാരണമെന്ന് അദ്ദേഹം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. വിദ്യാഭ്യാസരംഗത്തെ ഫീസ് സമ്പ്രദായം എടുത്തുകളയാന്‍ ആഹ്വാനംചെയ്യുന്നു. യു.എസ് രാഷ്ട്രീയത്തില്‍ വന്‍പണക്കാര്‍ ചെലുത്തുന്ന പ്രഭാവം ഇല്ലാതാക്കാനുള്ള പദ്ധതികള്‍ അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്‍െറ പ്രഭാഷണങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന സ്വീകാര്യതയാണ് ജനങ്ങളില്‍നിന്ന് ലഭിച്ചുവരുന്നത്.
ജെറമി കോര്‍ബിന്‍ എന്ന ലേബര്‍പാര്‍ട്ടി നേതാവ് ബ്രിട്ടനില്‍ സമാന നിലപാടുകളുമായി സമാന തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ആറാഴ്ച മുമ്പുവരെ അദ്ദേഹത്തിന്‍െറ പേരുപോലും ബ്രിട്ടീഷ് വോട്ടര്‍മാര്‍ വേണ്ടത്ര കേട്ടിരുന്നില്ല. 60കാരനായ ഇദ്ദേഹമാണ് ലേബര്‍ പാര്‍ട്ടിയുടെ അധ്യക്ഷപദവി ലഭിക്കാന്‍ സാധ്യതയുള്ള നേതാവെന്ന് അഭിപ്രായ സര്‍വേകള്‍ സ്പഷ്ടമാക്കിയിരിക്കുന്നു. സാമ്പത്തിക വിഭവങ്ങളുടെ പുനര്‍വിതരണമാണ് കോര്‍ബിന്‍ ഉന്നയിക്കുന്ന സുപ്രധാന പരിഷ്കരണ നിര്‍ദേശം. ഭാസുരമായ ഭാവി സ്വപ്നംകാണുന്ന പുതുതലമുറയില്‍ ഭൂരിപക്ഷവും ഈ നിര്‍ദേശത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. നവ ഉദാരീകരണം ജനങ്ങളെ പാപ്പരാക്കിയതായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കോര്‍ബിനെ പിന്തുണക്കുന്ന പുതുതലമുറക്കാര്‍ അപക്വമതികളായ വിഡ്ഢികളാണെന്ന് വലതുപക്ഷ വ്യാഖ്യാതാക്കള്‍ വിമര്‍ശിക്കുന്നു. സാമ്പത്തിക കാര്‍ക്കശ്യനയത്തിനുവേണ്ടി വാദിക്കുന്ന ഇതര ലേബര്‍ നേതാക്കള്‍ക്കനുകൂലമായ നിലപാടുകളാണ് ഈ വ്യാഖ്യാതാക്കള്‍ പുറത്തുവിടുന്നത്. തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ ക്ളേശങ്ങള്‍ അനുഭവിക്കുന്ന യുവജനങ്ങള്‍ സാമ്പത്തിക കാര്‍ക്കശ്യവാദത്തിനെതിരായ രാഷ്ട്രീയനീക്കങ്ങളെ അനുകൂലിക്കുന്നതില്‍ യഥാര്‍ഥത്തില്‍ അദ്ഭുതപ്പെടാനെന്തിരിക്കുന്നു? അന്തസ്സും ആത്മാഭിമാനവും നിറഞ്ഞ ജീവിതം നയിക്കാന്‍ അഭിലഷിക്കുന്നവരുടെ നിലപാടുകളെ വങ്കത്തമായി വിശേഷിപ്പിക്കാനാകുമോ? സാമ്പത്തിക അസമത്വത്തിനെതിരായ രാഷ്ട്രീയം സൃഷ്ടിക്കുന്ന അമ്പരപ്പുകളെ മൂടിവെക്കാന്‍ ശ്രമിക്കുന്നത് പാഴ്വേല മാത്രമാണ്. ആഗോള വരേണ്യ കോര്‍പറേറ്റുകള്‍ ഈ പുരോഗമന ബദല്‍ രാഷ്ട്രീയത്തിന്‍െറ പുതിയ ആവേശപ്രകടനങ്ങള്‍ക്കുനേരെ പ്രത്യക്ഷ പ്രതിഷേധം ഉയര്‍ത്തുന്നുണ്ടാകില്ല. പക്ഷേ, കോടീശ്വരന്മാരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ആ ദൗത്യം നിര്‍വഹിക്കുന്നതായി കാണാം.
സാമ്പത്തിക കാര്‍ക്കശ്യം ജനങ്ങള്‍ക്ക് മീതെ അശനിപാതമായി പതിച്ചു എന്നതിന്‍െറ സൂചനകളാണ് ബദല്‍ രാഷ്ട്രീയം കൈവരിച്ചുകൊണ്ടിരിക്കുന്ന വ്യാപക സ്വീകാര്യതയില്‍നിന്ന് വെളിപ്പെടുന്ന യാഥാര്‍ഥ്യം. അതിസമ്പന്ന രാജ്യങ്ങള്‍പോലും ജനക്ഷേമപദ്ധതികള്‍ ഗണ്യമായി വെട്ടിച്ചുരുക്കിയിരിക്കുന്നു. വിപത്കരമായ ഭവിഷ്യത്തുകളാണ് അവ സാധാരണക്കാര്‍ക്കിടയില്‍ ഉളവാക്കിക്കൊണ്ടിരിക്കുന്നതും.
ഗ്രീസിലെ സിറിസ പാര്‍ട്ടി വക്താവും മാധ്യമ അധ്യാപികയുമായ മറീന പ്രെന്‍േറാളിസിന്‍െറ വാക്യങ്ങള്‍ ശ്രദ്ധിക്കുക: ‘കൂടുതല്‍ കൂടുതല്‍ പദ്ധതികള്‍ വെട്ടിക്കുറക്കുന്നത് സാമ്പത്തിക പ്രശ്നപരിഹാര പദ്ധതിയുടെ ഭാഗമായല്ല, രാഷ്ട്രീയംതന്നെയെന്ന് ജനങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു.’ സിറിസ ഉയര്‍ത്തിയ സോഷ്യലിസ്റ്റ് പരിഹാരപദ്ധതികളെ സാമ്പത്തിക ബ്ളാക്മെയ്ലിങ്ങിലൂടെ തകര്‍ക്കാനായിരുന്നു യൂറോപ്യന്‍ യൂനിയന്‍ തീവ്രശ്രമങ്ങള്‍ നടത്തിയത്. ജനക്ഷേമവിരുദ്ധതയുടേയും സാമ്പത്തിക കാര്‍ക്കശ്യത്തിന്‍േറയും പ്രണേതാക്കള്‍ ഏതറ്റംവരെ സഞ്ചരിക്കാനും മടിക്കില്ളെന്ന യാഥാര്‍ഥ്യമായിരുന്നു ഗ്രീസിലെ സംഭവവികാസങ്ങളോട് യൂറോപ്യന്‍ യൂനിയന്‍ അനുവര്‍ത്തിച്ച സമീപനങ്ങളുടെ പൊരുള്‍. ജനാധിപത്യത്തിന്‍െറതന്നെ അടിസ്ഥാന പരികല്‍പനകളെ തകര്‍ക്കാനും ഒരു രാജ്യത്തിന്‍െറ സമ്പദ്ഘടനയെ പൂര്‍ണമായി ശിഥിലീകരിക്കാനുമുള്ള വെമ്പലായിരുന്നു യൂറോപ്യന്‍ ധനശാസ്ത്രജ്ഞരും ഉപദേഷ്ടാക്കളും പ്രകടിപ്പിച്ചത്.
സാമ്പത്തിക കാര്‍ക്കശ്യനയം കൂടുതല്‍ കൂടുതല്‍ ജനങ്ങളെ ശിക്ഷിക്കുകയും പാപ്പരാക്കുകയുമായിരുന്നു. കാര്‍ക്കശ്യനയത്തിനെതിരായ വാദങ്ങള്‍ ഇപ്പോള്‍ പൊതുജനവികാരമായി വളര്‍ച്ച നേടിയിരിക്കുന്നു. ഇത്തരം ശാഠ്യങ്ങള്‍ ഉപേക്ഷിക്കാന്‍ സമയമായെന്ന് ജോസഫ് സ്റ്റിഗ്ലിസ, പോള്‍ ക്രൂഗ്മാന്‍ തുടങ്ങിയ പക്വമതികളായ സാമ്പത്തിക വിദഗ്ധര്‍പോലും വാദിക്കാന്‍ തുടങ്ങിയിരിക്കുന്നു. വന്‍കിട വ്യവസായങ്ങളും സര്‍വിസുകളും ദേശസാത്കരിക്കണമെന്ന ആശയത്തെ പൊതുജനങ്ങള്‍ വന്‍തോതില്‍ അംഗീകരിക്കുന്നതായി ഓരോ യൂറോപ്യന്‍ സര്‍വേകളും സ്പഷ്ടമാക്കുന്നു. ആസൂത്രണങ്ങള്‍ക്ക് ഊന്നല്‍ വേണമെന്ന ആവശ്യവും ശക്തമായി ഉന്നയിക്കപ്പെട്ടുകഴിഞ്ഞു.
പുതിയ ബദല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ പരിവര്‍ത്തനമെന്ന ആശയം ആഗോളതലത്തില്‍ സന്നിവേശിപ്പിച്ചതായി നമുക്ക് വിലയിരുത്താം. ‘സാമൂഹിക യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച പുതിയ ആശയങ്ങളാണ് സമര്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മാറ്റം സാധ്യമാണ് എന്ന വിശ്വാസത്തിലേക്ക് ജനങ്ങളെ ആനയിക്കാനും അവര്‍ക്ക് സാധിച്ചു’ -ഐറിഷ് നാഷനല്‍ യൂനിവേഴ്സിറ്റിയിലെ പ്രഫസറും ഗ്രന്ഥകാരിയുമായ ക്രിസ്റ്റീന ഫ്ളെഷറുടേതാണ് ഈ നിരീക്ഷണം. അമേരിക്കയില്‍ ബേണി സാന്‍ഡേഴ്സും ബ്രിട്ടനില്‍ ജെറമി കോബ്രിനും ഉയിര്‍ത്തെഴുന്നേറ്റ് ജനകീയ രാഷ്ട്രീയത്തെ തിരിച്ചുപിടിക്കാന്‍ ആഹ്വാനംചെയ്തുകൊണ്ടിരിക്കുന്നത് യാദൃച്ഛികമല്ല. കഴിഞ്ഞയാഴ്ച വാഷിങ്ടണ്‍ നഗരത്തിലെ റാലിയില്‍ സാന്‍ഡേഴ്സിന്‍െറ പ്രഭാഷണവാക്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. ‘ഈ ഭരണകൂടത്തെ മാറ്റാന്‍ ഒരു മാര്‍ഗമേയുള്ളൂ, സമ്പന്നരെ സേവിക്കുന്ന ഗവണ്‍മെന്‍റിന് പകരം അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സേവിക്കുന്ന സര്‍ക്കാര്‍ രൂപവത്കരിക്കാനും ഒരു വഴിമാത്രം -ജനങ്ങളുടെ അടിത്തട്ടിലുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കുക. ഒരു രാഷ്ട്രീയ വിപ്ളവത്തിനുതന്നെ നാം സജ്ജരാവുക.’
കീഴ്ത്തട്ടിലുള്ള അടിസ്ഥാന ജനങ്ങള്‍ രംഗപ്രവേശംചെയ്തപ്പോഴാണ് ഗ്രീസില്‍ ഭരണമാറ്റം സംഭവിച്ചത്; യൂറോപ്യന്‍ ശക്തികള്‍ പരിഭ്രാന്തചിത്തരായതും. സമാനമായ ബദല്‍ രാഷ്ട്രീയമാണ് സ്പെയിനില്‍ ‘പോദ്മോസ്’ പ്രസ്ഥാനത്തിന് ജന്മം നല്‍കിയത്. ഈ വര്‍ഷാന്ത്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ‘പോദ്മോസ്’ അദ്ഭുതങ്ങള്‍ കാട്ടുമെന്ന പ്രത്യാശയിലാണ് സ്പാനിഷ് ജനത.
നിലവിലെ സാമ്പത്തിക ദുരിതങ്ങള്‍ രാഷ്ട്രീയമായ ബദലുകള്‍ വഴി മറികടക്കാമെന്ന ചിന്തയെ ശക്തിപ്പെടുത്തുകയാണ് ഗ്രീസ്, സ്പെയിന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ പുതിയ പുരോഗമന ശക്തികള്‍. സമാനചിന്തകള്‍ ബ്രിട്ടനില്‍ മാത്രമല്ല ‘ഒക്കുപൈ’ പ്രസ്ഥാനം വഴി അമേരിക്കന്‍ ജനമനസ്സുകളിലും വേരൂന്നുകയുണ്ടായി. ഒരുപക്ഷേ, യഥാര്‍ഥ പരിവര്‍ത്തനങ്ങള്‍ സാക്ഷാത്കരിക്കാന്‍ വര്‍ഷങ്ങളുടെ സമയം ആവശ്യമായിവന്നേക്കാം. എന്നാല്‍, മാറ്റങ്ങളുടെ അടയാളങ്ങള്‍ തെളിമയോടെ പ്രത്യക്ഷമാകാന്‍ തുടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഈ മുദ്രകള്‍ മായാന്‍ പോകുന്നില്ല.
(കടപ്പാട്: അല്‍ജസീറ)
(പ്രമുഖ കോളമിസ്റ്റും ഗ്രന്ഥകാരിയുമാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.