ആ മാലാഖയുടെ സ്വപ്നങ്ങളില്‍ ഓണ നിറങ്ങളും ഉണ്ടായിരുന്നു

അതങ്ങനെയാണ്, ഒരിക്കലും ജീവിതം എഴുതിവെച്ചൊരു പുസ്തകത്താളുപോലെയല്ല. പലപ്പോഴും അത്, മലവെള്ളപാച്ചില്‍ പോലെയാണ്...ഏത്, വഴിയിലൂടെ ഒഴുകുമെന്നോ, എന്തൊക്കെ തകര്‍ത്തെറിയുമെന്നോ അറിയില്ല. എല്ലാമൊന്ന് ഒതുങ്ങിക്കഴിയുമ്പോള്‍ ഓര്‍മ്മകള്‍ നിറയെ ദുഃഖത്തിന്‍െറ പൂക്കളമൊരുങ്ങിയിരിക്കും... അപ്പോള്‍ എല്ലാ പൂക്കളിലും കണ്ണീര്‍തുള്ളികൾ കാണാം... തന്‍െറ ജീവിതത്തിലേക്ക് കടന്നുവന്ന മാലാഖയെ നാടാകെ മാലാഖയെന്ന് വിളിക്കുമ്പോള്‍ സജീഷിന്‍െറ മനസ് നിറയെ ദുഃഖത്തിന്‍െറ കടലിരമ്പമാണുള്ളത്.... ‘ലിനിയെന്നും എന്നെ അത്​ഭുതപ്പെടുത്തുകയായിരുന്നു. ഒരുപക്ഷേ,  ഈ വിടവാങ്ങല്‍ പോലും..... എന്തും ഒറ്റയ്ക്ക് നേരിടാനുള്ള തന്‍െറടമുണ്ടായിരുന്നു അവള്‍ക്ക്. കുടുംബത്തിന്‍െറ നല്ലനാളുകള്‍ക്കായി അവള്‍ പൊരുതി. നിപയെന്ന ദുരിതം വന്നില്ലായിരുന്നെങ്കില്‍.... ഈ ആഗസ്റ്റ് മാസമായിരുന്നു ഞാന്‍ നാട്ടില്‍ വരേണ്ടിയിരുന്നത്​... കുട്ടികള്‍ക്കൊപ്പം ഒാണത്തിനിടുന്ന പൂക്കളങ്ങളായിരുന്നു അവളുടെ സ്വപ്​നം. കുട്ടികളുടെ സന്തോഷം അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു അവൾക്ക്​. അവളോടൊപ്പം ജീവിക്കാന്‍ തുടങ്ങിയശേഷം മൂന്ന്, നാല് ഓണങ്ങളേ ഒന്നിച്ചുണ്ടായിരുന്നുള്ളു. ഇത്തവണ എന്തായാലും ഒന്നിച്ചുതന്നെ ഒാണമുണ്ണണമെന്നു തീരുമാനിച്ചിരുന്നതാണ്​.  അപ്പോഴാണിങ്ങനെ...’ പൊട്ടിയടർന്ന ഒരു കണ്ണീർ തുള്ളിയേറ്റ്​ സജീഷിന്‍െറ വാക്കുകള്‍ മുറിഞ്ഞു വീണു.... 

‘അവള്‍ എവിടേക്കും പോയിട്ടില്ലെന്നാണ്​ എന്‍െറ അനുഭവം. എല്ലാ കാര്യങ്ങളും നോക്കി ഇവിടെ എവിടെയെക്കെയോ കാണും... വിവിധങ്ങളായ സ്വീകരണങ്ങളാണ്​ പലയിടത്തായി നടക്കുന്നത്. എല്ലായിടത്തും പോകുമ്പോള്‍.. ഞാനറിയുന്നവരും അല്ലാത്തവരും അവളെ കുറിച്ച് പറയും. എല്ലാം കേട്ടുകഴിയുമ്പോള്‍ തകര്‍ന്ന മനസ്സുമായാ തിരിച്ചുവരിക.. ആശ്വസിപ്പിക്കാന്‍ വിളിക്കുന്ന ഫോണ്‍ കോളുകളും ഏറെയുണ്ട്​. ഓണം എന്നല്ല എല്ലാ ആഘോഷങ്ങളും നന്നായി നടത്തണമെന്നായിരുന്നു ലിനിക്ക്​. ആഘോഷങ്ങളുടെ ഒാരോ വിശേഷവ​ും വള്ളിപുള്ളി വിടാതെ അവൾ അറിയിച്ചുകൊണ്ടേയിരിക്കും...’

കോഴിക്കോട് ചെമ്പനോട പുതുശ്ശേരിയിലെ വീട്ടിലെ ഒാരോ അണ​ുവിലും ലിനിയുടെ ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്നു. കഴിഞ്ഞ ദിവസം മൂത്തമകന്‍ റിതുല്‍ അനിയൻ  സിദ്ധാര്‍ത്ഥിനെ അടിച്ചു. കാരണം തിരക്കിയപ്പോഴാണ് അടിച്ചതല്ല, കൊതുകിനെ കൊന്നതാണെന്ന് അറിയുന്നത്. ‘അമ്മ മരിച്ചത് നിപ ബാധിച്ചല്ലേ, അതാ ഞാന്‍ കൊതുകിനെ കൊന്നത്​’ എന്നായിരുന്നു റിതുലി​​​​​​െൻറ മറുപടി. സജീഷ് ശരിക്കും ഞെട്ടി. യു.കെ.ജിക്കാരനായ റിതുലിന്​ അമ്മയുടെ മരണത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സജീഷ്​ കരുതിയിരുന്നത്​. ക്കിയില്ളെന്നാണ് സജീഷ് ധരിച്ചത്. ഇപ്പോള്‍ സജീഷ് പറയുന്നു. ബന്ധുക്കളും മറ്റും പറയുന്നതും വാര്‍ത്തകള്‍ കണ്ടും അവര്‍ എല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി ലിനി സ്വപ്നം കണ്ടതുപോലെ അവരെ നന്നായി വളര്‍ത്തണം. അത്, മാത്രമാണെന്‍െറ ചിന്ത.

ലിനിയെന്നും അങ്ങനെയായിരുന്നു
ലിനിയെന്നും വ്യത്യസ്തയായിരുന്നു. ജീവിതത്തെ കുറിച്ച് നിറയെ സ്വപ്നങ്ങള്‍. സ്വപ്നങ്ങള്‍ കണ്ടിരിക്കുക മാത്രമല്ല അതിനായി പ്രയത്നിക്കുകയും ചെയ്യും. അവളുടെ പഠനകാലവും പിന്നീടുള്ള ജീവിതവും അതിന്‍െറ തെളിവാണ്. 2011 ഏപ്രില്‍ രണ്ടിനാണ് വിവാഹം. സാധാരണ ഒരു പെണ്ണുകാണല്‍ചടങ്ങായിരുന്നില്ല ഞങ്ങളുടെത്. എന്‍െറ സുഹൃത്താണ് അന്ന്, കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ലിനിയെ കുറിച്ച് പറഞ്ഞത്. അക്കാലത്ത് വടകരയിലെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പിനിയിലായിരുന്നു എനിക്ക് ജോലി. ആശുപത്രിയിലത്തെി ലിനിയെ കണ്ടു. ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടപ്പെട്ടു. പിന്നെ തൊട്ടടുത്ത കാന്‍റീനില്‍ പോയി ചായ കുടിച്ചു. എല്ലാം തുറന്നു പറയുന്ന പ്രകൃതം ഏറെ ആകര്‍ഷിച്ചു. അതിന് മുന്‍പില്‍ ജാതകം പോലും വേണ്ടെന്നു വെച്ചു. ലിനിയുടെ കുടുംബം ചെമ്പനോടയില്‍ ഹോട്ടല്‍ നടത്തിയാണ് ജീവിച്ചിരുന്നത്. ലോണെടുത്താണ് ലിനി പഠിച്ചത്. എനിക്ക് നല്ല ജോലി നാട്ടില്‍ ലഭിക്കാത്തതില്‍ ലിനി ദു:ഖിച്ചിരുന്നു. 

2013 ഏപ്രില്‍ 23നാണ് ഞാന്‍ ബഹ്റൈയിനില്‍ പോകുന്നത്. അവിടെയത്തെിയ ശേഷവും നാട്ടില്‍ പി.എസ്.സി എഴുതാന്‍ പുസ്തകങ്ങള്‍ അയച്ചുതരാനും മറ്റും ശ്രമിച്ചു. ഗള്‍ഫില്‍ പോയ ശേഷം എല്ലാ ദിവസവും ലിനി വീഡിയോകോള്‍ ചെയ്യും. ഓരോ ദിവസത്തെ ആശുപത്രി അനുഭവങ്ങളും മറ്റും പറയും. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ അവളെ വല്ലാതെ അലട്ടിയിരുന്നു. നഴ്സിംങ് കര്‍ണാടക രജിസ്ട്രേഷന്‍ ആയതിനാല്‍ ഇവിടുത്തെ പി.എസ്.സിക്ക് എഴുതാന്‍ കഴിയാത്തത് അവളെ വേദനിപ്പിച്ചു. ഇക്കഴിഞ്ഞ മെയ് 16നാണ് ലിനിക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. അന്നും വിളിച്ചു. ഡ്യൂട്ടിക്ക് പോകുന്നതായാണ് പറഞ്ഞത്. പിന്നീടെല്ലാം മാറി മറിഞ്ഞു.

ആദ്യം ഈ പനിയുടെ ഗൗരവം എനിക്ക് മനസിലായിരുന്നില്ല. അവള്‍ക്കറിയാമായിരുന്നു. മെഡിസില്‍ സംബന്ധമായ പുസ്തകങ്ങള്‍ വായിച്ച് കൂട്ടുമായിരുന്നു. അതുകൊണ്ടാണല്ളോ അമ്മയെയും ചേച്ചിയേയും ആശുപത്രിയില്‍ കൊണ്ടുവരരുതെന്ന് അവള്‍ പറഞ്ഞത്. ഏട്ടനാണ്  ഇത്തിരി ക്രിട്ടിക്കലാണ്, നിനക്ക് ലീവ് കിട്ടുമോയെന്ന് നോക്കണമെന്ന് പറഞ്ഞത്. പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല. നാട്ടിലേക്ക് പോന്നു. മെഡിക്കല്‍ കോളജിലെ ഐ.സി.യു.വില്‍ അവളെ കണ്ടു. കണ്ണുതുറന്നു, തലയിളക്കി, കൈ പിടിച്ചു, എന്തേ പറയാന്‍ ശ്രമിക്കുന്നതുപോലെ തോന്നി...അധികസമയം ചെലവഴിക്കരുതെന്ന് നഴ്സുമാര്‍ പറഞ്ഞതോടെ പുറത്തിറങ്ങി. കുറച്ച് കഴിഞ്ഞാണ് എന്നെ കാണില്ളെന്ന് കരുതി അവളെഴുതിയ കുറിപ്പ് കിട്ടുന്നത്. `സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry... നമ്മുടെ മക്കളെ നന്നായി നോക്കണേ... പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം... നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please...

with lots of love'. ഈ വാക്കുകള്‍ക്ക് മുന്‍പില്‍ എങ്ങനെ പിടിച്ചു നില്‍ക്കുമെന്നറിയാതെ ഞാന്‍.... ഇപ്പോള്‍ വാക്കുകളാണെന്‍െറ ജീവന്‍. നാട്ടില്‍ ജോലി കിട്ടി. എല്ലാവരും ലിനിയെ കുറിച്ച് നല്ലത് പറയുന്നു. അനുഗ്രഹിക്കുന്നു.... ഈ ജന്മം അവള്‍ക്ക് മാത്രമുള്ളതാണ്... കുട്ടികള്‍ക്ക് നല്ല ജീവിതം നല്‍കണം, അവളോടൊപ്പമുള്ളതുപോലെ എല്ലാ ആഘോഷങ്ങളും....


 

Tags:    
News Summary - lini-onam-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.