കബഡി കളിക്കുന്ന കീർത്തിക് രാജ് മല്ലൻ (വൃത്തത്തിനുള്ളിൽ). ഇതിന് ഏതാനും സെക്കൻഡുകൾക്ക് ശേഷമാണ് മരണം.

കബഡി കളിക്കുന്നതിനിടെ വിദ്യാർഥി മരിച്ചു -VIDEO

മുംബൈ: കബഡി ടൂർണമെന്റ് കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച മുംബൈയിലെ മലാഡിലാണ് ദാരുണ സംഭവം. ഗോരേഗാവ് വിവേക് കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥി കീർത്തിക് രാജ് മല്ലൻ (20) ആണ് മരിച്ചത്.

മലാഡിൽ നടന്ന ടൂർണമെന്റിൽ വിവേക് കോളജും ആകാശ് കോളേജും തമ്മിലായിരുന്നു മത്സരം. എതിർടീമിനെ തൊടാൻ അവരുടെ കളത്തിലേക്ക് പോയ കീർത്തിക് രാജിനെ ആകാശ് കോളജ് ടീം പിടികൂടിയിരുന്നു. തുടർന്ന് കളിയിൽനിന്ന് പുറത്തായ താരം ബൗണ്ടറി ലൈനിന് പുറത്തേക്ക് പോകുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

ഇരുടീമംഗങ്ങളും ഉടൻ ഓടിയെത്തി താങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല. വിദ്യാർഥികൾ ഉടൻ തന്നെ മലാഡ് പൊലീസിൽ വിവരം അറിയിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മലാഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. ‘ഹൃദയാഘാതമാണെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇതേക്കുറിച്ച് കൂടുതൽ പറയാൻ കഴിയൂ’ -പൊലീസ് അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ശതാബ്ദി ആശുപത്രിയിലേക്ക് മാറ്റി.

മുംബൈ ഗോരേഗാവ് സന്തോഷ് നഗർ സ്വദേശിയാണ് മരിച്ച കീർത്തിക് രാജ് മല്ലൻ. കബഡി മത്സരം വിദ്യാർത്ഥികൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇതിൽ യുവാവ് കളിക്കുന്നതും പിന്നാലെ കുഴഞ്ഞുവീഴുന്നതും കാണാം. 


Tags:    
News Summary - Student dies while playing Kabaddi tournament in Malad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.