അപ്പു, തൗഫീഖ്
യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം; പ്രതികൾ പിടിയിൽ
കായംകുളം: ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം ഇരവിപുരം വാളത്തുംഗൽ പെരുമാൻതൊടി അൽത്താഫ് മൻസിലിൽ അപ്പു (അൽത്താഫ്-27), ഇരവിപുരം വടക്കേവിള മണക്കാട് ന്യൂ നഗറിൽ തൊടിയിൽ വീട്ടിൽ തൗഫീഖ് (22) എന്നിവരാണ് പിടിയിലായത്. കൃഷ്ണപുരം കാപ്പിൽ സ്വദേശിനിയായ യുവതിയുടെ കഴുത്തിൽ നിന്ന് ഒരു പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കേസിലാണ് നടപടി.കഴിഞ്ഞ അഞ്ചിന് രാവിലെ കരീലക്കുളങ്ങര സ്പിന്നിങ് മില്ലിലെ ജീവനക്കാരിയായ യുവതി ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പിന്തുടർന്ന സംഘം സെന്റ് മേരീസ് സ്കൂളിന് മുൻവശം യുവതിയെ തടഞ്ഞുനിർത്തി ബലമായി കഴുത്തിലെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടെ മാല വസ്ത്രത്തിനുള്ളിലേക്ക് വീഴുകയും അടി കൊണ്ട യുവതി സ്കൂട്ടർ മറിഞ്ഞ് താഴെ വീഴുന്നത് കണ്ട് ആൾക്കാർ ഓടി വന്നതോടെ പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നാല് ദിവസത്തിനുള്ളിൽ കായംകുളം മുതൽ കൊല്ലം വരെയുള്ള 250 ഓളം സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് ഹെൽമെറ്റ് ധാരികളായിരുന്ന പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.
കായംകുളത്ത് മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിന് മുമ്പ് പ്രതികൾ അമ്പലപ്പുഴയിൽ നിന്ന് നടന്നു പോവുകയായിരുന്ന ആളിന്റെ മൊബൈൽ ഫോൺ പിടിച്ചുപറിച്ചിരുന്നു. മൊബൈൽ ഫോൺ പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതി അൽത്താഫ് ഇരവിപുരം, കൊല്ലം വെസ്റ്റ്, കൊട്ടിയം, വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, അടിപിടി കേസുകളിൽ പ്രതിയും കാപാ നിയമപ്രകാരം നടപടി നേരിട്ടയാളുമാണ്. രണ്ടാം പ്രതി തൗഫീഖ് കിളികൊല്ലൂർ, പോത്തൻകോട്, കരീലക്കുളങ്ങര, ചവറ, കഴക്കൂട്ടം, കൊല്ലം വെസ്റ്റ്, കരുനാഗപ്പളളി തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, മയക്കുമരുന്ന് വിപണനം മുതലായ കേസുകളിൽ പ്രതിയാണ്.
ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പങ്കജാക്ഷൻ, കായംകുളം ഡിവൈ.എസ്.പി ബിനുകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ കായംകുളം സി.ഐ അരുൺ ഷാ, എസ്.ഐ പ്രേംജിത്ത് കുമാർ, പൊലീസുകാരായ അഖിൽ മുരളി, നിഷാദ്, അരുൺ, അതുല്യ മോൾ, ആലപ്പുഴ നാർക്കോട്ടിക് സെല്ലിലെ പൊലീസുകാരായ ഇയാസ്, മണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.