മുതിർന്ന ആർ.എസ്.എസ് പ്രചാരക് ആർ. ഹരി അന്തരിച്ചു

കൊച്ചി: മുതിർന്ന ആർ.എസ്​.എസ്​ പ്രചാരകൻ ആർ. ഹരി അന്തരിച്ചു. 93 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലിരിക്കെ ​​കൊച്ചി അമൃത ആശുപത്രിയിൽ ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു അന്ത്യം. ആർ.എസ്​.എസ്​ അഖില ഭാരതീയ ബൗദ്ധിക്​ പ്രമുഖും എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു​. മൃതദേഹം ഞായറാഴ്ച ആർ.എസ്​.എസ് സംസ്ഥാന കാര്യാലയമായ എറണാകുളം എളമക്കര മാധവനിവാസിൽ പൊതുദർശനത്തിന്​ വെച്ചു. അവസാനകാലത്ത് വിശ്രമജീവിതം നയിച്ചിരുന്ന തൃശൂർ മായന്നൂർ തണൽ ബാലാശ്രമത്തിൽ തിങ്കളാഴ്ച 11 മണി വരെ പൊതുദർശനത്തിന്​ വെച്ച ശേഷം ഐവർമഠത്തിൽ സംസ്കരിക്കും.

തെരുവിൽപറമ്പിൽ വീട്ടിൽ ടി.ജെ. രംഗഷേണായിയുടെയും തൃപ്പൂണിത്തുറ സ്വദേശിനി പത്മാവതിയുടെയും മകനായി 1930 ഡിസംബർ അഞ്ചിന് എറണാകുളം പുല്ലേപ്പടിയിലാണ്​ ജനനം. എട്ട് മക്കളിൽ രണ്ടാമനായിരുന്നു. സെന്റ് ആൽബർട്​സ് സ്​കൂൾ, മഹാരാജാസ് കോളജ്​ തുടങ്ങിയിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ധനതത്ത്വശാസ്​ത്രത്തിൽ ബിരുദം നേടി. ബിരുദ പഠനത്തിന് ശേഷം പൂർണസമയ ആർ.എസ്​.എസ്​ പ്രവർത്തകനായി. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലെ പ്രവർത്തനങ്ങൾക്ക്​ ചുക്കാൻ പിടിച്ചു.

1983 മുതൽ 1993 വരെ കേരള പ്രാന്ത പ്രചാരക്, 1990ൽ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ്, 1991-2005ൽ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ്, 1994 മുതല്‍ 2005 വരെ ഏഷ്യ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഹിന്ദു സ്വയംസേവക് സംഘിന്റെ പ്രഭാരി, 2005-2006 വരെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ അംഗം എന്നീ പദവികൾ വഹിച്ചു.

സംസ്‌കൃതം, കൊങ്കിണി, മലയാളം, ഹിന്ദി, മറാത്തി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി അമ്പതോളം ഗ്രന്ഥങ്ങൾ രചിച്ചു. ഗുജറാത്തി, ബംഗാളി, അസമിയ ഭാഷകളിലും പ്രാവീണ്യം നേടി. അഞ്ചു ഭൂഖണ്ഡങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്​. പൃഥ്വി സൂക്ത: ആൻ ഓഡ് ടു മദർ എർത്ത് എന്ന പുസ്തകമാണ്​ അവസാനം പുറത്തിറങ്ങിയത്​. ഗാന്ധി വധത്തെ തുടർന്ന്​ ആർ.എസ്​.എസ്​ നിരോധിച്ചപ്പോൾ 1948 ഡിസംബര്‍ മുതൽ 1949 ഏപ്രിൽ വരെ കണ്ണൂരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്​.

Tags:    
News Summary - Senior RSS Pracharak R. Harry passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.