എസ്​.വി. ഉസ്മാൻ

മാപ്പിളപ്പാട്ട് ഗാനരചയിതാവ് എസ്.വി. ഉസ്മാൻ നിര്യാതനായി

പയ്യോളി (കോഴിക്കോട്): പ്രസിദ്ധ മാപ്പിളപ്പാട്ട് ഗാാനരചയിതാവും കവിയും വ്യാപാരിയുമായ ഇരിങ്ങൽ കോട്ടക്കലിൽ എസ്.വി. ഉസ്​മാൻ (76) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി കവിതകൾ എഴുതിയ ഇദ്ദേഹം മാപ്പിളപ്പാട്ട് ഹിറ്റ് ഗാനങ്ങളുടെ രചയിതാവ് കൂടിയായിരുന്നു.

അന്തരിച്ച എരഞ്ഞോളി മൂസ, പീർ മുഹമ്മദ്, എം. കുഞ്ഞിമൂസ തുടങ്ങിയ മാപ്പിളപ്പാട്ട് ഗായകർ ആലപിച്ച ഹിറ്റ് ഗാനങ്ങളുടെ രചയിതാവായിരുന്നു എസ്.വി. വടകരയിലെ കോട്ടക്കൽ ആര്യവൈദ്യശാല ഏജൻസി ഉടമ കൂടിയാണ് ഇദ്ദേഹം.ചെറിയ പുതിയോട്ടിൽ സുഹറയാണ് ഭാര്യ.

മക്കൾ: മെഹറലി (കാലിക്കറ്റ് യൂനിവേഴ്സിറ്റി), തസ്​ലീമ, ഗാലിബ (സൗദി അറേബ്യ), ഹുസ്​ന. മരുമക്കൾ: ജമീല (അധ്യാപിക, കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ ഹൈസ്കൂൾ), ഷാനവാസ് (കുവൈത്ത്), റഷീദ് (സൗദി അറേബ്യ), ബേൻസീർ.

സഹോദരങ്ങൾ: എസ്.വി. റഹ്മത്തുള്ള (റിട്ട. ഡെപ്യൂട്ടി കലക്ടർ), പരേതരായ എസ്.വി. അബ്ദുറഹ്മാൻ, എസ്.വി. മഹ്​മൂദ്​.  ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന്​ കോട്ടക്കൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ. 

മാപ്പിളപ്പാട്ടിന് മധുവർണ്ണം വിതറിയയാൾ

ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ രചയിതാവും കവിയുമായ ഇരിങ്ങൽ കോട്ടക്കൽ സീതിവീട്ടിൽ ഉസ്മാന്‍റെ വേർപാട് മാപ്പിളപ്പാട്ട് ആസ്വാദകർക്ക് തീരാനഷ്ടമാണ്​. ഒട്ടനവധി ഹിറ്റ് മാപ്പിളപ്പാട്ട് ഗാനങ്ങൾ തന്‍റെ രചനകളിലൂടെ തലമുറകളിലേക്ക് പകർന്ന് നൽകിയാണ് എസ്.വി യാത്രയായത്. 'മധുവർണ്ണ പൂവല്ലേ, നറുനിലാപൂമോളല്ലേ ....' എന്ന്​ തുടങ്ങുന്ന ഗാനമാണ് ഇവയിൽ ഏറ്റവും വലിയ ഹിറ്റ്​. 'ഇന്നലെ രാവിലെയെൻ മാറത്തുറങ്ങിയ', 'അലിഫ് കൊണ്ട് നാവിൽ മധു പുരട്ടിയോനെ' തുടങ്ങി നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകൾ എസ്.വിയുടെ വരികളായിരുന്നു.

പ്രശസ്ത ഗായകരായിരുന്ന എരഞ്ഞോളി മൂസ്സ,പീർ മുഹമ്മദ് തുടങ്ങിയവർ ആലപിച്ച ഗാനങ്ങളും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ താജുദ്ദീൻ വടകരയുടെ പിതാവ് എം. കുഞ്ഞിമൂസ ഈണം നൽകിയ ഗാനങ്ങളിൽ ഏറെയും എസ്.വി. ഉസ്മാന്‍റെ രചനകളായിരുന്നു.

ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതുന്നതോടപ്പം നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. ജന്മനാട് ഇരിങ്ങൽ കോട്ടക്കലിൽ ആണെങ്കിലും വടകര നഗരവുമായാണ് ഇദ്ദേഹത്തിന്‍റെ ആത്മബന്ധങ്ങൾ കൂടുതലായും ഉണ്ടായിരുന്നത്. അവസാനമായി 2021 ജനുവരി 29ന് തലശ്ശേരി മാപ്പിള കലാകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ഒ. അബു പുരസ്കാരം നൽകി ആദരിച്ചിരുന്നു. എം.എൽ.എ എ.എൻ. ഷംസീറിൽ നിന്നായിരുന്നു പുരസ്കാരം ഏറ്റുവാങ്ങിയത്.


തലശ്ശേരി മാപ്പിള കലാകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ഒ. അബു പുരസ്കാരം എ.എൻ. ഷംസീറിൽനിന്ന് എസ്​.വി. ഉസ്മാൻ ഏറ്റുവാങ്ങുന്നു 


Tags:    
News Summary - Mappilappattu Lyricist SV Usman passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.