ഡോക്​ടർമാരായ അച്ഛനും മകനും കോവിഡ്​ ബാധിച്ച്​ മരിച്ചു

കല്യാൺ: ക്ലിനിക്​ ഉടമകളും ഡോക്​ടർമാരുമായ അച്ഛനും മകനും കോവിഡ്​ ബാധിച്ച്​ മരിച്ചു. മഹാരാഷ്​ട്രയിലെ കല്യാണിൽനിന്നാണ്​ ഈ ദുരന്തവാർത്ത​. ഡോ. നാഗേന്ദ്ര മിശ്ര (58), മകൻ ഡോ. സൂരജ് മിശ്ര (28) എന്നിവരാണ്​ മരിച്ചത്​.

നാഗേന്ദ്രയുടെ ജന്മദിനമായ വെള്ളിയാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്​ ഇരുവരും മരണത്തിന്​ കീഴടങ്ങിയത്​. കോവിഡ്​ രോഗികളെയടക്കം ചികിത്സിച്ചിരുന്ന ഇവർ വാക്​സിൻ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്​തതയില്ല.

കോവിഡിന്‍റെ രണ്ടാംവരവിൽ പകച്ചു നിൽക്കുന്ന മഹാരാഷ്​ട്രയിൽ ഗുരുതര രോഗികൾക്ക്​ പോലും ആശുപത്രിയിൽ കിടക്കകൾ ലഭ്യമല്ലാത്ത അവസ്​ഥയാണ്​. രോഗം മുർച്ഛിച്ച ഡോ. നാഗേന്ദ്രയെ താനെയിലെ വേദാന്ത് ആശുപത്രിയിലും മകൻ സൂരജിനെ​ ഗോരേഗാവിലെ സ്വകാര്യ ആശുപത്രിയിലുമാണ്​ പ്രവേശിപ്പിച്ചത്​. ഇവരുടെ കുടുംബാംഗങ്ങൾ മുഴുവൻ കോവിഡ്​ ബാധിതരാണ്​. ഗുരുതരാവസ്ഥയിലായ നാഗേന്ദ്ര മിശ്രയുടെ ഭാര്യ വസായിയിലെ ആശുപത്രിയിലാണുള്ളത്​.

തിത്​വാലയ്ക്കടുത്തുള്ള ഖദാവലിയിൽ ക്ലിനിക്ക് നടത്തുകയാണ്​  ഡോ. നാഗേന്ദ്ര മിശ്ര. മകൻ സൂരജ്​ ഭിവണ്ടിയിലെ ബാപ്ഗാവിലാണ്​ ക്ലിനിക് നടത്തുന്നത്​. കല്യാൺ ഗാന്ധാരി പ്രദേശത്താണ് കുടുംബം താമസിച്ചിരുന്നത്. കഴിഞ്ഞ നവംബറിലാണ്​ സൂരജ്​ വിവാഹിതനായത്​. സഹോദരനും ഡോക്ടറാണ്.

കോവിഡിന്‍റെ രണ്ടാം വരവിൽ ഹോട്ട്​ സ്​പോട്ടായ മഹാരാഷ്​ട്രയിൽ സ്ഥിതി അതീവ ഗുരുതരമാണ്​. 67,123 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്​ട്രയിൽ​ കോവിഡ്​ സ്ഥിരീകരിച്ചത്​. 419 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു.

ഇതോടെ മഹാരാഷ്​ട്രയിലെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 37,70,707 ആയി ഉയർന്നു. 30,61,174 പേർ രോഗമുക്​തി നേടി. 56,783 പേർക്ക്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്​തിയുണ്ടായി. 81.8 ശതമാനമാണ്​ മഹാരാഷ്​ട്രയുടെ രോഗമുക്​തി നിരക്ക്​. 1.59 ശതമാനമാണ്​ മരണനിരക്ക്​.

6,47,933 പേരാണ്​ നിലവിൽ മഹാരാഷ്​ട്രയിൽ രോഗം ബാധിച്ച്​ ചികിത്സയിലുള്ളത്​. തുടർച്ചയായ രണ്ടാം ദിവസമാണ്​ മഹാരാഷ്​ട്രയിൽ 60,000ത്തിലധികം കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​. കഴിഞ്ഞ ദിവസം 63,000 പേർക്ക്​ മഹാരാഷ്​ട്രയിൽ​ കോവിഡ്​ ബാധിച്ചിരുന്നു.

Tags:    
News Summary - Father-son doctor duo die due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.