ശിവാനി മീട്ടിയത് പൂര്‍വി കല്യാണി; ഉള്ളില്‍ സങ്കടരാഗം

വീണയില്‍ ശിവാനി വായിച്ചത് പൂര്‍വി കല്യാണി. എന്നാല്‍ ഉള്ളം കരഞ്ഞത് ശുഭപന്തുവരാളിയില്‍. സങ്കടത്തീക്കടലിലേക്ക് ശീതജലം വര്‍ഷിക്കുന്നതാണ് ശുഭപന്തുവരാളി രാഗം. ജീവിതദുരിതത്തിന്‍െറ സങ്കടക്കടലില്‍നിന്നാണ് ശിവാനി എച്ച്.എസ് വിഭാഗം വീണയില്‍ തന്ത്രികള്‍ മീട്ടിയത്. 
കോഴിക്കോട് പയ്യോളി എച്ച്.എസ്.എസിലെ പത്താംക്ളാസ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. നൃത്താധ്യാപകനും കലോത്സവവേദികളിലെ നിറസാന്നിധ്യവുമായിരുന്ന അച്ഛന്‍ മണിയൂരിലെ രത്നസദന്‍ ഇത്തവണ കൂടെയത്തെിയില്ല. പക്ഷാഘാതം ബാധിച്ച് ഒരു വര്‍ഷമായി തളര്‍ന്നു കിടപ്പാണ് അദ്ദേഹം. കാലില്‍ തൊട്ടുവന്ദിച്ച മകളെ അനുഗ്രഹിക്കുമ്പോള്‍ ആ പിതാവിന്‍െറ കണ്ണ് നിറഞ്ഞുതൂകി. രത്നസദന്‍െറ ചികിത്സക്ക് സമ്പാദ്യമെല്ലാം ചെലവഴിച്ചു. അനുജന്‍ അനില്‍കുമാറായിരുന്നു പിന്നീട് കുടുംബഭാരം ചുമലിലേറ്റിയത്. എന്നാല്‍, ഇദ്ദേഹത്തിന് വൃക്കരോഗം ബാധിച്ചതോടെ ദുരിതക്കയത്തിന് ആഴംകൂടി. വന്‍ തുക ചെലവഴിച്ച് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും വിധി പരീക്ഷണം തുടര്‍ന്നു. ഇത്തവണ അനിലിന്‍െറ വലതുഭാഗം തളര്‍ന്നതാണ് കുടുംബത്തിന് ആഘാതമായത്. 

നഴ്സറി സ്കൂള്‍ അധ്യാപികയായിരുന്ന അമ്മ രജനി ഭര്‍ത്താവിനെ പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ചു. പാലിയേറ്റിവ് സംഘടനകളാണ് മരുന്നത്തെിക്കുന്നത്. വീട്ടിലെ ചെലവുകള്‍ക്ക് നാട്ടുകാരുടെ കൈയയച്ച സഹായമുണ്ടെന്ന് രജനി ‘മാധ്യമ’ത്തോട് പറഞ്ഞു. സ്കൂള്‍ അധ്യാപകരായ അനിത, രമ, ഗീത എന്നിവരാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ പണം നല്‍കിയത്. നാട്ടുകാരിയായ ശാന്ത ടീച്ചര്‍ വയലിനും സുകുമാരന്‍ മാസ്റ്റര്‍ വീണയും നല്‍കി. പഠനത്തില്‍ മിടുക്കിയാണ് ശിവാനി. സഹോദരി നാലാംക്ളാസുകാരി ശിശിര ഭരതനാട്യം പഠിക്കുന്നുണ്ട്. രത്നസദന്‍െറ നാട്യശ്രീ കലാസ്ഥാപനവും നാടക ട്രൂപ്പും നാടന്‍പാട്ട് സംഘവുമെല്ലാം പ്രവര്‍ത്തനം നിലച്ചു. 

Tags:    
News Summary - school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.