????? ????????

നടതള്ളിയ ഒാണങ്ങൾ

‘‘...തിരുവോണമാണ് എ​​​െൻറ പിറന്നാൾ. എല്ലാ വീടുകളിലും സന്തോഷത്തിരയടിക്കുന്ന നാളിൽ ഞാനും എ​​​െൻറ മക്കളുടെയും സഹോദരരുടെയും കൂടെ ഇവിടെ സന്തോഷമായി ആഘോഷിക്കും..’ ഗുരുവായൂരെ അഗതി മന്ദിരം ചൂണ്ടി ലതിക ദേവി എന്ന  78 കാരി  തുടർന്നു. ‘.. പക്ഷേ നിങ്ങളിവിടുന്ന് പോയി എത്ര നിമിഷം പോലും ഞാൻ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ല. കാരണം രണ്ട് ഹാർട്ട് അറ്റാക്ക് വന്നതാ...’പറഞ്ഞുതീർന്നതും ആ അമ്മ കണ്ണീർക്കുടമായി . പത്രമാധ്യമങ്ങളിൽ വരുന്ന പോലെ നടതളളിയ അമ്മമാരിൽ ഒരാളല്ല, ലതികാ ദേവി. കോടികളുടെ സ്വത്ത് മക്കൾക്ക് എഴുതിക്കൊടുത്ത് ത​​​​െൻറ വഴി തെരഞ്ഞെടുത്ത് എത്തിയതാണ്,  ഇവിടെയുള്ള അനേകം അമ്മമാരിൽ ഒരാളാകാൻ. വീട്ടുകാർ ഉപേക്ഷിക്കപ്പെട്ടവരേക്കാൾ മക്കളുടെയും വീട്ടുകാരുടെയും കുറ്റപ്പെടുത്തലുകളിൽ അസ്വസ്​ഥരായി എത്തുന്നവരുടെ കൂടാരമാകുന്നു ഈ ക്ഷേത്രനഗരി. 

ഓർമയിലെ തിരുവോണപ്പിറന്നാൾ 
ഇനി പറയാൻ ബാക്കിയുണ്ടാകുമോ എന്ന ആധി കൊണ്ടാണെന്നറിയില്ല  അവർ ജീവിതം പറച്ചിൽ  തുടർന്നു -: ‘‘വീട് ആലപ്പുഴ പുന്നമടക്കടുത്ത്. വീട്ടുകാർ എന്നെ തങ്കമണി എന്ന് വിളിക്കും. നാട്ടിൽ ദാരിദ്യ്രം കൊടുമ്പിരി കൊള്ളുമ്പോഴും നാട്ടുകാർക്ക് കൊടുക്കാൻ അരിമണി കരുതിയിരുന്ന തറവാട്. ഒന്നിനും കുറവില്ലാതെ സമൃദ്ധമായ ഓണം. തിരുവോണത്തിന് എ​​​െൻറ പിറന്നാൾ കൂടിയാകുമ്പോൾ വീട്ടിൽ ഉത്സവമാണ്. ആലപ്പുഴയിൽ ഓണത്തിന് പൂവിടലും മറ്റുമില്ലെങ്കിലും അച്ഛൻ ‘വടക്കൻ ’ ആയിരുന്നതിനാൽ ആഘോഷങ്ങളും കൂടെകൊണ്ടുവന്നു. അച്ഛൻ ഉള്ളതിൽ അഞ്ച് വലിയ നേന്ത്രക്കുല എടുക്കും. ഉപ്പേരി വറുക്കും. എല്ലാ വിഭവങ്ങളും ഉണ്ടാകും സദ്യക്ക്.  കാളൻ, ഓലൻ സാമ്പാർ, പായസം ഒക്കെയുണ്ടാകും. 20 വർഷം മുമ്പുവരെ  ഓണാഘോഷത്തിന്  ഒരുകുറവും ഉണ്ടായിരുന്നില്ല.

കണ്ണീർ പിറന്നാളോണം
ഭർത്താവിന് റെയിൽവേയിലായിരുന്നു ജോലി. നാലുമക്കൾ. എല്ലാവരും വലിയ നിലയിലായി. അവരുടെ കല്യാണം കഴിഞ്ഞതോടെ അവസ്​ഥ മാറി. പലപ്പോഴും ഞാനും അച്ഛനും മാത്രമേ തിരുവോണ ദിനം എ​​​െൻറ പിറന്നാളിന് കാണൂ. 19 വർഷം മുമ്പ് ഭർത്താവ് മരിച്ചതോടെ ഒറ്റയായി. സ്വത്ത് വീതം വെപ്പിന് ശേഷം സ്​നേഹം ഇല്ലാതായപോലെ. മക്കളുടെ വീട്ടിലേക്കുള്ള മാറി മാറിയുള്ള യാത്രയായി ഓണത്തിന്. പാലക്കാട്, മാവേലിക്കര, ചിലപ്പോൾ ബാംഗ്ലൂർ... പലപ്പോഴും ആശിച്ചുപോയിട്ടുണ്ട്,എവിടെന്നെങ്കിലും ഒരു ഓണക്കോടി. പിന്നെ തോന്നിത്തുടങ്ങി അവിടെ തങ്ങുന്നത് ശരിയല്ലെന്ന്.  അവഗണന എന്നത് കാരണം മാത്രമാണ്.  സ്വത്ത് പേപ്പർ കഷണം പോലുമില്ലാതെ മക്കൾക്ക് കൊടുത്തിട്ട്.-..
അവർക്ക് പൂർത്തിയാക്കാൻ  വാക്കുകൾ കിട്ടിയില്ല.

കഴിഞ്ഞ പിറന്നാളോണം  നെഞ്ചിൽ നീറിപ്പുകയുകയാണ്. മകളുടെ വീട്ടിൽ ഒറ്റയ്​ക്ക് നിറഞ്ഞ കണ്ണുകളോടെ ഉണ്ട തിരുവോണ നാളിലെ എ​​​െൻറ പിറന്നാൾ സദ്യ. ഒറ്റയ്​ക്ക് ഭക്ഷണം കഴിക്കുകയെന്നത് കൊല്ലുന്നതിന് തുല്യമായിരുന്നു. അന്ന് ഞാൻ വിങ്ങിപ്പൊട്ടിക്കരഞ്ഞാണ് ചോറ് ഉണ്ടുതീർത്തത്. ആ വീട്ടിലെ അവസ്​ഥ  അത്രക്ക് അലോസരപ്പെടുത്തി. ഇനി ഇങ്ങനെ ഉണ്ടാവല്ലേ എന്ന് പ്രാർഥിച്ചു. മാനസികമായി തളർന്നു. അന്ന് തുടങ്ങിയ അന്വേഷണമായിരുന്നു ആരെയും ശല്യപ്പെടുത്താത്ത ഒരിടത്തിന്. അങ്ങനെയാണ് ഇവിടെ എത്തിയത്.  ഇതിനിടെ ഇവിടെ ഫ്ലാറ്റ് എടുത്തുതരാമെന്ന്  മറ്റും പറഞ്ഞ് മക്കൾ എത്തിയിരുന്നു. ഞാൻ കൂട്ടാക്കിയില്ല- ലതിക ദേവി തുടർന്നു.


കണ്ണീരലിഞ്ഞ  നഗരം
പണത്തി​​​െൻറയും സന്തോഷത്തി​​​െൻറയും സൗകര്യത്തി​​​െൻറയും വീതം വെപ്പിൽ തഴയപ്പെടുന്ന വാർധക്യങ്ങൾ അലിഞ്ഞുചേർന്ന നഗരമാണ് ഗുരുവായൂർ എന്ന ക്ഷേത്ര നഗരി. മൂന്നുകോടിയുടെ സ്വത്ത് മക്കൾക്ക് വലിച്ചെറിഞ്ഞ് ഇവിടെയെത്തിയ ലതികാദേവിയെപ്പോലെ എത്രയോ അമ്മമാർ. രണ്ട് സ​​​െൻറ് കിടപ്പാടം സ്വന്തമാക്കാൻ 45 വർഷം പണിയെടുത്ത് നിരാശയിലായ നിറകണ്ണുകളുമായി നിൽക്കുന്ന കൃഷ്ണനെപ്പോലെ എത്രയോ അച്ഛൻമാർ. 43 കൊല്ലം ഗുരുവായൂരിലെ ഹോട്ടലിൽ  തുടച്ച് വൃത്തിയാക്കി ജീവിതം നയിച്ചു. കൈകാലുകൾക്ക് ബലക്ഷയം സംഭവിച്ചപ്പോൾ ഇറങ്ങിപ്പോകേണ്ടിവന്നു. ഭാവി ചോദ്യചിഹ്നമിട്ടപ്പോൾ അഗതി മന്ദിരം ആലംബമായി. അത് കൃഷ്ണ​​​​െൻറ കഥ. 

എവിടെയോ എന്തോ നഷ്​ടപ്പെട്ട പോലെ 200 പേജ് നോട്ടുബുക്ക് ‘അമ്മേ.. നാരായണ...’   എഴുതിത്തീർക്കുകയാണ് ഏറ്റുമാനൂരുകാരിയായ അമ്മ. ലോകത്തിലെ എല്ലാ അധ്യാപകർക്കും വിദ്യാർഥികൾക്കും വേണ്ടിയാണ് എഴുതുന്നതെന്ന നന്മ ഉറക്കെ പറഞ്ഞാണ്  എഴുത്ത്. മനസ്സിൽ വിട്ടുപോയവയെന്തൊക്കെയോ പൂരിപ്പിക്കാനുള്ള തത്രപ്പാടിലാണ് ഇതുപോലെ പലരും. എവിടെയോ എന്തോക്കെയോ തുടർച്ച നഷ്​ടപ്പെടുന്നു; അപ്പുക്കുട്ടനെപ്പോലെ. എത്ര വർഷമായി എത്തിത്തുടങ്ങിയിട്ട് എന്ന് ചോദിച്ചതോടെ എണ്ണിത്തുടങ്ങിയതാ. പൂർത്തിയാവുന്നില്ല; എവിടെയോ ഏതോ അക്കം വിട്ടുപോകുന്നു.

ശാരദ അഞ്ചു തവണ ഗർഭം അലസിയപ്പോൾ ജനിക്കാൻ പേകുന്ന കുഞ്ഞിനെ ജീവനോടെ കിട്ടണേ എന്ന് പ്രാർഥിക്കാനെത്തിയതാണ് ആദ്യമായി ക്ഷേത്രത്തിൽ. അന്നുണ്ടായ ഇരട്ടക്കുട്ടികൾ അമ്പതുവർഷം കഴിഞ്ഞും നടപ്പന്തലിൽ ഓടിക്കളിക്കുന്നുണ്ടെന്ന് തോന്നും സംസാരം കേട്ടാൽ.  മുപ്പത് വർഷം മുമ്പ് 15 ാം വയസ്സിൽ എത്തിപ്പെട്ട പേര് വെളിപ്പെടുത്താത്ത അമ്മ ഗുരുവായൂരി​​​െൻറ ഭാഗമായിക്കഴിഞ്ഞു.  അവിഹിത ഗർഭത്തിലുണ്ടായ കുഞ്ഞി​​​െൻറ 90 ാം നാളിൽ അവളെ വീട്ടിൽ ഏൽപ്പിച്ചായിരുന്നു അവരുടെ വരവ്. പിന്നെ വീട്ടിലേക്ക് അധികമൊന്നും പോയിട്ടില്ല. ഗുരുവായൂരി​​​െൻറ ഒരോ മുക്കും മൂലയും ഇരുട്ടി​​​െൻറ കാപട്യവും വെളിച്ചത്തി​​​െൻറ ആശ്വാസവും അവരറിഞ്ഞു. അതുകൊണ്ടുതന്നെയാണ് ‘ ഇവരോട് ചോദിച്ചാ മതി  എന്നെപ്പറ്റി അറിയാൻ’ എന്ന് കടക്കാരെ ചൂണ്ടി പറഞ്ഞതും. ഇന്നും റോഡരികിൽ തന്നെയാണ് അമ്മ തലചായ്ക്കുന്നത്.

വാർധക്യം ഇവിടെ പരന്ന് കിടക്കുന്നു
വാർധക്യത്തിൽ തളർന്നുപോയി അച്ഛൻ എന്നു കേൾക്കാനാകാതെ ആരെയും ശല്യപ്പെടുത്താതെ അജ്ഞാത വാസത്തിലാണ്ട വയോധികരുണ്ട്  ഭാസിയെപ്പോലുള്ളവർ. വീട്ടിൽ നിന്നുമാറി അമ്പതുവർഷം വിയർപ്പൊഴുക്കി തിരിച്ചുവന്ന് ബാധ്യതകൾ തീർത്തൊടുങ്ങിതോടെ അധികപ്പറ്റായി പോയി, ജന്മം. ഒരു വലിയ ഫ്ലാറ്റ് തന്നെ അച്ഛന് മാത്രമായി വാങ്ങിക്കൊടുത്ത് നാമം ജപിച്ച്് ശിഷ്​ടകാലം കഴിഞ്ഞോളാൻ പറയാതെ പറഞ്ഞ് നടതള്ളിയ ഹൈടെക് പുത്രന്മാരുടെ കുബേര പിതാക്കൻമാർ. ‘നീ പോടാ...’ എന്ന് പറഞ്ഞ്  തെരുവിലേക്ക് ചങ്കൂറ്റത്തോടെ ഇറങ്ങിയ പിതാക്കൾ. വാർധക്യം ഇവിടെ പരന്ന് കിടക്കുകയാണ്. കൈയിൽ കാലണയില്ലെങ്കിലും ക്ഷേത്രത്തിലെ പ്രസാദം തിന്നു വിശപ്പകറ്റി ജീവിതം കഴിച്ചുകൂട്ടാമെന്ന ആത്മവിശ്വാസത്തിൽ നൂറുകണക്കിന് വയോധികർ രാത്രിയിൽ കടത്തിണ്ണകൾ ശയനമുറിയാക്കുന്നു.

ഒപ്പിൽ തെറിച്ചുവീണ ജീവിതങ്ങൾ 
പണവും സ്​നേഹബന്ധവും തമ്മിൽ എവിടെയോ ഇഴ പിരിഞ്ഞുപോയതാണ് നിമിത്തം. വിൽപത്രത്തിലെ ഒരു ഒപ്പിൽ തെറിച്ചുപോയതാണ് ചിലരുടെ ജീവിതം. കണ്ണീരൊടുങ്ങാതെ  വീട്ടിൽ നിന്ന് ആട്ടിയിറക്കൽ അല്ലെങ്കിൽ കുത്തുവാക്കുകളുടെ ശരമുനകൾ. ആ നാവനങ്ങാൻ അവനെയും കൈയിൽ താങ്ങി എത്രയിടങ്ങളിൽ നേർച്ച കഴിച്ചിട്ടുണ്ടെന്ന് ഇവിടെ അലയുന്ന കണ്ണീരുകളുടെ കഥ. താനൊറ്റക്കല്ലെന്നും ത​​​​െൻറ മാത്രം കഥയല്ലെന്നുമുള്ള തിരിച്ചറിവുകളുടെ തുറവിയാണ് ഈ ക്ഷേത്രനഗരിയിലെ വയോധിക കൂട്ടായ്മകൾ. 

അമ്മ എന്നത് കറിവേപ്പിലയല്ല
‘ആവശ്യം വരുമ്പോ കൊള്ളാനും  ആവശ്യം കഴിയുമ്പോ കറിവെപ്പില പോലെ തള്ളാനുമുളള ഒരു വസ്​തുവല്ല  അമ്മ.’ ലതിക ദേവി അഗതി മന്ദിരത്തിലിരുന്ന് ജീവിതം പറയുന്നത് തുടരുന്നു. ‘ 60 വയസ്സു കഴിഞ്ഞാൽ കൊച്ചുകുഞ്ഞുങ്ങളുടെ മനസ്സാണ്. സ്​നേഹം. സാന്ത്വനം. അൽപം ഭക്ഷം. ഇതുമാത്രം മതി അവർക്ക് . ഇവിടെ  ഇഷ്​ടംപോലെ സ്​നേഹം കിട്ടുന്നുണ്ട് , അതാണ് എനിക്ക് വേണ്ടത്. ഞാൻ കൊടുക്കാനുള്ളതൊക്കെ വാരിക്കോരി കൊടുത്തിട്ടുണ്ട്.  ഇനി വാങ്ങാനുള്ള യോഗമാണ്. എത്ര പേരാണെന്നോ ഇവിടെ ഓണക്കോടിയുമായി എത്തുന്നത്. എനിക്ക് രണ്ട് തവണ ഹൃദയാഘാതം വന്നതാ. ഏതായാലും ഒരു ദിവസം മരിക്കണം. അധികം കഷ്​ടപ്പെടുത്തരുത്. രാവിലെ ആകുമ്പോ മരിച്ചങ്ങനെ കിടക്കണം, ഈ പുണ്യമായ മണ്ണിൽ.  ഭഗവാ​​​െൻറ മണ്ണിൽ തന്നെ...- പറഞ്ഞു തീരുമ്പോൾ ഉതിർന്നുവീണ പോലെ ആ അമ്മ കിതച്ചു.

Tags:    
News Summary - onam-senior citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.