സഞ്ജു സാംസൺ ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യയുടെ മിന്നുംതാരം; പുകഴ്ത്തി രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പർതാരം സഞ്ജു സാംസണെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്വന്‍റി0 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും മികച്ച പ്രകടനം നടത്തിയ സഞ്ജുവാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്തുകാരനാണെന്നും രാഹുൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ. സഞ്ജുവിന്‍റെ പേരു പറഞ്ഞപ്പോൾ കരഘോഷത്തോടെയാണ് സദസ്സ് വരവേറ്റത്. രാഹുലിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനിടെ എം.പി. അബ്ദുസമദ് സമദാനി സഞ്ജുവിന്‍റെ പേര് വിട്ടുപോയി. ഇതുകേട്ട രാഹുലും വേദിയിലുള്ളവരും സമദാനിയെ നോക്കി സഞ്ജു സാംസണ്‍ എന്ന് അവര്‍ത്തിച്ചു പറയുന്നുണ്ട്. പിന്നാലെ സമദാനി സഞ്ജുവിന്‍റെ പേര് പ്രത്യേകം എടുത്ത് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു.

സഞ്ജു ലോകത്തിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമാണ്. സഞ്ജുവിന്‍റെ പേരില്‍ കേരളത്തിലെ ജനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നു. കേരളത്തില്‍ മാത്രമല്ല വിദേശത്തും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സഞ്ജുവിനെ ഇഷ്ടമാണ്. സഞ്ജു നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമാണെന്ന് രാഹുല്‍ പറഞ്ഞു. ട്വന്‍റി20 ലോകകപ്പിൽ സൂപ്പർ എട്ടിലും സെമിയിലും തുടർച്ചയായി അർധ സെഞ്ച്വറി നേടിയ സഞ്ജുവിന്‍റെ ബാറ്റിങ്ങാണ് ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ നിർണായകമായത്.

വെസ്റ്റിന്‍ഡീസിനെതിരായ സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു, സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റൺസാണ് അടിച്ചുകൂട്ടിയത്. രണ്ടു മത്സരങ്ങളിലും കളിയിലെ താരവും സഞ്ജുവായിരുന്നു. ടൂർണമെന്‍റിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാര സാധ്യതാ പട്ടികയിലും സഞ്ജുവിന്‍റെ പേരുണ്ട്. എട്ടംഗ പട്ടിക അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പുറത്തുവിട്ടപ്പോൾ ഇടംനേടിയ ഏക ഇന്ത്യക്കാരൻ വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജുവാണ്.

ഞായറാഴ്ച ന്യൂസിലൻഡിനെതിരായ ഫൈനലിൽ മികവ് തുടർന്നാൽ പുരസ്കാരം ‘ചേട്ടൻ’ വഴി കേരളത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകരും. സഞ്ജു കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 201.7 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 232 റൺസാണ് അടിച്ചുകൂട്ടിയത്.

Tags:    
News Summary - Opposition leader Rahul Gandhi praises Sanju Samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.