കൊച്ചി: കൊച്ചിയിൽ നങ്കൂരമിട്ട ഇറാൻ പടക്കപ്പലിന്റെ അടുത്തെത്തി ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടി.വി റിപ്പോർട്ടർ ശങ്കർ, കാമറാമാൻ മണി എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച ബോട്ട് ഡ്രൈവർ രാധാകൃഷ്ണനെയും അറസ്റ്റ് ചെയ്തു. ദൃശ്യങ്ങൾ പകർത്താനായി വാടക്കെടുത്ത ബോട്ടിൽ കപ്പലിന്‍റെ അടുത്തേക്ക് പോകവെ, സി.ഐ.എസ്.എഫ് എത്തി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മട്ടാഞ്ചേരി വാർഫിന് സമീപം ഡോക്ക് ചെയ്തിരിക്കുന്ന ഇറാന്റെ പടക്കപ്പലായ ഐ.ആർ.ഐ.എസ് ലാവന്റെ ദൃശ്യം പകർത്താനാണ് മാധ്യമപ്രവർത്തകർ ശ്രമിച്ചത്. നിരോധിത മേഖലയിൽ പ്രവേശിച്ച് ദൃശ്യം പകർത്തുന്നത് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ പിന്നീട് ഹാർബർ പൊലീസിന് കൈമാറി. മാധ്യമപ്രവർത്തകരുടെ കാമറയും കസ്റ്റഡിയിലെടുത്തു. കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ഫോട്ടോയോ, വിഡിയോയോ പകർത്തിയാൽ കേസെടുക്കുമെന്ന് കൊച്ചി പൊലീസ് മുന്നറിയിപ്പ് നൽകി. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
മറൈൻഡ്രൈവിൽനിന്ന് ബോട്ട് വാടകക്കെടുത്താണ് മാധ്യമപ്രവർത്തകർ കപ്പലിന്‍റെ ദൃശ്യം പകർത്താനെത്തിയതെന്ന് പൊലീസ് പറഞ്ഞു. നിരോധിതമേഖലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കും.
പശ്ചിമേഷ്യ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇറാൻ നാവിക സേനയുടെ യുദ്ധക്കപ്പൽ കൊച്ചിയിൽ എത്തിയത്. സങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്നാണ് കപ്പൽ കൊച്ചിയിൽ അടുപ്പിച്ചതെന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കി. കപ്പലിൽ 183 നാവികരാണുള്ളത്. ഇവരെ കൊച്ചിയിലെ നാവിക സേനയുടെ ആസ്ഥാനത്ത് പാർപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയുമായുള്ള നാവിക സഹകരണത്തിന്‍റെ ഭാഗമായുള്ള അഭ്യാസങ്ങൾ പൂർത്തിയാക്കി മടങ്ങിയ ഐ.ആർ.ഐ.എസ് ദേന എന്ന യുദ്ധക്കപ്പൽ ശ്രീലങ്കൻ തീരത്ത് യു.എസ് ആക്രമണത്തിൽ തകർന്നിരുന്നു. ഇതിനുശേഷം മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പൽ ഐ.ആർ.ഐ.എസ് ബുഷ്ഹർ കഴിഞ്ഞ ദിവസം ശ്രീലങ്കൻ തീരത്ത് അടുത്തിരുന്നു. ഈ കപ്പലുകൾക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമത്തെ കപ്പൽ എവിടെ എന്നതിനെ ചൊല്ലി ആശയക്കുഴപ്പം നിലനിന്നിരുന്നു. ഫെബ്രുവരി 28നാണ് ഇറാൻ കപ്പൽ അടുപ്പിക്കാൻ അനുമതി തേടിയത്. മാർച്ച് ഒന്നിന് കേന്ദ്രം അനുമതി നൽകി. മാർച്ച് നാലിന് കപ്പൽ കൊച്ചിയിലെ നാവിക തുറമുഖത്ത് എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.