ആലപ്പുഴ: സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന ആലപ്പുഴയിൽ വിഭാഗീയതയിൽ ആടിയുലഞ്ഞ് സി.പി.എം. ഏരിയ സമ്മേളനങ്ങൾ പൂ൪ത്തിയായപ്പോൾ ആലപ്പുഴയിൽ പാ൪ട്ടിക്ക് പകരം ഗ്രൂപ്പുകൾ എന്നതാണ് അവസ്ഥ. ഒൗദ്യോഗികപക്ഷത്തിന് നേതൃത്വം നൽകുന്ന ജി. സുധാകരൻെറ ഗ്രൂപ്, വി.എസ്. ഗ്രൂപ്, ഡോ. തോമസ് ഐസക് എം.എൽ.എ യുടെ ഗ്രൂപ്, ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിൻെറ ഗ്രൂപ് എന്നിങ്ങനെ പലനിലയിൽ പാ൪ട്ടി ചേരിതിരിഞ്ഞു നിൽക്കുകയാണ്.
സമ്മേളനങ്ങളിൽ ഒൗദ്യോഗിക വിഭാഗം നടത്തിയ വെട്ടിനിരത്തലും, പിടിച്ചടക്കലുമാണ് എന്നും സി.പി.എം വിഭാഗീയതയുടെ കേന്ദ്രമായിരുന്ന ആലപ്പുഴയിൽ പാ൪ട്ടിയുടെ അടിത്തറ ഇളക്കുന്നത്. ഇതു സംബന്ധിച്ച വാ൪ത്തകൾ പുറത്തുവരുമ്പോൾ മാധ്യമങ്ങൾക്കെതിരെ പ്രസ്താവന ഇറക്കി കാര്യങ്ങൾ നിഷേധിക്കുന്നതിനപ്പുറം പാ൪ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരു നടപടിക്കും നേതൃത്വത്തിന് കഴിയുന്നില്ല.
ഇതിനിടയിലും വെട്ടിനിരത്തി മുന്നേറിയ ഒൗദ്യോഗിക നേതൃത്വം ജില്ലാ സമ്മേളനപ്രതിനിധികളുടെ കാര്യത്തിൽ വ്യക്തമായ മേൽക്കൈ നേടി മുന്നിലത്തെി. ഇതിലൂടെ നേടിയ ആത്മവിശ്വാസമാണ് തിങ്കളാഴ്ച ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടറിക്കെതിരെ ആരോപണം ഉയ൪ത്തുന്നതിലും ബഹളം കൈയാങ്കളിയുടെ വക്കിൽ എത്തുന്നതിനും ഇടയാക്കിയത്. സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം ആക്രമിച്ച കേസിൽ വി.എസ്. അച്യുതാനന്ദൻെറ മുൻ പേഴ്സനൽ സ്റ്റാഫംഗം ഉൾപ്പെട്ടതാണ് ജില്ലയിൽ ഒൗദ്യോഗിക പക്ഷത്തിന് വലിയ മുന്നേറ്റത്തിന് അവസരമൊരുക്കിയത്.
സ്മാരകം തക൪ത്തത് ആരാണെന്ന് ഇതുവരെ ക്രൈം ബ്രാഞ്ചിന് കണ്ടത്തൊൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലും ഫോൺ വിളികളുടെ അടിസ്ഥാനത്തിൽ മാത്രം ഗൂഢാലോചന ആരോപിച്ചാണ് ലതീഷിനെയും മറ്റും പൊലീസ് കേസിൽ പെടുത്തിയത്. ലതീഷുമായി ഫോണിൽ ബന്ധപ്പെട്ടവരിൽ ഒൗദ്യോഗികപക്ഷ നേതാക്കളുമുണ്ട്. ഇതു അവഗണിച്ചും വി.എസ്. പക്ഷത്തെ പ്രതിക്കൂട്ടിൽ നി൪ത്തുന്ന നടപടികളാണ് ക്രൈംബ്രാഞ്ചിൻെറ ഭാഗത്തു നിന്നുണ്ടായത്.
പ്രതിരോധിക്കാൻ പഴുതുകൾ ഏറെയുണ്ടെങ്കിലും ചെറിയ പ്രതിഷേധം പോലും ഉയ൪ത്താതെ പൊലീസിന് ഗുഡ് സ൪ട്ടിഫിക്കറ്റ് നൽകുന്ന സമീപനമാണ് ഒൗദ്യോഗിക പക്ഷം സ്വീകരിച്ചതെന്നാണ് മറ്റെല്ലാ ഗ്രൂപ്പുകളുടെയും ആരോപണം.
പാ൪ട്ടി നേതൃത്വത്തിൻെറ ഈ നിലപാടാണ് ഇപ്പോൾ ജില്ലയിൽ നേതാക്കൾ തമ്മിൽ വലിയ അനൈക്യത്തിനും, അണികളുടെ കൊഴിഞ്ഞുപോക്കിനും വഴിവെച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജനുവരി ആദ്യം നടക്കുന്ന ജില്ലാ സമ്മേളനം വലിയ പൊട്ടിത്തെറികൾക്ക് തന്നെ ഇടയാക്കുമെന്നും ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.