ആലപ്പുഴയിൽ എൽ.ഡി.എഫ് മേൽക്കൈ തുടരും

ആലപ്പുഴ: സർവത്ര സംഘടനാ ദൗർബല്യങ്ങൾ കാരണം അവസരം മുതലെടുക്കാൻ കഴിയാതെ ഉഴലുകയാണ് ആലപ്പുഴ ജില്ലയിൽ യു.ഡി.എഫ്. എൽ.ഡി.എഫാകട്ടെ ഇതിലാണ് പ്രതീക്ഷ വെക്കുന്നത്. ഇതിനിടയിൽ പരമാവധി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് എൻ.ഡി.എ. എന്നിരുന്നാലും യു.ഡി.എഫ് നില മെച്ചപ്പെടുത്തുമെന്നാണ് പൊതു വിലയിരുത്തൽ. അതേസമയം, എൽ.ഡി.എഫിന്‍റെ മേൽകൈ ജില്ലയിൽ തുടരാനും സാധ്യതയുണ്ട്.

ആറ് നഗരസഭകളിൽ ചെങ്ങന്നൂരും ഹരിപ്പാട്ടും മാവേലിക്കരയിലും യു.ഡി.എഫ് ഭരണമായിരുന്നു. മൂന്നിടത്തും ഭരണം നിലനിർത്താൻ ഇപ്പോൾ അവർ പാടുപെടുകയാണ്. മാവേലിക്കരയിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ മൂന്നു മുന്നണികളും ഒമ്പത് സീറ്റുകൾ വീതം നേടിയ ഇവിടെ എൽ.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ സ്വതന്ത്രന്‍റെ പിന്തുണയോടെ യു.ഡി.എഫ് ഭരണം പിടിക്കുകയായിരുന്നു. ചെങ്ങന്നൂരിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിന് വെറും രണ്ട് സീറ്റാണ് ഉണ്ടായിരുന്നത്. എൻ.ഡി.എക്ക് ഏഴ് സീറ്റും. ഇവിടെ എൽ.ഡി.എഫും എൻ.ഡി.എയും നിലമെച്ചപ്പെടുത്തും. തൂക്ക്സഭക്കും എൻ.ഡി.എ ഭരണം പിടിക്കാനും ഉള്ള സാധ്യതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽ എൽ.ഡി.എഫ് ഭരണം അട്ടിമറിക്കപ്പെടും എന്ന് കരുതുന്നില്ല. ഹരിപ്പാട്ട് ഭരണം നിലനിർത്താൻ യു.ഡി.എഫ് പെടാപാട് പെടുകയാണ്. എൻ.ഡി.എയും എൽ.ഡി.എഫും ഒപ്പത്തിനൊപ്പം പോരാടുകയാണ് ഇവിടെ. കായംകുളം നഗരസഭയിൽ ഇടതുഭരണത്തിന് ഇളക്കം തട്ടുന്നതിന്‍റെ ലക്ഷണങ്ങളുണ്ട്. ചേർത്തല നഗര സഭയിൽ എൽ.ഡി.എഫ് ഭരണം തുടരുമെന്നാണ് സൂചന.

ജില്ലാ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് നിലനിർത്തുമെങ്കിലും കഴിഞ്ഞ തവണ നേടിയ 21- 02 എന്ന നിലയിൽ നിന്ന് പിന്നോട്ട് പോകാം. 12 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരിടത്ത് മാത്രമാണ് യു.ഡി.എഫ് ഭരണം. ഈ നിലയിൽ നിന്ന് യു.ഡി.എഫ് അല്പം മെച്ചപ്പെടാം. 72 ഗ്രാമ പഞ്ചായത്തുകളിൽ 50 ഇടത്തും എൽ.ഡി.എഫ് ഭരണമാണ്. അത്രത്തോളം ഇനിയും ലഭിക്കുമെന്ന് കരുതുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിൽ എൻ.ഡി.എ അവരുടെ ജന പ്രതിനിധികളുടെ എണ്ണം നിലവിലെ 170 എന്നതിൽ നിന്ന് വലിയ വർധനയുണ്ടാക്കും.

Tags:    
News Summary - kerala local body election alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.