കായംകുളം: പരസ്യ പ്രചാരണവും പ്രധാന പ്രവർത്തനങ്ങളും സമാപിച്ചതോടെ നിയോജക മണ്ഡലത്തിലെ നഗരത്തിൽ യു.ഡി.എഫിനും ഗ്രാമങ്ങളിൽ ഇടതുപക്ഷത്തിനും നേരിയ മുൻതൂക്കം. ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച ആത്മവിശ്വാസവുമായി കളത്തിലുള്ള യു.ഡി.എഫ് നഗരത്തിൽ നേരിയ മുൻതൂക്കം നേടിയിട്ടുണ്ട്. ചുരുങ്ങിയ വാർഡുകൾ ഒഴിച്ച് ഭൂരിപക്ഷത്തിലും നേരത്തെ സ്ഥാനാർഥികളെ കളത്തിലിറക്കി മേൽകൈ നേടിയതും ഗ്രൂപ്പ് അതിപ്രസരമില്ലാതെ രംഗത്തിറങ്ങിയതുമാണ് ഇതിന് കാരണമായത്. എന്നാൽ ഭരണത്തുടർച്ച ഉറപ്പാക്കണമെന്ന കരുതലിൽ ശക്തമായ പ്രതിരോധം തീർത്ത് ഇടതുപക്ഷം കളം നിറഞ്ഞത് പല വാർഡുകളിലും ഇഞ്ചോടിഞ്ച് മത്സരമാണ് സൃഷ്ടിച്ചിരിക്കുന്നത്.
അവസാനലാപ്പ് പ്രവർത്തനങ്ങളിലെ മുന്നേറ്റത്തിന് അനുസരിച്ച് ഫലങ്ങളിൽ മാറ്റം സംഭവിക്കാനും സാധ്യതയേറെയാണ്. ഗ്രാമങ്ങളിൽ ചെട്ടികുളങ്ങര, പത്തിയൂർ, ദേവികുളങ്ങര എന്നിവിടങ്ങളിൽ ഇടുപക്ഷവും കൃഷ്ണപുരം കണ്ടല്ലൂർ പഞ്ചായത്തുകൾ യു.ഡി.എഫും ഭരണിക്കാവിൽ ഒപ്പത്തിനൊപ്പം സാധ്യതകളാണ് നിഴലിക്കുന്നത്. കൃഷ്ണപുരത്ത് ബി.ജെ.പി മുന്നേറ്റം, മുന്നണി സ്ഥാനാർഥികളുടെ സാധ്യതകളെ ബാധിക്കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്. മതേതര വോട്ടുകളിലെ വിള്ളലുകളിലാണ് ഇവരുടെ പ്രതീക്ഷ. ഇടത് കോട്ടയായ പത്തിയൂരിലും ചെട്ടികുളങ്ങരയിലും ആധിപത്യം സ്ഥാപിക്കാനുള്ള ബി.ജെ.പി നീക്കം ഇത്തവണ വിജയിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
എന്നാൽ ലോക്സഭയിലെ തിരിച്ചടികളുടെ പാഠം ഉൾക്കൊണ്ട് സി.പി.എം മാവേലിക്കര ഏരിയയുടെ പരിധിയിലുള്ള ഇവിടെ പ്രത്യേക ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ ഫലം കാണുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ കായംകുളം ഏരിയയുടെ പരിധിയിലുള്ള പത്തിയൂരിൽ സ്ഥിതി മറിച്ചാണ്. ശക്തമായ നേതൃത്വത്തിന്റെ അഭാവം പലയിടത്തും പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. അതേസമയം യുവാക്കളെ രംഗത്തിറക്കിയുള്ള കോൺഗ്രസ് നീക്കം ചില അട്ടിമറി സൂചനകൾ നൽകുന്നുണ്ട്. ഇവിടെയും ബി.ജെ.പി മുന്നിലെത്താതിരിക്കാനുള്ള പ്രവർത്തനം ഇരുമുന്നണികളും കാര്യമായി നടത്തുന്നു.
സി.പി.എമ്മിൽ നിന്നും ബി.ജെ.പിയിലേക്ക് കൊഴിഞ്ഞുപോക്ക് തുടരുന്ന പത്തിയൂരിൽ ഇതിന് തടയിടുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെടുന്നതായി പരാതിയുണ്ട്. ജനസ്വീകാര്യതയുള്ള നേതാക്കളെ അണിനിരത്തി പ്രതിരോധിക്കുന്നതിൽ വീഴ്ച വരുത്തുന്നതായാണ് ആക്ഷേപം. സി.പി.എം ജില്ല കമ്മിറ്റി അംഗമായ യു. പ്രതിഭ എം.എൽ.എയെ പോലും പ്രചാരണത്തിൽ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിമർശനമുണ്ട്. ഇതെല്ലാം വാർഡുകളിലെ ഫലത്തെ ബാധിക്കുമെന്ന് ചർച്ചയുണ്ട്. കണ്ടല്ലൂരിൽ യു.ഡി.എഫും ദേവികുളങ്ങരയിൽ എൽ.ഡി.എഫും പ്രതീക്ഷ വെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.