പൂമാല സ്കൂളിലൊരു അമ്മക്കട

തൊടുപുഴ: ഹയ൪ സെക്കൻഡറി ക്ളാസുകളിലെ സമയമാറ്റം മക്കളുടെ ആരോഗ്യത്തെ വലക്കുമോ എന്ന ആശങ്കക്ക് പരിഹാരം കാണാൻ  രക്ഷിതാക്കൾ രംഗത്തത്തെിയതോടെ സ്കൂളിൽ സുന്ദരനൊരു കടയൊരുങ്ങി.   ചൂടു ചായ മുതൽ അട വരെ  കിട്ടുന്ന കട. അമ്മമാ൪ തന്നെ പാചകവും വിളമ്പലും നടത്തുന്നതിനാൽ കുട്ടികൾ  കടക്ക് ‘അമ്മക്കട’എന്ന പേരുമിട്ടു.  
ആദിവാസി ഗോത്ര മേഖലയായ പൂമാലയിലെ ഗവ. ട്രൈബൽ ഹയ൪സെക്കൻഡറി സ്കൂളിലാണ് മൂന്ന് മാസമായി അമ്മക്കട പ്രവ൪ത്തിക്കുന്നത്. ഹയ൪സെക്കൻഡറിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 4.45 വരെയാണ് പ്രവ൪ത്തന സമയം. സ്കൂളിലേക്ക് കിലോമീറ്ററുകൾ കാൽനടയായും മറ്റും സഞ്ചരിച്ചാണ് വിദ്യാ൪ഥികളിൽ പലരും എത്തുന്നത്. രാവിലെ 7.30 നെങ്കിലും വീട്ടിൽ നിന്നിറങ്ങിയാലേ സ്കൂളിലത്തൊൻ കഴിയൂ. പല വിദ്യാ൪ഥികളും ഭക്ഷണം പോലും കഴിക്കാതെയാണ് സ്കൂളിലേക്ക് ഓടുന്നത്. ഇത് കുട്ടികളെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു രക്ഷിതാക്കളിൽ ഭൂരിഭാഗവും.
അടുത്തിടെ സ്കൂളിൽ മാതൃസംഗമത്തിൽ ആവലാതികളുമായി രക്ഷിതാക്കൾ ഒത്തുചേ൪ന്നപ്പോഴാണ് അമ്മക്കട എന്ന ആശയം ഉടലെടുക്കുന്നത്. പി.ടി.എയിൽ ച൪ച്ച ചെയ്തപ്പോൾ സ്കൂൾ അധികൃതരും എതി൪പ്പ് പ്രകടിപ്പിച്ചില്ല. തുട൪ന്ന്  കുട്ടികൾക്കായി പി.ടി.എയുടെ സഹായത്തോടെ ലഘുഭക്ഷണ ശാല ആരംഭിക്കുകയായിരുന്നു.  സ്കൂളിനോട് ചേ൪ന്നാണ്  ഭക്ഷണ ശാല. ചായ, അട, കൊഴുക്കട്ട തുടങ്ങിയ ലഘുഭക്ഷണങ്ങളും പേന, പേപ്പ൪, റബ൪ തുടങ്ങി അത്യാവശ്യം വേണ്ട സ്കൂൾ ഉപകരണങ്ങളും ലഭിക്കും. ചൂടുവെള്ളം സൗജന്യം. വീട്ടിൽ നി൪മിക്കുന്ന ഭക്ഷണ സാധനങ്ങൾ കടയിലത്തെിച്ച് കുറഞ്ഞ വിലയ്ക്കാണ് കുട്ടികൾക്ക് വിൽക്കുന്നത്. രണ്ട് അമ്മമാ൪ എപ്പോഴും കടയിലുണ്ടാകും. കടയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഇവ൪ക്ക് കൂലിയും നൽകുന്നുണ്ട്.
എണ്ണയിൽ പൊരിച്ച വസ്തുക്കൾ വിൽക്കുന്നതിൽ കടുത്ത നിയന്ത്രണമുണ്ട്. കുട്ടികളുടെ സുരക്ഷിതത്വവും ആരോഗ്യവും  ഉറപ്പാക്കാൻ അമ്മക്കടയിലൂടെ കഴിയുന്നു. മാലിന്യ വിമുക്ത സ്കൂൾ പരിസരം ഉറപ്പുവരുത്താനും സംരംഭം സഹായകമാകുന്നതായി സ്കൂൾ അധികൃതരും ചൂണ്ടിക്കാട്ടുന്നു. പി.ടി.എ പ്രസിഡൻറ് ശശികുമാ൪, മാതൃ സംഗമം പ്രസിഡൻറ് സുമതി രവീന്ദ്രൻ, ബിന്ദു സുബി, ജയ എന്നിവരാണ് പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.