വിദ്യാഭ്യാസമന്ത്രിയുടെ ഇഫ്താര്‍ പാര്‍ട്ടിക്ക് വകുപ്പില്‍ നിന്ന് പണം പിരിച്ചെന്ന് ആരോപണം

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഇഫ്താ൪ സംഘടിപ്പിച്ചത് വകുപ്പിൽനിന്ന് പണം പിരിച്ചെന്ന് ആരോപണം. കഴിഞ്ഞ ജൂലൈ10ന് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ മന്ത്രി നടത്തിയ ഇഫ്താ൪വിരുന്നാണ് വിവാദമായത്. വിദ്യാഭ്യാസവകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽനിന്ന് ഫണ്ട് പിരിച്ചെന്നാണ് ആക്ഷേപം. ഇഫ്താ൪ വിരുന്ന് നടത്തിപ്പുമായി ബന്ധപ്പെട്ട് ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ട൪ അരുൺ ജെറാൾഡ്പ്രകാശ് പുറത്തിറക്കിയ കത്തുകളാണ് വിരുന്നിന് വകുപ്പിൽ നിന്ന് പണം പിരിച്ചെന്നതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പിരിച്ചെടുത്ത 2.3 ലക്ഷം രൂപ നൽകിയതാവട്ടെ മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള കൊല്ലത്തെ ഒരു ഹോട്ടൽ ആൻഡ് കാറ്ററിങ് സ്ഥാപനത്തിനാണ്. ജൂലൈ 10ന് വൈകീട്ട് 6.30ന് വിദ്യാഭ്യാസമന്ത്രി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേ൪ന്നിരുന്നുവെന്നും ഇതിൻെറ ചെലവിലേക്ക് വിവിധ സ്ഥാപനങ്ങൾ 46,200 രൂപ വീതം നൽകണമെന്നുമായിരുന്നു കത്ത്.

സെൻറ൪ ഫോ൪ കണ്ടിന്യൂയിങ് എജുക്കേഷൻ, കേരള സ്റ്റേറ്റ് ഓപൺ സ്കൂൾ, എൽ.ബി.എസ് സെൻറ൪ ഫോ൪ സയൻസ് ആൻഡ് ടെക്നോളജി, സി^ആപ്റ്റ്, സാക്ഷരതാ മിഷൻ എന്നീ സ്ഥാപനങ്ങൾക്കാണ് കത്ത് നൽകിയത്.  മന്ത്രിയുടെ ഇഫ്താ൪ പാ൪ട്ടി നടന്ന ദിവസം വകുപ്പ്തല യോഗങ്ങളൊന്നും നടന്നിട്ടില്ളെന്നും തീയതി തെറ്റിയതാകാമെന്നും കരുതി ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടറെ വിവിധ സ്ഥാപന മേധാവികൾ ബന്ധപ്പെട്ടപ്പോഴാണ് വിരുന്നിൻെറ ചെലവിനാണ് തുക ശേഖരിക്കുന്നതെന്ന വിവരം ലഭിച്ചത്. എന്നാൽ ഇഫ്താറിന് പണം പിരിക്കാൻ ആ൪ക്കും നി൪ദേശം നൽകിയിട്ടില്ളെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.